Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്‌കൃത സർവ്വകലാശാലയുടെ തുറവൂർ ഓഫീസിൽ കയറി എസ്എഫ്ഐ നേതാക്കളുടെ അഴിഞ്ഞാട്ടം; എഴുത്തുകാരൻ കൂടിയായ അദ്ധ്യാപകനെ വിദ്യാർത്ഥികളുടെ മുമ്പിൽ ഇട്ടു പൊതിരെ തല്ലി; പരിക്കേറ്റ അദ്ധ്യാപകൻ ചികിത്സയിൽ: പ്രകോപനമായത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് മറ്റൊരു അദ്ധ്യാപകനെ ഉപദ്രവിച്ചതിനെതിരെ നിലപാട് എടുത്തത്

സംസ്‌കൃത സർവ്വകലാശാലയുടെ തുറവൂർ ഓഫീസിൽ കയറി എസ്എഫ്ഐ നേതാക്കളുടെ അഴിഞ്ഞാട്ടം; എഴുത്തുകാരൻ കൂടിയായ അദ്ധ്യാപകനെ വിദ്യാർത്ഥികളുടെ മുമ്പിൽ ഇട്ടു പൊതിരെ തല്ലി; പരിക്കേറ്റ അദ്ധ്യാപകൻ ചികിത്സയിൽ: പ്രകോപനമായത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് മറ്റൊരു അദ്ധ്യാപകനെ ഉപദ്രവിച്ചതിനെതിരെ നിലപാട് എടുത്തത്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മദ്യലഹരിയിൽ അദ്ധ്യാപകന് വധഭീഷണി മുഴക്കിയതിനെതിരെ ശക്തമായ നിലപാട് എടുത്ത മറ്റൊരു അദ്ധ്യാപകനെ എസ്എഫ്‌ഐ പ്രവർത്തകർ കോളജ് ക്യാമ്പസിൽ കയറി പൊതിരെ തല്ലി. ഏതാനും ആഴ്ചകളായി സംസ്‌കൃത സർവ്വകലാശാല തുറവൂർ ഓഫീസിൽ നിലനിൽക്കുന്ന സംഘർഷത്തിന്റെ ഭാഗമായാണ് അദ്ധ്യാപകന് മർദ്ദനമേറ്റത്. എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം സംസ്‌കൃത സർവ്വകലാശാലയുടെ ഓഫീസിലെ സ്റ്റാഫ് റൂമിൽ ഇരച്ചുകയറിയാണ് മലയാളം അദ്ധ്യാപകനും, അറിയപ്പെടുന്ന സാഹിത്യ നിരൂപകനുമായ ഷാജി ജേക്കബിനെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൽ പരുക്കേറ്റ ഷാജിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അനുവദിക്കാതെ എസ്എഫ്‌ഐ നേതാക്കൾ തടഞ്ഞു വച്ചു. അദ്ധ്യാപകരുടെ ഇടപെടലിന് ഒടുവിൽ ഷാജി ജേക്കബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏതാനും ആഴ്ചകളായി ക്യാമ്പസിൽ തുടരുന്ന സംഘർഷങ്ങളുടെ ഭാഗമായി അദ്ധ്യാപകനെതിരെ എസ്എഫ്‌ഐ പ്രവർത്തകരായ വിദ്യാർത്ഥികളെ കൊണ്ട് കള്ളക്കേസ് കൊടുത്തതിന്റെ പിന്നാലെയാണ് പ്രകോപനം ഒന്നുമില്ലാതെ അക്രമണം. ഈ ക്യാമ്പസിൽ ഇനി മേലിൽ കണ്ടു പോവരുതെന്നു ആക്രോശിച്ച് അസഭ്യ വർഷങ്ങൾക്കൊണ്ട് ആദ്യം നേരിടുകയും പിന്നാലെ സംഘം ചേർന്ന് അക്രമിക്കുകയുമായിരുന്നുവെന്ന് സംഭവസ്ഥലത്ത് സാക്ഷികളായ മറ്റ് അദ്ധ്യാപകർ മറുനാടൻ മലയാളിയോട് പറഞ്ഞു. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് മദ്യലഹരിയിൽ എത്തി മറ്റൊരു അദ്ധ്യാപകനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിന്റെ തുടർച്ചയാണ് ഇതും അരങ്ങേറിയത്. ഇവരടക്കം മൂന്നു പേർക്കെതിരെ അച്ചടക്ക നടപടി എടുക്കാൻ യൂണിവേഴ്‌സിറ്റിക്കു ശുപാർശ പോയതോടെ ആദ്യം ഷാജി ജേക്കബിനെ സ്ത്രീപീഡന കേസിൽ കുരുക്കാൻ ആയിരുന്നു ശ്രമം.

ഇതിന്റെ ഭാഗമായി പെൺകുട്ടികളുടെ വീഡിയോ എടുത്തു എന്നാരോപിച്ച് എസ്എഫ്‌ഐ പ്രവർത്തകരായ വിദ്യാർത്ഥിനികൾ വൈസ് ചാൻസിലർക്കു പരാതി നൽകിയിരുന്നു. ഈ പരാതി വൈസ് ചാൻസിലർ പൊലീസിന് കൈമാറിയതോടെ ഇന്നു പൊലീസ് സ്‌റ്റേഷനിൽ എത്താൻ ഷാജിക്ക് നിർദ്ദേശം നൽകിയിരുന്നു. പൊലീസ് സ്റ്റേഷനിലേയ്ക്ക് പുറപ്പെടാൻ ഒരുങ്ങുന്നതിന് തൊട്ടുമുമ്പാണ് എസ്എഫ്‌ഐ പ്രവർത്തകർ വളഞ്ഞിട്ടു മർദ്ദിച്ചത്. അസഭ്യം പറഞ്ഞുകൊണ്ട് അക്രമിക്കാൻ എത്തിയ വിദ്യാർത്ഥികളും പ്രവർത്തകരും അടങ്ങുന്ന സംഘത്തിന്റെ വീഡിയോ മൊബൈലിൽ റെക്കോർഡ് ചെയ്തതായിരുന്നു ഇവരെ പ്രകോപിപ്പിച്ചത്.

ജൂലൈ 13ന് തുറവൂർ കേന്ദ്രത്തിൽ മൂന്ന് വിദ്യാർത്ഥികൾ മദ്യപിച്ച് എത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. മദ്യപിച്ച് ബഹളമുണ്ടാക്കിയ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റായ ശരത് ചന്ദ്രൻ, വിനോദ് എന്ന അദ്ധ്യാപകന്റെ കഴിത്തിന് കുത്തിപ്പിടിച്ച് വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തിൽ അന്വേഷണ കമ്മീഷനെ വെക്കുകയും മൂന്ന് പേരും കുറ്റക്കാരാണെന്ന് വ്യക്തമാകുകയും ചെയ്തു. തെളിവെടുപ്പിന്റെ ഘട്ടത്തിൽ ഈ വിദ്യാർത്ഥിക്കെതിരെ മലയാളം വിഭാഗത്തിലെ മൂന്ന് വിദ്യാർത്ഥിനികൾ ഒഴികെ എല്ലാവരും പരാതി പറയുകയും ചെയ്തു. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കെതിരെ അന്വേഷണം ഉറപ്പായ ഘട്ടത്തിലാണ് കാമ്പസിൽ അച്ചടക്കത്തിന് കാർക്കശ്യ നിലപാട് സ്വീകരിച്ച അദ്ധ്യാപകനെതിരെ മൂന്ന് വിദ്യാർത്ഥികൾ പീഡന ആരോപണം ഉന്നയിച്ച് പരാതി നൽകിയത്.

എസ്എഫ്‌ഐ വിദ്യാർത്ഥികൾക്കുവേണ്ടി ഹാജർ തിരിമറി അടക്കമുള്ള വിഷയങ്ങളിൽ ഇടപെട്ടതിനാൽ ഷാജി ജേക്കബിനെതിരെ ചില അദ്ധ്യാപകർക്കും പരാതിയുണ്ടായിരുന്നു. ഇവർ കൂടി ഉൾപ്പെട്ടാണ് അദ്ധ്യാപകനെതിരെ പരാതി നൽകിയത്. മദ്യപിച്ച് അലമ്പുണ്ടാക്കിയ വിദ്യാർത്ഥികളെ സംരക്ഷിക്കാനായി അന്വേഷണ കമ്മീഷനെതിരെ പരാതിയുമായി ഇതിനിടെ ചില വിദ്യാർത്ഥിനികൾ എത്തി. അഞ്ച് പേർ ഒപ്പിട്ട പരാതിയിൽ രണ്ട് വിദ്യാർത്ഥിനികളുടെ ഒപ്പ് വ്യാജമാണ് താനും. ഈക്കാര്യവും വെളിയിൽ വരുമെന്നുറപ്പായതോടെയാണ് ചിലരുടെ താൽപ്പര്യത്താൽ ഷാജി ജേക്കബിനെതിരെ പരാതി നൽകിയത്.

വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്നും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് വിദ്യാർത്ഥിനികൾ വൈസ് ചാൻസലർക്ക് പരാതി നൽകിയത്. വരാന്തയിൽ നിൽക്കുമ്പോൾ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഷാജി ജേക്കബ് ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നും സംഭവം ചോദ്യം ചെയ്തപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാർത്ഥിനികളുടെ പരാതി. സംഭവത്തിൽ വിസിക്കു വാക്കാൽ പരാതി നൽകിയെന്ന് അറിഞ്ഞ ഷാജി ജേക്കബും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ അദ്ധ്യാപകരും തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പരാതിപ്പെട്ടു.

ഓഗസ്റ്റ് 19നു ക്യാമ്പസ് വിട്ടു പുറത്തിറങ്ങിയ പെൺകുട്ടികളിലൊരാളെ ബൈക്കിലെത്തിയ രണ്ടു പേർ തടഞ്ഞു നിർത്തി പഠിക്കാൻ സമ്മതിക്കില്ലെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. എന്നാൽ, ഇത്തരത്തിരു സംഭവം ഉണ്ടായിട്ടില്ലെന്നും എസ്എഫ്‌ഐയിലെ തന്നെ ഒരു ചെറിയ വിഭാഗത്തിന്റെ താൽപ്പര്യങ്ങളാണ് ആരോപണത്തിന് പിന്നിലെന്നും വ്യക്തമായിട്ടുണ്ട്. ഇതോടെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ള വിദ്യാർത്ഥികളെ സെന്ററിൽ നിന്നും പുറത്താക്കുമെന്ന് ഉറപ്പായതോടെ അദ്ധ്യാപകനെ തല്ലാൻ ഇവർ കൂട്ടം ചേർന്ന് എത്തുകയായിരുന്നു.

എഴുത്തുകാരൻ എന്ന നിലയിൽ കടുത്ത ഭാഷയും നിലപാടും എടുക്കുന്ന ഷാജി ജേക്കബ് സിപിഐ(എം) കേന്ദ്രങ്ങളിൽ എക്കാലത്തും ശത്രുവായിരുന്നു. മുമ്പ് ഷാജിക്കെതിരെ നിരന്തരമായി പരാതി നല്കിയും കള്ളക്കേസ് എടുത്തും എസ്എഫ്‌ഐ സിപിഐ(എം) പ്രവർത്തകർ വൈരാഗ്യം തീർത്തിരുന്നു. ആരോപണങ്ങളെ തുടർന്ന് നിയമവിരുദ്ധമായി ഷാജിയെ ഇടയ്ക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. അന്വേഷണത്തിൽ എല്ലാം വ്യാജം ആണ് എന്നു തെളിഞ്ഞ ശേഷം വീണ്ടും അഴിമതിക്കെതിരെ നിലപാട് എടുത്തതുകൊണ്ട് ഷാജിയെ അക്രമത്തിന് ഇരയാക്കുകയാണ്. മുമ്പ് ഇന്ത്യാ ടുഡേയിൽ ലേഖകനായിരുന്ന ഷാജിയുടെ നിശിതമായ നിരൂപണങ്ങൾ സാഹിത്യ ലോകത്ത് വൻ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. സിപിഐ(എം) അനുഭാവിയായ ചില എഴുത്തുകാരെ കടുത്ത ഭാഷയിൽ വിമർശിച്ചതും ഷാജി ജേക്കബിന് പാരയാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP