Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലിബിയയിൽനിന്നു തുർക്കിയിലെത്തി ജിദ്ദ വഴി അബുദാബി എത്തി നാട്ടിൽ സജീവ് പറന്നിറങ്ങുക 'ഒന്നും അറിയാതെ'; അബുദാബിയിൽ നിന്ന് ചേച്ചി പറന്നിറങ്ങിയത് കണ്ണീർകടലിലേക്ക്; പക്ഷാഘാതത്തിന്റെ വിറയലിനിടയിലും അപകടപ്പെടുത്താനുള്ള എന്തെങ്കിലും സൂചന കിട്ടിയിരുന്നെങ്കിൽ ഇതൊന്നും നടക്കാൻ സമ്മതിക്കില്ലായിരുന്നു എന്ന് പറഞ്ഞ് കരയുന്ന അച്ഛൻ; ക്ലാപ്പനയിലെ സൗമ്യയുടെ വീട്ടിൽ നിറയുന്നത് വേദന മാത്രം; നാടിന്റെ പ്രിയങ്കരിക്ക് വിടചൊല്ലാൻ വള്ളികുന്നം തയ്യാറെടുക്കുന്നത് വിതുമ്പലുമായി

ലിബിയയിൽനിന്നു തുർക്കിയിലെത്തി ജിദ്ദ വഴി അബുദാബി എത്തി നാട്ടിൽ സജീവ് പറന്നിറങ്ങുക 'ഒന്നും അറിയാതെ'; അബുദാബിയിൽ നിന്ന് ചേച്ചി പറന്നിറങ്ങിയത് കണ്ണീർകടലിലേക്ക്; പക്ഷാഘാതത്തിന്റെ വിറയലിനിടയിലും അപകടപ്പെടുത്താനുള്ള എന്തെങ്കിലും സൂചന കിട്ടിയിരുന്നെങ്കിൽ ഇതൊന്നും നടക്കാൻ സമ്മതിക്കില്ലായിരുന്നു എന്ന് പറഞ്ഞ് കരയുന്ന അച്ഛൻ; ക്ലാപ്പനയിലെ സൗമ്യയുടെ വീട്ടിൽ നിറയുന്നത് വേദന മാത്രം; നാടിന്റെ പ്രിയങ്കരിക്ക് വിടചൊല്ലാൻ വള്ളികുന്നം തയ്യാറെടുക്കുന്നത് വിതുമ്പലുമായി

മറുനാടൻ മലയാളി ബ്യൂറോ

വള്ളികുന്നം: അബുദാബിയിൽ നിന്ന് രമ്യ പറന്നിറങ്ങിയത് കണ്ണീർക്കടലിലേക്ക് ആയിരുന്നു. കുടുംബാംഗങ്ങളോടൊപ്പം അവധിയാഘോഷിച്ച്, പൂർത്തിയാക്കിയ കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് കൈപ്പറ്റി അബുദാബിയിലേക്കു തിരികെ പോകാനായിരുന്നു രമ്യയുടെ മനസ്സിലെ ആഗ്രഹം. എന്നാൽ കരഞ്ഞ് തളർന്ന് സഹോദരിയുടെ ഓർമ്മകളിലേക്ക് പോകാനായിരുന്നു വിധി.

സൗമ്യയുടെ ഭർത്താവ് വള്ളികുന്നം തെക്കേമുറി ഉപ്പൻവിളയിൽ സജീവും ഇന്ന് നാട്ടിലെത്തും. സൗമ്യയുടെ അന്ത്യകർമങ്ങൾ ബുധനാഴ്ച തന്നെ നടന്നേക്കും. ലിബിയയിൽനിന്നു തുർക്കിയിലെത്തി ജിദ്ദ, അബുദാബി വഴി തിരുവനന്തപുരത്തോ കൊച്ചിയിലോ ആകും എത്തുന്നത്. ലിബിയയിലേക്കു ജോലിക്കായി പോയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. ജോലിസ്ഥലത്തു നിന്നു നാട്ടിലേക്കു തിരിച്ച സജീവിനെ സൗമ്യയുടെ മരണവിവരം അറിയിച്ചിട്ടില്ല. ഗുരുതരമായി പരുക്കേറ്റെന്നാണ് അറിയിച്ചിരിക്കുന്നത്. സൗമ്യയുടെ ചേച്ചി രമ്യയേയും ഇത്രമാത്രമേ യാത്രയ്ക്കിടയിൽ ബന്ധുക്കൾ അറിയിച്ചിരുന്നുള്ളൂ. കൊല്ലം ക്ലാപ്പനയിലെ വീട്ടിൽ ഇന്നലെ എത്തുമെന്ന് കുടുംബാംഗങ്ങളെ മുൻപേ അറിയിച്ചിരുന്നു. ഇന്നലെ രാവിലെ ക്ലാപ്പനയിലെ ഭർതൃവീട്ടിൽ എത്തിയ രമ്യയും കുടുംബവും അവിടെനിന്നാണ് സൗമ്യയുടെ വള്ളികുന്നത്തെ വീട്ടിലേക്കു വന്നത്. അപ്പോഴറിഞ്ഞത് സഹോദരിയുടെ ദാരുണ അന്ത്യവും. ചേച്ചിയുടെ വരവിനെ കുറിച്ച് സൗമ്യയ്ക്കും അറിയാമായിരുന്നു.

അതുകൊണ്ട് തന്നെ ഞായറാഴ്ച അവധിയെടുത്ത് അച്ഛനമ്മമാർക്കും കുഞ്ഞുങ്ങൾക്കുമൊപ്പം കഴിഞ്ഞ്, തിങ്കളാഴ്ച ചേച്ചിയെയും കുടുംബത്തെയും കണ്ട് ജോലിക്കു പോകാനായിരുന്നു സൗമ്യയും തീരുമാനിച്ചത്. അങ്ങനെ ചേച്ചിയെ കാണാനുള്ള യാത്രയ്ക്കിടെയാണ് അജാസിന്റെ കാർ സൗമ്യയെ ഇടിച്ചിട്ടത്. ഇതോടെ എല്ലാ സ്വപ്‌നവും വെറുതെയായി. സൗമ്യയെ കരിച്ചു കൊല്ലുകയായിരുന്നു അജാസ്. അപ്പോഴും നാട്ടിലേക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലായിരുന്ന സൗമ്യയുടെ ചേച്ചി രമ്യയോട് ആരും ഒന്നും പറഞ്ഞില്ല. ടിവി വാർത്തകളിൽ നിന്നും മറ്റും തന്ത്രപരമായി അകറ്റി നിർത്തി.

സൗമ്യയ്ക്ക് അപകടം സംഭവിച്ചു എന്നാണ് രമ്യയോടു സൂചിപ്പിച്ചിരുന്നത്. രമ്യയുടെ ഭർത്താവിനെ വിവരങ്ങൾ അറിയിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ രമ്യയെ അറിയിക്കാതിരിക്കാൻ മൊബൈൽ ഫോണും മറ്റു വാർത്താ മാധ്യമങ്ങളും രമ്യയ്ക്ക് നൽകിയില്ല. അങ്ങനെ പ്രതീക്ഷയോടെയായിരുന്നു യാത്ര. പക്ഷേ, വീടിനു മുറ്റത്തെ പന്തലും ആൾക്കൂട്ടവും കണ്ടപ്പോൾ തന്നെ രമ്യയ്ക്ക് പന്തികേട് തോന്നി. അമ്മ ഇന്ദിരയെക്കണ്ടതോടെ ഇരുവരും നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. അച്ഛൻ പുഷ്പാകരനും ബന്ധുക്കൾക്കും മകളെ ആശ്വസിപ്പിക്കാനായില്ല.

രമ്യയും ഭർത്താവും വർഷങ്ങളായി അബുദാബിയിലാണ്. ജനറൽ നഴ്‌സിങ് കോഴ്‌സ് പാസായി, ജോലിക്കായി മലേഷ്യയിൽ പോയി. അവിടെനിന്നു മടങ്ങിയെത്തിയായിരുന്നു വിവാഹം. ഓഗസ്റ്റിൽ അബുദാബിയിലെ ആശുപത്രിയിൽ ജോലിക്കു ചേരാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായി ബെംഗളൂരുവിലെ സ്ഥാപനത്തിൽ നിന്നു പോസ്റ്റ് ബിഎസ്സി കോഴ്‌സ് സർട്ടിഫിക്കറ്റ് വാങ്ങാനും കൂടിയായിരുന്നു നാട്ടിലേക്കുള്ള രമ്യയുടെ യാത്ര. ഈ യാത്രയ്ക്കിടെയാണ് സഹോദരിയുടെ ദുരന്തം രമ്യയെ തളർത്തിയത്.

സൗമ്യയുടെ അച്ഛൻ പുഷ്‌കരനും വേദനയിലാണ്. കുഞ്ഞുമക്കളുടെ കാര്യമോർത്ത് സങ്കടമുണ്ട്. അവർക്കു വിഷമങ്ങളൊന്നും കൂടാതെ പറ്റുന്ന കാലത്തോളം സംരക്ഷിക്കും. കുഞ്ഞുമോൾ ഋതികയെ ഒരു വയസ്സുള്ളപ്പോൾ ക്ലാപ്പനയിലെ വീട്ടിലേക്കു കൊണ്ടുപോയതാ... ഇപ്പൊ മൂന്നര വയസ്സായി. ഇനിയും കുഞ്ഞുങ്ങളെയെല്ലാം പൊന്നുപോലെ തന്നെ നോക്കും...' - കൊച്ചുമക്കളെക്കുറിച്ചു പറഞ്ഞപ്പോൾ സൗമ്യയുടെ അച്ഛൻ പുഷ്പാകരന്റെ കണ്ണുകൾ നിറഞ്ഞു. ഇപ്പോൾ പറയുന്നതും കേൾക്കുന്നതുമായ കാര്യങ്ങളെല്ലാം കഴിഞ്ഞ ദിവസത്തെ സംഭവശേഷം ഓരോരുത്തർ പറഞ്ഞാണ് അറിയുന്നത്. സൗമ്യയും അമ്മയും ഒന്നും പറഞ്ഞിട്ടില്ല. എന്തെങ്കിലുമൊന്നു സൂചിപ്പിച്ചിരുന്നെങ്കിൽ, അപകടപ്പെടുത്താനുള്ള എന്തെങ്കിലും സൂചന കിട്ടിയിരുന്നെങ്കിൽ ഇതൊന്നും നടക്കാൻ ഞാൻ സമ്മതിക്കില്ലായിരുന്നു. അതിനായി ഏതു മാർഗവും സ്വീകരിച്ചേനെ - പുഷ്പാകരൻ പറഞ്ഞു. പക്ഷാഘാതം തളർത്തിയ ശരീരത്തിന്റെ പാതി വിറയൽ പുഷ്പാകരന് ഇപ്പോഴും ഉണ്ട്.

14 വർഷം മുൻപ്, കൊല്ലം എസ്എൻ കോളജിൽനിന്നു ബിരുദ പഠനം പൂർത്തിയാക്കിയ സമയത്തായിരുന്നു സൗമ്യയുടെ വിവാഹം. ആദ്യം വന്ന ആലോചന തന്നെ വിവാഹത്തിലെത്തി. ആ സമയത്ത് ചെറിയ തോതിൽ പണമിടപാട് ജോലിയായിരുന്നു വള്ളികുന്നം സ്വദേശി സജീവിന്. മെക്കാനിക്കൽ - പ്ലമിങ് ജോലികളും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് 2 മാസത്തിനകം വാങ്ങിയതാണ് വള്ളികുന്നിലെ 33 സെന്റ് സ്ഥലം. വിവാഹശേഷം സൗമ്യ പിഎസ്‌സി പരീക്ഷകൾ പലതും എഴുതുമായിരുന്നു. കെഎസ്ആർടിസിയിൽ ജോലി കിട്ടിയെങ്കിലും പോയില്ല. പിന്നെയാണ് പൊലീസ് സർവീസിൽ കിട്ടിയത്. തൃശൂരിലെ പരിശീലനത്തിനു ശേഷം ആലപ്പുഴ എസ്‌പി ഓഫിസിലായിരുന്നു നിയമനം.

15 ദിവസം ജോലിക്കു പോയെങ്കിലും ദൂരക്കൂടുതൽ മൂലം മാറ്റത്തിനു ശ്രമിച്ചു. അന്നത്തെ എംപി കെ.സി.വേണുഗോപാൽ ഇടപെട്ടാണ് വള്ളികുന്നം സ്റ്റേഷനിലേക്കു മാറ്റം കിട്ടിയത്. ആയിടയ്ക്കാണ് സജീവ് ജോലി തേടി ഗൾഫിൽ പോയത്. 2 പ്രാവശ്യമായി ഗൾഫിൽ ജോലി ചെയ്തു. അവിടെനിന്നു വന്നിട്ട് 10 മാസമായി. ഇപ്പോൾ ജോലി തേടി ലിബിയയിലേക്കു പോയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല-അച്ഛൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP