Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളമെങ്ങും ഹർത്താൽ വിരുദ്ധ പ്രതിജ്ഞയുമായി സംഘടനകൾ രംഗത്ത്; എല്ലാ ഹർത്താലുകളിലും തീയ്യറ്ററുകൾ തുറക്കാൻ ഫിലിം ചേംബർ; ഏതു ഹർത്താലിലും കടകൾ തുറക്കാൻ സുൽത്താൽ ബത്തേരിയിലെ വ്യാപാരികൾ; ഹർത്താൽരഹിത ഗ്രാമമായി പ്രഖ്യാപിച്ച് വെൺമണി; ബിജെപിക്കാരനല്ലാത്ത അയ്യപ്പഭക്തന്റെ ശവം ഏറ്റെടുത്ത് സംഘപരിവാർ നടത്തിയ വ്യാജ ഹർത്താൽ കേരളത്തിന് ഗുണം ചെയത് ഇങ്ങനെ

കേരളമെങ്ങും ഹർത്താൽ വിരുദ്ധ പ്രതിജ്ഞയുമായി സംഘടനകൾ രംഗത്ത്; എല്ലാ ഹർത്താലുകളിലും തീയ്യറ്ററുകൾ തുറക്കാൻ ഫിലിം ചേംബർ; ഏതു ഹർത്താലിലും കടകൾ തുറക്കാൻ സുൽത്താൽ ബത്തേരിയിലെ വ്യാപാരികൾ; ഹർത്താൽരഹിത ഗ്രാമമായി പ്രഖ്യാപിച്ച് വെൺമണി; ബിജെപിക്കാരനല്ലാത്ത അയ്യപ്പഭക്തന്റെ ശവം ഏറ്റെടുത്ത് സംഘപരിവാർ നടത്തിയ വ്യാജ ഹർത്താൽ കേരളത്തിന് ഗുണം ചെയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരത്ത് ബിജെപി നടത്തുന്ന സമരപന്തലിന് സമീപം അയ്യപ്പഭക്തൻ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് ബിജെപി നടത്തിയ ഹർത്താൽ നാടകം കേരള സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുന്നു. ബിജെപിക്കാരനല്ലാത്ത വ്യക്തി ആത്മഹത്യ ചെയ്തതും ഏറ്റെടുത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപി നേതൃത്വം ശ്രമിച്ചത്. തുടർച്ചയായി ഹർത്താലുകളുമായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ബിജെപിക്കാർക്കെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ശക്തമായി ഉയർന്നിരുന്നു. ഒടിയൻ റിലീസ് ചെയ്യുന്ന ദിവസം കൂടിയാണ് ഹർത്താൽ പ്രഖ്യാപിച്ചത് എന്നതിനാൽ ഈ സംഭവം സിനിമാ രംഗത്തിനും തിരിച്ചടിയായിരുന്നു. അടുത്തകാലത്ത് ഹർത്താലിനെതിരെ ഇത്രയുമേറെ ജനരോഷം ഉണ്ടായ മറ്റൊരു സംഭവവും ഉണ്ടായിരുന്നില്ല.

എന്തായാലും ഉർവ്വശി ശാപം ഉപകാരമായി എന്നതു പോലെയാണ് ബിജെപിയുടെ ഹർത്താലും. ഈ ഹർത്താലോടെ പഠം പഠിച്ച ജനങ്ങളും സംഘടനകഴും ഹർത്താൽ വിരുദ്ധ പ്രതിജ്ഞയുമായി രംഗത്തെത്തിക്കഴിഞ്ഞു. വ്യാപാരി സമൂഹമാണ് ഇനി ഹർത്താലുകളോട് സഹകരിക്കേണ്ടെന്ന നിലപാടുമായി രംഗത്തെത്തിയത്. ഇവരെ കൂടാതെ സിനിമാവ്യവസായ ലോകവും ഹർത്താലിനെതിരെ രംഗത്തെത്തി. ഹർത്താൽ ദിനത്തിൽ തിയറ്ററുകൾ തുറക്കാൻ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് തീരുമാനിച്ചു. ചിത്രീകരണമോ അനുബന്ധ പ്രവർത്തനങ്ങളോ ഒഴിവാക്കില്ല. അടിക്കടിയുള്ള ഹർത്താലുകൾ വൻ നഷ്ടമുണ്ടാക്കുന്നതായി പ്രസിഡന്റ് കെ. വിജയകുമാറും ജനറൽ സെക്രട്ടറി സാഗ അപ്പച്ചനും പറഞ്ഞു. സിനിമാ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റർ ഉടമകളുടെയും കൂട്ടായ്മയാണ് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്.

ഇനി മുതൽ ആര് ഹർത്താൽ പ്രഖ്യാപിച്ചാലും മുഴുവൻ കടകളും തുറക്കുമെന്ന് ബത്തേരി നഗരസഭയിലെ വ്യാപാരികളും വ്യക്തമാക്കി. ഹർത്താൽ ദിനങ്ങളിൽ എല്ലാവരും ഒരേ സമയം കടകൾ തുറക്കും. കട അടപ്പിക്കുകയോ അക്രമം കാട്ടുകയോ ചെയ്യുന്നവരുടെ ചിത്രങ്ങൾ പകർത്തി കോടതി ഉത്തരവു പ്രകാരം നിയമപരമായി നേരിടും. കടകൾക്ക് നാശമുണ്ടായാൽ സംഘടന ഏറ്റെടുക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റായ ബത്തേരി മർച്ചന്റ്‌സ് അസോസിയേഷനാണ് ഈ തീരുമാനങ്ങളെടുത്തത്.

ഏത് രാഷ്ട്രീയപ്പാർട്ടി ഹർത്താൽ പ്രഖ്യാപിച്ചാലും അത് ബഹിഷ്‌കരിക്കാനും സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാനുമാണ് സംഘടനയുടെ തീരുമാനം. ഹർത്താൽ ദിനത്തിൽ കടകൾ തുറന്നുപ്രവർത്തിപ്പിക്കുന്നതിന് വ്യാപാരികൾക്ക് സംരക്ഷണം നൽകുന്നതുൾപ്പെടെയുള്ള പിന്തുണ സംഘടന നൽകും. കച്ചവടക്കാർക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചു. നാടിന്റെ പൊതു ആവശ്യങ്ങൾക്കുവേണ്ടിയുള്ള സമരങ്ങൾക്കായി മൂന്നുദിവസംമുമ്പെങ്കിലും രേഖാമൂലം നോട്ടീസ് നൽകിയാൽ സഹകരിക്കണോ എന്നകാര്യം സംഘടന പരിഗണിക്കും.

ജനുവരിയിൽ നടക്കുന്ന ദേശീയ പണിമുടക്കിനും കടകൾ തുറക്കും. ജി.എസ്.ടി.യും നോട്ട് നിരോധനവും പ്രളയവുമെല്ലാം വ്യാപാരികളുടെ നിലനിൽപ്പിനെത്തന്നെ സാരമായി ബാധിച്ചു. ഇതിനിടെ ഒരു മുന്നറിയിപ്പുമില്ലാതെ അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾ വ്യാപാരമേഖലയിൽ വലിയ നഷ്ടമാണുണ്ടാക്കുന്നത്. പ്രസിഡന്റ് സി. അബ്ദുൾ ഖാദർ, ജനറൽ സെക്രട്ടറി പി.വൈ. മത്തായി, ട്രഷറർ കെ.ആർ. അനിൽകുമാർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഹർത്താലുകൾക്കെതിരെ പൊതുസമീപനം തീരുമാനിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ 32 സംഘടനകളുടെ യോഗം നാളെ കോഴിക്കോട്ട് ചേരും. മിന്നൽ ഹർത്താലുകളോടു സഹകരിക്കില്ലെന്നു സംഘടന കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. തിരുവനന്തപുരം ചാല കമ്പോളത്തിൽ ഹർത്താൽ ബഹിഷ്‌കരണ തീരുമാനവുമെടുത്തു. ഹർത്താലിനു വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ കൊച്ചിയിലെ വ്യാപാരികളും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ഇത് കൂടാതെ വെൺമണി ഇനി മുതൽ ഹർത്താൽ രഹിത ഗ്രാമമാണെന്ന് പ്രഖ്യാപിച്ചു. ഒരു ഹർത്താലിനും കടയടക്കേണ്ടതില്ലെന്ന് വെൺമണിയിലെ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികൾ ഒന്നടങ്കം തീരുമാനിച്ചു. നാട്ടുകാരുടെ പൂർണ സഹകരണത്തോടെയാണ് ഈ തീരുമാനം. ഹർത്താൽ രഹിത വെൺമണി എന്ന ഫ്‌ളക്സ് ബോർഡ് ടൗണിൽ നിറയെ ഉയർന്നു കഴിഞ്ഞു. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലാണ് വെൺമണി. എത്ര പ്രബല രാഷ്ട്രീയ പാർട്ടിയായാലും ഹർത്താലിനു കടയടക്കില്ല. എന്തു കഷ്ട നഷ്ടങ്ങളുണ്ടായാലും ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനം. ഹൈക്കോടതി ഉത്തരവ് ഉള്ളതിനാൽ ഹർത്താൽ ദിനത്തിൽ വേണ്ടിവന്നാൽ പൊലീസിന്റെ സഹായവും ആവശ്യപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP