Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സന്ദർശകരുടെ വാച്ചും ഫോണും വാങ്ങിവച്ചശേഷം പ്രവേശനം നൽകുന്ന ഇടുക്കി ഡാമിൽ വൻസുരക്ഷാ പാളിച്ച; ചെറുതോണി ഡാമിനുള്ളിലേക്ക് കയറാൻ വാതിലുള്ള ഭാഗത്തുവരെ സുരക്ഷാക്രമീകരണമില്ല; പൊലിസുകാർ കാവൽ നിൽക്കേണ്ടിടത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ വാസം

സന്ദർശകരുടെ വാച്ചും ഫോണും വാങ്ങിവച്ചശേഷം പ്രവേശനം നൽകുന്ന ഇടുക്കി ഡാമിൽ വൻസുരക്ഷാ പാളിച്ച; ചെറുതോണി ഡാമിനുള്ളിലേക്ക് കയറാൻ വാതിലുള്ള ഭാഗത്തുവരെ സുരക്ഷാക്രമീകരണമില്ല; പൊലിസുകാർ കാവൽ നിൽക്കേണ്ടിടത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ വാസം

തൊടുപുഴ: സഞ്ചാരികളുടെ മൊബൈൽ ഫോണും ക്യാമറയും വാച്ചും ഉൾപ്പെടയുള്ള വസ്തുവകകൾ പിടിച്ചുവയ്ക്കുകയും കർശനമായ ദേഹപരിശോധന വരെ നടത്തുകയും ചെയ്തശേഷം മാത്രം സന്ദർശകരെ പ്രവേശിപ്പിക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ ആർച് ഡാമായ ഇടുക്കി അണക്കെട്ടിൽ വൻസുരക്ഷാ പാളിച്ച. ഐഎസ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ ഭീഷണി അനുദിനം പെരുകുമ്പോഴും ഇടുക്കി അണക്കെട്ടിന്റെ സുരക്ഷാക്രമീകരണങ്ങൾ കുറ്റമറ്റതാക്കാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ് പുറത്തുവരുന്നത്.

ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ സ്ഥാപിച്ചിട്ടുള്ള ചെറുതോണി ഡാമാണ് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പോലുമില്ലാതെ ഭീഷണിയുടെ നിഴലിൽ കിടക്കുന്നത്. ഇതേസമയം ആവശ്യമായ തിരിച്ചറിയൽ രേഖകൾ പോലും ഇല്ലാത്ത നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ ഇവിടെ താമസിച്ചു പണിയെടുക്കുന്നതും കാണാനായി.

മാദ്ധ്യമ പ്രവർത്തകനായ റ്റിൻസ് ജെയിംസും ക്യാമറാമാൻ സജി എം. കൃഷ്ണനും നടത്തിയ അന്വേഷണമാണ് സർക്കാരിന്റെയും കെ. എസ്. ഇ. ബിയുടെയും രഹസ്യാന്വേഷണ വിഭാഗമുൾപ്പെടെയുള്ള പൊലിസ് വകുപ്പുകളുടെയും അലംഭാവവും വീഴ്ചയും വ്യക്തമാക്കുന്ന വിവരങ്ങൾ പുറംലോകത്തെ അറിയിച്ചത്. പട്ടാപ്പകൽപോലും വാഹനത്തിൽ ഡാമിന്റെ മുകൾഭാഗത്തും അടിഭാഗത്തും എത്താമെന്നും ഡാം ബോട്ടത്തിൽനിന്നും അണക്കെട്ടിനുള്ളിലേക്ക് പ്രവേശിക്കാവുന്ന വാതിൽക്കൽപോലും കാവൽക്കാരായി ആരുമില്ലെന്ന വസ്തുത ചിത്രങ്ങളിലുടെയും വീഡിയോയിലൂടെയുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

ഇടുക്കി ജലാശയത്തിന് മൂന്നു ഡാമുകളാണുള്ളത്. ഇടുക്കി ആർച് ഡാം, സമീപത്തുതന്നെ ഷട്ടറുകൾ സ്ഥാപിച്ചിട്ടുള്ള ചെറുതോണി ഡാം, കുളമാവ് ഡാം എന്നിവയാണിവ. മുൻകാലങ്ങളിൽ ഓണം, ക്രിസ്മസ്, ന്യൂ ഇയർ തുടങ്ങിയ വിശേഷാവസരങ്ങളിൽ മാത്രമാണ് ഡാമുകളിൽ സന്ദർശകർക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നത്. മുഴുവൻ ദിവസങ്ങളിലും സന്ദർശകരെ പ്രവേശിപ്പിക്കണമെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കെ. എസ്. ഇ. ബി നിഷേധിക്കുകയായിരുന്നു.

ഇതേസമയം തൊടുപുഴ-ഇടുക്കി റൂട്ടിൽ ബസ് സർവീസ് ഉൾപ്പെടെയുള്ള ഗതാഗതം കുളമാവ് ഡാമിന് മുകളിൽ കൂടിയാണ്. കഴിഞ്ഞ വർഷം മുതൽ എല്ലാ ശനി, ഞായർ, പൊതു അവധി ദിവസങ്ങളിൽ ഇടുക്കിയിൽ സന്ദർശകരെ കടത്തിവിടാൻ അനുമതി നൽകി. എന്നാൽ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ കൈവശം വയ്ക്കാൻ സന്ദർശകരെ അനുവദിക്കാറില്ല. പൈനാവ് വെള്ളാപ്പാറയിലെത്തി ചെറുതോണി ഡാമിന് മുകളിൽകൂടി നടന്ന് രണ്ടര കിലോമീറ്റർ അകലെയുള്ള ഇടുക്കി ആർച് ഡാമിനു മുകളിലൂടെ ഇടുക്കി ഡാം ടോപ്പിൽ പ്രധാന വഴിയിലിലേക്ക് ഇറങ്ങാം. ഏതാനും പേർക്ക് മാത്രം സഞ്ചരിക്കാവുന്ന ബഗ്ഗി കാർ ഇവിടെ അടുത്ത നാളിൽ എത്തിച്ച് സന്ദർശകരെ കയറ്റി ഓടുന്നുണ്ട്. പ്രവേശന സ്ഥലത്ത് പിടിച്ചുവയ്ക്കുന്ന ഫോണും ക്യാമറയും വാച്ചും മാറ്റും തിരികെ വാങ്ങാൻ ടാം ടോപ്പിൽനിന്നും എട്ട് കിലോമീറ്ററുകളോളം അകലെയുള്ള പ്രവേശന കവാടത്തിൽ വീണ്ടും എത്തേണ്ട ഗതികേടാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ.

ചെറുതോണി, ഇടുക്കി ഡാമുകൾക്കായി ആറ് പൊലിസ് ക്യാമ്പുകളുണ്ട്. ഓരോ സ്ഥലത്തും നാല് പൊലിസുകാരെ വീതമാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. എന്നാൽ ഡാമിന്റെ ഉള്ളിലേക്ക് കയറാനുള്ള വഴിയും സമീപപ്രദേശങ്ങളുമാണ് കാവൽക്കാരില്ലാതെ കിടക്കുന്നത്. മാത്രമല്ല, ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന നാല് പൊലിസുകാരിൽ രണ്ട് പേർ വീതം വർക്കിങ് അറേഞ്ച്‌മെന്റിന്റെ ഭാഗമായി ഡ്യൂട്ടിസമയം പുറത്തുപോകുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. സുരക്ഷാ ജോലിക്കാരില്ലാത്ത പ്രദേശത്തേയ്ക്ക് വാഴത്തോപ്പ് പഞ്ചായത്ത് പൊതുശ്മശാനത്തിന്റെ ഭാഗത്തുനിന്നും ടാർ റോഡുണ്ട്. ഇത് എപ്പോഴും തുറന്നു കിടക്കുകയാണ്.

ആറോളം അന്യസംസ്ഥാന തൊഴിലാളികളെ മാത്രമാണ് അതീവസുരക്ഷാ മേഖലയായ ഡാം ഷട്ടർ മേഖലയിൽ കാണാനായത്. ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി എത്തിയ തൊഴിലാളികളാണിവർ. ഇവരെ നിരീക്ഷിക്കാൻപോലും ഉദ്യോഗസ്ഥർ തയാറായിട്ടില്ലത്രേ. ഡാമുകളുടെ എതിർവശത്തുള്ള വനമേഖലയിൽനിന്നും ഡാമിന് ആക്രമണ ഭീഷണി സാധ്യതയുണ്ടെന്നു വളരെക്കാലം മുമ്പുതന്നെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയെങ്കിലും മുൻകരുതൽ നടപടിയുണ്ടായില്ല.

സി. സി ടി. വി പോലും ഡാം പ്രദേശത്തില്ല. സുരക്ഷയുടെ പേരിൽ സന്ദർശകരെയും നാട്ടുകാരെയും ഡാമുകളിൽനിന്ന് അകറ്റി നിർത്തുകയും കർതവ്യനിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തുകയും ചെയ്യുന്ന അധികാരികളുടെ പ്രഹസനത്തെയാണ് റ്റിൻസും സജിയും വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും വെളിവാക്കുന്നത്. രണ്ട് വർഷം മുമ്പ് ഇടുക്കി ജലാശയത്തിൽ പൊലിസ് ക്യാമ്പിന് സമീപം നിർത്തിയിട്ടിരുന്ന ബോട്ട് തീപിടിച്ച് മുങ്ങിയ ദുരൂഹസംഭവത്തിന്റെ വസ്തുത ഇനിയും വെളിച്ചത്തുവന്നിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ സുരക്ഷാവീഴ്ചയും ഗുരുതരമാണെന്നു വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP