'ശങ്ക' തീർക്കാൻ 'ക്ലൂ' ; വൃത്തിയുള്ള മൂത്രപ്പുരകൾ കണ്ടെത്താൻ കഴിയാതെ ഇനി നിങ്ങൾ വിഷമിക്കേണ്ട! രാജ്യത്ത് ആദ്യമായി ഹോട്ടലുകളിലെ ടോയ്‌ലറ്റ് സംവിധാനം പൊതുജനങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാൻ തുറന്നുകൊടുക്കുന്നത് കേരളത്തിൽ; സംസ്ഥാന വ്യാപകമായി എത്തുന്നത് കോഴിക്കോട്ട് നടപ്പിലാക്കി വിജയിച്ച പദ്ധതി; വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ കണ്ടെത്താൻ ക്ലൂ എന്ന മൊബൈൽ ആപ്പും
January 18, 2019 | 09:17 PM IST | Permalink

കെ വി നിരഞ്ജൻ
കോഴിക്കോട്: യാത്രക്കിടെ 'ശങ്ക' തീർക്കലാണ് യാത്രക്കാർ ഇന്ന് നേരിടുന്ന പ്രധാനപ്പെട്ടൊരു പ്രശ്‌നം. പല നഗരങ്ങളിലുമെത്തിയാൽ ഒന്ന് മൂത്രമൊഴിക്കാൻ പോലും പലപ്പോഴും പ്രയാസപ്പെടും. ഇത്തരമൊരു പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുകയാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. രാജ്യത്ത് തന്നെ ആദ്യമായി ഹോട്ടലുകളിലെ ടോയ്‌ലറ്റ് സംവിധാനം പൊതുജനങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാൻ തുറന്നുകൊടുക്കുന്ന 'ക്ലൂ' പദ്ധതിയാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.
ജില്ലാ ഭരണകൂടവും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കി വിജയിച്ച പദ്ധതിയാണ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നത്. കോഴിക്കോട് 25 മുതൽ 29 വരെ നടക്കുന്ന ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ വച്ച് പദ്ധതിയുടെ ഉദ്ഘാടനം നടക്കും.
ശുചിമുറി ഉപയോഗിക്കാൻ അവസരം ഒരുക്കുക എന്നത് മാത്രമല്ല പദ്ധതിയുടെ പ്രത്യേകത. ഓരോ പ്രദേശത്ത് എത്തിയാലും വൃത്തിയും വെടിപ്പുമുള്ള ശുചിമുറി കണ്ടുപിടിക്കാനും പദ്ധതിയിൽ സൗകര്യമുണ്ട്. ഇതിനായി പദ്ധതിയിൽ ഉൾപ്പെട്ട ഹോട്ടലുകൾ കണ്ടെത്തുന്നതിനായി ഹോട്ടലുകളുടെ ചിത്രവും ഫോൺ നമ്പറും മറ്റ് വിവരങ്ങളുമെല്ലാമടങ്ങുന്ന ക്ലൂ എന്ന മൊബൈൽ ആപ്പാണ് പ്രയോജനപ്പെടുത്തേണ്ടത്.
ബാംഗ്ലൂരു ആസ്ഥാനമായുള്ള ഫ്രവുഗൽ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരാമ്പ്ര ശാഖയിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഗൂഗിൾ പ്ലേ സ്റ്റോർ, അല്ലെങ്കിൽ ആപ്പിൾ സ്റ്റോറുകളിൽ നിന്ന് ജനങ്ങൾക്ക് ഈ ആപ്പ് സൗജന്യമായി ഡൗൺ ലോഡ് ചെയ്യാം. ഈ ആപ്ലിക്കേഷനിൽ പൊതുജനങ്ങൾക്ക് ലഭ്യമായ ഏറ്റവും അടുത്തുള്ള റസ്റ്റോറന്റ് ടോയ്‌ലറ്റ് കണ്ടെത്താൻ സാധിക്കും.
യാത്രക്കിടെ പലപ്പോഴും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ വലിയ ബുദ്ധിമുട്ടാണ് ആളുകൾക്ക് ഉണ്ടാവുന്നത്. സ്ത്രീകളാണ് വലിയ പ്രയാസം നേരിടുന്നത്. ക്ലൂ പദ്ധതിയിലൂടെ അതിനെല്ലാം പരിഹാരമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശുചിമുറി മാത്രമല്ല ഓരോ ഹോട്ടലിലും ലഭിക്കുന്ന ഭക്ഷണത്തിന്റെ പ്രത്യേകതകളും താമസ സൗകര്യങ്ങളും പാർക്കിങ് സൗകര്യവുമെല്ലാം ഈ ആപ്പിലൂടെ അറിയാൻ സാധിക്കുമെന്നതും പ്രത്യേകതയാണ്. ഡയമണ്ട് പ്ലസ്, ഡയമണ്ട്, ഗോൾഡ് പ്ലസ്, ഗോൾഡ് എന്നിങ്ങനെ നാല് കാറ്റഗറിയിലുള്ള റസ്റ്റ് റൂമുകളെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും.
മൂത്രപ്പുരയുടെ കാര്യത്തിൽ ഉൾപ്പെടെ സർക്കാറിന് പരിഹാരം ഉണ്ടാക്കാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. പല നഗരങ്ങളിലും വൃത്തിയുള്ള മൂത്രപ്പുരകൾ കണ്ടെത്താൻ തന്നെ പ്രയാസമാണ്. എന്ത് ചെയ്യണമെന്നറിയാതെ സ്ത്രീകൾ ഉൾപ്പെടെ പ്രതിസന്ധിയിലാകുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. സർക്കാറിന് മാത്രമായി ഇത്തരമൊരു പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കില്ലെന്നതുകൊണ്ടാണ് കോഴിക്കോട്ട് നടത്തി വിജയിച്ച പദ്ധതി സംസ്ഥാന വ്യാപകമാക്കാൻ തീരുമാനിച്ചതെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി ജയപാൽ പറഞ്ഞു. പൊതുജനങ്ങൾക്കും റസ്റ്റോറന്റുകൾക്കും ഗുണകരമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കോഴിക്കോട് പദ്ധതി നടപ്പാക്കിയപ്പോൾ ആരോഗ്യവകുപ്പ് ജീവനക്കാർ, ഹൗസ് കീപ്പിങ്ങ് ഫാക്കൽറ്റിമാർ, കെ എച്ച് ആർ എ പ്രതിനിധികൾ തുടങ്ങിയവർ ഒരുമിച്ച് പരിശോധന നടത്തിയാണ് വൃത്തിയുള്ള ശുചിമുറികളുള്ള ഹോട്ടലുകൾ തെരഞ്ഞെടുത്തത്. ശുചിമുറിയുടെ കൃത്യമായ ശുചീകരണ പ്രവർത്തനങ്ങൾ അതത് ഹോട്ടലുകൾ നിർവ്വഹിക്കും. ഈ മാതൃകയിൽ സംസ്ഥാനത്തൊട്ടാകെയുള്ള ഹോട്ടലുകൾ തെരഞ്ഞെടുക്കും. കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ വച്ച് 29ന് ക്ലൂ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ഇ പി ജയരാജൻ നിർവ്വഹിക്കും. സമ്മേളനം 29 ന് കേന്ദ്ര മന്ത്രി ഡി വി സദാനന്ദഗൗഡ ഉദ്ഘാടനം ചെയ്യും.