Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്ഡിപിഐ പ്രവർത്തകൻ സ്ത്രീ പീഡനക്കേസിൽ പ്രതിയായപ്പോൾ ജാമ്യത്തിൽ എടുത്തത് സിപിഎം ഏരിയാ കമ്മറ്റി അംഗം; ഡിവൈഎഫ്‌ഐ മേഖലാ യോഗത്തിൽ ചൂടേറിയ വിഷയമായി ലോക്കൽ കമ്മറ്റി അംഗത്തിന്റെ നടപടി; ചോദ്യം ചെയ്തവർക്ക് നേരിടേണ്ടി വന്നത് മർദ്ദനവും; ഡിവൈഎഫ്‌ഐ മേഖലാ യോഗത്തിൽ നടന്നത് ചേരി തിരിഞ്ഞുള്ള തമ്മിൽ തല്ല്; നിലവിലെ നേതൃത്വത്തെ പുറത്താക്കാനും ശ്രമം; ഡിവൈഎഫ്‌ഐ നേമം മേഖലാ സമ്മേളനത്തിലെ തമ്മിൽ തല്ല് സിപിഎമ്മിനുള്ളിൽ പുകയുന്നു

എസ്ഡിപിഐ പ്രവർത്തകൻ സ്ത്രീ പീഡനക്കേസിൽ പ്രതിയായപ്പോൾ ജാമ്യത്തിൽ എടുത്തത് സിപിഎം ഏരിയാ കമ്മറ്റി അംഗം; ഡിവൈഎഫ്‌ഐ മേഖലാ യോഗത്തിൽ ചൂടേറിയ വിഷയമായി ലോക്കൽ കമ്മറ്റി അംഗത്തിന്റെ നടപടി; ചോദ്യം ചെയ്തവർക്ക് നേരിടേണ്ടി വന്നത് മർദ്ദനവും; ഡിവൈഎഫ്‌ഐ മേഖലാ യോഗത്തിൽ നടന്നത് ചേരി തിരിഞ്ഞുള്ള തമ്മിൽ തല്ല്; നിലവിലെ നേതൃത്വത്തെ പുറത്താക്കാനും ശ്രമം; ഡിവൈഎഫ്‌ഐ നേമം മേഖലാ സമ്മേളനത്തിലെ തമ്മിൽ തല്ല് സിപിഎമ്മിനുള്ളിൽ പുകയുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: സിപിഎം-എസ്ഡിപിഐ ബന്ധത്തിന്റെ പേരിൽ ഡിവൈഎഫ്‌ഐ നേമം മേഖലാ സമ്മേളനത്തിൽ തമ്മിൽ തല്ല്. എസ് ഡിപിഐ-സിപിഎം ബന്ധം വിവാദവിഷയമായിരിക്കെയാണ് നേമം സമ്മേളനത്തിൽ ഡിവൈഎഫ്‌ഐ സമ്മേളനത്തിൽ തമ്മിൽ തല്ല് നടക്കുന്നത്. ഞായറാഴ്ച നേമത്ത് നടന്ന ഡിവൈഎഫ്‌ഐ നേമം സമ്മേളനത്തിലാണ് നേതാക്കൾ ചേരി തിരിഞ്ഞു ഏറ്റുമുട്ടിയത്. നേമം നഗരസഭാ ഓഡിറ്റോറിയത്തിൽ വച്ചാണ് യോഗം നടന്നത്. എസ്ഡിപിഐ പ്രവർത്തകൻ സ്ത്രീ പീഡനക്കേസിൽ കുടുങ്ങിയപ്പോൾ ജാമ്യത്തിൽ എടുക്കാൻ പോയത് നേമത്തെ സിപിഎം ഏരിയാ കമ്മറ്റി അംഗമാണ്. ഇത് അംഗങ്ങൾ ചൂണ്ടിക്കാട്ടിയതോടെയാണ് ഡിവൈഎഫ്‌ഐ സമ്മേളനത്തിൽ അംഗങ്ങൾ ചേരി തിരിഞ്ഞു അടികൂടിയത്.

സമ്മേളന പ്രതിനിധികൾ തമ്മിൽ തല്ല് നടത്തിയപ്പോൾ വേദിയിൽ ഇരുന്ന സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കൾ അമ്പരന്നിരിക്കുകയും ചെയ്തു. ഡിവൈഎഫ്‌ഐ നേതാക്കളായ സിന്ധു, സാദിഖ് അലി, സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി വി.എ.ഷാജി എന്നിവരാണ് വേദിയിൽ ഉണ്ടായിരുന്നത്. അടി നിയന്ത്രിക്കാൻ കഴിയാതെ ഇവർ വേദിയിൽ തന്നെ ഇരിക്കുകയും ചെയ്തു. വിഭാഗീയത, വി എസ് ചേരി എല്ലാം അവസാനിച്ചു എന്നൊക്കെ നേതാക്കൾ തമ്മിൽ തമ്മിൽ പറയുന്നുണ്ടെങ്കിലും വിവിധ കാരണങ്ങളാൽ വിഭാഗീയത ശക്തമാണ്. നേമത്തെ സിപിഎം ഏരിയാ കമ്മറ്റിക്ക് ഉള്ള മൃഗീയ ഭൂരിപക്ഷമാണ് പ്രശ്‌നങ്ങൾക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ബാലസംഘം, എസ് എഫ്‌ഐ, ഡിവൈഎഫ്‌ഐ ഭാരവാഹിത്വം ഈ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഏരിയാ കമ്മറ്റിയിൽ നിന്നും വന്നതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ലോക്കൽ കമ്മറ്റിയുടെ തീരുമാനങ്ങൾ ഡിവൈഎഫ്‌ഐയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്നും യോഗത്തിൽ ആരോപണമുയർന്നിരുന്നു. ഈ ആരോപണങ്ങളും യോഗത്തെ കലുഷിതമാക്കി. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ കൂടെ വന്നവർ നേരെ യോഗത്തിലേക്കിറങ്ങി. സമ്മേളന ഹാളിനകത്ത് വന്ന ഇവർ ചോദ്യം ചെയ്ത പ്രതിനിധികളെ തിരഞ്ഞുപിടിച്ച് കൈകാര്യം ചെയ്തു. ഇത് കൂട്ടയടിയിൽ കലാശിച്ചു. പലർക്കും അടിയേറ്റ് പരുക്ക് പറ്റിയിട്ടുമുണ്ട്. കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ കടന്നു കയറി ലോക്കൽ കമ്മറ്റി മെമ്പറെ കൈകാര്യം ചെയ്തതും ഇവർ തന്നെയായിരുന്നു. ഇതിൽ എതിർപ്പുള്ളവർ മറുചേരിയായി മാറി അതൃപ്തി രേഖപ്പെടുത്തി കഴിയുകയായിരുന്നു. ഈ പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് എസ്ഡിപിഐ പ്രവർത്തകൻ സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലാകുന്നത്. ഇത് ഡിവൈഎഫ്‌ഐ നേമം സമ്മേളനത്തിൽ ഒരു വിഭാഗം ഉയർത്തിക്കാട്ടുകയായിരുന്നു. ചോദ്യം ചെയ്യൽ വന്നതോടെ പ്രവർത്തകർ ചേരി തിരിഞ്ഞു. ഇത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.

നേമത്തെ സർവീസ് സഹകരണ ബാങ്കിലെ അഴിമതിയും ഡിവൈഎഫ്‌ഐ യോഗത്തിൽ വിഷയമായിരുന്നു. ഇതും അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ചിരുന്നു. ഇതോടെ പ്രശ്‌നങ്ങൾക്ക് തുടക്കമാവുകയായിരുന്നു. സംഘർഷത്തിന്റെ മറവിൽ നിലവിലെ ഡിവൈഎഫ്‌ഐ നേതൃത്വത്തെ പുറത്താക്കാനും സിപിഎമ്മിൽ ശ്രമം തുടങ്ങിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന സൂചന. വിഭാഗീയത അവസാനിച്ചു എന്നൊക്കെ പറയുന്നുണ്ടെങ്കിലും വിഭാഗീയത പാർട്ടിയെ വേട്ടയാടുക തന്നെയാണ്. ഇതിന്റെ ബഹിർസ്ഫുരണങ്ങൾ തന്നെയാണ് യോഗങ്ങളിൽ നടക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിൽ പാർട്ടിക്ക് എസ്ഡിപിഐ പിന്തുണയുണ്ടെങ്കിൽ പൂർണമായും ഉപേക്ഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒളിഞ്ഞും തെളിഞ്ഞും ബന്ധം സിപിഎം തുടരുക തന്നെയാണ് എന്നാണ് നേമം ഡിവൈഎഫ്‌ഐ സമ്മേളനത്തിൽ ഉയർന്ന തമ്മിൽ തല്ലും സൂചന നൽകുന്നത്.

മേഖലാ യോഗത്തിൽ നടന്നത് ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ മാത്രം: പി.വിനീത്

ഡിവൈഎഫ്‌ഐ നേമം മേഖലാ സമ്മേളനത്തിൽ തമ്മിൽ തല്ല് നടന്നെന്ന ആരോപണങ്ങൾ നിഷേധിക്കുന്നു. ഒരു എസ്ഡിപി പ്രവർത്തകനെയും സിപിഎം ഏരിയാകമ്മറ്റി അംഗം ജാമ്യത്തിൽ എടുത്തിട്ടില്ല. ജാമ്യത്തിൽ എടുത്തുവെങ്കിൽ തന്നെ അത് ചർച്ച ചെയ്യേണ്ടത് ഡിവൈഎഫ്‌ഐ യോഗത്തിലല്ല. സിപിഎം യോഗത്തിലാണ്. അങ്ങിനെ അടി നടന്നുവെങ്കിൽ മാധ്യമങ്ങൾ അത് വാർത്തയാക്കുമായിരുന്നു. ആരും അത് വാർത്തയാക്കിയില്ലല്ലോ? ഒരു വസ്തുതയുമില്ലാത്ത വാർത്തയാണിത്. നിങ്ങൾ പറയുന്ന കാര്യം ഞങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടേ? ഈ കാര്യം ഞങ്ങൾ അറിയുന്നത് നിങ്ങൾ പറയുമ്പോഴാണ്. സിപിഎം അംഗം പോയത് ഡിവൈഎഫ്‌ഐ മേഖലാ സമ്മേളനത്തിൽ ചർച്ച ചെയ്യേണ്ടതില്ല. അത് സിപിഎം ബ്രാഞ്ച് കമ്മറ്റിയിലോ ഏരിയാ കമ്മറ്റിയിലോ ചർച്ച ചെയേണ്ട കാര്യമാണിത്. അത് ഡിവൈഎഫ്‌ഐ മേഖലാ കമ്മറ്റിയിൽ വരുന്ന പ്രശ്‌നമല്ല.

സിപിഎം ഏരിയാ കമ്മറ്റി അംഗം ജാമ്യത്തിൽ എടുത്തുവെന്ന വാർത്ത നിങ്ങൾ പറയുമ്പോഴാണ് ഞങ്ങൾ അറിയുന്നത്. ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ കമ്മറ്റിയിൽ നടന്നു. പുതിയ സെക്രട്ടറി വരുന്നതുമായി ബന്ധപ്പെട്ടു വന്ന പ്രശ്‌നമാണിത്. അത് പരിഹരിക്കപ്പെടുകയും ചെയ്തു. ഈ പരിപാടി നടന്ന അതേ സ്ഥലത്ത് തന്നെയാണ് കൂത്തുപറമ്പ് രക്തസാക്ഷി ദിന പരിപാടിയും നടന്നത്. വൻ ജനപിന്തുണയിൽ നടന്ന പരിപാടിയാണിത്. നിങ്ങൾ പറയുന്ന പ്രശ്‌നം വന്നത് സിപിഎം നേമം ലോക്കൽ കമ്മറ്റിയിലാണ്. സങ്കീർണ്ണമായ ഒരു പ്രശ്‌നവും അവിടെ വന്നില്ല. ആർഎസ്എസ്-ബിജെപിയിൽ നിന്നും 25 ഓളം പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ വന്നത്. ഇതെല്ലാം നേമത്ത് നിങ്ങൾ പറയുന്ന അതെ ഏരിയയിൽ തന്നെ. ഞങ്ങൾക്ക് എസ് ഡിപിഐ ബന്ധം ഉണ്ടെങ്കിൽ ബിജെപിക്കാർ സിപിഎമ്മിലേക്ക് വരില്ലല്ലോ?-വിനീത് ചോദിക്കുന്നു.

അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്:

യോഗത്തിൽ സിപിഎം-എസ്ഡിപിഐ ബന്ധം ചർച്ചാ വിഷയമായി. അംഗങ്ങൾ ഇത് ചൂടോടെ ഉന്നയിച്ചു. വിനീത് പറഞ്ഞ കാര്യങ്ങൾ തന്നെ മേഖലാ സമ്മേളനം നിയന്ത്രിച്ചവർ പറഞ്ഞു. ഇതിനു അംഗങ്ങൾ നൽകിയ മറുപടി ഇപ്രകാരം: വർഗീയതയ്ക്ക് നേരെ ചുവരെഴുത്തുകൾ നടത്തുന്നവരാണ് ഞങ്ങൾ.വർഗീയത തുലയട്ടെ എന്നാണ് നമ്മുടെ ചുവരെഴുത്ത്. അങ്ങിനെ ചുവരെഴുത്ത് നടത്തുന്ന ഞങ്ങൾക്ക് സിപിഎം- എസ്ഡിപിഐ ബന്ധം പ്രശ്‌നമാണ്. നമ്മുടെ ഒരു സഖാവിന്റെ ജീവൻ എടുത്തവരാണ് ഈ എസ് ഡിപിഐക്കാർ. അത് മറക്കരുത്. അങ്ങിനെയുള്ള ഒരു എസ് ഡിപിഐക്കാരനെയാണ് നമ്മൾ ജാമ്യത്തിൽ എടുത്തത്. ഇതും പറഞ്ഞു തർക്കമായി. അതോടൊപ്പം നേമം സർവീസ് സഹകരണ ബാങ്കിലെ അഴിമതിയും പ്രശ്‌നവിഷയമായി. ഇതോടെ തമ്മിൽ തല്ല് തന്നെ നടന്നു. പലർക്കും പരുക്ക് പറ്റുകയും ചെയ്തു. സംഭവത്തിൽ അജ്ഞത ബാധിക്കുന്ന വിനീതിന് ഇതുമായി ബന്ധപ്പെട്ടു പത്തോളം കത്തുകൾ ഡിവൈഎഫ്‌ഐയിൽ നിന്നും പോയിട്ടുണ്ട് എന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP