Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസുകാരോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന് കൊലവിളി നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ്; കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മർദ്ദിച്ചുവെന്ന പ്രതിയുടെ രണ്ട് വർഷം മുമ്പത്തെ പരാതിയിൽ നിറയുന്നത് താനും കമ്മ്യൂണിസ്റ്റ് എന്ന വസ്തുതയും; ചിതറയിലെ വ്യക്തിവൈരാഗ്യകൊലയിൽ രാഷ്ട്രീയം കണ്ടെത്താൻ ഉറച്ച് പൊലീസ്; സിപിഎം ബ്രാഞ്ച് അംഗത്തിന്റെ കൊലയിൽ ചാമക്കാലയെ ഉന്നം വയ്ക്കുന്നതും കോൺഗ്രസിനെ പ്രതിസ്ഥാനത്ത് നിർത്താൻ; പ്രതി ഷാജഹാന്റെ രാഷ്ട്രീയം ചർച്ചയാകുമ്പോൾ

കോൺഗ്രസുകാരോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന് കൊലവിളി നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ്; കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മർദ്ദിച്ചുവെന്ന പ്രതിയുടെ രണ്ട് വർഷം മുമ്പത്തെ പരാതിയിൽ നിറയുന്നത് താനും കമ്മ്യൂണിസ്റ്റ് എന്ന വസ്തുതയും; ചിതറയിലെ വ്യക്തിവൈരാഗ്യകൊലയിൽ രാഷ്ട്രീയം കണ്ടെത്താൻ ഉറച്ച് പൊലീസ്; സിപിഎം ബ്രാഞ്ച് അംഗത്തിന്റെ കൊലയിൽ ചാമക്കാലയെ ഉന്നം വയ്ക്കുന്നതും കോൺഗ്രസിനെ പ്രതിസ്ഥാനത്ത് നിർത്താൻ; പ്രതി ഷാജഹാന്റെ രാഷ്ട്രീയം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കടയ്ക്കൽ : ചിതറയിൽ സിപിഎം. ബ്രാഞ്ച് അംഗം മുഹമ്മദ് ബഷീറിന്റെ കൊലപാതകത്തിൽ ഒടുവിൽ പൊലീസ് രാഷ്ട്രീയ പക കണ്ടെത്തി. ഇതൊരു രാഷ്ട്രീയ കൊലയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ വ്യക്തിവൈരാഗ്യമാണ് കൊലയെന്ന് ബഷീറിന്റെ ബന്ധുക്കളും പറഞ്ഞു. ഇതിനിടെയാണ് കൊലയിൽ രാഷ്ട്രീയം പൊലീസ് കണ്ടെത്തുന്നത്. പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഈ സൂചനയുണ്ടത്. എന്നാൽ, പ്രതി ഷാജഹാൻ സിപിഎം. അനുഭാവിയാണെന്നാണ് സഹോദരൻ സുലൈമാൻ പറയുന്നത്. ഇതോടെ പൊലീസിന്റെ നിലപാട് സംശയത്തിലുമായിരിക്കും. റിമാൻഡ് റിപ്പോർട്ടിലുംകൊലപാതകം വ്യക്തി വൈരാഗ്യം മൂലമാണെന്നു വ്യക്തമാക്കുന്നുണ്ടെന്നതാണ് മറ്റൊരു വസ്തുത.

കോൺഗ്രസുകാരോട് കളിച്ചാൽ ഇങ്ങനെയിരിക്കും എന്ന് സംഭവത്തിനുശേഷം ഷാജഹാൻ വിളിച്ചുപറഞ്ഞതായി മുഹമ്മദ് ബഷീറിന്റെ സഹോദരൻ സലാഹുദീൻ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. സലാഹുദീന്റെ വീട്ടിലാണ് മുഹമ്മദ് ബഷീർ താമസിച്ചിരുന്നത്. ഇവിടെ െവച്ചാണ് കൊലപാതകം നടന്നത്. എന്നാൽ രണ്ടുവർഷംമുമ്പ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ തന്നെ മർദിച്ചെന്നു കാട്ടി ഷാജഹാൻ പൊലീസിൽ നൽകിയ പരാതിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. പരാതിയിൽ കടയ്ക്കൽ പൊലീസ് അന്വേഷണവും നടത്തിയിരുന്നു. അന്ന് ഷാജഹാന് വേണ്ടി നിലകൊണ്ടത് ഒരു സിപിഎം. ബ്രാഞ്ച് സെക്രട്ടറിയാണ്. ഇതും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലെ പരാമർശത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നു.

ഷാജഹാൻ സിപിഎം. അനുഭാവിയാണെന്ന് സഹോദരൻ സുലൈമാൻ പറഞ്ഞു. ഷാജഹാൻ കോൺഗ്രസുകാരനാണെന്ന് ഇപ്പോൾ പറയുന്നതെന്താണെന്ന് അറിയില്ലെന്നും ഷാജഹാന്റെ പാർട്ടിയേതെന്ന് നാട്ടുകാർക്കൊക്കെ അറിയാമെന്നും സുലൈമാൻ പറഞ്ഞു. ഇതോടെ ഷാജഹാന്റെ രാഷ്ട്രീയം ചിതറയിൽ വീണ്ടും സജീവമാകുകയാണ്. ഈ സാഹചര്യത്തിൽ സിപിഎം., കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കൊലപാതകം രാഷ്ര്ടീയ പ്രേരിതമാണോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. ബഷീറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കടയ്ക്കലിൽ ഹർത്താലും പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു സിപിഎം. കോടിയേരിക്കു പുറമെ മന്ത്രി ഇ.പി. ജയരാജനും കൊലയിൽ രാഷ്ട്രീയ ആരോപണം ഉന്നയിച്ചിരുന്നു.

കൊലപാതകം നടക്കുന്നതിനുമുൻപുണ്ടായ സംഘർഷത്തിൽ ഷാജഹാന് പരിക്കേറ്റിരുന്നു. ഇതിന്റെ പേരിൽ മരിച്ച മുഹമ്മദ് ബഷീറിനെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിനുശേഷം നടന്ന പിടിവലിക്കിടെ ബഷീറിന്റെ ബന്ധു നുസൈഫയെ ആക്രമിക്കാനും അപമാനിക്കാനും ശ്രമിച്ചതിനെതിരേയും കൊലക്കുറ്റത്തിനു പുറമേ ഷാജഹാനെതിരേ കേസുണ്ട്. നിരന്തരം അക്രമസ്വഭാവം കാണിക്കുന്നയാളാണ് ഷാജഹാനെന്നാണ് സൂചന. സഹോദരൻ സുലൈമാൻ ഉൾപ്പെടെയുള്ളവരെ ഇയാൾ മുൻപ് കുത്തിപ്പരിക്കേൽപ്പിച്ചിട്ടുള്ളതായും പൊലീസ് പറഞ്ഞു.

ഇയാളുടെ രാഷ്ട്രീയം സംബന്ധിച്ചും രാഷ്ട്രീയവൈരാഗ്യത്തെ തുടർന്നാണോ കൊലപാതകമെന്നതിനെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. വ്യക്തിവിരോധത്തിന്റെ പേരിലാണു ബഷീറിനെ കുത്തിക്കൊലപ്പെടുത്തിയതെന്നു തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ ഷാജഹാനും പൊലീസിനോടു സമ്മതിച്ചു. കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയം ഇല്ലെന്നു ബഷീറിന്റെയും ഷാജഹാന്റെയും ബന്ധുക്കളും വ്യക്തമാക്കുന്നു. ഇതെ തുടർന്ന് മാധ്യമങ്ങളോടു ബന്ധുക്കൾ കാര്യങ്ങൾ വിശദീകരിക്കുന്നതിനു പാർട്ടി കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണു വീടിനു മുന്നിൽവച്ചു ബഷീർ കുത്തേറ്റു മരിച്ചത്. ഇരട്ടപ്പേര് വിളിച്ചതിന്റെ വൈരാഗ്യത്തിനു ഷാജഹാൻ ബഷീറിനെ കുത്തിക്കൊന്നുവെന്നാണ് ആദ്യം മുതൽ പൊലീസ് നിലപാട്. രാത്രിയോടെയാണു കോൺഗ്രസ് പ്രവർത്തകൻ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയത്.

ജ്യേഷ്ഠൻ മാത്രമല്ല, കുടുംബപാരമ്പര്യമായി ഞങ്ങളെല്ലാവരും കമ്യൂണിസ്റ്റുകാരാണ്. ഇങ്ക്വിലാബ് വിളിക്കാനും കൊടിപിടിക്കാനുമൊന്നും പോകാറില്ലെങ്കിലും തിരഞ്ഞെടുപ്പ് വരുമ്പോൾ വോട്ട് കമ്യൂണിസ്റ്റുകാർക്കാണു നൽകുക. ജ്യേഷ്ഠന് ഇടയ്ക്കു സുഖമില്ലാതെ വരും. അപ്പോൾ അക്രമാസക്തനാകും. ഒന്നോ രണ്ടോ പേർ പിടിച്ചാൽപോലും നിൽക്കില്ല. എന്താണു ചെയ്യുന്നതെന്നും പറയുന്നതെന്നും അപ്പോൾ അറിയാറുമില്ല. മൂന്നുമാസം മുൻപ് എന്റെ നേർക്കും ഇങ്ങനെയൊരു സംഭവമുണ്ടായിയെന്നാണ് പ്രതി ഷാജഹാന്റെ സഹോദരൻ സുലൈമാൻ പറയുന്നത്. ബഷീർ സിപിഎം മഹാദേവർകുന്ന് ബ്രാഞ്ച് കമ്മിറ്റിയംഗമാണ്. കൊലപാതകത്തിൽ രാഷ്ട്രീയമില്ല. മരച്ചീനി ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കൊല്ലപ്പെട്ട ബഷീറിന്റെ സഹോദരിയുടെ മകൾ അബൂസാ ബീവിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെയിലും രാഷ്ട്രീയം കണ്ടെത്താനാണ് പൊലീസ് ശ്രമം.

അതിനിടെ ചിതറ കൊലപാതകവുമായി ബന്ധപ്പെട്ടു സമൂഹ മാധ്യമങ്ങളിലൂടെ ചിലർ തനിക്കെതിരെ അപമാനകരമായ പ്രചാരണം നടത്തുകയാണെന്നു ചൂണ്ടിക്കാട്ടി കെപിസിസി സെക്രട്ടറിയും കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗവുമായ ജ്യോതികുമാർ ചാമക്കാല സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകി. സംഭവം നടന്ന പഞ്ചായത്തിലോ നിയോജകമണ്ഡലത്തിലോ താമസക്കാരനല്ലാത്ത താൻ കൊല്ലപ്പെട്ടയാളെയോ പ്രതിയെയോ ഇന്നുവരെ നേരിൽ കണ്ടിട്ടില്ല. എന്നിട്ടും തന്നെ സംഭവവുമായി ബന്ധിപ്പിച്ച് അപകീർത്തികരമായ പോസ്റ്റുകൾ ചിലർ ഇടുകയാണ്. അഞ്ചു ഫെയ്‌സ് ബുക് അക്കൗണ്ടുകളുടെയും ഒരു വാട്‌സാപ് ഗ്രൂപ്പിന്റെയും പേരുകളും പോസ്റ്റുകളുടെ സ്‌ക്രീൻ ഷോട്ടും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP