Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എന്നെ കണ്ടാൽ കള്ളുകുടിയനാണെന്ന് തോന്നുമെന്നേയുള്ളൂ ബോഡി ബിൾഡിങ്ങിൽ ശ്രദ്ധിക്കുന്നതിനാൽ കഴിഞ്ഞ ഒന്നര വർഷമായി ഞാൻ മദ്യപിക്കാറില്ല...അമ്മയാണേ സത്യം'; ആലപ്പുഴയിൽ യുവാവിന്റെ മൂക്കിടിച്ചു തകർത്ത 'ഡ്രാക്കുള നായകൻ' സുധീർ വിശദീകരണവുമായി രംഗത്ത്; യുവാവ് തന്റെ കാറിന്റെ മുന്നിൽ വന്ന് ബഹളം വയ്ക്കുകയായിരുന്നെന്നും സഹോദരനെ തല്ലിയപ്പോഴാണ് താനും കായികമായി നേരിട്ടതെന്നും വിവാദങ്ങളുടെ സ്വന്തം താരം

'എന്നെ കണ്ടാൽ കള്ളുകുടിയനാണെന്ന് തോന്നുമെന്നേയുള്ളൂ ബോഡി ബിൾഡിങ്ങിൽ ശ്രദ്ധിക്കുന്നതിനാൽ കഴിഞ്ഞ ഒന്നര വർഷമായി ഞാൻ മദ്യപിക്കാറില്ല...അമ്മയാണേ സത്യം'; ആലപ്പുഴയിൽ യുവാവിന്റെ മൂക്കിടിച്ചു തകർത്ത 'ഡ്രാക്കുള നായകൻ' സുധീർ വിശദീകരണവുമായി രംഗത്ത്; യുവാവ് തന്റെ കാറിന്റെ മുന്നിൽ വന്ന് ബഹളം വയ്ക്കുകയായിരുന്നെന്നും സഹോദരനെ തല്ലിയപ്പോഴാണ് താനും കായികമായി നേരിട്ടതെന്നും വിവാദങ്ങളുടെ സ്വന്തം താരം

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ : വിവാദങ്ങളുടെ സ്ഥിരം തോഴനായ നടൻ സുധീറും സംഘവും കഴിഞ്ഞ ദിവസം ആലപ്പുഴ എസ്.എൽ പുരത്ത് വെച്ച് രണ്ടു പേരെ കൈയേറ്റം ചെയ്ത സംഭവം വിവാദക്കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുന്ന വേളയിലാണ് കേസിൽ വിശദീകരണവുമായി 'ഡ്രാക്കുള നായകൻ' രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി രണ്ടു പേരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഒരാളുടെ മൂക്കിന് സുധീറിന്റെ മർദ്ദനമേറ്റ് സാരമായ പരുക്കേറ്റിരുന്നു. അടിപിടിയുടെ വീഡിയോയും പുറത്ത് വന്നതിന് പിന്നാലെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. താൻ മദ്യപിച്ച് വഴക്കുണ്ടാക്കിയെന്ന വാർത്ത സത്യമല്ലെന്നാണ് സുധീറിന്റെ വാദം.

കഴിഞ്ഞ ഒന്നരവർഷമായി ബോഡി ബിൾഡിങ്ങിൽ ശ്രദ്ദിക്കുന്നതിനാൽ താൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചെന്നും തന്നെ കണ്ടാൽ കള്ളു കുടിയനാണെന്ന് തോന്നുമെന്നേയുള്ളൂവെന്നും താരം പറയുന്നു. സിഐഡി മൂസ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ സുധീർ വളരെ വേഗമാണ് സീരിയൽ രംഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചത്. വിനയൻ സംവിധാനം ചെയ്ത് ഡ്രാക്കുള എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെ നടിയെ ശല്യം ചെയ്തത് സംബന്ധിച്ചുള്ള വിവാദം സുധീറിനെ ഏറെ നാൾ സമ്മർദ്ദത്തിലാഴ്‌ത്തിയിരുന്നു.

സംഭവത്തെ പറ്റി നടൻ സുധീറിന്റെ വിശദീകരണമിങ്ങനെ : താൻ മദ്യപിച്ചിരുന്നില്ല എന്ന് മാത്രമല്ല തന്നെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടില്ല. ഞങ്ങൾ ബാറിൽ പോയതല്ല. എസ്.എൽ പുരത്ത് ഒരു സുഹൃത്തിന്റെ ഹോട്ടലിൽ പോയതാണ്. അതിന്റെ പുറകിൽ ഒരു ബാറുണ്ട്. ഞങ്ങൾ ആലപ്പുഴയിൽ ഒരു ചടങ്ങിന് പോകുന്ന വഴിയായിരുന്നു. സുഹൃത്തിനെ കണ്ടിട്ട് തിരികെ ഇറങ്ങിയപ്പോൾ ബാറിൽ നിന്നും ആളുകൾ പുറത്ത് വരുന്നുണ്ടായിരുന്നു. വണ്ടിയുടെ മുന്നിൽ നിന്ന് മാറാനായി ഹോൺ അടിച്ചു. ഇത് ഒരാൾക്ക് ഇഷ്ടപ്പെട്ടില്ല. എറണാകുളം രജിസ്ട്രേഷനുള്ള ആഡംബര വാഹനം കണ്ടതോടെ ഇവിടെ വന്ന് തിണ്ണമിടുക്ക് കാണിക്കേണ്ട എന്നു പറഞ്ഞ് അയാൾ ബോണറ്റിൽ ആഞ്ഞിടിച്ചു.

എന്റെ സുഹൃത്ത് മനോജാണ് വണ്ടിയോടിച്ചിരുന്നത്. ഇതുകണ്ടിട്ട് മനോജ് ഇറങ്ങി ചോദ്യം ചെയ്തു. ഇത് അയാൾക്ക് ഇഷ്ടപ്പെട്ടില്ല. മനോജിനെ പിടിച്ച് തള്ളി വണ്ടിയിൽ ചവിട്ടി. ഉന്തും തള്ളുമായതോടെ എന്റെ സഹോദരനും കാറിൽ നിന്ന് ഇറങ്ങി. അവനെ നാട്ടുകാരും ഈ പ്രശ്നമുണ്ടാക്കിയവനും ചേർന്ന് ഇടിച്ചു. വിഡിയോയിൽ വെള്ള മുണ്ടുടുത്ത് നിൽക്കുന്നയാളാണ് അനിയൻ. അനിയനെ തൊട്ടത് എനിക്ക് സഹിച്ചില്ല. എന്ത് നടനാണെങ്കിലും കൂടപ്പിറപ്പിനെ തല്ലുന്നത് എങ്ങനെ കണ്ടുനിൽക്കും. ഞാനും ഇറങ്ങി ഇടിച്ചു. ഇടിയുടെ ഇടയ്ക്ക് എന്റെ കൈ കൊണ്ട് ഒരാളുടെ മൂക്കിൽ നിന്നും ചോരവന്നു. എന്റെ നെഞ്ചത്തും ഇടികൊണ്ടു. അപ്പോഴേക്കും പൊലീസ് എത്തി ഇടപെട്ടു.

ഞാനൊരു നടനായതുകൊണ്ടാണ് ഇത് ഇത്രയും വലിയ സംഭവമായത്. ആരൊക്കെയോ ഫോട്ടോയും വിഡിയോയും എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. അല്ലായിരുന്നെങ്കിൽ സാധാരണ സംഭവമായി ഒതുങ്ങിപ്പോകുമായിരുന്നു. ഏതായാലും ഞാൻ ഇനി ഇത് വിടാൻ ഉദ്ദേശിക്കുന്നില്ല. എന്റെ സഹോദരനും പരുക്കുണ്ട്. ഇങ്ങോട്ട് വന്ന് വഴക്കുണ്ടാക്കിയതാണ്. ഞാൻ മരാരിക്കുളം സ്വദേശിയാണ് എറണാകുളത്തേക്ക് താമസം മാറ്റിയിട്ട് പത്തുപതിനഞ്ച് വർഷമായിട്ടേയുള്ളൂ. എന്റെ നാട്ടിൽവെച്ച് എനിക്ക് നേരെ ഇങ്ങനെയൊരു സംഭവം നടന്നിട്ട് ഒതുക്കി തീർക്കേണ്ട ആവശ്യമെന്താണെന്നും താരം ചോദിക്കുന്നു.

ദിലീപ് സിനിമയിലെത്തിച്ചു....'ഡ്രാക്കുള നായകനായി' പ്രസിദ്ധിയാർജ്ജിച്ചു !

പ്രശസ്ത സംവിധായകൻ റോഷന് ആൻഡ്രൂസ് നിർമ്മാതാവിനെ വീട്ടിൽകയറി മർദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് മറ്റൊരു അടിപിടി കേസു കൂടി പുറത്തുവരുന്നത്. റോഡിൽ സിനിമാ സ്റ്റൈലിൽ നടന്റെ സംഘട്ടനം. മദ്യപിച്ച് സുഹൃത്തുക്കൾക്കൊപ്പം ആലപ്പുഴ എസ്.എൽ പുരത്ത് വച്ചാണ് നടൻ സുധീറും സംഘവും രണ്ടുപേരെ കയ്യേറ്റം ചെയ്തത്. ബാറിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോറു തുറന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘട്ടനത്തിലേക്ക് എത്തിത്. നടനും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

അടിപിടി ഉണ്ടാക്കുന്നതിൽ നടൻ സുധീർ പതിവു കക്ഷിയാണെന്നാണ് ലഭിക്കുന്ന വിവരം. മുമ്പും ഒരു നടിയെ റോഡിൽ വച്ചു തല്ലിയ കേസിലുൾപെടെ താരം പ്രതിയായിരുന്നു എന്നും സീരിയൽ-സിനിമാ രംഗത്തെ പ്രമുഖർ സ്ഥിരീകരിക്കുന്നു. സി ഐഡി മൂസയിലൂടെ സിനിമാ മേഖലയിൽ സ്ഥാനം ഉറപ്പിച്ച നടനാണ് സുധീർ. ദിലീപ് നായകനായി നിർമ്മിച്ച സി ഐഡി മൂസയിലെ വില്ലൻ കഥാപാത്രത്തിലൂടെയാണ് സുധീർ സിനിമയിലേക്ക് കാലെടുത്ത് വച്ചത്. പിന്നീട് ചെറുതും വലുതമായ റോളുകളിലൂടെ സിനിമാ-സീരിയൽ മേഖലയിൽ താരം സജീവസാന്നിധ്യമായി.

വിനയൻ ഒരുക്കിയ ഡ്രാക്കുള എന്ന ചിത്രത്തിലൂടെയാണ് സുധീർ നായകനായത്. പിന്നീട് അന്യഭാഷാ ചിത്രങ്ങളും നടനെ തേടിയെത്തിയിരുന്നു. പക്ഷേ വളർച്ചയ്‌ക്കൊപ്പം തന്നെ നടനെ തേടി പേരുദോഷങ്ങളും എത്തി. 18ാം വയസിൽ കൽക്കത്തയിൽ വച്ച് ഐജിയുടെ മകനെ സോഡാ കുപ്പികൊണ്ട് തലയ്ക്കടിച്ച കേസിൽ ജയിലിൽ കിടന്ന ആളായിരുന്നു സുധീർ. നടൻ ദിലീപാണ് സുധീറിനെ സിനിമയിലേക്ക് എത്തിച്ചത് എന്നതിനാൽ സുധീറിന് എന്നും താരത്തോട് ആ നന്ദി ഉണ്ടായിരുന്നു. എന്നാൽ ദിലീപിന്റെ ശത്രു കൂടിയായ വിനയന്റെ ചിത്രമായ ഡ്രാക്കുളയിൽ അഭിനയിച്ചതോടെ ദിലീപും സുധീറിനെതിരെ തിരിഞ്ഞിരുന്നു. എന്നിട്ടും ദിലീപ് ജയിലിയായപ്പോൾ ദിലീപിന് വേണ്ടി വാദിച്ച ചുരുക്കം ചില നടന്മാരിൽ ഒരാളായിരുന്നു സുധീർ.

ഇതിനിടെയിൽ വീണ്ടും സുധീറിനെ തേടി കേസുകൾ എത്തി. ഡ്രാക്കുളയിൽ സുധീറിന്റെ നായികയായിരുന്നു പ്രിയ എന്ന രാജേശ്വരി നമ്പ്യാർ എന്ന നടിക്ക് അശ്ലീല സന്ദേശമയച്ചു എന്ന് പരാതിയുയർന്നു. ഇതിന് പിന്നാലെ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ റോഡിൽ കാർ കുറുകെ നിർത്തി നടിയെ കാറിൽ നിന്നും വലിച്ചിറക്കി നടുറോഡിലിട്ട് തല്ലിയെന്നും കേസുണ്ടായി. ഈ കേസിൽ നടൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തിരുന്നു. രണ്ടു മക്കളുടെ പിതാവ് കൂടിയായ നടൻ എന്ന് പറഞ്ഞത് നടി തനിക്കയച്ച മെസേജ് തന്റെ ഭാര്യ കണ്ടെന്നും അതിന്റെ പേരിലാണ് പ്രശ്‌നങ്ങൾ ഉണ്ടായതെന്നുമാണ്. യുവനിരയിലെ ശ്രദ്ധയമായ മോഡലുകൽ ഒരാളാണ് സുധീറിന്റെ ഭാര്യ.

ഡ്രാക്കുള റിലീസ് ആയതിന് പിന്നാലെ വിനയനും സുധീറും തമ്മില് തെറ്റിയിരുന്നു. ഡ്രാക്കുളയിൽ അഭിനയിച്ചതിന് വിനയൻ തനിക്ക് തക്കതായ പ്രതിഫലം തന്നില്ലെന്ന് സുധീർ ആരോപിച്ചിരുന്നു എന്നാൽ ഇതിന് പിന്നാലെ സുധീറിന്റെ പ്രസ്താവനകളെ നിഷേധിച്ച് വിനയൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തതും മാധ്യമശ്രദ്ധ നേടിയിരുന്നു. ഇതിനൊക്കെ പിന്നാലെ ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രക്ഷണം ചെയ്യുന്ന സ്വാമി അയ്യപ്പൻ ഉൾപെടെയുള്ള സീരിയലിൽ താരം സജീവമായി മുന്നേറുമ്പോഴാണ് സൂധീറിനെതിരെ മറ്റൊരു കേസും ഇപ്പോൾ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ദേശീയ പാതയോരത്ത് വച്ച് സുധീറിന്റെ കാറിന്റെ ഡോർ വഴിയാത്രക്കാരന്റെ ദേഹത്ത് തട്ടിയതുമായി ബന്ധപ്പെട്ടുള്ള വാക്കേറ്റം നാട്ടുകാരുമായുള്ള കൂട്ടത്തല്ലിലും കേസിലും അവസാനിച്ചത്.

എസ്.എൽ പുരത്ത് രാത്രി ഏഴരയോടെയാണ് സിനിമാ സ്റ്റൈലിൽ സംഘർഷം അരങ്ങേറിയത്. നടൻ സുധീറും രണ്ട് സുഹൃത്തുകളും എസ്.എൽ പുരത്തെ ബാറിന് സമീപം ദേശീയപാതയ്ക്ക് അരികിൽ ആഡംബര കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്റെ വാതിൽ തുറന്നപ്പോൾ നടന്നു പോവുകയായിരുന്ന അനൂപിന്റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചെയ്തപ്പോൾ സംഘട്ടനമായി. ഡോർ തുറന്ന് പുറത്തിറങ്ങിയ സുധീർ അനൂപിനെ സിനിമാ സ്റ്റൈലിൽ ചവിട്ടി വീഴ്‌ത്തി . ഇതേപ്പറ്റിയുണ്ടായ വാക്കേറ്റത്തിനിടെയാണ് ഹരീഷിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഹരീഷിന് മൂക്കിന്റെ പാലത്തിന് ഒടിവും കണ്ണിന് പരിക്കുമേറ്റു.

ഇതുകണ്ട നാട്ടുകാർ വിഷയത്തിൽ ഇടപെട്ടു. ഇതോടെ നടനും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി. സമീപത്തെ മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തിയാണ് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കിയത്. പരിക്കേറ്റ ഹരീഷിനെയും അനൂപിനെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ നടനും സംഘവും താലൂക്ക് ആശുപത്രിയിലെത്തി ഭീഷണി മുഴക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP