Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മയ്ക്ക് സെവാഗ് പ്രഖ്യാപിച്ച ഒന്നര ലക്ഷം കൈമാറി; മകൻ നഷ്ടപ്പെട്ട നിങ്ങളുടെ വേദന എനിക്ക് മനസ്സിലാവും എന്ന് കുടുംബത്തിന് സാന്ത്വന സന്ദേശം; നേരത്തേ പ്രഖ്യാപിച്ച തുകയുടെ ചെക്കും വീഡിയോ സന്ദേശവും ദൂതൻവഴി എത്തിച്ച് ഇന്ത്യൻ ക്രിക്കറ്റർ; സെവാഗ് ഫൗണ്ടേഷന്റെ സ്‌നേഹദൂതനായി രാഹുൽ ഈശ്വർ

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മയ്ക്ക് സെവാഗ് പ്രഖ്യാപിച്ച ഒന്നര ലക്ഷം കൈമാറി; മകൻ നഷ്ടപ്പെട്ട നിങ്ങളുടെ വേദന എനിക്ക് മനസ്സിലാവും എന്ന് കുടുംബത്തിന് സാന്ത്വന സന്ദേശം; നേരത്തേ പ്രഖ്യാപിച്ച തുകയുടെ ചെക്കും വീഡിയോ സന്ദേശവും ദൂതൻവഴി എത്തിച്ച് ഇന്ത്യൻ ക്രിക്കറ്റർ; സെവാഗ് ഫൗണ്ടേഷന്റെ സ്‌നേഹദൂതനായി രാഹുൽ ഈശ്വർ

അരുൺ ജയകുമാർ

തിരുവനന്തപുരം: ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് ആദിവാസി യുവാവ് മധുവിനെ അട്ടപ്പാടിയിൽ ആൾകൂട്ടം തല്ലികൊന്നത് കേരളത്തിനാകെ തന്നെ നാണക്കേടായിരുന്നു. നിരവധിപേർ ഇതിനെതിരെ രംഗത്ത് വന്നെങ്കിലും പലരുടേയും പ്രതിഷേധം പ്രസ്താവനകളിലും ഫേസ്‌ബുക്കിലും ഒതുങ്ങി. എന്നാൽ ആ കുടുംബത്തിന് ഒരു സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മാതൃകയായത് ഇന്ത്യൻ ക്രിക്കറ്റർ സെവാഗാണ്. പറഞ്ഞ വാക്ക് പാലിച്ച് ഈ തുകയ്ക്കുള്ള ചെക്ക് ഇന്നലെ മധുവിന്റെ വീട്ടിലെത്തിച്ച് അമ്മ മല്ലിക്ക് കൈമാറി. വിരേന്ദർ സേവാഗ് ഫൗണ്ടേഷനാണ് 1.5 ലക്ഷം രൂപ മധുവിന്റെ അമ്മയ്ക്കു നൽകിയിരിക്കുന്നത്.

മാധ്യമപ്രവർത്തകനായ അമൃതാൻഷു ഗുപ്തയ്ക്കു കൈമാറിയ ചെക്ക് രാഹുൽ ഈശ്വർ വഴി അമ്മ മല്ലിക്കു നൽകുകയായിരുന്നു. മധുവിന്റെ കുടുംബത്തെ നേരിട്ട് കാണാൻ സെവാഗിന് താൽപര്യമുണ്ടന്നും അദ്ദേഹത്തെ ഇവിടേക്ക് എത്തിക്കാൻ ശ്രമിക്കുമെന്നും രാഹുൽ ഈശ്വർ മറുനാടൻ മലയാളിയോട് പറഞ്ഞു. പണം നൽകിയതിന് പുറമെ ഒരു വിഡിയോ സന്ദേശവും മധുവിന്റെ കുടുംബത്തിന് നൽകുന്നതിനായി സെവാഗ് കൈമാറിയിരുന്നു.

മധുവിന്റെ അമ്മ മല്ലിയോട് പ്രണാമം പറഞ്ഞാണ് സെവാഗ് സംസാരം തുടങ്ങുന്നത്. നിങ്ങളുടെ മകനെ നഷ്ടപ്പെട്ടതിന്റെ വിഷമം എത്രത്തോളം ഉണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും എന്നും സേവാഗ് വീഡിയോയിൽ പറയുന്നു. നിങ്ങളുടെ മകന്റെ മരണം ഉണ്ടാക്കിയ നഷ്ടത്തിനെ ഒരിക്കലും ഒന്നിനും നികത്താനാകില്ലെന്ന് വ്യക്തമായി തന്നെ അറിയാം.

മധുവിന് തനിക്ക് വിനയത്തോടെ ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണ് ഇത് എന്ന് സേവാഗ് പറയുന്നു. പണവും ഈ വീഡിയോ സന്ദേശവും നിങ്ങളിലേക്ക് എത്തിച്ച ഡിവൈഎസ്‌പി സുബ്രഹ്മണ്യം, രാഹുൽ ഈശ്വർ എന്നിവരോടും സേവാഗ് പ്രത്യേകം നന്ദി പറയുന്നുണ്ട്. ഇന്ത്യയുടെ പൈതൃകത്തിൽ ആദിവാസി സമൂഹത്തിന് വലിയ പങ്കാണ് ഉള്ളത് എന്നും അവരെ കൈവിടാതെ പിന്തുണയ്ക്കേണ്ടത് നമ്മുടെ എല്ലാം ഉത്തരവാദിത്വമാണെന്നും സേവാഗ് പറയുന്നു.

നിങ്ങളുടെ വിഷമങ്ങളും പ്രശ്നങ്ങളും മാറാൻ എന്റെ ഈ എളിയ പ്രവൃത്തി കൊണ്ട് ചെറിയ ഗുണമെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നല്ലത് വരട്ടേയെന്നും പറഞ്ഞാണ് സേവാഗ് വീഡിയോ അവസാനിപ്പിക്കുന്നത്. കേരളത്തിൽ സംഭവിച്ച ഒരു ദൗർഭാഗ്യകരമായ സംഭവമാണ് ഇതെന്ന് സേവാഗ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

മധുവിന്റെ കുടുംബത്തെ നേരിൽ കാണാൻ സേവാഗ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനായി സേവാഗിന്റെ സമയം അനുസരിച്ച് ശ്രമം നടത്തുമെന്ന് രാഹുൽ ഈശ്വർ മറുനാടൻ മലയാളിയോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP