Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ടിപി കേസിലെ ഇടപെടലുകൾ സിപിഎമ്മിനെ ശത്രുവാക്കി; നളിനി നെറ്റോയുമായുള്ള ഈഗോ ക്ലാഷ് പൊലീസ് മേധാവി സ്ഥാനം തെറിപ്പിച്ചു; അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗമാകാനുള്ള നീക്കത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് പാരവെച്ചു; പ്രതികാരാഗ്നി ആളിക്കത്തിച്ച് നിയമ പോരാട്ടത്തിലൂടെ ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽപ്പ്; സെൻകുമാറിന്റേത് പോരാട്ടത്തിന്റെ വിജയം

ടിപി കേസിലെ ഇടപെടലുകൾ സിപിഎമ്മിനെ ശത്രുവാക്കി; നളിനി നെറ്റോയുമായുള്ള ഈഗോ ക്ലാഷ് പൊലീസ് മേധാവി സ്ഥാനം തെറിപ്പിച്ചു; അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗമാകാനുള്ള നീക്കത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് പാരവെച്ചു; പ്രതികാരാഗ്നി ആളിക്കത്തിച്ച് നിയമ പോരാട്ടത്തിലൂടെ ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽപ്പ്; സെൻകുമാറിന്റേത്  പോരാട്ടത്തിന്റെ വിജയം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി മാറി പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ നടത്തി പൊലീസ് അഴിച്ചുപണിയിലാണ് ഡിജിപി സെൻകുമാറിന് തൊപ്പി നഷ്ടമായത്. സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയ കേസുകളിലെ അന്വേഷണങ്ങളിൽ അദ്ദേഹം മുൻകാലങ്ങളിൽ സ്വീകരിച്ച നിലപാടുകളാണ് ഈ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് വിനയായത്.

കേരളത്തിൽ അധികം കേട്ടുകേൾവിയില്ലാത്ത ഈ സംഭവത്തിനെതിരെയാണ് സെൻകുമാർ അവധിയെടുത്ത് നിയമപോരാട്ടത്തിന് ഇറങ്ങിയത്. അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനും ഹൈക്കോടതിയിലും നിയമപോരാട്ടം നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല. കേന്ദ്ര ഡെപ്യൂട്ടേഷന് ശ്രമിച്ചപ്പോഴും കേരളത്തിൽ നിന്നും പാരപോയി. അഡ്‌മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ അംഗമായി ഇടം ലഭിക്കാനുള്ള അവസരവും ഇതിനിടെ നഷ്ടമായി. പിന്നീട് ഐഎംജിയുടെ തലവനായി. അപ്പോഴും നിയമ പോരാട്ടത്തിന് അയവ് വരുത്തിയില്ല. ഇതിനിടെ പുറ്റിങ്ങലും ജിഷാക്കേസും സുപ്രീംകോടതിയിൽ വാദമായി സംസ്ഥാന സർക്കാർ ഉയർത്തിയതും സെൻകുമാറിന് വിനയായി. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്കുള്ള സെൻകുമാറിന്റെ നിയമനം അട്ടിമറിക്കാൻ നടത്തിയ സർക്കാർ നീക്കമാണ് ഇതിനെല്ലാം വഴിവച്ചത്. ഇതോടെ കൂടുതൽ കരുത്തോടെ സെൻകുമാർ സുപ്രീംകോടതിയിൽ വാദമുഖങ്ങൾ ഉയർത്തി. ഇത് അംഗീകരിക്കപ്പെട്ടു.

സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി സെൻകുമാറിനെ നിയോഗിച്ചുകൊണ്ടുള്ള ഫയൽ ഗവർണ്ണർക്ക് അയക്കാതെ സംസ്ഥാന സർക്കാർ പിടിച്ചുവെച്ചിരിക്കുകയാണെന്നറിയുന്നു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിയാണ് ട്രിബ്യൂണലിലേക്ക് സെൻകുമാറിനെ തിരഞ്ഞെടുത്തത്. അഞ്ചുവർഷമാണ് അംഗങ്ങളുടെ കാലാവധി. അടുത്തു തന്നെ വിരമിക്കാനിരിക്കുന്ന സെൻകുമാറിന് ട്രിബ്യൂണൽ അംഗമായി 65 വയസ്സു വരെ തുടരാനാവും. ഗവർണർ അംഗീകരിച്ചാൽ ഫയൽ ഇന്ത്യൻ ചീഫ് ജസ്റ്റിസിന്റെ അടുത്തേക്കും അവിടെ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും തുടർന്ന് രാഷ്രടപതിയുടെ ഓഫീസിലേക്കും പോവും. രാഷ്ട്രപതിയാണ് അന്തിമമായി ട്രിബ്യൂണൽ അംഗ നിയമനം അംഗീകരിക്കേണ്ടത്.

സെൻകുമാർ കേസിൽ സർക്കാർ ആഗ്രഹിച്ചത് വിജയം മാത്രമായിരുന്നു. ഡിജിപി സ്ഥാനത്ത് നിന്ന് ലോക്‌നാഥ് ബെഹ്‌റയെ മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ബെഹ്‌റയുടെ സുഹൃത്തുകൂടിയായ ഹരീഷ് സാൽവെ കേസ് ഏൽപ്പിച്ചു. ഇപ്പോൾ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ തന്നെ ഡൽഹിയിൽ എത്തി സാൽവെയുമായി കാര്യങ്ങൾ ചർച്ച നടത്തി. പക്ഷേ അന്തിമ വിധി പിണറായി വിജയൻ സർക്കാരിന് എതിരായി. ഇനി പൊലീസ് ആസ്ഥാനത്ത് സെൻകുമാറിനെ നിയമിക്കേണ്ടി വരും. സർക്കാരിന് താൽപ്പര്യമുള്ള നിരവധി കേസുകളിൽ സെൻകുമാറിന്റെ ഇടപെടൽ അതിൽ നിർണ്ണായകമാകും. മൂന്നാർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പൊലീസ് മേധാവിയായി സെൻകുമാറെത്തിയാൽ അതു ഇടത് താൽപ്പര്യങ്ങൾക്ക് തിരിച്ചടിയാകും.

എന്നാൽ സെൻകുമാർ ട്രിബ്യൂണൽ അംഗമാവുന്നത് ഇഷ്ടപ്പെടാത്ത ചില ഉന്നത ഐ എ എസ് ഓഫീസർമാരുടെ ഇടപെടലിനെ തുടർന്ന് ഈ ഫയൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി സെക്രട്ടറിയേറ്റിൽ പൊടിപിടിച്ചിരിക്കുകയാണെന്നാണ് സൂചന. ചീഫ് സെക്രട്ടറിയായിരുന്ന എസ് എം വിജയാനന്ദ് സെൻകുമാറിന് നല്ല നടപ്പ് സർട്ടിഫിക്കറ്റ് നൽകിയിരുന്നു. സർക്കാർ അച്ചടക്ക നടപടിയെടുത്ത ഉദ്യോഗസ്ഥന് എങ്ങനെ നല്ല നടപ്പ് സർട്ടിഫിക്കറ്റ് നൽകുമെന്ന ചോദ്യമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉയർത്തിയത്. ഇതോടെ ഫയൽ ഗവർണ്ണർക്ക് അയച്ചു കൊടുക്കേണ്ടെന്ന തീരുമാനവും എത്തി. സുപ്രീംകോടതി വിധിയോടെ ഈ പേരുദോഷം സെൻകുമാറിന് മാറുകയാണ്. ഇനി അദ്ദേഹത്തിന് മുമ്പിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗത്വത്തിന്റെ സാധ്യതയും തെളിയും. ഈ ഫയൽ ഇനി സർക്കാരിന് ഗവർണ്ണർക്ക് അയച്ചു കൊടുക്കേണ്ടിയും വരും. ഈ ഫയലിൽ തീർപ്പുണ്ടാകുന്നത് വരെ പൊലീസ് ആസ്ഥാനത്ത് ഡിജിപി കസേരയിലും ഇരിക്കാം.

ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ പടലപ്പിണക്കവും ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും സെൻകുമാറും തമ്മിലെ അകൽച്ചയുമാണ് ഇടത് സർക്കാർ അധികാരത്തിലെത്തിയപ്പോൾ സെൻകുമാറിന് വിനയായത്. എൽഡിഎഫ് സർക്കാർ അധികാരമേറ്റതിനു പിന്നാലെ പൊലീസ് നേതൃസ്ഥാനത്തുനിന്നു മാറ്റി പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ മാനേജിങ് ഡയറക്ടറായി നിയമിച്ചതിൽ പ്രതിഷേധിച്ചാണു സെൻകുമാർ ചുമതലയേൽക്കാതെ അവധിയിൽ പ്രവേശിച്ചത്. സർക്കാർ തീരുമാനം റദ്ദാക്കണമെന്നും പൊലീസ് മേധാവിക്കു ലഭിക്കുന്ന ഉയർന്ന ശമ്പളം തനിക്കു നിലനിർത്തി നൽകണമെന്നും ആവശ്യപ്പെട്ടു സെൻകുമാർ സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും ചെയ്തു. സംസ്ഥാന പൊലീസ് മേധാവിപോലെ തന്ത്രപ്രധാന തസ്തികയിലെ നിയമനത്തിൽ സംസ്ഥാന താൽപര്യത്തിനാണു മുൻഗണനയെന്നു വിലയിരുത്തിയ ട്രിബ്യൂണൽ പക്ഷേ, ശമ്പളവും പെൻഷൻ ആനുകൂല്യങ്ങളും സംരക്ഷിക്കണമെന്നു നിർദ്ദേശിച്ചു.

ഈ വിധിക്കെതിരെ സെൻകുമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ വിസമ്മതിച്ച ഡിവിഷൻ ബെഞ്ച് ട്രിബ്യൂണലിന്റെ വിധി ശരിവച്ചു. ട്രിബ്യൂണൽ നിർദ്ദേശിച്ചതനുസരിച്ച് അദ്ദേഹത്തിന് ആനുകൂല്യങ്ങൾ നിലനിർത്തി സർക്കാർ ഉത്തരവ് ഇറങ്ങിയില്ലെന്നതും മറ്റൊരു വസ്തുത. ഉത്തരവിറക്കണമെന്നും തനിക്കു ചുമതലയേൽക്കാൻ തസ്തിക അനുവദിക്കണമെന്നും സെൻകുമാർ അപേക്ഷ നൽകിയത്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അപേക്ഷയുടെ കാര്യം ഓർമപ്പെടുത്തി കത്തും നൽകി. ഇതിനിടെ കൊല്ലം പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിനു കാരണം പൊലീസിന്റെ വീഴ്ചയാണെന്നു കാട്ടി നളിനി നെറ്റോ സെൻകുമാറിനെതിരെ വ്യാജ റിപ്പോർട്ട് നൽകിയെന്ന ഹർജി വിജിലൻസ് കോടതിയിലെത്തി. പിന്നാലെ വെടിക്കെട്ടു ദുരന്തത്തിലെ പൊലീസ് വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നളിനി നെറ്റോ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു കത്തു നൽകുകയും ചെയ്തു.

ദീർഘനാളായി സെൻകുമാറും നളിനി നെറ്റോയും തമ്മിൽ അകൽച്ചയിലാണ്. എസ്.എം.വിജയാനന്ദ് ചീഫ് സെക്രട്ടറിയായതുമുതലാണ് സെൻകുമാറുമായി നളിനി നെറ്റോ അകലുന്നതെന്നാണ് സെൻകുമാറുമായി അടുത്തബന്ധമുള്ളവർ സൂചിപ്പിക്കുന്നത്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ നളിനി നെറ്റോയേ ചീഫ് സെക്രട്ടറിയാക്കാമെന്ന് വാക്ക് നൽകിയിരുന്നെന്നാണ് വിവരം. എന്നാൽ കേരളത്തിലേക്ക് എസ്.എം. വിജയാനന്ദ് മടങ്ങിയെത്തിയപ്പോൾ കസേര അദ്ദേഹത്തിനായി. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവർ വിജയാനന്ദിന് അനുകൂലമായി നിലപാടെടുത്തു. ഇത് ടി.പി. സെൻകുമാറിന്റെ ഓപറേഷനായിരുന്നെന്നാണ് നളിനി നെറ്റോയുടെ വിശ്വാസം. തന്നെ ചീഫ് സെക്രട്ടറി ആക്കാതിരുന്നതിൽ മുഖ്യപങ്കുവഹിച്ചത് ടി.പി. സെൻകുമാർ ആണെന്ന് നളിനി നെറ്റോ കരുതുന്നു. ഇതോടെ ഇരുവരും തമ്മിൽ തെറ്റി. ഈ സമയത്താണ് പുറ്റിങൽ വെടിക്കെട്ട് അപകടം നടന്നത്.

സെൻകുമാറിന് പണികൊടുക്കാൻ പറ്റുന്ന അവസരമായി ഇതിനെ നളിനി നെറ്റോ ഉപയോഗിച്ചതായാണ് സെൻകുമാറിന്റെ പരാതി. എല്ലാ കുറ്റവും പൊലീസിന്റെ തലയിൽ കെട്ടിവെയ്ക്കാനായിരുന്നു ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോയുടെ ശ്രമം. പൊലീസിന്റെ റിപ്പോർട്ട് തള്ളി വെടിക്കെട്ട് അപകടത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും പൊലീസിന്റെ മേൽ ചാർത്താനായിരുന്നു നളിനി നെറ്റോയുടെ നീക്കം. ഇതോടെ സെൻകുമാറും നളിനി നെറ്റോയും തമ്മിലുള്ള അകൽച്ച വർദ്ധിച്ചു. പിന്നീട് ഭരണം മാറിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നളിനി നെറ്റോയെ പ്രിൻസിപ്പൽ സെക്രട്ടറിയാക്കിയതോടെ കാര്യങ്ങൾ എളുപ്പമായി. നെറ്റോ ആദ്യം തെറിപ്പിച്ചത് സെൻകുമാറിനെയാണ്. നളിനി നെറ്റോ തന്നെയാണ് ഈ വാർത്ത അർദ്ധരാത്രിയിൽ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തതെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് സെൻകുമാർ അറിയുകയും ചെയ്തു. ഇതോടയാണ് ഇവർ തമ്മിലുള്ള പോര് വീണ്ടും മുറുകിയത്.

സിപിഎമ്മിനും സെൻകുമാറിനോട് വിരോധമുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ്, മനോജ് വധക്കേസ്, ശുക്കൂർ വധക്കേസ് എന്നിവയുടെ ഒക്കെ അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനാണ് സെൻകുമാർ. ടി.പി. ചന്ദ്രശേഖരൻവധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ വിൻസൻ എം. പോൾ ആയിരുന്നെങ്കിലും ആദ്യഘട്ടത്തിൽ കേസിൽ നിർണ്ണായക വിവരങ്ങൾ ശേഖരിച്ച ഉദ്യോഗസ്ഥനായിരുന്നു സെൻകുമാർ. പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെടുക്കുന്നതിൽ ശാസ്ത്രീയ തെളിവുശേഖരണം നടത്തിയത് സെൻകുമാറായിരുന്നു. പിന്നീട് അന്വേഷണസംഘത്തിന് ഒട്ടേറെ സഹായങ്ങളും സെൻകുമാർ നൽകി. ഇതും സിപിഎമ്മിന് തന്നോടുള്ള വിരോധത്തിന് കാരണമായി സെൻകുമാർ കരുതുന്നുണ്ട്.

ജിഷ വധക്കേസിൽ ആദ്യഅന്വേഷണസംഘത്തിനെതിരെ മാധ്യമങ്ങളിൽ വാർത്തകൾ വന്നതിന് പിന്നിൽ നളിനി നെറ്റോയുടെ കൈയുണ്ടെന്നാണ് സെൻകുമാറിനൊപ്പമുള്ളവർ സൂചിപ്പിക്കുന്നത്. ഒരുഘട്ടത്തിൽ നളിനി നെറ്റോ പൊലീസിന് ഒരു ചോദ്യവലി നൽകി പൊലീസിന്റെ വീഴ്ചകൾ പരാമർശിച്ചുകൊണ്ടുള്ളതായിരുന്നു ഈ ചോദ്യാവലി. ചോദ്യാവലി പൊലീസിന് ലഭിച്ചതിന്റെ പിറ്റേദിവസം അത് അതേരീതിയിൽ കേരള കൗമുദി പത്രത്തിൽ അച്ചടിച്ചുവന്നു. ഇത് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് ചോർന്നതാണെന്നാണ് പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP