Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മത്സരാർത്ഥിയായ മകളെ സ്റ്റേജിൽനിന്ന് എറിഞ്ഞ് കൊല്ലുമെന്ന് പറഞ്ഞ് പ്രതിഷേധിച്ചത് എന്തിന്? കലോത്സവ വേദികളിൽ ഒരു വിഭാഗം ജഡ്ജിമാർ നടത്തുന്നത് വൻ തട്ടിപ്പോ? മത്സരവിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കലോത്സവ വേദിയിൽ രോഷ പ്രകടനം നടത്തിയ മട്ടാഞ്ചേരിയിലെ ചുമട്ട് തൊഴിലാളി ഷമീർ മറുനാടനോട് പ്രതികരിക്കുന്നു

മത്സരാർത്ഥിയായ മകളെ സ്റ്റേജിൽനിന്ന് എറിഞ്ഞ് കൊല്ലുമെന്ന് പറഞ്ഞ് പ്രതിഷേധിച്ചത് എന്തിന്? കലോത്സവ വേദികളിൽ ഒരു വിഭാഗം ജഡ്ജിമാർ നടത്തുന്നത് വൻ തട്ടിപ്പോ? മത്സരവിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കലോത്സവ വേദിയിൽ രോഷ പ്രകടനം നടത്തിയ മട്ടാഞ്ചേരിയിലെ ചുമട്ട് തൊഴിലാളി ഷമീർ മറുനാടനോട് പ്രതികരിക്കുന്നു

പ്രകാശ് ചന്ദ്രശേഖർ

മുവാറ്റുപുഴ: ഇന്നലെ എറണാകുളം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിനിടെ നൃത്തമത്സരങ്ങൾ നടക്കുന്നതിനിടയിലാണ് മത്സരാർത്ഥിയായ മകളെ സ്റ്റേജിൽനിന്നും എറിഞ്ഞ് കൊല്ലുമെന്ന ഭീഷണിപ്പെടുത്തി പിതാവ് രംഗത്തെത്തിയത്. വിധികർത്താക്കൾ പണംവാങ്ങി വിധിയെഴുതുന്നു എന്ന ആക്ഷേപം ഉയർത്തിയാണ് മട്ടാഞ്ചേരിയിലെ ചുമട്ട് തൊഴിലാളിയായ ഷമീർ പരസ്യമായി പ്രതികരിച്ചത്. എന്നാൽ സംഭവത്തിന് പിന്നിലെ യാഥാർഥ കാര്യം മറുനാടനോട് വിശദീകരിക്കുകയാണ് ഷമീർ.

'തന്റെ മകൾ മികച്ച രീതിയിൽ തന്നെ മത്‌സരിച്ചിരുന്നു. എന്നാൽ വിധികർത്താക്കൾ മറ്റുള്ളവരുടെ കൈയിൽ നിന്നും കാശ് വാങ്ങി തന്റെ മകളെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളുകയായിരുന്നു. എന്നാൽ ഇന്ന് നാടോടിനൃത്തത്തിന് നല്ല ജഡ്ജസായിരുന്നു. അതുകൊണ്ട് ഇന്ന് മകൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ഇനി അടുത്ത മത്സരമായ മോഹിനിയാട്ടത്തിന്റെ വിധിക്കായി കാത്തിരിക്കുകയാണ്' ഷമീർ പറയുന്നു.

എറണാകുളത്തെ മാർക്കറ്റിലെ ചുമട്ട് തൊഴിലാളിയായ ഷമീർ മകളെ വളരെ ബുദ്ധിമുട്ടിയാണ് നൃത്തം പഠിപ്പിക്കുന്നത്. തന്റെ മകളുടെ കലാവാസന കണ്ട് കൂടെയുള്ള ജോലിക്കാരും മാർക്കറ്റിലെ യൂണിയൻ പ്രവർത്തകരും ഒരുപാട് സഹായിച്ചു. അവർ നൽകുന്ന പിന്തുണ വളരെ വലുതാണ്. തന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണ്ട് മാർക്കറ്റിലെ നല്ല വരുമാനം കിട്ടുന്ന പൂളിലേക്ക് മാറ്റിയ യൂണിയനുകാരെയും ഷമീർ നന്ദി പറയുന്നു.

സംസ്ഥാനത്ത് ജില്ലാ തല കലോത്സവങ്ങൾ നടക്കുന്നതിനിടെ വിധികർത്താക്കൾ പണംവാങ്ങി വിധിയെഴുതുന്നു എന്ന ആക്ഷേപം ഉയരുകയാണ് പല ജില്ലകളിലും. എറണാകുളം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിനിടെ നൃത്തമത്സരങ്ങൾ ഇത്തരത്തിൽ അട്ടിമറിക്കപ്പെടുന്നു എന്ന ആക്ഷേപമാണ് ഇന്നലെ സംഘർഷത്തിലേക്ക് നീങ്ങിയത്. ഇതോടെ മത്സരാർത്ഥിയായ മകളെ സ്റ്റേജിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊല്ലുമെന്ന ഭീഷണിയുയർത്തി പ്രതിഷേധവുമായി ഒരു രക്ഷിതാവായ ഷമീർ നിലകൊണ്ടത് വലിയ ഭീതിയും സൃഷ്ടിച്ചു.

മത്സരാർഥിയായ മകളെ സ്റ്റേജിൽനിന്നും എറിഞ്ഞ് കൊലപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചായിരുന്നു ഷമീറിന്റെ രോഷപ്രകടനം. ഏറെ നേരത്തെ വാക്കുതർക്കത്തിന് ശേഷവും അധികൃതർ ഒരു നിലപാടും സ്വീകരിക്കാതിരുന്നതാണ് മത്സരാർത്ഥിയുടെ പിതാവിനെ പ്രകോപിതനാക്കിയത്. മാധ്യമപ്രവർത്തകരുടേയും സദസിൽ ഉണ്ടായിരുന്നവരുടെയും സമയോചിത ഇടപെടലിനെ തുടർന്നാണ് രക്ഷിതാവിനെ അനുനയിപ്പിക്കാൻ കഴിഞ്ഞത്.

ഉച്ചക്ക് രണ്ട് മണിയോടടുത്ത് യു.പി വിഭാഗം കുച്ചിപ്പുടി മത്സരം നടന്ന വെള്ളൂർക്കുന്നം ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് സംഘർഷം ഉണ്ടായത്. വിധികർത്താക്കൾ പണം വാങ്ങിയാണ് വിധി പ്രഖ്യാപിച്ചതെന്ന് ആരോപിച്ച് മട്ടാഞ്ചേരി പുളിക്കൽ ഷമീറാണ് മകൾ സഹലക്കൊപ്പം വേദിയിൽ എത്തി ക്ഷുഭിതനായത്. ഒരുഘട്ടത്തിൽ താനും മോളും ജീവനോടെ ഇവിടെനിന്ന് പോകുന്നില്ലെന്നും മകളെ എറിഞ്ഞുകൊല്ലാൻ പോകുകയാണെന്നും വ്യക്തമാക്കിയശേഷം എടുത്ത് ഉയർത്തി താഴേക്കിടാൻ ശ്രമിച്ചു.

ഉടൻ സമീപത്ത് നിന്നിരുന്നവർ ഇടപെട്ടതിനെ തുടർന്നാണ് ഷമീർ ഈ നിക്കത്തിൽനിന്നും പിന്മാറിയത്. തുടർന്ന് മകളെ സ്റ്റേജിൽ ഇരുത്തുകയും ഒപ്പം വിധി പുന പരിശോധിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലന്നായിരുന്നു അധികൃതരുടെ നിലപാട്. യു.പി വിഭാഗ മത്സരങ്ങൾ ജില്ലാതലത്തിൽ അവസാനിക്കും എന്നിരിക്കെ അപ്പിലീനുള്ള അവസരവും ഇല്ല എന്നതാണ് പ്രശ്‌നം രൂക്ഷമാക്കിയത്.

യു.പി വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ എറണാകുളം സെന്റ് തെരേസാസ് സ്‌കൂളിലെ വിദ്യാർത്ഥി മീനാഷി സംഗീതിനാണ് കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനം ലഭിച്ചത്. എന്നാൽ ഈ തീരുമാനം തെറ്റാണെന്നും വിധികർത്താക്കൾ സ്വാധീനത്തിനു വഴങ്ങി നൽകിയതാണെന്നും സഹലയുടെ പിതാവ് ഷമീർ വാദിച്ചു. സംഭവം പ്രശ്‌നത്തിലേക്ക് നീങ്ങിയതോടെ പൊലീസും കൂടുതൽ സംഘാടകരും സ്ഥത്തെത്തി. ഏറെ നേരം പണിപ്പെട്ടതിനുശേഷമാണ് പിതാവിനെയും ഒപ്പമുണ്ടായിരുന്നവരേയും നിയന്ത്രിക്കാനായത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP