Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലയോര നിവാസികൾക്ക് ഇത് ഉറക്കമില്ലാരാവുകൾ; ആശങ്കയുടെ മുൾമുനയിലാക്കി കൊട്ടിയൂർ മേഖലയിൽ വീണ്ടും ഉരുൾ പൊട്ടൽ പരമ്പര; 35 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; മഴവെള്ളം കുത്തിയൊലിച്ചതോടെ പാലങ്ങളും വഴികളും തകർന്ന് ഒറ്റപ്പെട്ട കുടുംബങ്ങളുമേറെ; ആറുപതിറ്റാണ്ടിലെ കൊടിയ കാലവർഷദുരന്തമിതെന്ന് കൊട്ടിയൂരിലെ പഴമക്കാർ

മലയോര നിവാസികൾക്ക് ഇത് ഉറക്കമില്ലാരാവുകൾ; ആശങ്കയുടെ മുൾമുനയിലാക്കി കൊട്ടിയൂർ മേഖലയിൽ വീണ്ടും ഉരുൾ പൊട്ടൽ പരമ്പര; 35 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; മഴവെള്ളം കുത്തിയൊലിച്ചതോടെ പാലങ്ങളും വഴികളും തകർന്ന് ഒറ്റപ്പെട്ട കുടുംബങ്ങളുമേറെ; ആറുപതിറ്റാണ്ടിലെ കൊടിയ കാലവർഷദുരന്തമിതെന്ന് കൊട്ടിയൂരിലെ പഴമക്കാർ

രഞ്ജിത്ത് ബാബു

കണ്ണൂർ: മലയോരമേഖലയെ ആശങ്കയുടെ മുൾമുനയിലാക്കി വീണ്ടും ഉരുൾപൊട്ടൽ പരമ്പര. കൊട്ടിയൂർ മേഖലയിലെ വനത്തിലും മലയിലും ഉരുൾപൊട്ടൽ. ചപ്പമലയിൽ തുടർച്ചായുണ്ടായ ഉരുൾപൊട്ടലിൽ ജനവാസ കേന്ദ്രങ്ങൾ കടുത്ത ഭീഷണിയിലാണ്. 35 കുടുംബങ്ങളെ ഇവിടെ നിന്നും കൊട്ടിയൂർ മന്നം ചേരിയിൽ മാറ്റി പാർപ്പിച്ചിരിക്കയാണ്. മഴവെള്ളം കുത്തിയൊലിച്ച് പാലങ്ങളും വഴികളുമെല്ലാം തകർന്നിരിക്കയാണ്. പലയിടത്തും ജനങ്ങൾ ഒറ്റപ്പെട്ടു. പാമ്പറപ്പാൻ പാലം വെള്ളത്തിനടിയിലായതിനാൽ ഇരുകരകളിലുമുള്ളവർ ഒറ്റപ്പെട്ടിരിക്കയാണ്.

മഴ തുടരുന്നുണ്ടെങ്കിലും മേലെ പാൽചുരത്തിൽ നിന്നുള്ള കുടുംബങ്ങൾ മാറി താമസിക്കാൻ തയ്യാറായില്ല. പഞ്ചായത്ത് ഭരണസമിതി അവരെ താഴ്‌വാരത്തേക്ക് കൊണ്ടു വരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു, പൊലീസിനെ ഉപയോഗിച്ച് കൊണ്ടു വരാൻ ശ്രമിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ 'മറുനാടൻ മലയാളിയോട് ' പറഞ്ഞു. നെല്ലിയോടിയിൽ നിന്നും ചില കുടുംബത്തെ താഴ്‌വരയിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. ആറ് പതിറ്റാണ്ടിലേറെയുള്ള കൊട്ടിയൂരിലെ കുടിയേറ്റ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വ്യാപ്തിയേറിയ കാലവർഷ ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നതെന്ന് പഴമക്കാർ പറയുന്നു. ഇന്ന് രാത്രി എങ്ങനെ കഴിക്കുമെന്ന ഭീതിയിലാണ് ജനങ്ങൾ.

എളംതുരുത്തിയിലും പാമ്പറപ്പാൻ പാലത്തിന് സമീപമുള്ള പല വീടുകളും ഭീഷണിയിലാണ്. വനമേഖലയോട് ചേർന്ന ചില വീടുകൾ തകർന്നതായും വിവരം ലഭിക്കുന്നുണ്ട്. ജില്ലയുടെ മറ്റ് മലയോര മേഖലകളിലും കാലവർഷക്കെടുതി തുടരുകയാണ്.
ജില്ലയുടെ മറ്റ് മലയോര മേഖലകളിലും കാലവർഷക്കെടുതി തുടരുകയാണ്. എടക്കാനം, എടപ്പുഴ, കളിതട്ടുപാറ, ആറളം എന്നിവിടങ്ങളിലാണ് ദുരിതത്തിന് ആക്കംകൂട്ടി ഉരുൾപൊട്ടിയത്. എടക്കാനത്ത് ഒരു വീട് പൂർണമായും തകർന്നു. മഠത്തിനകത്ത് ബേബിയുടെ വീടാണ് പൂർണമായും തകർന്നത്. എടപ്പുഴയിൽ മണ്ണിടിച്ചിലിനെ തുടർന്ന് 150 ഓളം പേരെ മാറ്റിത്താമസിപ്പിച്ചു.

ഇന്നലെ വൈകുന്നേരം നാലരയോടെയാണ് എടക്കാനത്ത് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബേബിയുടെ വീട്ടുകാരെ പൊലീസും അഗ്‌നിശമനസേനയും റവന്യൂ അധികൃതരും സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവരെ മാറ്റിത്താമസിപ്പിച്ച് ഒരു മണിക്കൂറിനകമാണ് ഉരുൾപൊട്ടിയത്. കല്ലും മണ്ണും മറ്റും ഒഴുകിയെത്തി വീട് പൂർണമായും തകർന്നുവീഴുകയായിരുന്നു. എടപ്പുഴയിലെ മാത്യു കോലക്കുന്നേൽ, ജോയ് പഴയിടം, ദേവസ്യ തെക്കെചിറയിൽ എന്നിവരുടെ കുടുംബങ്ങളുൾപ്പെടെ 50 ഓളം പേരെ കരിക്കോട്ടക്കരി സെന്റ് തോമസ് സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. നേരത്തെ എടപ്പുഴയിലെ ദുരിതാശ്വാസക്യാന്പിലായിരുന്നു ഇവരെ പാർപ്പിച്ചിരുന്നതെങ്കിലും ഇവിടെ വൈദ്യുതിയില്ലാത്തതിനാലാണ് കരിക്കോട്ടക്കരിയിലേക്കു മാറ്റിയത്. എടപ്പുഴ അംബേദ്കർ ആദിവാസി കോളനിവാസികളെയും മാറ്റിപ്പാർപ്പിച്ചു.

രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം തിങ്കളാഴ്ച പുലർച്ചെമുതലാണ് മഴ കനത്തത്. തിങ്കളാഴ്ച വൈകുന്നേരം ഉരുപ്പുംകുറ്റി ഏഴാംകടവിൽ ഉരുൾപൊട്ടി നടപ്പാലം ഒഴുകിപ്പോയതിനെത്തുടർന്ന് പ്രദേശം ഒറ്റപ്പെട്ടിരുന്നു. ഇന്നലെ രാവിലെ ആറളം ഉൾവനത്തിൽ വീണ്ടും ഉരുൾപൊട്ടി. ഇതേത്തുടർന്ന് പ്രദേശത്തെ പുഴകളെല്ലം കരകവിഞ്ഞൊഴുകുകയാണ്. പാലപ്പുഴ പാലവും പ്രദേശത്തെ കൃഷിയിടങ്ങളും വെള്ളത്തിലായി. കനത്ത മഴയ്‌ക്കൊപ്പം ഇന്നലെ കാറ്റും വീശി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP