Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സീനിയർ ജേർണലിസ്റ്റ് ഫോറം മുതിർന്ന പത്രക്കാരുടെ സംഘടനയെന്നു കരുതി സ്പോൺസർമാരുടെ ക്യൂ; റിട്ടയർ ചെയ്തവർ സംഘടനയുടെ പേരിൽ പണപ്പിരിവും വെള്ളമടിയും; വീട്ടിൽ ഇരിക്കേണ്ട പ്രായത്തിലെ കൊള്ളരുതായ്മയുടെ പേരിൽ സംഘടന പിളർപ്പിലേക്ക്; നല്ല കാലത്ത് നേതാക്കളെ വിരട്ടി കഴിഞ്ഞവർ സംഘടന പിടിക്കാൻ കോടതി കയറുന്നു

സീനിയർ ജേർണലിസ്റ്റ് ഫോറം മുതിർന്ന പത്രക്കാരുടെ സംഘടനയെന്നു കരുതി സ്പോൺസർമാരുടെ ക്യൂ; റിട്ടയർ ചെയ്തവർ സംഘടനയുടെ പേരിൽ പണപ്പിരിവും വെള്ളമടിയും; വീട്ടിൽ ഇരിക്കേണ്ട പ്രായത്തിലെ കൊള്ളരുതായ്മയുടെ പേരിൽ സംഘടന പിളർപ്പിലേക്ക്; നല്ല കാലത്ത് നേതാക്കളെ വിരട്ടി കഴിഞ്ഞവർ സംഘടന പിടിക്കാൻ കോടതി കയറുന്നു

കോട്ടയം: സംസ്ഥാനത്തെ മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ സംഘടനയെന്നറിയപ്പെടുന്ന സീനിയർ ജേണലിസ്റ്റ് ഫോറം പിളർപ്പിലേക്കു നീങ്ങുന്നു. മുതിർന്ന മാദ്ധ്യമപ്രവർത്തകരെന്നു വിശേഷിപ്പിക്കുമെങ്കിലും യഥാർത്ഥത്തിൽ വിരമിച്ച പത്രപ്രവർത്തകർ ചേർന്നു രൂപവത്കരിച്ച സംഘടനയിൽ കുട്ടികൾക്കിടയിലുള്ളതിനെക്കാൾ വികൃതികൾ അരങ്ങേറുന്നുവെന്നാണ് ആക്ഷേപം.

ഏതായാലും സംസ്ഥാനനേതൃത്വത്തിനെതിരേ എറണാകുളം മുൻസിഫ് കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് ഫോറത്തിലെ പ്രബലവിഭാഗം. ഭരണഘടന ഭേദഗതി ചെയ്യാതെ തെരഞ്ഞെടുപ്പു നടത്തി ചിലർ നിയമവിരുദ്ധമായി നേതൃത്വത്തിൽ തൂങ്ങിക്കിടക്കുകയാണെന്നും അവരെ പുറത്താക്കണമെന്നുമാവശ്യപ്പെട്ടാണ് കേസ്. ആരോപണം എറണാകുളം ഡിസ്ട്രിക്ട് രജിസ്ട്രാർ ജനറൽ ശരിവച്ചതോടെയാണ് ഇവർക്കെതിരേ നിയമനടപടിയുമായി ഒരു വിഭാഗം മുന്നോട്ടുപോകുന്നത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സംഘടനയുടെ ജനറൽ ബോഡിയെന്ന പേരിൽ പെട്ടെന്നു കോട്ടയത്തു ചേർന്നു ഭരണഘടന ഭേദഗതി ചെയ്തതായി പ്രഖ്യാപിച്ചു. 51 പേർ മാത്രമേ ഇതിലൂണ്ടായിരുന്നുള്ളൂ. ആകെ അംഗങ്ങൾ 360 ലേറെയും.

പത്രപ്രവർത്തകപെൻഷൻ യഥാസമയം പരിഷ്‌കരിക്കുകയെന്ന ആവശ്യം മാത്രമേ യഥാർത്ഥ മുൻപത്രപ്രവർത്തകർക്കുള്ളൂ. റിട്ടയർ ചെയ്തവരെന്നത് മനസുകൊണ്ടംഗീകരിക്കാത്ത ചില അംഗങ്ങൾ വിരമിക്കാത്ത പത്രപ്രവർത്തകസംഘടനക്കാരെ കടത്തിവെട്ടുന്ന തരത്തിൽ പിരിച്ചും പിരിവിട്ടും വെള്ളമടിയും ടൂർ പോകലും നടത്തുന്നു, പരസ്പരം തെറിവിളിക്കുക, അപ്രിയസത്യം പറയുന്നവനെ വിരട്ടി ഇരുത്തുക, ഉഡായിപ്പിലൂടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക തുടങ്ങിയ വാർധക്യകാലവിനോദങ്ങളിലേർപ്പെടുന്നുവെന്നാരോപിച്ചാണ് പിളർപ്പിനു വഴിതെളിക്കുന്നത്.

കോട്ടയത്തെ നടുവട്ടം സത്യശീലൻ സംസ്ഥാനപ്രസിഡന്റായ ശേഷമാണ് സംഘടനയിൽ നിന്ന് ഒരു പ്രബലവിഭാഗം സംസ്ഥാനനേതൃത്വത്തിൽനിന്നു മാറി പുതിയ കൂട്ടായ്മയുണ്ടാക്കാൻ ശ്രമിച്ചുവരുന്നത്. എ മാധവൻ എന്നയാൾ ആറു വർഷമായി ജനറൽ സെക്രട്ടറിയും. ഇനിയൊരു രണ്ടു വർഷം കൂടി തുടരാൻ വേണ്ടി ഭരണഘടന ഭേദഗതി ചെയ്തതായി ഇവർ അവകാശപ്പെടുന്നു. കോട്ടയത്ത് കഴിഞ്ഞ മേയിൽ നടന്ന സംസ്ഥാന സമ്മേളനത്തോടെയാണ് ഏറെ നാളായി പുകയുന്ന പ്രശ്‌നം പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. സമ്മേളനത്തിനെത്തിയ മുതിർന്ന അംഗങ്ങൾ സംഘടനാ നേതൃത്വത്തിന്റെ നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്തു. രൂക്ഷമായ വാക്കേറ്റവും അശ്ലീലപ്രയോഗങ്ങളുമുണ്ടായി.

സീനിയർ ജേണലിസ്റ്റ് ഫോറത്തിന്റെ ലക്ഷ്യം പണപ്പിരിവിലേക്ക് ചുരുങ്ങി എന്നാണ് അംഗങ്ങൾക്കിടിയിലുള്ള മറ്റൊരു വികാരം. സംഘടന കറവപശുവാക്കാമെന്ന് മനസിലായതോടെ ഇതിലേക്ക് സ്ഥാനമോഹികളായ ചിലർ കടന്നുവെന്നാണ് ആരോപണം. 360-ലേറെ അംഗങ്ങളുള്ള സംഘടനയുടെ പേര് സാമ്പത്തിക ലാഭത്തിനും തൻകാര്യത്തിനു മാത്രമായി പരിമിതപ്പെടുത്തിയ ഇക്കൂട്ടർ സീനീയർ ജേണലിസ്റ്റ് ഫോറം എന്നത് വിനോദത്തിനും യാത്രയ്ക്കും വേണ്ടിയുള്ള വേദിയാക്കി മാറ്റി. സീനിയർ ജേണലിസ്റ്റ് എന്നാൽ വിരമിച്ചവരുടെ സംഘടനയാണെന്നും അല്ലാതെ മുതിർന്ന അംഗങ്ങളുടെ സംഘടനയല്ലെന്നും ഭാരവാഹികൾ മറന്നുപോയെന്നാണ് മറ്റൊരു വിമർശം.

അവശരായ പത്രപ്രവർത്തകരുടെ ക്ഷേമകാര്യങ്ങൾക്ക് മുൻതൂക്കം നൽകേണ്ട സംഘടന ഉദ്ദേശ ലക്ഷ്യങ്ങളിൽ നിന്നും മാറിയെന്ന് ഇക്കൂട്ടർ പുറത്തിറക്കിയ വിവിധനോട്ടീസുകളിൽ ആരോപിക്കുന്നു. കെ.എം.റോയി, എ.മാധവൻ, പി.എ.അലക്‌സാണ്ടർ, കെ.എസ്.മൊഹിയുദ്ദീൻ, രവി കുറ്റിക്കാട്, സി.എസ്.തിരുമേനി, കോയിപ്പിള്ളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപം കൊണ്ടത്'. ചാരിറ്റബിൾ സൊസൈറ്റീസ് ആക്റ്റ് പ്രകാരം സംഘടന രജിസ്റ്റർ ചെയ്തു. ഇവരാണ് സംഘടനയുടെ ഭരണഘടനയ്ക്ക് രൂപം കൊടുത്ത് രജിസ്റ്റർ ചെയ്തത്. ആ ഭരണഘടനയിൽ ഒരംഗം ഒരു സ്ഥാനത്ത് ഭാരവാഹിയായി രണ്ടു വർഷത്തിൽ കൂടുതൽ തുടരാൻ പാടില്ലെന്നു പ്രത്യേകം പറയുന്നുണ്ട്. ഇനി അഥവാ ഭരണഘടന ഭേദഗതി ചെയ്താൽ രജിസ്റ്റർ ചെയ്ത അധികാരിയുടെ പക്കൽ നിന്ന് അതിന് പ്രത്യേക അനുമതി 15 ദിവസത്തിനകം വാങ്ങണമെന്നാണ് നിയമം. പക്ഷേ കോട്ടയത്തെ സഹോദര സംഘടനയിൽ എന്നപോലെ തന്നെ ഇവിടെയും ഭാരവാഹിത്വം പിന്തുടർച്ചാവകാശമായി മാറിയെന്നാണ് ആക്ഷേപം. ഒന്നിലേറെ സംഘടനകളുടെ ഭാരവാഹിത്വഭാരം ചുമന്ന് വിവശരായവർ ഉണർന്നെഴുന്നേറ്റു. പുതിയ മേച്ചിൽ പുറം കിട്ടിയ സന്തോഷത്തിൽ മതിമറന്നു.

പത്രപ്രവർത്തകരെ അപകീർത്തിപ്പെടുത്തിയതിനെ തുടർന്ന് മുൻ ചീഫ് വിപ്പ് പിസി ജോർജിനെ കോട്ടയം പ്രസ്‌ക്‌ളബിൽ നിന്നും കുറച്ചു നാളേക്ക് വിലക്കിയിരുന്നു. ഇതോടെയാണ് ജോർജിനോട് ആഭിമുഖ്യം പുലർത്തുന്ന ഒരു വിഭാഗം സീനിയർ ജേണലിസ്റ്റ് ഫോറത്തെ തങ്ങളുടെ പ്‌ളാറ്റ്‌ഫോമാക്കിയത്. വിപ്പിന്റെ ആസ്ഥാന മന്ത്രവാദിയെന്ന് മനോരമ വിശേഷിപ്പിച്ച പ്രസ് സെക്രട്ടറി ഫോറത്തിന്റെ വേദികളിൽ സജീവമായി. അദ്ദേഹത്തിന്റെ വിശ്രമമില്ലാത്ത പ്രവർത്തനവും കോട്ടയത്തെ മാദ്ധ്യമപ്രവർത്തകരിൽ ചിലരോടുള്ള ചങ്ങാത്തവും ഒത്തു ചേർന്നപ്പോൾ ടിബിയിൽ ഫോറത്തിന്റെ മീറ്റിംഗുകൾ പൊടിപൊടിച്ചു. പത്രപ്രവർത്തക യൂണിയൻ പടിക്കു പുറത്തു നിർത്തിയിരിക്കുന്ന പത്രപ്രവർത്തകരുടെ ദേശീയ സംഘടനയായ ഐഎഫ്ഡബ്‌ള്യൂജെയുമായുള്ള ധാരണയ്ക്ക് വഴിതുറന്നത് ഈ ഘട്ടത്തിലാണ്. ഇതോടെ യാത്രകളുടെയും അതിനായുള്ള പിരിവിന്റെയും അനന്തസാധ്യതകളാണ് തെളിഞ്ഞത്. രാജ്യമെമ്പാടുമുള്ള ഐഎഫ്ഡബ്ലൂജെ യോഗങ്ങളിലേക്ക് സീനിയർ ജേണലിസ്റ്റുകളിൽ ഒരു വിഭാഗം പെട്ടിയെടുത്തു. പറന്നും പാളങ്ങളിലൂടെയും ഇവർ യോഗങ്ങളിലെത്തി, നാടുകണ്ട് ആർത്തുല്ലസിച്ചു. യാത്രകൾ പതിവായതോടെ ഈ ചില്ലയിലേക്ക് കൂടുതൽ അധികാരമോഹികൾ ചേക്കേറി.

പ്രസ് ക്ലബ് സ്വന്തം ഓഫീസ് പോലെ കരുതി പതിറ്റാണ്ടുകളായി ബ്‌ളേഡ് ബിസിനസ് നടത്തുന്ന മാദ്ധ്യമ പ്രവർത്തകനും എത്തിയതോടെ കമ്മീഷൻ വ്യവസ്ഥയിലുള്ള പിരിവിന് സാധ്യതയേറി. പത്രപ്രവർത്തകസംഘടനയ്ക്കും വിരമിച്ച പത്രപ്രവർത്തകരുടെ സംഘടനയ്ക്കും പണപ്പിരിവിന് ഇദ്ദേഹം നേതൃത്വം നൽകി. സംഘടനയുടെ പ്രവർത്തനം കോട്ടയത്തേക്ക് ഒതുങ്ങി. കോട്ടയത്ത് ഒരു ആസ്ഥാന മന്ദിരം സംഘടനയുടെ സ്വപ്നമാണ്. ഇത് നല്ലകാര്യമാണ്. ഇതിനായി പത്രപ്രവർത്തക യൂണിയൻ ജില്ലാ ഘടകമായ പ്രസ് ക്ളബിനെ സമീപിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ അതിന്റെ ഭാഗമായി സ്ഥലം വിട്ടു കൊടുക്കാനായില്ലത്രെ. ഇതോടെയാണ് ക്ളബുമായി അടുപ്പമുള്ള ആളെ ഭാരവാഹിയാക്കിയത്. ഇതുവഴി ജില്ലാ മീറ്റിംഗുകൾക്കുള്ള സ്ഥലപ്രശ്നം പരിഹരിച്ചു.

ഇതിനിടയിലാണ് സംസ്ഥാന സമ്മേളനത്തിന് കോട്ടയം വേദിയായത്. അതിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു. അദ്ദേഹം ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. പക്ഷേ സംഘടനയ്ക്ക് എല്ലാ അനുഗ്രഹാശീസുകളും നൽകുന്ന പിസി ജോർജിനെ അടുപ്പിച്ചില്ല. ജോർജിനെ തഴഞ്ഞതല്ല മുഖ്യമന്ത്രി വരുമ്പോൾ ജോർജിനെ അടുപ്പിക്കുന്നത് ശരിയാവില്ലെന്ന് അറിയാവുന്ന ആസ്ഥാന പണ്ഡിതർ ഒഴിവാക്കുകയാണ് ചെയ്തത്. സീനിയർ ജേണലിസ്റ്റ് ഫോറത്തോട് കോട്ടയം പ്രസ്‌ക്‌ളബും സഹകരിച്ചു. ഐഎഫ്ഡബ്ലൂജെയുമായുള്ള അടുപ്പമൊന്നും വിലങ്ങുതടിയായില്ല. ഐഎഫ്ഡ്ബ്‌ള്യൂ അഫിലിയേഷനും വിലക്കും മറ്റും സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാണല്ലോ. അതിന് ജില്ലാ നേതൃത്വം എന്തു പിഴച്ചു.

പത്രപ്രവർത്തക പെൻഷൻ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുക,(ഒരംഗം മരിച്ചാൽ പെൻഷനർഹതയുള്ള ഭാര്യയാണെന്നു തെളിയിക്കാൻ തഹസീൽദാരുടെയും മറ്റും സർട്ടിഫിക്കറ്റുൾപ്പെടെ സംഘടിപ്പിച്ചു നൽകി വരുമ്പോൾ രണ്ടു വർഷം പിടിക്കും) പെൻഷൻതുക നീതിയുക്തമായി കൂട്ടുക, ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക, കേരളപത്രപ്രവർത്തനത്തിന്റെ ആർക്കൈവ്‌സ് ഉണ്ടാക്കുക വിരമിച്ച പത്രപ്രവർത്തകർക്ക് ഇവയൊക്കെയേ ആഗ്രഹങ്ങളുള്ളൂ. എന്നാൽ അതിൽനിന്നൊക്കെ വിട്ട്, പിരിവിന്റെ അനന്തസാധ്യതകളെക്കുറിച്ചുള്ള ഗവേഷണത്തിലാണ് സംസ്ഥാനനേതാക്കളിൽ പലരും. അവർ വിളിക്കുകയോ വിളിപ്പിക്കുകയോ ചെയ്യുന്നു: 'പ്രസ് ക്ലബിൽനിന്നാണ്, സീനിയർ ജേർണലിസ്റ്റ് ഫോറം ഭാരവാഹിയാണ്....'സീനിയർ ജേർണലിസ്റ്റ് എന്നു കേൾക്കുമ്പോൾ കൂടിയ ഇനം പത്രക്കാരാണെന്ന തെറ്റിധാരണയിൽ പലരും ചോദിക്കുന്ന പണം കൊടുക്കുന്നു. വിളിച്ചതു പല്ലു കൊഴിഞ്ഞ സിംഹമാണെന്നും പിരിവ് കൊടുത്താലും കൊടുത്തില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്നുമുള്ള സത്യം അവർ അറിയുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP