സർവീസ് കാലത്ത് രണ്ട് ദിവസത്തെ ശമ്പളവും പെൻഷൻ പറ്റിയാൽ രണ്ട് ദിവസത്തെ പെൻഷൻ തുകയും ജീവിതാവസാനം വരെ കാൻസർ രോഗികൾക്ക് നൽകും; അതിരുകളില്ലാത്ത കാരുണ്യത്തിന്റെ മാതൃകയായി കാഞ്ഞങ്ങാട്ടെ കൊടക്കാട്ട് നാരായണൻ മാസ്റ്റർ; തീരുമാനത്തിലേക്ക് എത്തിയത് കാൻസർ രോഗ ബോധവൽക്കരണ ക്ലാസെടുക്കവേ സ്ക്കൂൾ മുറ്റത്തെത്തിയ സാധുവായ അമ്മയുടെ രോഗാവസ്ഥ കണ്ട ശേഷം
February 10, 2019 | 11:39 AM IST | Permalink

രഞ്ജിത്ത് ബാബു
കാസർഗോഡ്: അതിരുകളില്ലാത്ത കാരുണ്യത്തിന്റെ മാതൃകയാവുകയാണ് കാഞ്ഞങ്ങാട്ടെ കൊടക്കാട്ട് നാരായണൻ മാസ്റ്റർ. നീണ്ടു മെലിഞ്ഞ് ഖദർധാരിയായ ഈ അദ്ധ്യാപകന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് വിശ്രമമില്ല. കഴിഞ്ഞ പ്രളയത്തിൽ വീർപ്പുമുട്ടിയ കേരളത്തിന് തന്റെ ഒരു മാസത്തെ ശമ്പളവും സേവനകാലം അവസാനിക്കും വരെ രണ്ട് ദിവസത്തെ വേതനവും വാഗ്ദാനം ചെയ്ത് മാതൃകയായ നാരായണൻ മാസ്റ്റർ പരക്കേ പ്രശംസിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ അഭ്യർത്ഥനക്കു മുമ്പ് തന്നെ നാരായണൻ മാസ്റ്റർ തന്റെ തീരുമാനം നടപ്പാക്കുകയും ചെയ്തു. മേലാംകോട് എ.സി. കണ്ണൻ നായർ ഗവൺമെന്റ് സ്ക്കൂളിലെ പ്രധാനാദ്ധ്യാപകനാണ് നാരായണൻ മാസ്റ്റർ.
വീണ്ടും തന്റെ സേവനത്തിന് ഒരു തൂവൽ കൂടി ചാർത്തിയിരിക്കയാണ് ഈ അദ്ധ്യാപകൻ. കാഞ്ഞങ്ങാട് നഗരസഭയിലെ കാൻസർ രോഗികൾക്ക് ആശ്വാസമായി തന്റെ രണ്ട് ദിവസത്തെ ശമ്പളവും പെൻഷൻ പറ്റിയാൽ രണ്ട് ദിവസത്തെ പെൻഷൻ തുകയും ജീവിതാവസാനം വരെ നൽകാനുള്ള തീരുമാനമാണ് നാരായണൻ മാസ്റ്റർ നടപ്പാക്കിയത്. കഴിഞ്ഞ ജനുവരി മാസത്തെ ശമ്പളത്തിലെ വിഹിതം 5,500 രൂപ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി.രമേശന് കൈമാറുകയും ചെയ്തു.
കഴിഞ്ഞ അർബുദ ദിനത്തിൽ സ്ക്കൂളിൽ കാൻസർ രോഗത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തിയിരുന്നു. സ്ക്കൂൾ മുറ്റത്തെത്തിയ ഒരു അമ്മയുടെ രോഗാവസ്ഥയിൽ മാസ്റ്ററുടെ മനസ്സലിഞ്ഞു. അന്ന് അദ്ദേഹം ഒരു തീരുമാനമെടുത്തു. കാഞ്ഞങ്ങാട് നഗരസഭയിലെ അർബുദ രോഗികൾക്ക് സമാശ്വാസമായി രണ്ട് ദിവസത്തെ ശമ്പളം നൽകാമെന്ന്. ആദ്യ ചടങ്ങിൽ വെച്ച് നെല്ലിക്കാട്ട് ക്രിസ്ത്യൻ കോളനിയിലെ അന്നമ്മ ഏലിയാസിനാണ് നാരായണൻ മാസ്റ്ററുടെ സഹായം നൽകപ്പെട്ടത്.
ദേശീയ അദ്ധ്യാപക പുരസ്ക്കാര ജേതാവുകൂടിയായ നാരായണൻ മാസ്റ്റർ കേരളത്തിലെ പ്രളയം ഉലച്ചവർക്കും അത്താണിയായി എത്തിയിരുന്നു. പ്രളയം നടന്ന് തൊട്ടടുത്ത ദിവസം തന്നെ മാസ്റ്റർ ജോലി ചെയ്ത രണ്ട് വിദ്യാലയങ്ങളിലെ രക്ഷാകർതൃ സമിതിയേയും നാട്ടുകാരേയും കൂട്ടി സൗഹൃദ ദൗത്യ സംഘമാക്കി പ്രത്യേക വാഹനത്തിൽ ചാലക്കുടിയിലെത്തി. ചാലക്കുടി നഗരസഭാ ചെയർപേഴ്സൻ ജയന്തി പ്രവീണുമായി ബന്ധപ്പെട്ട് അഞ്ച് ദിവസത്തെ കർമ്മ യഞ്ജം നടത്തി.
ചാലക്കുടിയിൽ കിണർ ശുചീകരിക്കാനും വയറിഗ്, പ്ലംബിങ്, കടപുഴകിയ മരങ്ങൾ മുറിച്ച് മാറ്റൽ, റോഡുകളിൽ ഗതാഗത തടസ്സം നീക്കൽ, തകർന്ന വീടുകളിലെ അറ്റക്കുറ്റ പണി, തുടങ്ങിയവയെല്ലാം രാപ്പകൽ ഭേദമില്ലാതെ നടത്തി. അഞ്ച് ദിനരാത്രങ്ങൾ മാഷുടെ നേതൃത്വത്തിൽ നടത്തിയ സേവനത്തിന് ചാലക്കുടി നഗരസഭയുടെ സ്നേഹപ്രകാശം അംഗീകാര പത്രത്തിനും മാസ്റ്ററുടെ നേതൃത്വത്തിലുള്ള സംഘം പാത്രമായി. മാഷിന്റെ സ്ക്കൂളിലെ വിശേഷം ഇങ്ങിനെ. സ്ക്കൂൾ ഓഫീസിൽ ഹെഡ്മാസ്റ്റർ രാവിലെ എട്ട് മണിക്ക് തന്നെ ഹാജർ. അപ്പോഴേക്കും രക്ഷിതാക്കളും നാട്ടുകാരും സ്ക്കൂളിൽ മാഷിനെ കാണാനെത്തി. നാട്ടു വിശേഷവും നാട്ടിലെ ജനനവും, മരണം, രോഗം തുടങ്ങി എന്തും ചർച്ചാ വിഷയമാകും.
ഇതിൽ ഏതെങ്കിലും രോഗികൾ ചർച്ചാ വിഷയമായാൽ ആരെങ്കിലും കൊണ്ടു വന്ന ബൈക്കിൽ മാഷ് ആ വീട്ടിലേക്ക് വച്ചു പിടിക്കും. അവരെ സാന്ത്വനിപ്പിക്കും. ജനകീയ വിദ്യാഭ്യാസ പ്രവർത്തകൻ, സാക്ഷരതാ പ്രവർത്തകൻ, സാംസ്കാരിക പ്രവർത്തകൻ എന്നെല്ലാം മാഷിനെ മാറി മാറി വിളിക്കാം. മാഷിന്റെ സ്ക്കൂൾ ഇന്ന് ഒരു വിദ്യാലയം മാത്രമല്ല ഗ്രാമത്തിന്റെ ഹൃദയമാണ്. രാവിലെ മണിയൊച്ച കേൾക്കുമ്പോൾ കയറി വരുന്ന അദ്ധ്യാപകരും വൈകീട്ടത്തെ മണിനാദം കേട്ടാൽ തിരിച്ചു പോകുന്നവരല്ല ഇവിടെത്ത അദ്ധ്യാപകരെല്ലാം. ചർച്ചയും സാംസ്കാരിക പ്രവർത്തനവും എല്ലാം സമന്വയിപ്പിക്കുകയാണിവിടെ.