Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസ് പാർട്ടിയെ വിറ്റുതിന്നു മാത്രം ശീലിച്ചവർക്കിടയിൽ മാതൃകയായി ഒരു നേതാവ്! ഡിസിസി ഓഫീസ് പണിയാൻ പണം കണ്ടെത്താൻ സതീശൻ പാച്ചേനി 40 ലക്ഷം വിലയുള്ള സ്വന്തം വീട് വിറ്റു; അധ്യക്ഷ പദവി ഏറ്റെടുത്തപ്പോൾ നൽകിയ വാഗ്ദാനം പാലിക്കാൻ കിടപ്പാടം കളഞ്ഞും പാച്ചേനി; വീഡിയോ കോൺഫറൻസ് ഹാൾ അടങ്ങുന്ന സൗകര്യങ്ങളോടെ മൂന്ന് നിലയിൽ കണ്ണൂർ കോൺഗ്രസ് കെട്ടിടം ഉടൻ സജ്ജമാകും

കോൺഗ്രസ് പാർട്ടിയെ വിറ്റുതിന്നു മാത്രം ശീലിച്ചവർക്കിടയിൽ മാതൃകയായി ഒരു നേതാവ്! ഡിസിസി ഓഫീസ് പണിയാൻ പണം കണ്ടെത്താൻ സതീശൻ പാച്ചേനി 40 ലക്ഷം വിലയുള്ള സ്വന്തം വീട് വിറ്റു; അധ്യക്ഷ പദവി ഏറ്റെടുത്തപ്പോൾ നൽകിയ വാഗ്ദാനം പാലിക്കാൻ കിടപ്പാടം കളഞ്ഞും പാച്ചേനി; വീഡിയോ കോൺഫറൻസ് ഹാൾ അടങ്ങുന്ന സൗകര്യങ്ങളോടെ മൂന്ന് നിലയിൽ കണ്ണൂർ കോൺഗ്രസ് കെട്ടിടം ഉടൻ സജ്ജമാകും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പാരമ്പര്യത്തിന്റെ കാര്യത്തിൽ മറ്റേത് രാഷ്ട്രീയ പാർട്ടികളേക്കാൾ അവകാശപ്പെടാനുള്ള സംഘടനയാണ് കോൺഗ്രസ് പാർട്ടി. അരനൂറ്റാണ്ടോളം ഇന്ത്യാരാജ്യത്തെ ഭരിച്ച പാർട്ടി ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. ഈ പാർട്ടിയെ കൊണ്ട് കോടീശ്വരന്മാരായ നേതാക്കൾ കേരളത്തിലുണ്ട്. അതുപോലെ ഒരുപാട് ത്യാഗം അനുഭവിച്ചിട്ടും വേണ്ടത്ര പരിഗണന ലഭിക്കാതെ പോയവരുണ്ട്. ഇത്തരക്കാർക്കിയിൽ നിലപാട് കൊണ്ടും സ്വന്തം തീരുമാനം കൊണ്ടും വ്യത്യസ്തനാകുകയാണ് സതീശൻ പാച്ചേനിയെന്ന് നേതാവ്. സിപിഎമ്മിനോട് നിരന്തരം പടപൊരുതുന്ന കണ്ണൂർ കോൺഗ്രസിന്റെ അമരക്കാരനായ പാച്ചേനി ഓഫീസ് പണിയാൻ വേണ്ടി സ്വന്തം വീണ്ടും വിറ്റുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

മൂന്ന് നിലകളിലായി പണിയുന്ന കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ പൂർത്തീകരണത്തിനായാണ് സതീശൻ പാച്ചേനി വീടു വിറ്റത്. പാർട്ടി ഓഫീസിന്റെ 39 ലക്ഷം രൂപയുടെ ബാധ്യത തീർക്കാനാണ് അദ്ദേഹം തളിപ്പറമ്പിലുള്ള വീട് 38 ലക്ഷം രൂപയ്ക്കു വിറ്റത്. അഞ്ചുവർഷം മുന്പ് 40 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച വീടാണിത്. നിർമ്മാണം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് പ്രസിഡന്റ് വീടുവിറ്റ് ആ പണം തത്കാലം ഇതിനുപയോഗിച്ചത്. പാർട്ടി ഫണ്ട് ലഭ്യമായാൽ പിന്നീട് ആ പണം തിരികെ നൽകാമെന്ന ധാരണയിലാണിത്.

ഡി.സി.സി.യുടെ പഴയകെട്ടിടം പൊളിച്ച് പുതിയത് നിർമ്മിക്കാനുള്ള പ്രവർത്തനം തുടങ്ങിയിട്ട് വർഷങ്ങളായി. പണി കരാറുകാരനെ ഏൽപ്പിച്ചിരുന്നു. പലവിധത്തിലുള്ള തർക്കങ്ങൾ കാരണം നിർമ്മാണം തുടങ്ങാൻ വൈകി. പുതിയ പ്രസിഡന്റായി പാച്ചേനി വന്നപ്പോൾ ആദ്യത്തെ വാഗ്ദാനം ഉടൻ പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കുമെന്നായിരുന്നു. അപ്പോഴേക്കും പാർട്ടിക്ക് വലിയ ബാധ്യതവന്നു. തിരഞ്ഞെടുപ്പ് വന്നതോടെ സാമ്പത്തിക പ്രതിസന്ധിയുമുണ്ടായി. ഇതിനിടെ കരാറുകാരനെ ഒഴിവാക്കി നിർമ്മാണം പാർട്ടി സ്വന്തം നിലയിൽ ഏറ്റെടുക്കുകയായിരുന്നു.

ഇതോടെ നിർമ്മാണം തുടങ്ങി. കരാറുകാരന് കൊടുക്കാനുള്ള 60 ലക്ഷത്തിൽ പകുതി കൊടുത്തു തീർത്തു. ഇതോടെ 39 ലക്ഷം ബാധ്യതയുമായി. അഭ്യുദയകാംക്ഷികളുടെ സഹായം തേടാൻ ബിൽഡിങ് കമ്മിറ്റി ചെയർമാൻ കെ. സുധാകരന്റെ നേതൃത്വത്തിൽ തീരുമാനിച്ചു. 19 ലക്ഷം രൂപയുടെ സിമന്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ സംഘടിപ്പിച്ചു. ബാക്കി ബാധ്യത തീർക്കാനാണ് പ്രസിഡന്റ് വീടുവിറ്റ് പണംനൽകിയത്. സതീശൻ പാച്ചേനിയുടെ നല്ല മനസുകൊണ്ട് കണ്ണൂരിൽ മറ്റ് രാഷ്ട്രീയക്കാരോട് കിടുപിടിക്കാൻ പോന്ന ജില്ലാ കമ്മിറ്റി ഓഫീസ് ഉയരുന്നുണ്ട്.

വീഡിയോ കോൺഫറൻസ് ഹാൾ ഉൾപ്പെടെ സൗകര്യങ്ങളുള്ള മൂന്നുനിലക്കെട്ടിടത്തിന്റെ പണി പുരോഗമിക്കുകയാണ്. കെട്ടിടം ജനുവരി 26-ന് ഉദ്ഘാടനംചെയ്യുമെന്നാണ് അറിയുന്നത്. അടുത്തിടെ അത്യാധുനിക സൗകര്യങ്ങളോടെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് നിർമ്മാണം പൂർത്തിയാക്കിയിരുന്നു. പാർട്ടി ദേശീയ അധ്യക്ഷൻ അമിത്ഷാ എത്തി വളരെ ആഘോഷപൂർവ്വമായിരുന്നു നിർമ്മാണം പൂർത്തീകരിച്ചത്. സിപിഎമ്മിനാകട്ടെ മികച്ച നിലയിലുള്ള ജില്ലാ മന്ദിരവും ഏരിയാ കമ്മറ്റി ഓഫീസുകളും ഉണ്ടുതാനും. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസ് പണിയുന്നത്.

അതേസമയം പാർട്ടിക്ക് വേണ്ടി സതീശൻ ചെയ്ത ത്യാഗം നേതൃത്വം കാണാതിരിക്കില്ലെന്ന വിലയിരുത്തലുമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നും കെ സുധാകരൻ മത്സരിക്കാതെ മാറി നിന്നാൽ അടുത്ത നറുക്ക് വീഴാൻ സാധ്യത സതീശൻ പാച്ചേനിക്കാണ്. രാഷ്ട്രീയത്തിൽ സത്യസന്ധനായ നേതാവും കളങ്കിത വ്യക്തിയുമല്ല പാച്ചേനി. നിരവധി തവണ മത്സരരംഗത്തിറങ്ങിയിട്ടും വിജയം മാത്രം ഈ കോൺഗ്രസുകാരനൊപ്പം നിന്നില്ല. അടുത്തകാലത്ത് കണ്ണൂർ ജില്ലയിലെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ പാച്ചേനിയുടെ നേതൃത്വത്തിന് സാധിച്ചെന്നാണ് വിലയിരുത്തൽ. നേരത്തെ എ ഗ്രൂപ്പിന്റെ നേതാവായിരുന്നു സതീശൻ ഇപ്പോൾ കെ സുധാകരൻ വിഭാഗത്തിനൊപ്പമാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നും മത്സരിച്ചെങ്കിലും കടന്നപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെടുകയാണ് ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP