Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'നിന്നോട് കയറി വരാനല്ലേ പറഞ്ഞുള്ളൂ.. കസേരയിൽ ഇരിക്കാൻ പറഞ്ഞോ?' ജനമൈത്രി പൊലീസ് ഭരിക്കുന്ന ശാസ്താംകോട്ടയിൽ പൊതുപ്രവർത്തകർക്കും രക്ഷയില്ല; കേസിന്റെ കാര്യത്തിന് സ്റ്റേഷനിലെത്തി സിഐ പ്രശാന്തിന് മുന്നിലെ കസേരയിൽ ഇരുന്നതിന് അപമാനിതനായത് സിപിഎം ലോക്കൽ കമ്മിറ്റി അംഗം; റോഡിൽ നിൽക്കുന്നവരെ തെറിവിളിക്കുന്നതും സ്‌റ്റേഷനിൽ എത്തുന്നവരെ അപമാനിക്കുന്നതും ഹോബിയാക്കിയ പൊലീസിനെതിരെ അമർഷം പുകയുന്നു

'നിന്നോട് കയറി വരാനല്ലേ പറഞ്ഞുള്ളൂ.. കസേരയിൽ ഇരിക്കാൻ പറഞ്ഞോ?' ജനമൈത്രി പൊലീസ് ഭരിക്കുന്ന ശാസ്താംകോട്ടയിൽ പൊതുപ്രവർത്തകർക്കും രക്ഷയില്ല; കേസിന്റെ കാര്യത്തിന് സ്റ്റേഷനിലെത്തി സിഐ പ്രശാന്തിന് മുന്നിലെ കസേരയിൽ ഇരുന്നതിന് അപമാനിതനായത് സിപിഎം ലോക്കൽ കമ്മിറ്റി അംഗം; റോഡിൽ നിൽക്കുന്നവരെ തെറിവിളിക്കുന്നതും സ്‌റ്റേഷനിൽ എത്തുന്നവരെ അപമാനിക്കുന്നതും ഹോബിയാക്കിയ പൊലീസിനെതിരെ അമർഷം പുകയുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ശാസ്താംകോട്ട പൊലീസ് സ്റ്റേഷന് മുകളിൽ ജനമൈത്രി പൊലീസ് എന്ന വലിയ ബോർഡ് വെച്ചിട്ടുണ്ട്. കേരള പൊലീസിന്റെ ജനമൈത്രി ശാസ്താംകോട്ടയിൽ ആ ബോർഡിൽ തീരുകയാണ്. ശാസ്താംകോട്ട സിഐ പ്രശാന്തും എസ്‌ഐ ഷുക്കൂറും ഇവിടെ നടത്തുന്നത് പഴയ നാടുവാഴി മോഡൽ ഭരണമാണ് എന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന വീഡിയോ ദൃശ്യങ്ങളും ശബ്ദരേഖകളും. കഴിഞ്ഞ ദിവസമാണ് റോഡരുകിൽ നിന്ന് സംസാരിച്ച യുവതിയേയും യുവാവിനേയും എസ്‌ഐ കണ്ണുപൊട്ടുന്ന തെറി വിളിച്ചതും അതിന് പരാതിയുമായി ചെന്നപ്പോൾ സിഐ അവരുടെ മെക്കിട്ട് കേറിയതും. ഇപ്പോൾ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ സ്‌റ്റേഷനിലെ കസേരയിൽ ഇരുന്നതിന്റെ പേരിൽ അപമാനിക്കുന്നതിന്റെ ശബ്ദരേഖയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കഴിഞ്ഞ ആഴ്‌ച്ച സിപിഎം നേതാവായ പഞ്ചായത്ത് അംഗം ഹെൽമറ്റ് വെച്ചില്ലെന്ന പേരിൽ തടഞ്ഞു നിർത്തി അപമാനിക്കുകയും അതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പൊലീസ് തന്നെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു

കഴിഞ്ഞ ആഴ്‌ച്ചയിലാണ് സ്റ്റേഷനിൽ ഒരു കേസുമായെത്തിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ കസേരയിൽ ഇരുന്നതിന്റെ പേരിൽ സിഐ പ്രശാന്ത് അപമാനിച്ചത്. കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ ഐവർകാല നിലയ്ക്കലിൽ ഒരു വാട്ടർ ടാങ്ക് എടുത്ത് മാറ്റുന്നത് സംബന്ധിച്ച പ്രശ്‌നവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തിയ പ്രാദേശിക നേതാവായ വിജയനാണ് അപമാനം നേരിടേണ്ടി വന്നത്. നിലയ്ക്കൽ കോളനിയിൽ വർഷങ്ങൾ പഴക്കമുള്ള വാട്ടർ ടാങ്ക് കോളനി നിവാസികൾക്ക് ഭീഷണിയായി നിൽക്കുകയായിരുന്നു. ഇത് നീക്കം ചെയ്യാൻ പഞ്ചായത്ത് ടെൻഡർ കൊടുക്കുകയായിരുന്നു. ആദ്യ ദിവസം തൂണുകൾ എല്ലാം കട്ട് ചെയ്ത് നിർത്തിയ ശേഷം കരാറുകാരൻ പണിക്കാരുമായി മടങ്ങി പോകാൻ ശ്രമിച്ചു. എന്നാൽ, തൂണികൾ എല്ലാം അറുത്ത് നിർത്തിയ ശേഷം ടാങ്ക് തള്ളി താഴെയിടാതെ പോകുന്നത് പ്രദേശവാസികൾക്ക് അപകടം ഉണ്ടാകാൻ കാരണമാകും എന്ന് ആളുകൾ കരാറുകാരനോട് പറഞ്ഞു. ഇതിനിടെ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കരാറുകാരനെ പിന്തുണയ്ക്കുകയും ബാക്കി പണി നാളെ ചെയ്താൽ മതി എന്ന് പറയുകയും ചെയ്തതായിരുന്നു പ്രശ്‌നത്തിന്റെ തുടക്കം.

തർക്കത്തെ തുടർന്ന് നാട്ടുകാർ തന്നെ ടാങ്ക് തള്ളിമറിച്ചിട്ടു. ഇതിനിടെ നാട്ടുകാരും കോൺഗ്രസ് നേതാവും തമ്മിൽ ചെറിയതോതിൽ സംഘർഷം ഉണ്ടായിരുന്നു. ഇതോടെ ഇയാൾ പരാതിയുമായി സ്റ്റേഷനിലെത്തി. തന്നെ കോളനിവാസികൾ മർദ്ദിച്ചു എന്നായിരുന്നു യൂത്ത്‌കോൺഗ്രസ് നേതാവിന്റെ ആരോപണം. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും കോളനി നിവാസിയുമായ വിജയൻ ആ സമയം സ്ഥലത്തുണ്ടായിരുന്നില്ല. എന്നാൽ, വിജയനെ കൂടി പ്രതിചേർത്താണ് യൂത്ത് കോൺഗ്രസ് നേതാവ് കേസ് കൊടുത്തത്. ടാപ്പിങ് തെഴിലാളിയായ വിജയൻ പണി ചെയ്തുകൊണ്ടിരിക്കെ ആയിരുന്നു സ്റ്റേഷനിൽ നിന്നും പെട്ടെന്ന് എത്തണം എന്നാവശ്യപ്പെട്ട് വിളി വന്നത്. ഇതോടെ ഇയാൾ മറ്റ് മൂന്ന് സിപിഎം പ്രവർത്തകർക്കൊപ്പം സ്റ്റേഷനിലെത്തി.

വിജയനോടും സംഘത്തോടും സിഐ തന്നെയാണ് ഓഫീസിലേക്ക് വരാൻ ആവശ്യപ്പെട്ടത്. നീയില്ലാത്ത കേസ് അവിടെ ഇല്ലല്ലോടാ എന്ന ആമുഖത്തോടെയാണ് സിഐ അവരെ എതിരേൽക്കുന്നത്. ഓഫീസിനുള്ളിൽ കസേര വലിച്ചിട്ടിരുന്നതോടെ സിഐ.യുടെ മട്ട് മാറി. താൻ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന വിജയൻ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. നിന്റെ പേരെന്താണ് എന്ന ചോദിക്കുമ്പോൾ വിജയൻ എന്നും അദ്ദേഹം മറുപടി പറയുന്നുണ്ട്. നീ എണീക്ക് അവിടുന്ന് ഇരിക്കാൻ ആര് പറഞ്ഞു എന്നായി സി ഐ പ്രശാന്ത്. നീ ഇതിൽ എതിർകക്ഷിയാണെന്നും വാദിക്ക മാത്രമേ ഇരിക്കാൻ അവകാശമുള്ളൂ എന്നുമായി സിഐ. സാറ് കേറിവരാൻ പറഞ്ഞതുകൊണ്ടാണ് എന്ന പറഞ്ഞ വിജയനോട് കേറി വരാനല്ലേ, ഇരിക്കാൻ പറഞ്ഞോ എന്നായി സിഐ. താൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണെന്നും കേസ് അടിസ്ഥാനരഹിതമാണെന്നും പറയുമ്പോഴും തനിക്ക് മുന്നിൽ ഇരുന്നയാളിന്റെ നടപടിയെ അംഗീകരിക്കാൻ സിഐ തയ്യാറാകുന്നില്ല. പരാതിക്കാരന് ഇരിക്കാം എന്നും എതിർകക്ഷി ഇരിക്കണോ എന്ന് ആലോചിക്കണം എന്നുമായി സിഐ. ഞങ്ങൾ പ്രശ്‌നമുണ്ടാക്കാൻ വന്നതല്ലെന്നും ഇദ്ദേഹം പറഞ്ഞിട്ടും രോഷം അടങ്ങാതെ സിഐ തിളയ്ക്കുകയാണ്. കേസ് പരാതിക്കാരൻ തന്നെ പിന്നീട് പിൻവലിക്കുകയായിരുന്നു.

താൻ ജോലി ചെയ്തിരുന്നിടത്ത് നിന്നുമാണ് വരുന്നതെന്നും പരാതിക്കാരൻ പറയുന്ന സമയത്ത താൻ പ്രദേശത്ത് ഉണ്ടായിരുന്നില്ല എന്നും വിജയൻ പറഞ്ഞിട്ടും സിഐ അടങ്ങുന്നില്ല. പ്രദേശത്തെ പൊതുപ്രവർത്തരോട് മുഴുവൻ പ്രതികാരബുദ്ധിയോടെയാണ് സിഐയും എസ്‌ഐയും പെരുമാറുന്നതെന്നാണ് വ്യാപക പരാതി. പൊതുപ്രവർത്തകരെ അപമാനിക്കുകയും അതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയുമാണ് ഇവരുടെ സ്ഥിരം പരിപാടി എന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ആഴ്‌ച്ചയാണ് ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൃഷ്ണകുമാർ ഹെൽറ്റ് വച്ചില്ലെന്ന പേരിൽ തടഞ്ഞു നിർത്തുകയും അപമാനിക്കുകയും ചെയ്തത്. തനിക്ക് പെറ്റി എഴുതി തന്നാൽ അടയ്ക്കാം എന്ന പറയുമ്പോൾ പോലും ശാസ്താംകോട്ട പൊലീസ് അതിന് തയ്യാറാകാതെ സിനിമാ സ്റ്റൈലിൽ ഡയലോഗുകൾ പറയുകയും അത് ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഷാജഹാൻ എന്ന പൊലീസുകാരനും സിഐ പ്രശാന്തിനും എസ്‌ഐ ഷുക്കൂറിനും എതിരെ ഈ വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് കംപ്ലെയിന്റ് അഥോറിറ്റിയിൽ പരാതി നൽകിയിട്ടുണ്ട്. പൊതുപ്രവർത്തകരെയും പൊതു ജനങ്ങളെയും പരസ്യമായി അപമാനിക്കുകയും തെറിവിളിക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയാത്തതിൽ സിപിഎമ്മിനുള്ളിലും അമർഷം പുകയുകയാണ്. പൊലീസിനെ കയറൂരി വിട്ടിരിക്കുന്നു എന്ന് പരസ്യമായി പ്രതികരിക്കാൻ പോലും പലരും തയ്യാറായെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനോ അവരെ നിയന്ത്രിക്കാനോ ഉന്നതതല ഇടപെടൽ ഉണ്ടാകുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP