Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച; ചോദ്യപേപ്പറിന് പകരം കുട്ടികൾക്ക് ഫോട്ടോ സ്റ്റാറ്റ് നൽകിയതിന് പുറമേ പരീക്ഷ വൈകിയത് അരമണിക്കൂർ; കോഴിക്കോട് കായക്കൊടി കെ.പി.ഇ.എസ്.എച്ച്.ഹയർസെക്കൻഡറി സ്‌കൂൾ അധികൃതർക്ക് വീഴ്ചയെന്ന് ഹയർസെക്കന്ററി റീജണൽ ഡയറക്ടർ; പരീക്ഷാ അട്ടിമറിയെന്ന് സംശയമുയർന്നതോടെ പ്രിൻസിപ്പൽ നേതാവായ ലീഗ് സംഘടനയും പ്രതിക്കൂട്ടിൽ

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച; ചോദ്യപേപ്പറിന് പകരം കുട്ടികൾക്ക് ഫോട്ടോ സ്റ്റാറ്റ് നൽകിയതിന് പുറമേ പരീക്ഷ വൈകിയത് അരമണിക്കൂർ; കോഴിക്കോട് കായക്കൊടി കെ.പി.ഇ.എസ്.എച്ച്.ഹയർസെക്കൻഡറി സ്‌കൂൾ അധികൃതർക്ക് വീഴ്ചയെന്ന് ഹയർസെക്കന്ററി റീജണൽ ഡയറക്ടർ; പരീക്ഷാ അട്ടിമറിയെന്ന് സംശയമുയർന്നതോടെ പ്രിൻസിപ്പൽ നേതാവായ ലീഗ് സംഘടനയും പ്രതിക്കൂട്ടിൽ

ടി.പി.ഹബീബ്‌

കോഴിക്കോട്: മൂന്ന് തവണ മാറ്റിവെച്ച ഒന്നാം വർഷ ഹയർസെക്കൻഡറി സ്‌കൂൾ ഇംപ്രൂവ്മെന്റ് പരീക്ഷ തുടങ്ങിയത് കല്ലുകടിയോടെ. കുട്ടികൾക്ക് ചോദ്യ പേപ്പറിന്റെ ഫോട്ടോ സ്റ്റാറ്റ് വച്ചാണ് പരീക്ഷ നടത്തിയത്. മുക്കാൽ മണിക്കൂർ വൈകിയാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ അവസരം ലഭിച്ചത്. കോഴിക്കോട് കായക്കൊടി കെ.പി.ഇ. എസ്.എച്ച്.ഹയർസെക്കൻഡറി സ്‌കൂളിലാണ് പരീക്ഷ നടത്തിപ്പിൽ നിറയെ അപാകതകൾ വന്നത്. ഒന്നാം വർഷ ജെർണലിസം പരീക്ഷയുടെ ചോദ്യ പേപ്പറാണ് ആവശ്യത്തിന് ലഭിക്കാതെ വന്നത്. പ്രിൻസിപ്പൾ കെ.അബൂബക്കർ 30 കിലോമീറ്റർ ദൂരത്തുള്ള പേരോട് ഹയർസെക്കൻഡറി സ്‌ക്കൂളിലേക്ക് കുതിച്ചെത്തിയാണ് ഒരു ചോദ്യപേപ്പർ കരസ്ഥമാക്കിയത്. ചോദ്യ പേപ്പറിന്റെ ഫോട്ടോ കോപ്പി എടുത്താണ് പിന്നീട് വിദ്യാർത്ഥികൾക്ക് നൽകിയത്.

ഉച്ചക്ക് നടക്കേണ്ട കമ്പ്യൂട്ടർ അപ്ലിക്കേഷൻ പരീക്ഷയുടെ പേപ്പറും സ്‌കൂളിൽ ലഭിച്ചില്ല. കോഴിക്കോട് ആർ.ഡി.ഡി.ഓഫീസിലെത്തിയാണ് ചോദ്യ പേപ്പർ കരസ്ഥമാക്കിയത്.അപ്പോഴേക്കും പരീക്ഷക്ക് ഏറെ സമയം വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ടിരുന്നു. ചോദ്യ പേപ്പർ ആവശ്യത്തിന് സ്‌കൂളിൽ നൽകിയിട്ടില്ലെന്നും അതിനാലാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും സ്‌കൂൾ പ്രിൻസിപ്പൽ കെ.അബൂബക്കർ പറയുന്നു. എന്നാൽ പ്രിൻസിപ്പലിന്റെ ഭാഗത്ത് നിന്നും കടുത്ത വീഴ്ചയുണ്ടായതായാണ് ആർ.ഡി.ഡി.യുടെ വിശദീകരണം. ഇംപ്രൂവ്മെന്റ് പരീക്ഷ അട്ടിമറിക്കാനുള്ള ശ്രമം ഇതിന് പിന്നിലുണ്ടായിട്ടുണ്ടോയെന്ന് അധിക്യതർ പരിശോധിക്കുന്നുണ്ട്.

പരീക്ഷ നടത്തിപ്പിൽ പ്രശ്നമുണ്ടായതോടെ പരീക്ഷ കഴിഞ്ഞിറങ്ങിയ നാലര മണിയോടെ എസ്.എഫ്.ഐ.പ്രവർത്തകർ പ്രിൻസിപ്പലിനെ ഘൊരാവോ ചെയ്തു. പരീക്ഷ അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അര മണിക്കൂർ കഴിഞ്ഞതോടെ എം.എസ്.എഫിന്റെയും കെ.എസ്.യു.വിന്റെയും നേത്യത്വത്തിൽ വിദ്യാർത്ഥികൾ സ്‌കൂളിലെത്തി. ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചാണ് അവർ സ്‌കൂൾ വിട്ടത്. പരീക്ഷ കുളമായതോടെ പരീക്ഷയെ ട്രോളി വിദ്യാർത്ഥികൾ രംഗത്തെത്തിയിട്ടുണ്ട്.

ലീഗിന്റെ അദ്ധ്യാപക സംഘടനയായ കെ.എച്ച്.എസ്.ടി.യു.വിന്റെ സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന നേതാവ് കൂടിയാണ് പ്രിൻസിപ്പൽ. ചോദ്യ പേപ്പർ പ്രശ്നത്തിൽ സർക്കാറിന്റെ ഭാഗത്ത് നിന്നും നടപടി വരികയാണെങ്കിൽ ശക്തമായി ഇടപെടാനാണ് ലീഗിന്റെ അദ്ധ്യാപക സംഘടനയുടെ തീരുമാനം.സംസ്ഥാന പ്രസിഡണ്ട് കെ.ടി.അബ്ദുൽ ലത്തീഫിന്റെ നേത്യത്വത്തിൽ അദ്ധ്യാപക സംഘടനാ നേതാക്കൾ ഇതേ കുറിച്ച് ചർച്ച ചെയ്യാൻ അടിയന്തര യോഗം ചേർന്നു. പരീക്ഷ നടത്തിപ്പിൽ പ്രിൻസിപ്പൽ നേരത്തെയും നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് സഹപ്രവർത്തകർ വിശദീകരിക്കുന്നു. പലപ്പോഴും പരീക്ഷ ജോലിക്ക് ആവശ്യത്തിന് അദ്ധ്യാപകരെ നിയമിക്കാൻ മടികാണിക്കുന്ന പ്രക്യതമാണ് പ്രിൻസിപ്പലിന്റെത്. ലീഗിന്റെ അദ്ധ്യാപക സംഘനയെ നിലക്ക് നിർത്താനുള്ള പ്രശ്നമായി ഇതിനെ മാറ്റാനാണ് ഹയർസെക്കൻഡറി ജീവനക്കാരുടെ ആലോചന. ചോദ്യ പേപ്പർ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP