Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടോപ് സീക്രട്ടിനെ വിവരാവകാശത്തിൽ കൊണ്ടു വന്നതും റദ്ദാക്കും; ടോപ് സീക്രട്ടിലെ ഇടപെടലിൽ സെൻകുമാറിനോട് വിശദീകരണം തേടി; ഐജി വിജയനെ സ്റ്റുഡന്റ് കേഡറ്റിലെത്തിച്ചതും മരവിപ്പിച്ചു; നയപരമായ തീരുമാനങ്ങളിൽ സർക്കാർ നയം തേടണമെന്ന് അന്ത്യശാസനം; സെൻകുമാറിനെ വെറുതെ വിടാതെ പിണറായി സർക്കാർ

ടോപ് സീക്രട്ടിനെ വിവരാവകാശത്തിൽ കൊണ്ടു വന്നതും റദ്ദാക്കും; ടോപ് സീക്രട്ടിലെ ഇടപെടലിൽ സെൻകുമാറിനോട് വിശദീകരണം തേടി; ഐജി വിജയനെ സ്റ്റുഡന്റ് കേഡറ്റിലെത്തിച്ചതും മരവിപ്പിച്ചു; നയപരമായ തീരുമാനങ്ങളിൽ സർക്കാർ നയം തേടണമെന്ന് അന്ത്യശാസനം; സെൻകുമാറിനെ വെറുതെ വിടാതെ പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡി.ജി.പി: ടി.പി. സെൻകുമാറും സർക്കാരും തമ്മിലുള്ള പോര് തുടരുന്നു. ടി ബ്രാഞ്ചിലെ വസ്തുതകൾ വിവരാവകാശ നിയമത്തിന് കീഴിൽ കൊണ്ടു വന്ന പൊലീസ് മേധാവിയുടെ നടപടി സർക്കാർ റദ്ദാക്കും. അതീവ രഹസ്യ സ്വഭാവമുള്ള സെക്ഷനിലെ ഫയലുകൾ ഏത് സാഹചര്യത്തിലാണ് വിവരാവകാശത്തിന് കീഴിൽ കൊണ്ടു വന്നതെന്ന് ഡിജിപിയോടെ സർക്കാർ ആരാഞ്ഞു.

പൊലീസ് ആസ്ഥാനത്തെ ടോപ് സീക്രട്ട് വിഭാഗത്തിലെ വിവരങ്ങൾ വിവരാവകാശ നിയമ പ്രകാരം പൊതു ജനങ്ങൾക്ക് നൽകണമെന്ന സെൻകുമാറിന്റെ ഉത്തരവ് ജൂനിയർ സൂപ്രണ്ട് ബീനാകുമാരി അംഗീകരിക്കില്ലെന്ന് സൂചനയുണ്ടായിരുന്നു. പൊലീസ് മേധാവിയുടെ ഉത്തരവിൽ അതൃപ്തി അറിയിച്ച് ടി സെക്ഷനിലെ ജൂനിയർ സൂപ്രണ്ട് ബീനാകുമാരി കുറിപ്പ് നൽകിയിരുന്നു. പൊലീസ് മേധാവിയുടെ ഉത്തരവിലെ നിയമ പ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടിയത്. 2008ലെ സർക്കാർ ഉത്തരവിന്റെ ഓർമ്മപ്പെടുത്തലുമായാണ് പൊലീസ് ആസ്ഥാനത്ത് വിവരാവാശ നിയമം കർശനമാക്കുന്ന സർക്കുലർ സെൻകുമാർ പുറത്തിറക്കിയത്. മനുഷ്യാവകാശ ലംഘനവും അഴിമതിയുമായി ബന്ധപ്പെട്ട വിവരമെല്ലാം പുറത്തുവിടണമെന്നായിരുന്നു സെൻകുമാറിന്റെ നിർദ്ദേശം. ടോപ് സീക്രട്ട് സെക്ഷനും ഇതിന്റെ പരിധിയിൽപ്പെടുമെന്ന് സെൻകുമാർ വ്യക്തമാക്കിയിരുന്നു.

2008ലെ സർക്കാർ ഉത്തരവ് പ്രകാരം അഴിമതിയും ഹ്യൂമൻ റൈറ്റ്സ് നിഷേധിക്കപ്പെടുന്ന കാര്യങ്ങൾ മാത്രം ഡിക്ലോസ് ചെയ്താൽ മതി. അതായത് നിതി നിഷേധം മാത്രം പുറത്തുവിട്ടാൽ മതിയെന്നാണ് ബീനാകുമാരിയുടെ വാദം. ഇതിനൊപ്പം പൊലീസ് മേധാവിയുടെ ഉത്തരവിനെ ലംഘിച്ചാൽ അത് മുഖ്യ വിവരാവകാശ കമ്മീഷണറെ അറിയിക്കണമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനേയും ബീനാകുമാരി ഖണ്ഡിക്കുന്നു. ്അത്തരത്തിലൊരു നിർദ്ദേശം നിലനിൽക്കുന്നതല്ല. ഏതെങ്കിലും വിരവം നിഷേധിച്ചാൽ വിവരാവകാശ നിയമം സെക്ഷൻ 18(1) അനുസരിച്ചോ 19(3) അനുസരിച്ചോ പൗരന്മാർ നേരിട്ട് വിവരാവകാശ കമ്മീഷണറെ അറിയിക്കണം. അല്ലാതെ പോപീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ അത് അറിയിക്കേണ്ട കാര്യമില്ലെന്നാണ് ബീനാകുമാരിയുടെ വാദം. ഈ വിഷയമാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഇതോടെ വീണ്ടും പോര് കടുക്കുകയാണ്. ഇനി മൂന്നാഴ്ച മാത്രമേ പൊലീസ് മേധാവി സ്ഥാനത്ത് സെൻകുമാറിനുള്ളൂ. ഈ സാഹചര്യത്തിലും സെൻകുമാറിന്റെ വിവാദ തീരുമാനങ്ങൾ അംഗീകരിക്കേണ്ടതില്ലെന്നാണഅ സർക്കാർ പക്ഷം.

സെൻകുമാറും സർക്കാരും തമ്മിലെ നിയമ പോരാട്ടം നടക്കുമ്പോൾ ടി സെക്ഷനുമായി ബന്ധപ്പെട്ട് ചില വിവരാവകാശ അപേക്ഷകൾ സർക്കാരിന് കിട്ടിയിരുന്നു. രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി ഈ അപേക്ഷകൾക്ക് ബീനാകുമാരി മറുപടി നൽകിയില്ല. സെൻകുമാർ വിഷയത്തിൽ ആഭ്യന്തര സെക്രട്ടറിയായിരിക്കെ നളിനി നെറ്റോ എഴുതിയ കുറിപ്പുകൾ സ്വന്തമാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിലാണ് ബീനാകുമാരി അത് നിഷേധിച്ചതും. ഇതിന്റെ തുടർച്ചയായിരുന്നു പിന്നീടുണ്ടായ സ്ഥലം മാറ്റം ഉൾപ്പെടെയുള്ള വിവാദങ്ങളെന്നായിരുന്നു പൊതുവേ ഉയർന്ന വിലയിരുത്തലുകൾ. ആദ്യം ബീനാകുമാരിയുടെ കസേര തെറുപ്പിക്കാൻ ശ്രമിച്ചു. ഇപ്പോൾ വിവരാവകാശം അടിച്ചേൽപ്പിച്ച് ടി സെക്ഷന്റെ പ്രസക്തി കുറയ്ക്കാൻ പൊലീസ് മേധാവി ശ്രമിക്കുന്നുവെന്നാണ് സർക്കാർ വിലയിരുത്തൽ. ഇത് അംഗീകരിക്കേണ്ടെന്ന നിർദ്ദേശം ബീനാകുമാരിക്ക് സർക്കാർ നൽകിയെന്നാണ് സൂചന.

അതിനിടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്‌പി.സി/കുട്ടിപ്പൊലീസ്) പദ്ധതിയും വിവാദത്തിലേക്കെത്തി. അനിശ്ചിതത്വത്തിലായിരുന്ന പദ്ധതിയുടെ മാനേജ്മെന്റ് സമിതി സെൻകുമാർ പുനഃസംഘടിപ്പിച്ചെങ്കിലും സർക്കാർ റദ്ദാക്കി. സർക്കാരിന്റെ അനുമതി തേടാതെയാണു ഡി.ജി.പിയുടെ ഉത്തരവെന്നും ഐ.ജി. വിജയനെതിരേ രണ്ടു വിജിലൻസ് കേസുകൾ നിലവിലുള്ളതൂകൊണ്ടാണ് ചീഫ് കോ-ഓർഡിനേറ്റർ പദവിയിൽനിന്ന് ഒഴിവാക്കുന്നതെന്നുമാണു സർക്കാർവൃത്തങ്ങളുടെ വിശദീകരണം. ഇടതുസർക്കാർ അധികാരത്തിൽ വന്നയുടൻ എ.ഡി.ജി.പി: ബി.സന്ധ്യയെ പദ്ധതിയുടെ അധ്യക്ഷയായി നിയമിച്ചിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അക്കാഡമി ഡയറക്ടർ കെ. പത്മകുമാറിനെ പദ്ധതിയുടെ അധ്യക്ഷനായും ചീഫ് കോ-ഓർഡിനേറ്ററായി എറണാകുളം ഐ.ജി: പി. വിജയനെ നിയമിക്കുകയും ചെയ്തു. പി വിജയനായിരുന്നു സ്റ്റുഡന്റ് കേഡറ്റ് പദ്ധതിയെ അന്തർദേശീയ ശ്രദ്ധയിലെത്തിച്ചത്.

എന്നാൽ ഇടത് സർക്കാർ വന്നയുടൻ വിജയനെ മാറ്റുകയായിരുന്നു. ഇത് ഏറെ ചർച്ചകൾക്കും വഴിവച്ചു. ഈ സാഹചര്യം ഉൾക്കൊണ്ടായിരുന്നു സെൻകുമാറിന്റെ തീരുമാനം. എന്നാൽ ഒറ്റ ദിവസം കൊണ്ടു തന്നെ സർക്കാർ അത് റദ്ദാക്കി. നേരത്തെ ടി ബ്രാഞ്ചിൽ നിന്ന് ബീനാകുമാരിയുടെ മാറ്റം ഉൾപ്പെടെ സെൻകുമാറിന്റെ പല തീരുമാനങ്ങളും സർക്കാർ റദ്ദാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ ഡി.ജി.പി. നടത്തിയ സ്റ്റുഡന്റ് കേഡറ്റ് പുനഃസംഘടനയാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്. മണിക്കൂറിനുള്ളിൽ സെൻകുമാറിന്റെ ഉത്തരവ് സർക്കാർ റദ്ദാക്കി സന്ധ്യയെ തിരികെക്കൊണ്ടുവന്നു. ചീഫ് കോ-ഓർഡിനേറ്റർ ചുമതലയിൽനിന്ന് പി. വിജയനെ ഒഴിവാക്കുകയും പുതിയ ചീഫ് കോ-ഓർഡിനേറ്ററായി ആംഡ് ബറ്റാലിയൻ ഡി.ഐ.ജി: ഷഫീൻ അഹമ്മദിനെ നിയമിക്കുകയും ചെയ്തു.

നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനുമുമ്പു സർക്കാരുമായി ആലോചന നടത്തണമെന്നും ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഐ.ജി. വിജയൻ ഒഴിവാക്കപ്പെട്ടതോടെ നാഥനില്ലാതിരുന്ന അവസ്ഥയിലായിരുന്നു എസ്‌പി.സി. ഇതിന് മാറ്റം വരുത്താനാണ് സെൻകുമാർ ശ്രമിച്ചത്. പദ്ധതിയുടെ നോഡൽ ഓഫീസർ സ്ഥാനത്തുനിന്നു തന്നെ തെറിപ്പിക്കാൻ പൊലീസിലെ ചിലർ ഗൂഢാലോചന നടത്തിയതായി പി.വിജയൻ ഡി.ജി.പിക്കു പരാതി നൽകി. ഇതിന്റെ ഭാഗമായാണു തനിക്കെതിരായ വിജിലൻസ് ത്വരിതാന്വേഷണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിജയന്റെ പരാതിയിൽ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ ആഭ്യന്തര വിജിലൻസ് സെൽ അന്വേഷണം തുടങ്ങി.

ഐ.ജിക്കെതിരേയുള്ള വിജിലൻസ് അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ആഭ്യന്തര വകുപ്പും സൂചന നൽകി. വിജയനെതിരേ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങും പരാതി നൽകിയിട്ടുണ്ട്. പദ്ധതി പ്രശംസനീയമായ നിലയിൽ മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് സാമ്പത്തിക ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതിന്റെ പേരിൽ വിജയനെ നോഡൽ ഓഫീസർ സ്ഥാനത്തുനിന്നു സർക്കാർ ഒഴിവാക്കിയത്. കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സെൻകുമാർ കസേരയിൽ വീണ്ടുമെത്തിയത്. ജനപിന്തുണയും മാധ്യമ സഹകരണവും ആവോളം ലഭിക്കുന്നുമുണ്ട്. എന്നാൽ ഇതിന്റെ മറവിൽ സർക്കാരിനെ അനുസരിക്കില്ലെന്ന നിലപാട് സെൻകുമാർ എടുക്കുന്നു. കഴിഞ്ഞ ഒൻപതിനാണു പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി കുമാരി ബീന അടക്കം നാലു ജൂനിയർ സൂപ്രണ്ടുമാരെ സ്ഥലംമാറ്റി സെൻകുമാർ ഉത്തരവിട്ടത്.

ഇതിൽ കുമാരി ബീനയ്ക്കു പകരം സി.എസ്.സജീവ് ചന്ദ്രനെയാണു നിയമിച്ചത്. എന്നാൽ അദ്ദേഹം ചുമതലയേൽക്കാൻ വിസമ്മതിച്ചു. രണ്ടു മണിക്കൂറിനു ശേഷം മറ്റൊരു ജൂനിയർ സൂപ്രണ്ടിനെ അവിടെ നിയമിച്ചു. കുമാരി ബീനയെ പേരൂർക്കട എസ്എപി ക്യാംപിലേക്കും മാറ്റി. ഒരു ദിവസം രണ്ട് ഉത്തരവിലൂടെ നാലു ജൂനിയർ സൂപ്രണ്ടുമാരെയാണു സെൻകുമാർ മാറ്റിയത്. എന്നാൽ അടുത്ത ദിവസം തന്നെ കുമാരി ബീന സ്ഥലം മാറ്റത്തിനെതിരെ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നൽകി. പുറ്റിങ്ങൽ, ജിഷ കേസുകളുമായി ബന്ധപ്പെട്ട് ആരോ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകൾ നൽകാത്തതിനാലാണു തന്നെ മാറ്റിയതെന്നായിരുന്നു ഇവരുടെ പരാതി. തുടർന്നു മുഖ്യമന്ത്രിയുടെ ഓഫിസ് സെൻകുമാറിനെ ബന്ധപ്പെട്ടു തൽക്കാലം ഉത്തരവു നടപ്പാക്കേണ്ടതില്ലെന്ന് അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ബീനാകുമാരി ടി ബ്രാഞ്ചിൽ തുടർന്നു. അവർക്കൊപ്പം മാറ്റിയവർ പൊലീസ് ആസ്ഥാനത്തു റിപ്പോർട്ട് ചെയ്‌തെങ്കിലും പഴയ സ്ഥലത്തേക്കു മടങ്ങാനായിരുന്നു ഓഫിസ് മാനേജരുടെ നിർദ്ദേശം. അവരും പഴയ സ്ഥലങ്ങളിൽ ചുമതലയേറ്റു. ഇതിനിടെയാണ് ആദ്യ സ്ഥലംമാറ്റ ഉത്തരവിൽ ഉൾപ്പെട്ട രണ്ടു ജൂനിയർ സൂപ്രണ്ടുമാരെ പൊലീസ് ആസ്ഥാനത്തു നിയമിച്ച് ഉത്തരവായത്.

സുരേഷ് കൃഷ്ണ, സതി കുമാർ എന്നിവരെ കെ, ആർ ബ്രാഞ്ചുകളിലാണു നിയമിച്ചത്. ഒന്നു പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ നോക്കുന്ന സെക്ഷൻ, മറ്റൊന്നു പൊലീസ് വാഹനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ നോക്കുന്ന സെക്ഷൻ. മുഖ്യമന്ത്രിയോട് ചോദിക്കാതെയായിരുന്നു ഈ ഉത്തരവുകൾ. ഇതിനെ ഗൗരവത്തോടെ സർക്കാർ എടുത്തു. ഉത്തരവിറങ്ങിയതു നിമിഷങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. തുടർന്നു സെൻകുമാർ ഒൻപതിനിറക്കിയ രണ്ടു സ്ഥലം മാറ്റ ഉത്തരവുകളും മരവിപ്പിച്ച് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് ഉത്തരവിട്ടു. ഇതോടെ അതിനു ശേഷമുള്ള ഉത്തരവും മരവിച്ച സ്ഥിതിയിലായി. ഇതിന് പിന്നാലെയാണ് പുതിയ വിവാദങ്ങൾ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP