Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാണക്കേടുകളുടെ സർവകലാശാലകൾക്കിടയിൽ ലക്ഷ്യബോധത്തോടെ തലയുയർത്തി മലയാളം വാഴ്‌സിറ്റി; നിർദ്ദേശിക്കുന്ന പ്രോജക്ടുകൾക്കെല്ലാം ഫണ്ട്; നേതൃത്വം ഒത്തൊരുമിച്ച് പ്രവർത്തിക്കുമ്പോൾ കൈയടി നേടുന്നത് വൈസ് ചാൻസലർ കെ ജയകുമാർ

നാണക്കേടുകളുടെ സർവകലാശാലകൾക്കിടയിൽ ലക്ഷ്യബോധത്തോടെ തലയുയർത്തി മലയാളം വാഴ്‌സിറ്റി; നിർദ്ദേശിക്കുന്ന പ്രോജക്ടുകൾക്കെല്ലാം ഫണ്ട്; നേതൃത്വം ഒത്തൊരുമിച്ച് പ്രവർത്തിക്കുമ്പോൾ കൈയടി നേടുന്നത് വൈസ് ചാൻസലർ കെ ജയകുമാർ

എം പി റാഫി

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ 2015-16 വർഷത്തെ ബജറ്റ് വിവാദത്തിലും സംഘർഷത്തിലുംപെട്ട് മുങ്ങിപ്പോയെങ്കിലും ചോദിച്ചതെല്ലാം കിട്ടിയ സന്തോഷത്തിലാണ് തുഞ്ചത്തെഴുത്തഛൻ മലയാളസർവകലാശാലയും അതിന്റെ അധികൃതരും. വിവിധ ആവശ്യങ്ങൾക്കായി എട്ടു കോടിയോളം രൂപയായിരുന്നു ഇത്തവണ മലയാള സർവകലാശാലക്ക് ലഭിച്ചത്. ഇതിനു പുറമെ വിവിധ വകുപ്പുകളിൽ നിന്നായി യൂണിവേഴ്‌സിറ്റികൾക്ക് ലഭിക്കാവുന്ന ഫണ്ടിൽനിന്നും കോടികൾ വേറെയും ലഭിച്ചു. വ്യത്യസ്ത ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ വിവിധ യൂണിവേഴ്‌സിറ്റികൾ നിരവധി പ്രപ്പോസലുകൾ സമർപ്പിച്ചെങ്കിലും ആവശ്യപ്പെട്ട തുക മുഴുവനായും അനുവദിച്ചത് മലയാളസർവകലാശാലക്ക് മാത്രമായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ യൂണിവേഴ്‌സിറ്റികൂടിയായ മലയാള സർവകലാശാലക്ക് ഉയർന്ന തുക ലഭിച്ചതിനു പിന്നിൽ വൈസ് ചാൻസിലർ കെ ജയകുമാറിന്റെ സമർപ്പണ ബോധത്തോടെയുള്ള പ്രവർത്തനമായിരുന്നു.

മൂന്നാം വർഷത്തിലേക്കടുക്കുന്ന മലയാളസർവകലാശാലയുടെ ചിട്ടയോടെയുള്ള പ്രവർത്തനങ്ങൾക്ക് ബലം പകരുന്നത് യഥേഷ്ടം ഫണ്ട് ഉണ്ടെന്നുള്ളതും അത് കൃത്യമായി വിനിയോഗിക്കുന്നു എന്നതുമാണ്. മലയാള സർവകലാശാലയിലെ ഫണ്ടിങിനു പിന്നിലെ കാര്യം തിരക്കിയപ്പോൾ വളരെ ലളിതമായിരുന്നു. പലപ്പോഴും പ്രപ്പോസൽ സമർപ്പിക്കുമ്പോൾ ബന്ധപ്പെട്ട വകുപ്പുകളിൽനിന്നും തള്ളുകയോ കെട്ടിക്കിടക്കുകയോ ആണ് പതിവ്. എന്നാൽ സമർപ്പിക്കുന്ന പ്രൊജക്ടുകൾ കൃത്യതയോടെയും സമർപ്പണ ബോധത്തോടെയും ബന്ധപ്പെട്ട വകുപ്പുകൾക്ക് തയ്യാറാക്കി നൽകുന്നതാണ് മലയാളസർവകലാശാലക്ക് യഥേഷ്ടം ഫണ്ട് ലഭിക്കുന്നതിനു പിന്നിൽ. പണമില്ലാത്തതിന്റെ പേരിൽ യൂണിവേഴ്‌സിറ്റികളിലെയും കോളേജുകളിലെയും നിരവധി പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിക്കപ്പെടാറാണ് പതിവ്. എന്നാൽ സംസ്ഥാനത്തെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി ഫണ്ട് വിനിയോഗത്തിൽ മാതൃകയാവുകയാണ് മലയാളസർവകലാശാല.

വിവിധ സർക്കാരുകളുടെ നിരവധി വർഷത്തെ ചീഫ് സെക്രട്ടറിയായിരുന്ന കെ ജയകുമാർ ഐ.എ.എസിന്റെ ചിട്ടയായ ചുവടുകളാണ് കുറഞ്ഞ നാളുകൾകൊണ്ട് മലയാളസർവകലാശാലയെ വേറിട്ടു നിർത്തുന്നത്. കുറഞ്ഞ നാളുകൾക്കുള്ളിൽ രാജ്യത്തെ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രമുഖരെ സർവകലാശാലയുമായി അടുപ്പിച്ചു എന്നത് വിസിയുടെ കഴിവ് മാത്രമാണ്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായുള്ള വിസിയുടെ ബന്ധങ്ങളും സ്വാധീനവും സർവകലാശാലയെ സ്വപ്‌നതുല്യമായ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നതിന് ആക്കം കൂട്ടുന്നു. സമരങ്ങളും വിവാദങ്ങളുംമൂലമാണ് സംസ്ഥാനത്തെ മറ്റ് യൂണിവേഴ്‌സിറ്റികൾ വാർത്തയിലിടം പിടിക്കുന്നതെങ്കിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഇവരുടെ മുതൽക്കൂട്ട്. ശക്തമായ വിദ്യാർത്ഥി സംഘടനകളെല്ലാം ക്യാമ്പസിൽ കാലുറപ്പിക്കുന്നെങ്കിലും അവരുടെ താൽപര്യങ്ങളിലേക്കു വഴുതാതെയുള്ള സ്വതന്ത്ര വിദ്യാർത്ഥി യൂണിയൻ മലയാളസർവകലാശാലയുടെ മറ്റൊരു പ്രത്യേകതയാണ്.

മലയാളത്തിലെ ഭാഷാ പണ്ഡിതരും എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും ഉൾപ്പടെയുള്ള ഭാഷാസ്‌നേഹികളുടെ ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു മലയാളത്തിന് സ്വന്തമായൊരു സർവകലാശാല എന്ന സ്വപ്നം യാഥാർത്ഥ്യമായത്. ഈ ആശയം മുന്നോട്ട് വച്ചവരിൽ പലരും മൺമറഞ്ഞെങ്കിലും 2012 നവംബർ ഒന്നിന് തുഞ്ചെത്തെഴുത്തച്ഛൻ മലയാളം സർവകലാശാല പിറവിയെടുക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ തിരൂർ ടൗണിൽ നിന്നും ആറ് കിലോമീറ്റർ അകലെയുള്ള വാക്കാട് അക്ഷരം കാമ്പസിലാണ് സർവകലാശാല സ്ഥിതിചെയ്യുന്നത്. 34,000 ചതുരശ്ര അടി വിസ്തൃതയിൽ അത്യാധുനിക സൗകര്യത്തോടുകൂടിയ രണ്ടുകെട്ടിടങ്ങളും കാമ്പസിൽ നിലകൊള്ളുന്നുണ്ട്. താൽക്കാലിക കെട്ടിടമാണെങ്കിലും നൂറു ദിവസത്തിനുള്ളിൽ അത്യാധുനിക സൗകര്യമൊരുക്കിയുള്ള പി.ഡബ്ല്യു.ഡി വർക്ക് സംസ്ഥാനത്തുതന്നെ ആദ്യത്തേതാണ്. ഇതിനോടകം തന്നെ മറ്റു സർവകലാശാലക്ക് അവകാശപ്പെടാൻ ഇല്ലാത്ത റെക്കോർഡിങ് സ്റ്റുഡിയോ, മീഡിയാ ലാബ്, ഓഡിയോ റൂം ലൈബ്രറി തുടങ്ങിയവ മലയാളസർവകലാശാലക്ക് സ്വന്തമായുണ്ട്.

ഭാഷാമരണത്തിന്റെയും അന്യവൽകരണത്തിന്റെയും ആഗോള സന്ദർഭത്തിൽ ബോധവൽക്കരണത്തിനും ഭാഷാഭിമാനം വളർത്തുന്നതിനുള്ള പുതിയ കാൽവെയ്‌പ്പിലേക്ക് ഒരുങ്ങുകയാണ് മലയാള സർവകലാശാല. സംസ്ഥാന ബജറ്റിൽ അനുവദിച്ച തുക ഉൾപ്പടെ 11.88 കോടി രൂപയുടെ വാർഷിക ബജറ്റിനായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന് യൂണിവേഴ്‌സിറ്റിയുടെ ഉന്നതാധികാര സമിതിയായ പൊതുസഭ അംഗീകാരം നൽകിയത്.

അടുത്ത വർഷത്തിൽ പതിയ കോഴ്‌സുകളും കെട്ടിടവും ഉൾപ്പടെ വൈവിധ്യമാർന്ന അക്കാദമിക പദ്ധതികളാണ് തുടങ്ങാൻ പദ്ധതിയുള്ളത്. അയ്യായിരം ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ കെട്ടിടം പണിയാനും നിലവിലുള്ള ഏഴ് പി.ജി കോഴ്‌സുകൾക്ക് പുറമെ മൂന്നു പുതിയ പി.ജി. കോഴ്‌സുകൾ ആരംഭിക്കാനും തീരുമാനമായി. 2015 ഓഗസ്റ്റ് മുതൽ മലയാളസർവകലാശാലയിൽ 10 സീറ്റുകളിൽ ഗവേഷണവും 25 സീറ്റുകളിൽ എം.ഫിൽ പഠനവും ആരംഭിക്കാൻ പൊതുസഭ തീരുമാനിച്ചു. എഴുത്തച്ഛന്റെ പേരിൽ സ്ഥാപിതമായ മലയാളസർവകലാശാലയിൽ എഴുത്തച്ഛൻ പഠനകേന്ദ്രം ആരംഭിക്കാൻ അന്തിമ രൂപരേഖയായി. പഠനകേന്ദ്രത്തിൽ ഡിജിറ്റൽ ആർക്കൈവ്‌സ്, എഴുത്തച്ഛൻ നിഘണ്ടു, എഴുത്തച്ഛൻ രേഖാശേഖരം, എഴുത്തച്ഛൻ ഗ്രന്ഥസൂചി, എഴുത്തച്ഛൻ കൃതികളുടെ വിവർത്തനം, എഴുത്തച്ഛൻ കാവ്യമീമാംസ, എഴുത്തച്ഛൻ പഠന സഹായപദ്ധതി എന്നിങ്ങനെ വ്യത്യസ്ത പദ്ധതികൾ ഉണ്ടാവും. ഇതിന് 20 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി.

വരും വർഷം അക്കാദമിക് പ്രവർത്തനങ്ങൾക്ക് 40 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. മലയാളം കമ്പ്യൂട്ടിങ്ങ് കേന്ദ്രത്തിന് 30 ലക്ഷം രൂപ, റിസർച്ചിന് 40 ലക്ഷം രൂപ, പ്രോജക്ടുകൾക്ക് 70 ലക്ഷം രൂപ, തർജ്ജുമയ്ക്ക് 30 ലക്ഷം രൂപ, ഓൺലൈൻ പ്രോഗ്രാമിന് 20 ലക്ഷം രൂപ, വിദ്യാർത്ഥി ക്ഷേമത്തിന് 30 ലക്ഷം രൂപ എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്. പരിസരത്തുള്ള സ്‌കൂളുകളിൽ മലയാളഭാഷാ നിലവാരം ഉയർത്താൻ അഞ്ച് ലക്ഷം രൂപയും മാറ്റിവച്ചു. അടുത്ത അദ്ധ്യയന വർഷത്തിൽ ഫീസ് ഇനത്തിൽ ലഭിക്കുന്ന തുക ഉൾപ്പെടെ ഗവൺമെന്റിന്റെ വിവിധ ഫണ്ടുകൾ, മുൻവർഷത്തെ ബാക്കി, യുജിസി എന്നിവ ചേർത്താണ് പുതിയ ബജറ്റിന് രൂപരേഖ തയ്യാറാക്കിയത്. കൃത്യമായ ആസൂത്രണമില്ലാതാകുന്നതോടെ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ അനുവദിച്ച തുക ഉപയോഗമില്ലാതെ മടങ്ങുക യൂണിവേഴ്‌സിറ്റികളിലെ പതിവ് കാഴ്ചയാണ്. എന്നാൽ ഇതിന് അപവാദമായിരിക്കുകയാണ് ജയകുമാറിന്റെ നേതൃത്വത്തിലുള്ള തുഞ്ചത്തെഴുത്തഛൻ മലയാളസർവകലാശാല.

ഭരണ പ്രതിസന്ധിയും അരാജകത്വവും കേരളത്തിലെ സർവകലാശാലകളെ പിടികൂടുമ്പോൾ അപചയത്തിന് വഴിമാറാതെ മലയാളം സർവകലാശാലയുടെ മുന്നോട്ടുള്ള പ്രയാണം കുറ്റമറ്റതും മികവുറ്റതുമാക്കി മിനുസപ്പെടുത്തുകയാണ്് വൈസ് ചാൻസിലർ കെ.ജയകുമാറും സഹപ്രവർത്തകരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP