Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാരിന്റെ ഔദ്യോഗിക അതിഥിയായ പാത്രിയർക്കീസ് ബാവയ്ക്ക് മഞ്ഞിനിക്കരയിൽ വൻ സുരക്ഷാ വീഴ്ച; തിരക്ക് നിയന്ത്രിക്കാൻ ആകെ മൂന്നു പൊലീസുകാർ; ആൾക്കൂട്ടത്തിൽ നിന്ന് രക്ഷിച്ചെടുത്തത് കമാൻഡോസ്; ഐഎസ് ഭീഷണിയുള്ള ബാവയുടെ ജീവന് ഭീഷണിയുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടെന്ന് ദയറാ അധികൃതർ: ആയിരം തവണ തോറ്റാലും സമാധാന ശ്രമം തുടരുമെന്ന് ബാവ

സർക്കാരിന്റെ ഔദ്യോഗിക അതിഥിയായ പാത്രിയർക്കീസ് ബാവയ്ക്ക് മഞ്ഞിനിക്കരയിൽ വൻ സുരക്ഷാ വീഴ്ച; തിരക്ക് നിയന്ത്രിക്കാൻ ആകെ മൂന്നു പൊലീസുകാർ; ആൾക്കൂട്ടത്തിൽ നിന്ന് രക്ഷിച്ചെടുത്തത് കമാൻഡോസ്; ഐഎസ് ഭീഷണിയുള്ള ബാവയുടെ ജീവന് ഭീഷണിയുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടെന്ന് ദയറാ അധികൃതർ: ആയിരം തവണ തോറ്റാലും സമാധാന ശ്രമം തുടരുമെന്ന് ബാവ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സർക്കാരിന്റെ ഔദ്യോഗിക അതിഥിയായ ആകമാന സുറിയാനി സഭയുടെയ്ക്ക് മഞ്ഞിനിക്കര സന്ദർശന വേളയിൽ സുരക്ഷയൊരുക്കുന്നതിൽ പൊലീസിന്റെ ഭാഗത്ത് നിന്ന വൻ വീഴ്ച. വിശ്വാസികളുടെ കൂട്ടത്തിനിടയിൽപ്പെട്ട് തിക്കും തിരക്കും ചവിട്ടുമേൽക്കേണ്ടി വന്ന ബാവയെ ഒടുവിൽ കമാൻഡോകളും മഞ്ഞിനിക്കര ദയറയിലെ അച്ചന്മാരും ചേർന്ന് ഒരു വിധത്തിൽ രക്ഷിച്ചെടുക്കുകയായിരുന്നു. ഐഎസ് തീവ്രാദികളുടേത് അടക്കം മറുനാട്ടിലും ഇന്നാട്ടിലും നിന്ന് നിരവധി ഭീഷണി നേരിടുന്നയാളാണ് പരിശുദ്ധ ബാവ. അദ്ദേഹത്തിന് സംരക്ഷണം ഒരുക്കാൻ ആകെ സ്ഥലത്തുണ്ടായിരുന്നത് എഎസ്ഐ അടക്കം മൂന്നു പൊലീസുകാർ. അവരാകട്ടെ ബാവ എത്തുന്നതിന് മുൻപ് തന്നെ സ്ഥലം വിട്ടു.

സംഘാടകർ പ്രതീക്ഷിച്ചതിൽ അധിമായിരുന്നു ബാവയെ കാണാനുള്ള വിശ്വാസികളുടെ തിരക്ക്. ഹ്രസ്വസന്ദർശനമായതിനാൽ കൂടുതൽ പേർ ബാവയെ കാണാൻ എത്തില്ല എന്ന ദയറ അധികൃതരുടെ കണക്കു കൂട്ടലും തെറ്റി. വോളണ്ടിയേഴ്സിനെ തയാറാക്കാനും അവർക്ക് കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും സുരക്ഷയൊരുക്കാൻ 50 പൊലീസുകാർ എങ്കിലും കാണുമെന്നാണ് കരുതിയിരുന്നത്. രാവിലെ 11.30 ന് ബാവ എത്തിയതോടെ കണക്കു കൂട്ടൽ പിഴച്ചു. തിക്കിനും തിരക്കിനുമിടയിൽ ബാവ പെട്ടു പോയി. ആർക്കു വേണമെങ്കിലും ഈ സമയം അദ്ദേഹത്തെ അപായപ്പെടുത്താൻ കഴിയുമായിരുന്നുവെന്നും സഹായത്തിന് വേണ്ടി പൊലീസിനെ തിരക്കിയെങ്കിലും ആരും അവിടെ ഉണ്ടായിരുന്നില്ലെന്നും ദയറാ അധികൃതർ പറഞ്ഞു.

സിറിയയിൽ ഐഎസുകാരുടെ നോട്ടപ്പുള്ളിയാണ് ബാവ. ഇന്ത്യയിലും ഐഎസിന് വേരോട്ടമുള്ള സാഹചര്യത്തിൽ അപായ ഭീഷണി നിലനിൽക്കുകയാണെന്നും ദയറാ പിആർഒ ബിനു വാഴമുട്ടം പറഞ്ഞു. 11.30 ന് ദയറയിൽ എത്തിയ ബാവ ഒന്നരയോടെ മടങ്ങി. 1000 തവണ പരാജയപ്പെട്ടാലും സഭയിൽ സമാധാനമുണ്ടാക്കുകയെന്ന ശ്രമത്തിൽ നിന്നും വ്യതിചലിക്കുകയില്ലെന്ന് മഞ്ഞിനിക്കരയിൽ കൂടിയ വിശ്വാസികളോട് ബാവ പറഞ്ഞു.

പ്രസംഗത്തിൽ നിന്ന്: ഒരു സമാധാന ശ്രമവുമായിട്ടാണ് താൻ വന്നിരിക്കുന്നത്. പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവ ചെയ്തതിന്റെ അത്രയും ത്യാഗം ചെയ്യാൻ തനിക്ക് കഴിഞ്ഞെന്നു വരില്ല. എന്നാൽ അതിനായി ശ്രമിക്കുകയാണ്. വിശ്വാസികളുടെ ഇടയിൽ സമാധാനം നടത്തുകയെന്നത് പരിശുദ്ധ പാത്രിയർക്കീസന്മാരുടെ ചുമതലയാണ്. യഥാർത്ഥ സമാധാനത്തിന് ശ്രമിക്കുമ്പോഴും നമ്മുടെ അടിത്തറയും അസ്ഥിത്വവും, അന്തസും, അടിയറ വയ്ക്കുന്ന സമാധാനത്തിന് തയാറാവുകയില്ലെന്ന് ഉറപ്പ് നൽകുന്നു. യഥാർഥമായ സമാധാനം ഉണ്ടാകുന്നതു വരെ ഞാൻ വിശ്രമിക്കുകയില്ല. ഈ പദവിയിലേക്ക് എത്തിയ കാലം മുതൽ സമാധാനത്തിന് ശ്രമിക്കുകയാണ്. മറുഭാഗത്തു നിന്നും അനുകൂല നിലപാടല്ല ഉണ്ടായതെന്നത് നിർഭാഗ്യകരമായ വസ്തുതയാണ്.

ഒരു കോടതിയുടെയും ഒരു വിധിയും ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതല്ല. യഥാർഥമായ സമാധാനം ഉണ്ടാകുന്നത് ദൈവത്തിന്റെ പദ്ധതികൾക്ക് സമർപ്പിക്കുമ്പോഴാണ്. എല്ലാ വിഭാഗത്തിൽ നിന്നും വിട്ടുവീഴ്ച ഉണ്ടാകുമ്പോഴാണ് സമാധാനം ഉണ്ടാകുന്നത്. തീരുമാനം എടുക്കേണ്ടവർക്ക് ദൈവം നല്ല ചിന്ത നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.തന്റെ ആത്മാർത്ഥമായ സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടാൽ പോലും മറുഭാഗത്തു നിന്നും നിസഹകരണമാണെങ്കിലും, വർധിത വീര്യത്തോടെ, സഭ ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ഒരു വിശ്വാസി മാത്രമേ ഉള്ളൂവെങ്കിലും പരിശുദ്ധ അന്തോഖ്യാ സിംഹാസനം അവർക്കൊപ്പം നിൽക്കുമെന്നും ബാവ വ്യക്തമാക്കി.

മോർ ഗീവർഗീസ് കൂറിലോസ് മെത്രാപ്പൊലീത്ത പ്രസംഗം പരിഭാഷപ്പെടുത്തി. രാവിലെ പതിനൊന്നരയോടെയാണ് മോർ സ്തേഫാനോസ് പള്ളിയുടെ മുന്നിൽ പരിശുദ്ധ ബാവ എത്തിയത്. നിയന്ത്രണാതീതമായ ജനക്കുട്ടം മൂലം 10 മിനിറ്റോളം കാറിൽ ഇരുന്ന ശേഷമാണ് പുറത്തിറങ്ങിയത്. അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വാഴട്ടേയെന്ന മുദ്രാവാക്യം വിളികളോടെ വിശ്വാസികൾ തടിച്ച് കൂടുകയായിരുന്നു. മോർ ഗീവർഗീസ് അത്താനാസ്യോസ്, മോർ മിലിത്തിയോസ് യൂഹാനോൻ, മോർ മാത്യൂസ് തേവോദോസ്യോസ് എന്നീ മെത്രാപ്പൊലീത്തമാർ ചേർന്ന് സ്വീകരിച്ചു.

ദയറാ കബറിങ്കലിനു മുന്നിൽ കമാൻഡർ ടിയു കുരുവിളയും സ്വീകരിച്ച് കബറിങ്കലേക്ക് ആനയിച്ചു.കബറിങ്കലെ ധൂപപ്രാർത്ഥനയ്ക്കു ശേഷം പള്ളിക്കുള്ളിൽ വച്ച് ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. ജോസഫ് മോർ ഗ്രീഗോറിയോസ്, മോർ ഗീവർഗീസ് അത്താനാസ്യോസ്, മോർ മിലിത്തിയോസ് യൂഹാനോൻ, മോർ മാത്യൂസ് തേവോദോസ്യോസ്, മോർ തേയോഫിലോസ് കുര്യാക്കോസ്, മോർ അത്താനാസ്യോസ് ഏലിയാസ്, മോർ ഒസ്താത്തിയോസ് ഐ സക്ക്, മോർ കുര്യാക്കോസ ഗ്രീഗോറിയോസ്, മോർ ഈവാനിയോസ് കുര്യാക്കോസ് എന്നീ മെത്രാപ്പൊലീത്തമാരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP