Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോടതിയിൽനിന്ന് കിട്ടേണ്ടത് കിട്ടിയപ്പോൾ സെൻകുമാറിനെ നിയമിച്ചുള്ള ഉത്തരവിറക്കി സർക്കാർ; ഉത്തരവ് പഠിച്ചശേഷമെ പൊലീസ് ആസ്ഥാനത്തെത്തി ചുമതല ഏറ്റെടുക്കൂവെന്ന് സെൻകുമാർ; ഉത്തരവിറങ്ങിയത് മണിക്കൂറുകൾനീണ്ട കൂടിയാലോചനകൾക്കും ഉപദേശങ്ങൾക്കുമൊടുവിൽ

കോടതിയിൽനിന്ന് കിട്ടേണ്ടത് കിട്ടിയപ്പോൾ സെൻകുമാറിനെ നിയമിച്ചുള്ള ഉത്തരവിറക്കി സർക്കാർ; ഉത്തരവ് പഠിച്ചശേഷമെ പൊലീസ് ആസ്ഥാനത്തെത്തി ചുമതല ഏറ്റെടുക്കൂവെന്ന് സെൻകുമാർ; ഉത്തരവിറങ്ങിയത് മണിക്കൂറുകൾനീണ്ട കൂടിയാലോചനകൾക്കും ഉപദേശങ്ങൾക്കുമൊടുവിൽ

മറുനാടൻ ബ്യൂറോ

തിരുവനന്തപുരം: ടിപി സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. സെൻകുമാറിനെ നിയമിക്കണമെന്ന ഉത്തരവിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയും 25000 രൂപ പിഴഅടയ്ക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഗത്യന്തരമില്ലാതെയാണ് ഇപ്പോൾ പുനർനിയമന ഉത്തരവ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്.

കോടതി നടപടിയുടെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെയോടെ ഉത്തരവിറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സാങ്കേതിക ന്യായങ്ങൾ പറഞ്ഞ് ഉത്തരവ് വീണ്ടും വൈകിപ്പിക്കുകയായിരുന്നു. അതേസമയം കോടതിയിൽനിന്ന് സർക്കാരിനേറ്റ തിരിച്ചടിയെത്തുടർന്ന് ഇന്നലെത്തന്നെ സെൻകുമാറിന് പുനർനിയമനം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. പൊതുഭരണ വിഭാഗമാണ് സെൻകുമാറിന് പുനർനിയമനം നൽകിക്കൊണ്ടുള്ള ഉത്തരവ് ഇപ്പോൾ പുറത്തിറക്കിയിരുക്കുന്നത്. എന്നാൽ ഉത്തരവിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്ന് സെൻകുമാർ പ്രതികരിച്ചു. ഉത്തരവിൽ എന്താണ് എഴുതുതിയിരിക്കുന്നതെന്ന് പഠിച്ചശേഷമെ പൊലീസ് ആസ്ഥാനത്തെത്തി ചുമതല ഏറ്റെടുക്കുകയുള്ളൂവെന്നും സെൻകുമാർ പറഞ്ഞു.

സെൻകുമാറിനെ പൊലീസ് മേധാവിയായി പുനർനിയമനം നൽകണമെന്ന ഉത്തരവിൽ വ്യക്തതതേടി സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച തള്ളിയതിന് പിന്നാലെ, അദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെത്തന്നെ ഒപ്പിട്ടിരുന്നു. സെൻകുമാറിനെ നിയമിക്കാൻ വൈകുന്നത് ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന വിലയിരുത്തലിന്റെ തുടർച്ചയായിരുന്നു ഈ നടപടി.

സെൻകുമാറിനെ നിയമിക്കേണ്ടതു സ്റ്റേറ്റ് പൊലീസ് ചീഫ് (സംസ്ഥാന പൊലീസ് മേധാവി) ആയിട്ടാണോ, ഹെഡ് ഓഫ് പൊലീസ് ഫോഴ്സ് (പൊലീസ് സേനയുടെ തലവൻ) ആയിട്ടാണോ? കാരണം കഴിഞ്ഞ സർക്കാർ സെൻകുമാറിനെ നിയമിച്ചതു തലവനായിട്ടാണ്. അപ്പോൾ എങ്ങനെ മേധാവി ആക്കും?-ഇതായിരുന്നു സർക്കാരിന്റെ സംശയം. ഇത് മാറ്റാനായിരുന്നു വ്യക്തതാ ഹർജി നൽകിയത്. സെൻകുമാർ വിരമിക്കുന്നതു വരെ കേസ് നീട്ടാമെന്ന ബുദ്ധിയാണ് ഇതെന്ന് സുപ്രീംകോടതി തിരിച്ചറിഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയായി തന്നെ സെൻകുമാറിനെ നിയമിക്കണമെന്നു സുപ്രീം കോടതി വിധിയുടെ അവസാന വരിയിൽ പറഞ്ഞതിനെ വളച്ചൊടിച്ചുള്ള സംശയം കോടതിയേയും പ്രകോപിപ്പിച്ചു. തലവൻ എന്നാൽ പ്രധാനി, പ്രമാണി എന്നൊക്കെയാണു ശബ്ദതാരാവലയിൽ. മേധാവിയെന്നാൽ നായകൻ, മേലധികാരി, സമർഥൻ, ബുദ്ധിയോടുകൂടിയവൻ എന്നൊക്കെയും. അപ്പോൾ ഇതെല്ലാം ചേർന്നതാകും പുതിയ പൊലീസ് മേധാവി. അങ്ങനെ സെൻകുമാർ ആഗ്രഹിച്ചിടത്ത് പിണറായി സർക്കാരെത്തി.

വ്യക്തതാഹർജി തള്ളിയ സുപ്രീംകോടതി സർക്കാരിന് 25,000 രൂപ പിഴയും വിധിച്ചിരുന്നു. ഇത്തരമൊരു ഹർജി നൽകിയതിനെ കോടതി രൂക്ഷമായി വിമർശിച്ചു. ഉത്തരവ് സർക്കാർ നടപ്പാക്കിയില്ലെങ്കിൽ എന്തു ചെയ്യണമെന്നറിയാമെന്ന് കോടതി ഒരുഘട്ടത്തിൽ പറഞ്ഞു. ജസ്റ്റിസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ ബെഞ്ച് ഒരാഴ്ചയ്ക്കകം പിഴയടയ്ക്കാനും വിധിച്ചു. അതിനിടെ, കോടതിയുത്തരവ് നടപ്പാക്കാത്തതിനെതിരേ സെൻകുമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് നോട്ടീസയച്ചു. ഹർജി മെയ് ഒമ്പതിന് പരിഗണിക്കും. ചൊവ്വാഴ്ച കടുത്ത പരമാർശവും ചീഫ് സെക്രട്ടറിയെ വെട്ടിലാക്കുന്ന നടപടികളും ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇത് മനസ്സിലാക്കിയാണ് സെൻകുമാറിന് പിണറായി വിജയൻ വഴങ്ങിയത്.

പുനർനിയമനം വൈകിപ്പിക്കാൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ ശ്രമിക്കുമെന്ന ആരോപണവുമായി ഡിജിപി.ടി.പി.സെൻകുമാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. കോടതിയുത്തരവ് ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സെൻകുമാർ സമർപ്പിച്ച കോടതിയലക്ഷ്യഹർജിയിലാണ് ചീഫ് സെക്രട്ടറിക്കെതിരെ ആരോപണമുന്നയിച്ചത്. നഷ്ടപ്പെട്ട കാലാവധി നീട്ടിനൽകണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു. പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കാൻ ആഭ്യന്തരസെക്രട്ടറിയായിരിക്കെ നളിനി നെറ്റോ ഇടപെട്ടെന്നാണ് ടി.പി. സെൻകുമാറിന്റെ ആരോപണം. അതുകൊണ്ടുതന്നെ പുനർനിയമനം വൈകിപ്പിക്കാൻ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ പരമാവധി ശ്രമിക്കും. കോടതിയുത്തരവ് ഉടൻ നടപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകണമെന്നും സെൻകുമാർ കോടതിയലക്ഷ്യഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

വിധി പ്രഖ്യാപിച്ച് അഞ്ചുദിവസം പിന്നിട്ടു. വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ചീഫ് സെക്രട്ടറിക്ക് കൈമാറി. എന്നിട്ടും പുനർനിയമന ഉത്തരവിറക്കാത്ത നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യനടപടിയെടുക്കണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ കർണാടക ചീഫ് സെക്രട്ടറിക്ക് ഒരുമാസം തടവ് നൽകിയിട്ടുള്ള കാര്യവും ഹർജിയിൽ പരാമർശിച്ചിരുന്നു. നഷ്ടപ്പെട്ട കാലാവധി നീട്ടിനൽകണമെന്നും ഹർജിയിൽ പറയുന്നു. ഈ ഹർജിയാണ് ചൊവ്വാഴ്ച പരിഗണിക്കുന്നത്. സുപ്രീംകോടതി പ്രകോപിതരായതോടെ ആ കേസിലും സർക്കാർ പ്രതികൂല വിധി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് 11 മാസത്തെ നിയമപോരാട്ടം മറന്ന് സെൻകുമാറിനെ പൊലീസ് മേധാവിയായി സർക്കാർ നിയമിക്കുന്നത്. നളിനി നെറ്റോയെ കേസിൽ നിന്ന് രക്ഷിക്കാൻ കൂടിയാണ് ഇത്.

എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്ന ഉടൻ പൊലീസ് മേധാവിസ്ഥാനത്തുനിന്ന് സെൻകുമാറിനെ നീക്കുകയായിരുന്നു. സർക്കാരിന്റെ നടപടി ചോദ്യംചെയ്ത് അദ്ദേഹം സുപ്രീംകോടതിയിൽ ഹർജി നൽകി. കേസിൽ ഏപ്രിൽ 24-ന് സെൻകുമാറിനെ പുനർനിയമിക്കാൻ ഉത്തരവിട്ടു. വിധിയിൽ നടപടികൾ സ്വീകരിക്കണമെന്ന നിയമോപദേശം ഉണ്ടായിട്ടും വ്യക്തതാ ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയാണ് സർക്കാർ ചെയ്തത്.
വിധി വന്നതിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ തിരക്കിട്ടു കൂടിയാലോചന തുടങ്ങി. വിധിപ്പകർപ്പു കിട്ടിയിട്ടു നിയമന ഉത്തരവിറക്കണോ, അല്ലാതെ തന്നെ ഇറക്കണോ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നു പകർപ്പെടുത്ത് ഉത്തരവു നടപ്പാക്കണോ എന്നൊക്കെയായി ചർച്ച. എന്നാൽ ഇതേക്കുറിച്ചെല്ലാം ഇനി ആരുടെ നിയമോപദേശം തേടുമെന്ന ആശയക്കുഴപ്പവുമുണ്ടായി. അവസാനം താമസം വിനാ ഉത്തരവിറക്കാനുള്ള തീരുമാനം എത്തി. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അഭിപ്രായവും അതു തന്നെയായിരുന്നു.

ഒടുവിൽ വൈകുന്നേരത്തോടെ വിധിപ്പകർപ്പു ലഭിച്ചപ്പോൾ അതുൾപ്പെടെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഫയൽ മുഖ്യമന്ത്രിക്കു കൈമാറി. ഉത്തരവ് ഇന്നലെ തന്നെ വേണമെന്നു സി.പി.എം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയോടു പറഞ്ഞിരുന്നു. തുടർന്നാണു മുഖ്യമന്ത്രി നിയമന ഉത്തരവിൽ ഒപ്പിട്ടത്. ഇതേത്തുടർന്നാണ് ഇന്ന് പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP