Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംഘടനകളും മാദ്ധ്യമങ്ങളും ലക്ഷ്മിനായരിലേക്ക് ശ്രദ്ധതിരിച്ചതോടെ ഫെബ്രുവരി രണ്ടിന് ടോംസ് കോളേജ് തുറക്കാൻ തട്ടിക്കൂട്ട് പണികളുമായി മാനേജ്‌മെന്റ്; ഞങ്ങളുടെ മക്കൾക്ക് ഇനി അവിടെ പഠിക്കേണ്ടെന്ന ഉറച്ച നിലപാടുമായി രക്ഷിതാക്കൾ രണ്ടാം പരിശോധനയ്‌ക്കെത്തിയ സമിതിയെ തടഞ്ഞു; പരാതികളിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യംനേടി ചെയർമാൻ

സംഘടനകളും മാദ്ധ്യമങ്ങളും ലക്ഷ്മിനായരിലേക്ക് ശ്രദ്ധതിരിച്ചതോടെ ഫെബ്രുവരി രണ്ടിന് ടോംസ് കോളേജ് തുറക്കാൻ തട്ടിക്കൂട്ട് പണികളുമായി മാനേജ്‌മെന്റ്; ഞങ്ങളുടെ മക്കൾക്ക് ഇനി അവിടെ പഠിക്കേണ്ടെന്ന ഉറച്ച നിലപാടുമായി രക്ഷിതാക്കൾ രണ്ടാം പരിശോധനയ്‌ക്കെത്തിയ സമിതിയെ തടഞ്ഞു; പരാതികളിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യംനേടി ചെയർമാൻ

കോട്ടയം: സാങ്കേതിക സർവകലാശാലയിൽ നിന്ന് ഒരു അന്വേഷണ സംഘത്തെ കൂടി നിയോഗിച്ച് മറ്റക്കര ടോംസ് കോളേജിന് കഌൻ സർട്ടിഫിക്കറ്റ് നൽകി കോളേജ് തുറക്കാൻ രഹസ്യ നീക്കം നടക്കുന്നതായി ആക്ഷേപം. പരസ്യങ്ങൾ തരുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങൾ കാണാത്ത മട്ടിൽ ചാനലുകളും പത്രങ്ങളും പൂർണമായും ലോ അക്കാഡമി വിഷയത്തിലേക്ക് ക്യാമറ തിരിച്ചതിന്റെ മറവിലാണ് ഈ നീക്കം നടക്കുന്നത്. ഇക്കാര്യം വ്യക്തമായതോടെ ഇന്ന് സാങ്കേതിക സർവകലാശാലാ ഉപസമിതി വീണ്ടും പരിശോധനയ്ക്ക് കോളേജിൽ എത്തിയപ്പോൾ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ചേർന്ന് ആ പരിശോധന തടഞ്ഞു. രണ്ടാമതൊരു പരിശോധന കൂടി നടത്തി കോളേജിൽ എല്ലാം ശരിയായെന്നുവരുത്താനുള്ള നീക്കമാണിതിന് പിന്നിലെന്ന് പറഞ്ഞാണ് ഇന്ന് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞത്. ഇതോടെ കോളേജിന് മുന്നിൽ സംഘർഷവസ്ഥയാണിപ്പോൾ

പാമ്പാടി, മറ്റക്കര കോളേജുകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന നിലയിൽ മുഖ്യമന്ത്രിയും സാങ്കേതിക സർവകലാശാലയും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതിനെ മറികടന്ന് ടോംസ് എൻജിനീയറിങ് കോളേജ് ഫെബ്രുവരി രണ്ടിന് തുറക്കാനുള്ള ചരടുവലികൾ പിന്നാമ്പുറത്ത് നടക്കുന്നതായാണ് ആക്ഷേപം. രണ്ടാഴ്ചമുമ്പ്് സാങ്കേതിക സർവകലാശാലാ സമിതി കോളേജിൽ പരിശോധന നടത്തിയപ്പോൾ വൻ ക്രമക്കേടുകൾ കണ്ടെത്തുകയും വിദ്യാർത്ഥികൾ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് ഒന്നൊഴിയാതെ ബോധ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെ കോളേജിന്റെ അഫിലിയേഷൻ ഉൾപ്പെടെ റദ്ദാക്കപ്പെടുമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പീഡനങ്ങൾക്ക് ചെയർമാൻ ടോം ജോസഫിനെതിരെയും നടപടിയുണ്ടാവുമെന്നും വ്യക്തമായിരുന്നു.

അപ്പോൾ കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടിയെന്ന് കാട്ടുന്നതിനായി മെൻസ് ഹോസ്റ്റൽ കെട്ടിടത്തിലെ ബോർഡ് മാറ്റി കോളേജിന്റെ ബോർഡ് വച്ചിരിക്കുകയാണ് ഇപ്പോൾ. സമരത്തെ തുടർന്ന് വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്ന് ഒഴിപ്പിച്ച് രണ്ടാഴ്ച അറ്റകുറ്റപ്പണി നടത്തി സൗകര്യങ്ങൾ വർദ്ധിപ്പിച്ചാണ് കോളേജ് കെട്ടിടമാക്കി ഹോസ്റ്റൽ മാറ്റിയെടുത്തത്. ഇന്നത്തെ ഉപസമിതി സന്ദർശനത്തോടെ ക്ലീൻ സർട്ടിഫിക്കറ്റ് വാങ്ങിയെടുത്ത് കോളേജ് വീണ്ടും തുറക്കാനാണ് മാനേജ്‌മെന്റിന്റെ നീക്കം. അടുത്ത സെമസ്റ്റർ ക്ലാസ് ഫെബ്രുവരി രണ്ടിന് ആരംഭിക്കുമെന്ന അറിയിപ്പ് വിദ്യാർത്ഥികൾക്ക് നൽകിക്കഴിഞ്ഞതും ഇതിന്റെ ഭാഗമായിട്ടാണെന്ന് കരുതുന്നു.

പാമ്പാടി നെഹ്‌റു കോളേജിൽ ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് സംസ്ഥാനത്ത് കത്തിപ്പടർന്ന സ്വാശ്രയ മാനേജ്‌മെന്റുകൾക്കെതിരായ സമരമാണ് ടോംസ് കോളേജിലെയും വിദ്യാർത്ഥി പീഡനങ്ങൾക്കെതിരെ വ്യാപിച്ചത്. ഇതോടെ കോളേജിൽ ചെയർമാൻ ടോം ജോസഫിന്റെ നേതൃത്വത്തിൽ നടക്കുന്ന അതിക്രമങ്ങൾ ഒന്നൊന്നായി പുറത്തുവന്നു. വിദ്യാർത്ഥിസംഘടനകൾ എല്ലാം കോളേജിനെതിരെ സമരരംഗത്തിറങ്ങി. ആക്ഷേപം വ്യാപകമായതോടെ സാങ്കേതിക സർവകലാശാലാ സമിതി കോളേജിൽ എത്തുകയും വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾക്കു പുറമെ അടിസ്ഥാന സൗകര്യങ്ങൾപോലും ഒരുക്കാതെ കോളേജിന് അഫിലിയേഷൻ ലഭിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുകയും ചെയ്തു. അമ്പത് സെന്റ് സ്ഥലത്ത് പ്രവർത്തിക്കുന്ന കോളേജ് പത്തേക്കർ സ്ഥലത്താണെന്നതുൾപ്പെടെ തെറ്റായ നിരവധി വിവരങ്ങൾ നൽകിയാണ് കോളേജിന് അനുമതി നൽകിയതെന്നും ഇതിന് ടോം ജോസഫിന്റെ ബന്ധുകൂടിയായ വൈദികൻ ഫാ. ബേബി സെബാസ്റ്റ്യൻ ഉൾപ്പെട്ട സംഘത്തിന്റെ ഒത്താശയുണ്ടായിരുന്നെന്നും മറുനാടൻ കഴിഞ്ഞദിവസം റിപ്പോർട്ടു ചെയ്തിരുന്നു. ഇത്തരത്തിൽ തുടക്കംമുതൽ നിരവധി ക്രമക്കേടുകൾ നിലനിൽക്കെ അതെല്ലാം മറികടന്ന് കോളേജ് തുറക്കാൻ അനുകൂല സാഹചര്യമുണ്ടാനും കേസിൽ നിന്ന് തലയൂരാനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്.

സാങ്കേതിക സർവകലാശാല ഉപസമിതി കോളേജിൽ നടത്തിയ ആദ്യ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയതോടെ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കണമെന്നും ടോംസ് കോളേജ് വിദ്യാർത്ഥികള മറ്റു കോളേജുകളിലേക്ക് മാറ്റണമെന്നും സമിതി ശുപാർശ നൽകിയിരുന്നു. ഇതോടെ ഇവിടെ തങ്ങളുടെ കുട്ടികളെ ഇനി പഠിപ്പിക്കാനില്ലെന്നും കൂടുതൽ സൗകര്യമുള്ള മറ്റു കോളേജുകളിലേക്ക് മാറ്റണമെന്നുമുള്ള നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുഴുവൻ രക്ഷാകർത്താക്കളും. ക്ഷേ, വിദ്യാർത്ഥി സമരം അക്രമാസക്തമായതോടെ കോളേജ് അടച്ചിടുകയും ഇതോടെ വിദ്യാർത്ഥി സമരവും തണുക്കുകയും ചെയ്തു. തിരുവനന്തപുരം ലാ അക്കാഡമി പ്രിൻസിപ്പൽ വിവാദം സജീവമായതോടെ മറ്റക്കര ടോംസ് കോളേജ് പ്രശ്‌നം രാഷ്ട്രീയ പാർട്ടികളും മറന്നത് പോലായി. എസ്.യു.സി.ഐ മാത്രമാണ് സമരം സജീവമാക്കി നിറുത്തുന്നത്. കോളേജ് ചെയർമാൻ ടോം പി. ജോസഫിനെ അറസ്റ്റ് ചെയ്യുക, വിദ്യാർത്ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റി തുടർ പഠനത്തിന് അവസരം ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.യു.സി.ഐ ഇന്നലെ കളക്ടറേറ്റ് മാർച്ചും നടത്തി. ഇന്ന് രക്ഷിതാക്കളുടെ നേതൃത്വത്തിൽ രാവിലെ സമരവും നടക്കുന്നുണ്ട്.

ചെയർമാനെതിരെ നടപടിവേണമെന്ന ആവശ്യത്തിൽ പൊലീസും ഇപ്പോൾ കൈമലർത്തുകയാണ്. രണ്ടാഴ്ച മുമ്പ് കുട്ടികളുടെയും രക്ഷാകർത്താക്കളുടേതുമായി ഇരുപത് പരാതികൾ കിട്ടി. ജാമ്യമില്ലാത്ത വകുപ്പുകൾ അനുസരിച്ച് അറസ്റ്റ് ചെയ്യാവുന്ന കുറ്റങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും ആണ് പള്ളിക്കത്തോടെ എസ്‌ഐ അനിൽകുമാർ വ്യക്തമാക്കുന്നത്. അന്വേഷണം പൂർത്തിയായാൽ ടോംസ് കോളേജ് ചെയർമാനെതിരെ ചാർജ് ഷീറ്റ് നല്കുമെന്നും സമ്മർദ്ദത്തിന് വഴങ്ങി അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും എസ്‌ഐ പറയുന്നു. അറസ്റ്റ് ഒഴിവാക്കാൻ ഹൈക്കോടതിയിൽ നിന്ന് ചെയർമാൻ മുൻകൂർ ജാമ്യമെടുത്തതായി അറിഞ്ഞതായും അദ്ദേഹം വ്യക്തമാക്കുന്നു. ഇതോടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ മുതലെടുത്ത് കോളേജ് വീണ്ടും തുറക്കാനും ചെയർമാനെതിരായ കേസുകൾ തേച്ചുമാച്ചുകളയാനും ശക്തമായ ചരടുവലികൾ നടക്കുന്നുവെന്ന ആക്ഷേപമാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉന്നയിക്കുന്നത്.

മറ്റക്കര ടോംസ്, വീണ്ടും തുറക്കാൻ നീക്കം, ചെയർമാൻ ടോം കെ ജോസഫ്, ലോ അക്കാഡമി, വിദ്യാർത്ഥി സമരം, രണ്ടാം പരിശോധനാ സമിതിയെ തടഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP