Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സേവ് ശബരിമല പ്രക്ഷോഭം അതിർത്തി കടക്കുന്നു..! വിശ്വാസ സംരക്ഷണത്തിനായി ഡൽഹിയിലും തമിഴ്‌നാട്ടിലും ആന്ധ്രയിൽ കത്തുന്ന പ്രക്ഷോഭം; സ്വാമിയപ്പാ.. ശരണമപ്പാ.. ശരണം വിളികളുമായി സംഘടിച്ച് തെരുവിൽ ഇറങ്ങി ഭക്തർ; റിവ്യൂഹർജി നൽകിയോ ഓർഡിനൻസ് പുറപ്പെടുവിച്ചോ വിശ്വാസം സംരക്ഷിക്കണമെന്ന് ആവശ്യം; ഇതര സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാക്കുമ്പോൾ ദേശീയതലത്തിൽ രാഷ്ട്രീയ വിഷയമാക്കി മാറ്റാനുള്ള ശ്രമങ്ങളും സജീവം

സേവ് ശബരിമല പ്രക്ഷോഭം അതിർത്തി കടക്കുന്നു..! വിശ്വാസ സംരക്ഷണത്തിനായി ഡൽഹിയിലും തമിഴ്‌നാട്ടിലും ആന്ധ്രയിൽ കത്തുന്ന പ്രക്ഷോഭം; സ്വാമിയപ്പാ.. ശരണമപ്പാ.. ശരണം വിളികളുമായി സംഘടിച്ച് തെരുവിൽ ഇറങ്ങി ഭക്തർ; റിവ്യൂഹർജി നൽകിയോ ഓർഡിനൻസ് പുറപ്പെടുവിച്ചോ വിശ്വാസം സംരക്ഷിക്കണമെന്ന് ആവശ്യം; ഇതര സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാക്കുമ്പോൾ ദേശീയതലത്തിൽ രാഷ്ട്രീയ വിഷയമാക്കി മാറ്റാനുള്ള ശ്രമങ്ങളും സജീവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യെ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ അത് നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരേ കേരളത്തിനു പുറത്തും പ്രതിഷേധം വ്യാപകമാകുന്നു. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലും ഡൽഹി കേരള ഹൗസിനു മുന്നിലും സ്ത്രീകളടക്കമുള്ള ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പ്രതിഷേധത്തിനിറങ്ങിയത്. കേരളത്തിലെ ശക്തമായ പ്രതിഷേധത്തിനൊപ്പമാണ് മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളും വിശ്വാസികളും പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.

ദക്ഷിണേന്ത്യയിൽ അയ്യപ്പഭക്തരുടെ എണ്ണം വളരെ കൂടുതലാണ്. അവർ വിശ്വാസകാര്യത്തിൽ അടക്കം വളരെയധികം തീവ്രത പുലർത്തുന്നവരാണ്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച കോടതി ഉത്തരവ് പുറത്തുവന്നതോടെ ഇവിടങ്ങളിലെ ഭക്തർക്കും ശക്തമായ എതിർപ്പുകളുണ്ട്. കേരളത്തിൽ വിവിധ ജില്ലകളിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ ഈ പ്രക്ഷോഭം ഇതരസംസ്ഥാനങ്ങളിലേക്കും പടരുകയായിരുന്നു. കന്യാകുമാരിയിൽ കഴിഞ്ഞദിവസം നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്ത പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണിത്. ഇതുപോലെ വിവിധ ജില്ലകളിൽ പ്രക്ഷോഭങ്ങൾ നടക്കുന്നുവെന്ന റിപ്പോർട്ടുകളാണ് തമിഴ് മാധ്യമങ്ങൾ പുറത്തുവിടുന്നത്.

തമിഴ് വംശജരും അവിടുത്തെ മലയാളികളും സമരത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ശബരിമലയിൽ പ്രായഭേദമന്യെ സ്ത്രീകൾ പ്രവേശിക്കുന്നത് ആചാരങ്ങളുടെ ലംഘനമാണെന്നും ഇത് അനുവദിക്കില്ലെന്നുമാണ് ഇവരുടെ ഉറച്ച നിലപാട്. മലയാളികളേക്കാൾ കൂടുതൽ ശബരിമലയിലെത്തുന്നത് തമിഴ്‌നാട്ടിൽ നിന്നുള്ളവരാണെന്നിരിക്കെ ഇവരുടെ പ്രതിഷേധം ഏറെ പ്രസക്തവുമാണ്. സർക്കാർ റിവ്യൂഹർജി നൽകുകയോ ഓർഡിനൻസ് പുറപ്പെടുവിക്കുകയോ ചെയ്ത് ഭക്തരുടെ വിശ്വാസം സംരക്ഷിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

കഴിഞ്ഞദിവസം ഡൽഹി കേരള ഹൗസിൽ നടന്ന പ്രതിഷേധത്തിൽ കടകംപള്ളിയെയും മുഖ്യമന്ത്രിയെയുമൊന്നെ കേരളഹൗസിൽ നിന്ന് പുറത്തിറക്കാത്ത വിധം സമരം ശക്തമാക്കണമെന്നായിരുന്നു ആഹ്വാനം. മലയാളികളാണ് പ്രധാനമായും ഈ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലെത്തി താമസമാക്കിയ അയ്യപ്പഭക്തരും ഇതിനെ പിന്തുണച്ചിരുന്നു.ആന്ധ്രാപ്രദേശിലും കർണാടകയിലുമൊക്കെ ഇത്തരത്തിൽ അയ്യപ്പഭക്തരുടെ പ്രതിഷേധം നടക്കുന്നുണ്ട്. സോഷ്യൽമീഡിയ പേജുകളിലും പ്രതിഷേധം രൂക്ഷമാണ്. ശബരിമല വിഷയത്തിൽ ജാതിയും മതവും അതിർത്തിയും ഭാഷയുമൊന്നും നോക്കാതെ എല്ലാ അയ്യപ്പഭക്തരും ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നു എന്നു തന്നെയാണ് ഈ പ്രതിഷേധങ്ങളിൽ നിന്നെല്ലാം വ്യക്തമാകുന്നത്.

അതേസമയം ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങളും ഒരുവശത്ത് നടക്കുന്നുണ്ട്. കേരളത്തിൽ ഇടതു സർക്കാർ ഭരിക്കുന്ന സാഹചര്യത്തിൽ കേരള സർക്കാറാണ് ഈ വിഷയത്തിൽ വിശ്വാസത്തെ ഹനിക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നതെന്നാണ് ഒരു കൂട്ടർ ഉത്തരേന്ത്യൻ സൈബർ ഗ്രൂപ്പിൽ അടക്കം പ്രചരിപ്പിക്കുന്നത്. കേരളത്തിൽ ബിജെപിയുടെ നിലപാട് വ്യത്യസ്തമാണെങ്കിലും ഈ വിഷയം ഉത്തരേന്ത്യയിൽ രാഷ്ട്രീയ ആയുധമാക്കി മാറ്റാമെന്ന വിധത്തിലാണ് സംഘപരിവാറിലെ ഒരു വിഭാഗം. സുപ്രീംകോടതി ഉത്തരവാണ് ഈ വിഷയത്തിൽ പ്രാധാന്യമെങ്കിലും ഇടതു സർക്കാർ ഹൈന്ദവ വിശ്വാസങ്ങളെ തകർക്കുന്നു എന്നു വരുത്തുകയാണ് ഒരു വിഭാഗം.

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനുണ്ടായിരുന്ന നിയന്ത്രണം നീക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്തു പലയിടത്തും പ്രതിഷേധം ഉടലെടുത്തിരുന്നു. ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ റോഡ് ഉപരോധിച്ചു. പ്രതിഷേധങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. പമ്പയിൽ നാമജപ പ്രതിഷേധം സംഘടിപ്പിച്ചു. പാലക്കാട് മരുതറോഡിൽ ഹിന്ദു പരിഷത് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. കോയമ്പത്തൂർ തൃശൂർ പാതയിൽ അര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ട അവസ്ഥയുണ്ടായി.

ആർഎസ്എസിന്റെ നിലപാട് ശബരിമല ഉൾപ്പെടെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്നാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ദൃശ്യമാധ്യമങ്ങളിലൂടെയും സംഘപരിവാർ പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഇതെല്ലാം മൂടിവെന്നാണ് നിലവിൽ പ്രതികരിക്കുന്നത്. ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാരും ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിർത്തിട്ടിരുന്നില്ല. മാത്രമല്ല, അനുകൂലനിലപാടാണ് സ്വീകരിച്ചതും. എങ്കിലും കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നിലപാടുകളുടെ അടിസ്ഥാനത്തിലല്ല സുപ്രീംകോടതി വിധി പ്രസ്താവിച്ചതെന്നതും ശ്രദ്ധേയമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയും മൗലികാവകാശവും സാമൂഹ്യനീതിയും ജനാധിപത്യവുമെല്ലാം തലനാരിഴകീറി വിശകലനം ചെയ്ത ശേഷമാണ് കോടതിയുടെ ഭരണഘടനാ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. സ്ത്രീപ്രവേശനത്തിനുള്ള നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് 2006 ജൂലൈ 28നാണ് ഇന്ത്യൻ യങ്‌ലോയേഴ്സ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിക്കുന്നത്.

ഇത് ചർച്ചയായപ്പോൾ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും സംഘപരിവാർ താത്വികാചാര്യനുമായ പി പരമേശ്വരൻ അന്ന് പറഞ്ഞത് സ്ത്രീപ്രവേശനം നിരോധിക്കാൻ ഒരുകാരണവുമില്ലെന്നാണ്. ഡൽഹിയിൽ ഒരുപരിപാടിക്ക് ശേഷം അദ്ദേഹത്തെ ചെന്നുകണ്ട 10 എംഫിൽ വിദ്യാർത്ഥിനികൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ഈ വാർത്ത 2016 നവംബർ 12ന് ഇന്ത്യൻ എക്സ്‌പ്രസ് പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. പത്തുവർഷം കഴിഞ്ഞ് പരമേശ്വരന്റെ നവതി നാളിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ ഈ വിഷയത്തിൽ സംഘപരിവാർ സംഘടനകൾക്ക് ഏകാഭിപ്രായം വേണമെന്ന് നിലപാട് തിരുത്തിയെങ്കിലും ആർഎസ്എസ് നേതൃത്വം അന്നും ഇന്നും സ്ത്രീപ്രവേശനം വേണമെന്ന നിലപാട് ആവർത്തിച്ചുകൊണ്ടേയിരുന്നു.

2016 മാർച്ച് ആദ്യം രാജസ്ഥാനിൽചേർന്ന ആർഎസ്എസ് ബൈഠകിലും എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീപ്രവേശനം വേണമെന്ന് പ്രമേയം പാസാക്കി. തുടർന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞത് 1000 വർഷം പഴക്കമുള്ള ആചാരങ്ങളുടെ പേരിലായാലും സ്ത്രീപ്രവേശനം നിഷേധിക്കാനാകില്ലെന്നാണ്. 2016 ജൂലൈ 10ന് ജനം ടിവി ഇത് തുടർച്ചയായി സംപ്രേഷണംചെയ്തു. ആർഎസ്എസ് മുഖവാരികയായ കേസരിയിൽ ബാലഗോകുലം സ്ഥാപകനായ എം എ കൃഷ്ണൻ ഇങ്ങനെ എഴുതി 41 ദിവസത്തെ വ്രതമാണ് സ്ത്രീ പ്രവേശനത്തിന് തടസ്സമാകുന്നതെങ്കിൽ അത് 14 ദിവസമാക്കി ചുരുക്കണമെന്നാണ്.

ജാതിമത ചിന്തകൾക്കതീതമായി ആർക്കും പ്രവേശിക്കാമെങ്കിൽ സ്ത്രീകൾക്ക് മാത്രം എന്തിന് വേർതിരിവെന്നും ലേഖനത്തിൽ ചോദിച്ചു. 2016 സെപ്റ്റംബറിൽ ആർഎസ്എസ് നേതാവ് ആർ ഹരി നിലപാട് ആവർത്തിച്ചു. 41 ദിവസത്തെ വ്രതം തീരുമാനിച്ചത് പുരുഷന്മാർക്കായിരിക്കുമെന്നും സ്ത്രീകളായിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിരുന്നുവെന്നും വൈദികകാലംമുതൽ ആരാധനയിൽ സ്ത്രീകളെ ഒരിടത്തും മാറ്റിനിർത്തിയിട്ടില്ലെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു. സ്ത്രീപ്രവേശനത്തെയും നിത്യപൂജയെയും അനുകൂലിച്ച് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന നേതൃത്വത്തിന് നൽകിയ കത്തും ചർച്ചയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP