Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദളിത് ഹർത്താലിന്റെ മറവിൽ അക്രമം കാട്ടാൻ കോപ്പു കൂട്ടി; പൊലീസ് ജാഗ്രതയും ഗീതാനന്ദന്റെ കരുതലും അന്ന് സംഘർഷം ഒഴിവാക്കി; കത്വയുടെ പേരിൽ ഇന്ന് അക്രമം നടത്തിയത് കരുതിക്കൂട്ടിയുള്ള ഗൂഢാലോചനയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; പൊലീസിനെ ആക്രമിച്ചതും പ്രശ്‌നങ്ങളുണ്ടാക്കിയതും എസ് ഡി പി ഐ തന്നെ; ജനാധിപത്യത്തിനെതിരായ ഒളിപ്പോരാണ് നടന്നതെന്ന് സോഷ്യൽ മീഡിയ; അറസ്റ്റിലായവർക്കെതിരെ ജാമ്യമില്ലാ കേസെടുക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി; തിരൂരും താനൂരും പരപ്പനങ്ങാടിയിലും നിരോധനാജ്ഞ

ദളിത് ഹർത്താലിന്റെ മറവിൽ അക്രമം കാട്ടാൻ കോപ്പു കൂട്ടി; പൊലീസ് ജാഗ്രതയും ഗീതാനന്ദന്റെ കരുതലും അന്ന് സംഘർഷം ഒഴിവാക്കി; കത്വയുടെ പേരിൽ ഇന്ന് അക്രമം നടത്തിയത് കരുതിക്കൂട്ടിയുള്ള ഗൂഢാലോചനയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; പൊലീസിനെ ആക്രമിച്ചതും പ്രശ്‌നങ്ങളുണ്ടാക്കിയതും എസ് ഡി പി ഐ തന്നെ; ജനാധിപത്യത്തിനെതിരായ ഒളിപ്പോരാണ് നടന്നതെന്ന് സോഷ്യൽ മീഡിയ; അറസ്റ്റിലായവർക്കെതിരെ ജാമ്യമില്ലാ കേസെടുക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി; തിരൂരും താനൂരും പരപ്പനങ്ങാടിയിലും നിരോധനാജ്ഞ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കത്വ പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് ആഹ്വാനം ചെയ്യപ്പെട്ട സോഷ്യൽമീഡിയ ഹർത്താലിന്റെ പേരിൽ തെരുവിലിറങ്ങി അക്രമം നടത്തിയതിന് പിടിയിലായവരിലേറെയും എസ്ഡിപിഐക്കാർ. ബോധപൂർവ്വമാണ് ഇവർ പ്രശ്‌നമുണ്ടാക്കിയതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ദിവസങ്ങൾക്ക് മുമ്പ് ദളിത് പീഡനത്തിനെതിരെ നടന്ന ഹർത്താലിൽ സംഘർഷമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർ്ട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മതിയായ മുൻകരുതലുകൾ എടുത്തു. അന്ന് സംഘർഷം ഉണ്ടായില്ല. അന്ന് പ്ലാൻ ചെയ്ത തരത്തിലാണ് ഇന്ന് ജനകീയ ഹർത്താലിന്റെ പേരിൽ പൊലീസിന് നേരെ വ്യാപക ആക്രമണം നടത്തിയത്. അക്രമം വ്യാപകമയാതോടെ തിരൂർ, താനൂർ, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ പരിതിയിൽ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചതായി മലപ്പുറം എസ്‌പി ദേബേഷ്‌കുമാർ ബെഹ്‌റ അറിയിച്ചു.

കണ്ണൂർ,മലപ്പുറം, കോഴിക്കോട്, കാസർഗോട് ജില്ലകളിൽ എസ്ഡിപിഐയാണ് ഹർത്താലിന് നേതൃത്വം നൽകിയതും നിയന്ത്രിച്ചതുമെന്ന് ഇതോടെ വ്യക്തമാവുകയാണ്. ജമാ അത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി, പ്രവർത്തകരും പിടിയിലായവരിൽ ഉൾപ്പെടുന്നു. സോഷ്യൽമീഡിയ ഗ്രൂപ്പുകളിലും മറ്റും ഹർത്താലിനായി വാദിച്ചവരും പോസ്റ്റുകൾ ഷെയർ ചെയ്തതുമെല്ലാം ഈ സംഘടനകളിൽപ്പെട്ടവരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹർത്താൽ ആഹ്വാനം ചെയ്തത് സോഷ്യൽമീഡിയയുടെ പേരിലാണെങ്കിലും അത് നടപ്പാക്കിയത് എസ്ഡിപിഐക്കാരാണ്. ദളിത് ഹർത്താലിന്റെ പേരിൽ സംഘർഷമുണ്ടാക്കാനായിരുന്നു ആലോചന. എന്നാൽ ഗീതാനന്ദന്റെ ശക്തമായ ഇടപെടൽ മൂലം സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിയില്ല.

ചില സ്ഥലങ്ങളിൽ വാഹനങ്ങൾ തടഞ്ഞത് മാത്രമാണ് ദളിത് ഹർത്താലിനിടെ ഉണ്ടായത്. അതിന് അപ്പുറത്തേക്ക് അത് പോയില്ല. എന്നാൽ ഇന്നത്തെ ഹർത്താലിന്റെ രൂപവും ഭാവവും മാറി. സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരണം നടത്തി. പല പാവങ്ങളും ഇത് അറിഞ്ഞില്ല. അങ്ങനെ റോഡിലെത്തിയവരാണ് മലബാർ മേഖലയിൽ വലഞ്ഞത്. മലബാറിലെ വാർത്തകളെത്തിയതോടെ സംസ്ഥാനത്ത് മറ്റിടങ്ങളിൽ എസ് ഡി പി ഐക്കാർ കടകൾ അടപ്പിക്കാനെത്തുകയായിരുന്നു. ജനകീയ ഹർത്താലിന്റെ പേരിലായിരുന്നു ഇതെല്ലാം.

കത്വ പീഡനത്തിലെ ഇരയ്ക്ക് നീതി ആവശ്യപ്പെട്ട് നടത്തിയ ഹർത്താലിൽ പക്ഷെ വിഷയം പരാമർശിക്കപ്പെടുന്നതിനു പകരം അക്രമവും കയ്യൂക്ക് പ്രകടിപ്പിക്കലും മാത്രമാണ് കണ്ടത്. മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർഗോട് ജില്ലകളിൽ തെരുവിലിറങ്ങുകയും അക്രമം നടത്തുകയും ചെയ്തതിന് പിടിയിലായവരിൽ ഭൂരിപക്ഷവും എസ്ഡിപിഐക്കാരാണെന്ന് പൊലീസ് നൽകിയ വിവരത്തിൽ നിന്ന് വ്യക്തം. ഇവർക്കെതിരെ ശക്തമായ നടപടികൾ പൊലീസ് എടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ പൊലീസ് മേധാവികൾക്ക് ഇതിനുള്ള നിർദ്ദേശം കൊടുത്തിട്ടുണ്ട്.

ജമാ അത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി പ്രവർത്തകരുമാണ് ഇവർക്കൊപ്പം പിടിയിലായവർ. ചിലയിടങ്ങളിൽ ലീഗുകാരും അക്രമത്തിലുൾപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ഇവരുമായി ബന്ധപ്പെട്ട സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ ഹർത്താൽ വിജയിപ്പിക്കണമെന്ന് ആഹ്വാനമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നടുറോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചും കടകൾ നിർബന്ധമായി അടപ്പിച്ചുമായിരുന്നു എസ്ഡിപിഐ പ്രവർത്തകർ ഹർത്താൽ ആഘോഷിച്ചത്.

പലയിടത്തും അക്രമവും പൊലീസിനും വാഹനങ്ങൾക്കും നേരെ കല്ലേറുമുണ്ടായി. മലപ്പുറത്തുമാത്രം 25 പൊലീസുകാർക്ക് പരുക്കേറ്റു. കുമ്പളയിൽ കെഎസ്ആർടിസി ബസ് ഡ്രൈവറുടെ കണ്ണ് തകർന്നു. മഞ്ചേശ്വരത്ത് ഏറ്റുമുട്ടലുണ്ടായി. തിരൂർ, താനൂർ, മുക്കം, അടിവാരം, മണ്ണാർക്കാട്, പൊന്നാനി എന്നിവിടങ്ങളിൽ ഏകപക്ഷീയമായ അക്രമസംഭവങ്ങളാണുണ്ടായതെന്നാണ് റിപ്പോർട്ട്. മലപ്പുറം ജില്ലയിൽ അഞ്ഞൂറിനടുത്ത് പേർ വിവിധയിടങ്ങളിൽ കസ്റ്റഡിയിലായിട്ടുണ്ട്. കണ്ണൂരിൽ 22 പേർക്കെതിരേ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്തു. കാസർഗോട് അക്രമം നടത്തിയ 18 പേരെയും വ്യാജപ്രചാരണം നടത്തിയതിന് 25 പേരെയും അറസ്റ്റുചെയ്തു. ചിലയിടങ്ങളിൽ ലീഗുകാരും പിടിയിലാവരിലുൾപ്പെടുന്നു. എന്നാൽ ലീഗ് നേതൃത്വം ഹർത്താലിനെതിരേ നിലപാടെടുത്തിരുന്നതിനാൽ ഭൂരിഭാഗം പ്രവർത്തകരും വിട്ടുനിന്നു.

ഹർത്താൽ രൂക്ഷമാകുമെന്ന സൂചന മലബാറിൽ നിന്നാണ് ആദ്യമെത്തിയത്. വിവിധ ഇടങ്ങളിൽ ആളുകൾ വഴി തടയുകയും വാഹനയാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കടകൾ അടപ്പിച്ചു. വടക്കൻ ജില്ലകളിലാണ് പ്രശ്‌നം രൂക്ഷമായത്. ദേശീയപാതയിലടക്കം വാഹനങ്ങൾ തടഞ്ഞു. ഏതെങ്കിലും സംഘടനയുടെ പേരിലല്ല ഹർത്താലനുകൂലികൾ സംഘടിച്ചിരിക്കുന്നത്. രാവിലെ മുതൽ സംഘം ചേർന്ന് ആളുകൾ വഴിതടയുകയും പ്രധാന റോഡിൽ മാർഗതടസ്സം സൃഷ്ടിക്കുകയുമായിരുന്നു. കാസർകോട് വിദ്യാനഗർ അണങ്കൂറും മലപ്പുറം വള്ളുവമ്പ്രത്തും വെട്ടിച്ചിറയിലും ചങ്കുവെട്ടിയിയിലും ബസുകൾ തടഞ്ഞു. ചങ്കുവെട്ടിയിൽ തൃശ്ശൂരിൽ നിന്നെത്തിയ സ്വകാര്യ ബസുകൾ തടഞ്ഞിട്ടു. പല ബസ്സുകളും പാതിവഴിയിൽ ട്രിപ്പ് മുടക്കി. കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. ഇതോടെയാണ് ഹർത്താലിന്റെ ഭീകരത വ്യക്തമായത്,

കോഴിക്കോട് താമരശ്ശേരി-കൊയിലാണ്ടി റൂട്ടിലും വാഹനങ്ങൾ തടഞ്ഞു. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും കോഴിക്കോട്, ബേപ്പൂർ, വടകര മേഖലയിലും ബസുകൾ തടഞ്ഞു. കണ്ണൂർ ജില്ലയിൽ പലയിടങ്ങളിലും കടകൾ അടപ്പിച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ കടകൾ തുറന്നവരെ ഭീഷണിപ്പെടുത്തി അടപ്പിച്ചു. പരപ്പനങ്ങാടിയിൽ ഹർത്താലനുകൂലികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ടയറുകൾ റോഡിലിട്ട് കത്തിച്ചാണ് വാഹനഗതാഗതം തടസ്സപ്പെടുത്തിയത്. തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതൽ നാളെ രാത്രി 12 വരെ ഹർത്താലാണെന്നുമാണ് സൂമൂഹ മാധ്യമങ്ങളിൽ സന്ദേശം പ്രചരിച്ചത്.

എന്നാൽ ഇത് വ്യാജവാർത്തയാണെന്നറിയാതെ നിരവധിപേരാണ് ഫേസ്‌ബുക്കിലും വാട്സ് ആപ്പിലും ഇത് പ്രചരിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ആരും കാര്യമാക്കിയില്ല. ഇതാണ് വലിയ അക്രമത്തിലേക്ക് നീങ്ങിയത്.  ഹർത്താൽ മലബാർ മേഖലയിൽ പൂർണ്ണമായും ജനജീവിതം സതംഭിപ്പിച്ചു. കോഴിക്കോട് നിന്ന് മണിക്കൂറുകളോളം കെഎസ്ആർടിസി ബസുകൾ സർവ്വീസുകൾ നിർത്തിവെച്ചു. ഉച്ചക്ക് 12.30ന് ശേഷമാണ് ചിലബസുകൾ ഓടിത്തുടങ്ങിയത്.  കോഴിക്കോട് സിറ്റിക്കകത്തും, സമീപ പ്രദേശങ്ങലിലേക്കുമുള്ള സർവ്വീസുകൾ മാത്രമാണ് മുടക്കമില്ലാതെ നടന്നത്. ഹർത്താലിന് ആഹ്വാനം ചെയ്തവരാരണെന്നോ നേതൃത്വം നൽകുന്നവരായിട്ടോ ആരുമില്ലാത്ത സാഹചര്യത്തിൽ നിരത്തിലിറങ്ങുന്ന ബസുകൾക്ക് ഏതെങ്കിലും തരത്തിലുള്ള നഷ്ടങ്ങൾ സംഭവിച്ചാൽ ആരിൽ നിന്നാണ് നഷ്ടപരിഹാരം ഈടാക്കുകയെന്നാണ് കെഎസ്ആർടിസി അധികൃതരുടെ വാദം.

കാസർകോട് ഹർത്താലിന്റെ പേരിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത വാർത്തകൾ വന്ന ഉടനെ തന്നെ കോഴിക്കോട് നിന്നും സർവ്വീസുകൾ നിർത്തിയിരുന്നു. വയനാട്, കണ്ണൂർ ഭാഗത്തേക്കുള്ള ബസുകൾ ഇടവിട്ട സമയങ്ങലിൽ സർവ്വീസ് നടത്തിയെങ്കിലും മലപ്പുറം ജില്ലയിലൂടെ കടന്ന് പോകേണ്ട ബസുകൾ പൂർണ്ണമായും നിർത്തിയിടുകയായിരുന്നു. നൂറ് കണക്കിനാളുകളാണ് കോഴിക്കോട്ട് വിവിധ ബസ് സ്റ്റാന്റുകളിലായി വാഹനം ലഭിക്കാതെ ബുദ്ധിമുട്ടിയത്. കോഴിക്കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഹർത്താലിന്റെ പേരിൽ യുവാക്കളുടെ സംഘങ്ങൾ റോഡ് തടയുകയും കളടപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ പാർട്ടികലുടെയോ മറ്റ് സംഘടനകളുടെയോ പിന്തുണയോ ബാനറോ ഇല്ലാതെയാണ് യുവാക്കളടങ്ങുന്ന സംഘങ്ങൾ തെരുവിലിറങ്ങിയത്.

ജില്ലയിൽ വിവിധിടങ്ങളിൽ തെരുവിലിറങ്ങിയ ആളുകളെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. കുന്ദമംഗലത്ത് വാഹനങ്ങൾ തടയുകയും കടകളടപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ പേരിൽ മൂന്ന് പേരെ പൊലീസ് അറ്സറ്റ് ചെയ്തു. മുഹമ്മദ് യൂസുഫ്, സാബിത്ത്, അബ്ദുറഹിമാൻ എന്നിവരെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേരെ മടവൂർ മുക്കിൽ നിന്നും ഒരാളെ കുന്ദമംഗലത്ത് നിന്നുമാണ് അറസ്ററ് ചെയ്തത്. മാവൂരിൽ ഹർത്താലിന്റെ പേരിൽ പ്രകടനം നടത്തുകയും കടകളടപ്പിക്കുകയും ചെയ്ത പത്തോളം ആളുകളെ അറസ്റ്റ് ചെയ്തു. മുക്കത്ത് കടകളിടപ്പിക്കാൻ ശ്രമിച്ച 7 പേരെ അരസ്റ്റ് ചെയ്തു. കുറ്റിക്കാട്ടൂരിൽ റോഡ് ഉപരോധിച്ച ആളുകളെ പൊലീസെത്തി വിരട്ടിയോടിച്ചു. കോഴിക്കോട് കൊടുവള്ളിയിൽ പൊലീസിന് നേരെ സമരാനൂകൂലികൾ കല്ലെറിഞ്ഞു. സമരക്കാരെ വിരട്ടിയോടിക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇരുപേതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടിൽ കൽപറ്റയിലും യുവാക്കൾ പ്രകനമായെത്തി കടകളടപ്പിച്ചു.

അതേ സമയം രാഷ്ട്രീയ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന വ്യാജ വാർത്തകൾ ബന്ധപ്പെട്ടവർ നിഷേധിച്ചു. കോഴിക്കോട് ചാലിയത്തും സമരത്തിന്റെ പേരിൽ തെരുവിലിറങ്ങി അതിക്രമം കാട്ടിയ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ ഡിസിസി പ്രസിഡണ്ട് ടി സിദ്ധീക്കിന്റെ പേരിൽ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നതായി പ്രചരിച്ചവാർത്ത അദ്ദേഹം നിഷേധിച്ചു. വാർത്ത അടിസ്ഥാന രഹിതമാണെന്നും സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ കോൺഗ്രസോ യുഡിഎഫോ ഇത്തരത്തിലൊരും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് ടി സിദ്ധീഖ് വ്യക്തമാക്കി. അതേ സമയം കോഴിക്കോട് പാളയം സ്റ്റാന്റിൽ നിന്ന് മാവൂർ, എടവണ്ണപ്പാറ, മുക്കം, അരീക്കോട് ഭാഗങ്ങളിലേക്കുള്ള ബസുകൾ ഉച്ചവരെ പൂർണ്ണമായും സർവ്വീസുകൾ നിർത്തി. ഉച്ചക്ക് ശേഷം ഭാഗികമായി ഓടിത്തുടങ്ങിയെങ്കിലും എടവണ്ണപ്പാറയിലേക്ക് ഒരു ബസ് പോലും ഇന്ന് സർവ്വീസ് നടത്തിയിട്ടില്ല. കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാന്റ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഇവിടങ്ങളിൽ നിന്ന് നിലമ്പൂർ പാലക്കാട്, പാലക്കാട് ഭഗത്തേക്കുള്ള ബസുകൾ ജില്ലാ അതിർത്ഥിയായ ഫറോഖ്, രാമനാട്ടുകര എന്നിവിടങ്ങളിൽ ഹർത്താലിന്റെ പേരിൽ തടയുന്നതിനാൽ ഇതുവരെയും ഓടിത്തുടങ്ങിയിട്ടില്ല.

ഹർത്താലിന്റെ മറവിൽ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലും യുവാക്കളടങ്ങുന്ന സംഘം പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. കൃത്യമാന നേതൃത്വമോ, അറിയിപ്പുകളോ ഇല്ലാതെ ഹർത്താലെന്ന പേരിൽ തെരുവിലിറങ്ങിയവരെ എല്ലായിടത്തും പൊലീസെത്തി ഓടിക്കുന്നുണ്ട്. ആളുകളെ പിരിച്ചുവിടാനായി ചിലരെയെല്ലാം അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. കോഴിക്കോട് നഗരത്തിൽ ഹർത്താൽ ഏറെക്കുറെ ബസ് സർവ്വീസുകളെ പൂർണ്ണമായും ബാധിച്ചു എന്ന് തന്നെ പറയാം. നേരത്തെ അറിയിപ്പുകളോ നോട്ടീസോ ഒന്നും തന്നെയില്ലാത്ത ഹർത്താലായതിനാൽ പ്രശ്നബാധിത പ്രദേശങ്ങളില് കൃത്യമായി പൊലീസ് സംവിധാനങ്ങൾക്ക് എത്തിപ്പെടാനും സാധിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP