Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിജിപി നിയമനത്തിലെ സുപ്രിംകോടതി വിധി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി നിയമ വിദഗ്ദ്ധർ; സംസ്ഥാനങ്ങളുടെ അധികാരത്തിൻ മേലുള്ള കടന്നു കയറ്റമെന്ന് ചൂണ്ടിക്കാട്ടി സർക്കാറുകൾ അപ്പീൽ പോയേക്കും; പൊലീസ് അധികാരം ഇല്ലാതെ എങ്ങനെ സംസ്ഥാനം ഭരിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കേന്ദ്രവും; വിധി സൃഷ്ടിച്ചിരിക്കുന്നത് കടുത്ത ഭരണപ്രതിസന്ധി

ഡിജിപി നിയമനത്തിലെ സുപ്രിംകോടതി വിധി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി നിയമ വിദഗ്ദ്ധർ; സംസ്ഥാനങ്ങളുടെ അധികാരത്തിൻ മേലുള്ള കടന്നു കയറ്റമെന്ന് ചൂണ്ടിക്കാട്ടി സർക്കാറുകൾ അപ്പീൽ പോയേക്കും; പൊലീസ് അധികാരം ഇല്ലാതെ എങ്ങനെ സംസ്ഥാനം ഭരിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കേന്ദ്രവും; വിധി സൃഷ്ടിച്ചിരിക്കുന്നത് കടുത്ത ഭരണപ്രതിസന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡിജിപി നിയമനത്തിന് മാർഗ്ഗരേഖ പുറപ്പെടുവിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് പ്രത്യക്ഷത്തിൽ കേരളം അടക്കമുള്ള സംസ്ഥാന സർക്കാറുകളുടെ താൽപ്പര്യത്തിനേറ്റ തിരിച്ചടിയെന്നാണ് പൊതുവിലയിരുത്തൽ. ഓരോ സംസ്ഥാന സർക്കാറുകളും ഡിജിപിമാരായി നിയമിക്കുന്നത് അവർക്ക് താൽപ്പര്യമുള്ളവരെയാണ്. കേരളത്തിൽ സീനിയോരിറ്റി മറികടന്നും ലോകനാഥ് ബെഹ്‌റയെ നിയമിച്ചത് സർക്കാർ താൽപ്പര്യം കൊണ്ടാണ്. ഈ തീരുമാനത്തിനെതിരെ സെൻകുമാർ സുപ്രീംകോടതിയിൽ പോയി വീണ്ടും സർവീസിൽ തുടരുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ കോടതിക്ക് ഇടപെടാൻ സാധിക്കുമെന്ന് തന്നെയുള്ള വിലയിരുത്തലുകളുണ്ട്.

ഇതിനിടെ ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചില കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭരണഘടനാ ബെഞ്ചിന് മുന്നിൽ അപ്പീൽ പോകാൻ സംസ്ഥാനങ്ങൾ തയ്യാറായേക്കും. ഡിജിപി നിയമനം സംസ്ഥാന ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട കാര്യമാണെന്നാണ് സംസ്ഥാനങ്ങളുടെ വാദം. സുപ്രീംകോടതി വിധി ഫലത്തിൽ സംസ്ഥാനത്തിന്റെ അധികാരം കവർന്നതിന് തുല്യമാകുമെന്നും വാദിക്കപ്പെടുന്നു. പൊലീസ് അധികാരം ഇല്ലാത്തെ ഡൽഹി പോലുള്ള സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

ഭാവിയിൽ ഡൽഹിയുടെ അനുഭവം തങ്ങൾക്കും ഉണ്ടാകുമോ എന്നതാണ് സംസ്ഥാനങ്ങളെ ഭയപ്പെടുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ മാർഗരേഖ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡിജിപി നിയമനം യു.പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള സുപ്രീംകോടതി നീക്കം സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണ്. സുപ്രീംകോടതി ഉത്തരവു പ്രകാരം ഇനി സംസ്ഥാന സർക്കാരുകൾക്ക് പൊലീസ് മേധാവിമാരെ നിയമിക്കാൻ അധികാരം ഉണ്ടായിരിക്കുന്നതല്ല.

രാഷ്ട്രീയ താത്പര്യം നോക്കിയും താത്കാലികമായും ഡിജിപിമാരെ നിയമിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഡിജിപിമാരുടെ കാലാവധി കുറഞ്ഞത് രണ്ടു വർഷമാണ്. ഈ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കണം. അതോടൊപ്പം വിരമിക്കുന്നതിന് തൊട്ടു മുൻപ് ആരെയും ഡിജിപിയായി നിയമിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാർ മൂന്നു മാസം മുൻപ് പേരുകൾ യുപി.എസ്.സിക്ക് കൈമാറണം. ഡിജിപി നിയമനത്തിന് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ മാർഗരേഖ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു സുപ്രീംകോടതി നിരീക്ഷണം.

ഇടക്കാല ഡിജിപി നിയമനം നടത്തുന്നത് പലപ്പോഴും സർക്കാറുകൾക്ക് അവർക്ക് ഇഷ്ടപ്പെട്ട ഉദ്യോഗസ്ഥനെ ഡിജിപിയായി ലഭിക്കാൻ വേണ്ടിയായിരുന്നു. സുപ്രീംകോടതി മാർഗ്ഗനിർദ്ദേശം അനുവസരിച്ച് കാര്യങ്ങൾ നീക്കിയാൽ ഭാവിയിൽ കേരളത്തിൽ ഋഷിരാജ് സിംഗിന് അടക്കം ഡിജിപി പദവിയിൽ എത്താൻ സാധിക്കും. എന്നാൽ, ഭരണക്കാർ എതിർത്തിട്ടുള്ള സെൻകുമാരിനെ പോലുള്ളവരെ നിയമനിക്കാൻ സർക്കാറും മടിച്ചേക്കും. എന്നാൽ, ഇവിടെ രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് മികച്ച ഉദ്യോഗസ്ഥന് അർഹിച്ച സ്ഥാനം ലഭിക്കുമെന്ന് പ്രത്യേകതയമുണ്ട്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പ്രകാശ് സിങ് കേസിൽ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ഈ ഉത്തരവിനെതിരെ ഭരണഘടനാ ബെഞ്ചിനെ സമീപിക്കാനാകും സംസഥാന സർക്കാറുകളുടെ തീരുമാനം. നേരത്തെ ജിഎസ്ടി വന്നതോടെ സംസ്ഥാനങ്ങളുടെ നിർണായകമായ അധികാരമാണ് നഷ്ടമായത്. ഇതിന് പിന്നാലെയാണ് ഡിജിപി നിയമനത്തിലും കേന്ദ്രത്തിന് ഇടപെടാൻ അവസരം ഒരുങ്ങിയതെന്നതും രാഷ്ട്രീയ മാനങ്ങളും നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP