Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തതിന് പിണറായി സർക്കാർ സസ്പെൻഡ് ചെയ്ത അദ്ധ്യാപിക കെഎസ്ടിഎയുടെ സജീവ പ്രവർത്തക; സർക്കാരിനെതിരേ മുദ്രാവാക്യം മുഴക്കിയെന്ന പരാതി നൽകിയത് വ്യാജ അഡ്രസിൽ; അദ്ധ്യാപികയ്ക്കെതിരേ നടപടി എടുത്തത് ആസൂത്രിതമായി; ആപത്ഘട്ടത്തിൽ സഹായിക്കാൻ കെഎസ്ടിഎ നേതാക്കൾ എത്തിയില്ല

ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തതിന് പിണറായി സർക്കാർ സസ്പെൻഡ് ചെയ്ത അദ്ധ്യാപിക കെഎസ്ടിഎയുടെ സജീവ പ്രവർത്തക; സർക്കാരിനെതിരേ മുദ്രാവാക്യം മുഴക്കിയെന്ന പരാതി നൽകിയത് വ്യാജ അഡ്രസിൽ; അദ്ധ്യാപികയ്ക്കെതിരേ നടപടി എടുത്തത് ആസൂത്രിതമായി; ആപത്ഘട്ടത്തിൽ സഹായിക്കാൻ കെഎസ്ടിഎ നേതാക്കൾ എത്തിയില്ല

ആർ കനകൻ

പത്തനംതിട്ട: ശബരിമല കർമസമിതിയുടെ നാമജപഘോഷയാത്രയിൽ പങ്കെടുത്ത് സർക്കാരിനെതിരേ മുദ്രവാക്യം മുഴക്കിയെന്നാരോപിച്ച് പിണറായി സർക്കാർ സസ്പെൻഡ് ചെയ്ത അദ്ധ്യാപിക 15 വർഷമായി സിപിഎമ്മിന്റെ അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയുടെ സജീവ പ്രവർത്തക. അദ്ധ്യാപികയ്ക്കെതിരേ ആസൂത്രിതമായി നടപടി എടുപ്പിക്കുകയായിരുന്നുവെന്നതിന്റെ സൂചന മറുനാടന് ലഭിച്ചു. സഹായത്തിന് അദ്ധ്യാപിക കെഎസ്ടിഎ നേതാക്കളെ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല.

വള്ളിക്കോട് ഗവഎൽപിഎസ് അദ്ധ്യാപിക പികെ ഗായത്രീദേവിയെയാണ് പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ) ആൻഡ് വിജിലൻസ് ഓഫീസർ കഴിഞ്ഞ 16 ന് സസ്പെൻഡ് ചെയ്തത്. വള്ളിക്കോട് കൃഷ്ണവില്ലയിൽ കൃഷ്ണശേഖർ വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസം മൂന്നിന് വള്ളിക്കോട്കോട്ടയം ക്ഷേത്രത്തിൽ നിന്നുമാരംഭിച്ച പ്രകടനത്തിൽ പങ്കെടുത്ത് സർക്കാരിനും മുഖ്യമന്ത്രിക്കും എതിരേ ഗായത്രീദേവി മുദ്രാവാക്യം വിളിച്ചുവെന്നായിരുന്നു പരാതി.

മന്ത്രിയുടെ ഓഫീസിൽ നിന്ന് കൈമാറിയ പരാതിയിൽ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ) ആൻഡ് വിജിലൻസ് ഓഫീസർ, പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായും മുറവിളി കൂട്ടി പ്രതിഷേധാത്മകമായി മുദ്രാവാക്യങ്ങൾ വിളിച്ചു പറയുന്ന റാലിയിൽ ഒരു സർക്കാർ അദ്ധ്യാപിക പങ്കെടുത്തത് അച്ചടക്ക ലംഘനം തന്നെയെന്നും കുട്ടികൾക്ക് എല്ലാ അർഥത്തിലും മാതൃകയായിരിക്കേണ്ട അദ്ധ്യാപികയുടെ ഭാഗത്ത് നിന്നും ഇത്തരം നടപടി ഉണ്ടാകാൻ പാടില്ലാത്തതാണെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്.

താൻ നാമജപഘോഷയാത്രയിൽ പങ്കെടുത്തുവെന്ന കാര്യം ഗായത്രി നിഷേധിക്കുന്നില്ല. എന്നാൽ, സർക്കാരിനും മുഖ്യമന്ത്രിക്കും എതിരേ മുദ്രാവാക്യം തുടങ്ങിയതോടെ പിന്മാറി. 2004 ൽ താൻ സർവീസിൽ കയറിയപ്പോൾ മുതൽ കെഎസ്ടിഎയിൽ സജീവ അംഗമാണ്. കുടുംബപരമായി ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്വില്ല. കുടുംബത്തിൽ ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ള പാർട്ടിയിൽ വിശ്വസിക്കുന്നു. താൻ പാർട്ടി നോക്കിയല്ല, സംഘടനയിൽ ചേർന്നതെന്നും ഗായത്രി പറഞ്ഞു. തനിക്കെതിരേ പരാതി നൽകിയ ആളുടെ വിലാസം വ്യാജമാണെന്നും ഗായത്രി പറഞ്ഞു.

ഇതു സംബന്ധിച്ച് വിവരാവകാശം നൽകിയപ്പോൾ ഈ പഞ്ചായത്തിൽ അങ്ങനെ ഒരാളില്ലെന്നാണ് അറിഞ്ഞത്. തന്നെ മനഃപൂർവം ദ്രോഹിക്കാൻ ആരോ നൽകിയ കള്ളപ്പരാതിയാണ്. ആദ്യം ഇതേപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകിയത് വള്ളിക്കോട് എൽപിഎസിലെ പ്രഥമാധ്യാപികയാണ്. ഗായത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നായിരുന്നു ഈ റിപ്പോർട്ടിലെ പരാമർശം. തുടർന്ന എഇഓയും റിപ്പോർട്ട് നൽകിയത് അദ്ധ്യാപികയ്ക്ക് അനുകൂലമായിട്ടായിരുന്നു. ഈ രണ്ടു റിപ്പോർട്ടുകളും തള്ളിയ വിദ്യാഭ്യാസ ഉപഡയറക്ടർ അദ്ധ്യാപികയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.

തന്നെ ബലിയാടാക്കാൻ ആരോ മനഃപൂർവം ശ്രമിച്ചുവെന്നും ഗായത്രി പറയുന്നു. സസ്പെൻഷനെതിരായി എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല. കെഎസ്ടിഎ നേതാക്കളെ വിവരം ധരിപ്പിച്ചിരുന്നു. പരാതി രേഖാമൂലം നൽകിയില്ല. അവർ പ്രശ്നത്തിൽ ഇടപെടാതിരുന്നത് എന്തു കൊണ്ടാണെന്ന് അറിയില്ലെന്നും ഗായത്രി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP