Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമുസ്‌ലീങ്ങളെ നോക്കരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വാദിച്ച് ശംസുദ്ദീൻ പാലത്ത്; ഐസിസ് അനുകൂല ബ്ലോഗും തീവ്രസലഫി നേതാക്കളുടെ ബന്ധവും പരിശോധിക്കാൻ അന്വേഷണ ഏജൻസികൾ; സലഫി പണ്ഡിതന്റെ പ്രസംഗത്തിന് ഐസിസ് ആശയങ്ങളുമായി സാമ്യതകളേറെയെന്ന് നിരീക്ഷണം

അമുസ്‌ലീങ്ങളെ നോക്കരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വാദിച്ച് ശംസുദ്ദീൻ പാലത്ത്; ഐസിസ് അനുകൂല ബ്ലോഗും തീവ്രസലഫി നേതാക്കളുടെ ബന്ധവും പരിശോധിക്കാൻ അന്വേഷണ ഏജൻസികൾ; സലഫി പണ്ഡിതന്റെ പ്രസംഗത്തിന് ഐസിസ് ആശയങ്ങളുമായി സാമ്യതകളേറെയെന്ന് നിരീക്ഷണം

എം പി റാഫി

മലപ്പുറം: വർഗീയത വളർത്തുന്ന വിധത്തിൽ സലഫി പണ്ഡിതൻ ശംസുദ്ദീൻ പാലത്ത് നടത്തിയ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ തീവ്ര സലഫി ആശയത്തിന്റെ വക്താക്കളായ സലഫി നേതാക്കളുടെ പ്രസംഗങ്ങൾ നിരീക്ഷിച്ച് അന്വേഷണ ഏജൻസികൾ. ശംസുദ്ദീൻ പാലത്ത് നടത്തിയ പ്രസംഗത്തിലുള്ളത് ഐസിസിന്റേതിന് സമാനമായ ആശയങ്ങളാണുള്ളതെന്ന വിലയിരുത്തൽ ശക്തമാണ്. സമാനമായ ആശയങ്ങളാണ് മലയാളത്തിലെ ഐസിസ് അനുകൂല ബ്ലോഗിലെന്ന് പലയാളുകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഐസിസ് അനുകൂല ബ്ലോഗിന് പിന്നിലാര് എന്ന വിധത്തിലേക്കാണ് അന്വേഷണം ഇപ്പോൾ നീളുന്നത്.

2015ലാണ് ഐസിസ് ആശയങ്ങളെ അനുകൂലിച്ചു കൊണ്ട് അൽ മുഹാജിറൂൻ ബ്ലോഗ് പ്രവർത്തനം തുടങ്ങിയത്. കേരളത്തിൽ നിന്നും മലയാളികളെ റിക്രൂട്ട് ചെയ്യുന്നതിനും ആശയപ്രചരണത്തിനും ഉപയോഗിച്ചിരുന്ന പ്രധാന ഘടകമായിരുന്നു. കേന്ദ്ര സംസ്ഥാന ഏജൻസികൾ വേഡ് പ്രസിന് റിപ്പോർട്ട് നൽകി ഈ ബ്ലോഗ് പൂട്ടിച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു. ഇത് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഒന്നര വർഷക്കാലം സജീവമായി പ്രവർത്തിച്ചിരുന്ന ഈ മലയാളം ബ്ലോഗിനു പിന്നിൽ ആരെല്ലാം പ്രവർത്തിച്ചു എന്നത് കണ്ടെത്തിയാൽ കേരളത്തിലെ ഐഎസ് ബന്ധത്തിന്റെ അടിവേര് കണ്ടെത്താൻ സാധിക്കും.

അൽ മുഹാജിറൂൻ ബ്ലോഗും അൻസാറുൽ ഖിലാഖ കേരള എന്ന ഫേസ്‌ബുക്ക് അക്കൗണ്ടുമായിരുന്നു മലയാളത്തിൽ ഐഎസിന്റെ ഔദ്യോഗിക ചിഹ്നങ്ങളും ആശയങ്ങളുമായി പ്രവർത്തിച്ചിരുന്നത്. അൻസാറുൽ ഖിലാഫ ഫേസ്‌ബുക്ക് പേജ് വന്നയുടനെ പൂട്ടി പോവുകയും ചെയ്തു. എന്നാൽ പിന്നീട് കേരളത്തിൽ ഐഎസിന് ഏറെ വളക്കൂറുണ്ടാക്കുന്നതിന് അൽ മുഹാജിറൂൻ ബ്ലോഗായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ മലയാളത്തിലെ വേദഗ്രന്ഥമായിട്ടായിരുന്നു ഇതിനെ കണ്ടിരുന്നത്. നാടുവിട്ടവർ ഇതു വായിച്ചിരുന്നതായും ഇതു പ്രചരിപ്പിച്ചിരുന്നതായും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

തീവ്രസലഫി ആശയങ്ങളും ജിഹാദിന് ആഹ്വാനം ചെയ്യുന്നതുമായ ലേഖനങ്ങളുള്ള ഈ ബ്ലോഗിൽ കേരളത്തിലെയും ഇന്ത്യയിലെയും മുസ്ലിം പണ്ഡിതരെയും സംഘടനകളെയും രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ കേരളത്തിലെ സലഫികളോട് മൃതു സമീപനം പുലർത്തുന്നതുമായിരുന്നു ബ്ലോഗിന്റെ സ്വാഭാവം. സലഫി പണ്ഡിതൻ ശംസുദ്ദീൻ പാലത്തിന്റെ പ്രസംഗം പുറത്തു വന്നതോടെ അദ്ദേഹത്തിന്റെ പ്രസംഗവും ഐഎസ് മുന്നോട്ടു വെയ്ക്കുന്നതുമായ ആശയങ്ങളിൽ ഏറെ സാമ്യതയുള്ളതായി കാണാൻ സാധിക്കും.

അൽവലാ വൽ ബറാ (അള്ളാഹുവിന്റെ ശത്രുക്കളായ കുഫാറുകളോട് ശത്രുതയും അല്ലാഹുവിന്റെ മിത്രങ്ങളോട് മാത്രം സൗഹാർദവും) പൂർണ്ണമായും നടപ്പാക്കുന്ന ലോകത്തിലെ ഇന്നുള്ള ഒരേ ഒരു വിഭാഗം ദൗലത്തുൽ ഇസ്ലാം(ഐഎസ്)മാത്രമാണെന്ന് അൽമുഹാജിറൂൻ ബ്ലോഗിൽ ഐഎസിന്റെ ആശയം പറയുന്നത്. എന്നാൽ ഇതേ അൽവലാ വൽ ബറാ പിൻപറ്റണമെന്നായിരുന്നു ശംസുദ്ദീന്റെ പ്രസംഗവും. ശംസുദ്ദീൻ പാലത്തിന്റെ പ്രസംഗവും ഐഎസ് ബ്ലോഗിലെ ആശയങ്ങളും തമ്മീൽ വലിയ വ്യത്യാസങ്ങളില്ലെന്നതും വ്യക്തമാണ്. മുജാഹിദ് ഔദ്യോഗിക വിഭാഗത്തിൽ നിന്നും വിഘടിച്ച ശംസുദ്ദീൻ പാലത്തിന്റെ അതേ ഗ്രൂപ്പിൽപ്പെട്ട അബ്ദുൽ മുഹ്‌സിൻ ഐദീദ് എന്ന സലഫി പണ്ഡിതൻ മുമ്പ് ഫേസ്‌ബുക്കിൽ കുറിച്ച ലേഖനം അൽ മുഹാജിറൂനിൽ വന്നതും ഏറെ ദുരൂഹത ഉളവാക്കുന്നു. ശ്രീ ശ്രീ രവിശങ്കറിന്റെ പരിപാടിയിൽ വേദി പങ്കിട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയായിരുന്നു മുഹ്‌സിൻ ഐബിദിന്റെ തങ്ങളേ....ആ പൂരപ്പറമ്പിൽ റസൂലുള്ള വരില്ലായിരുന്നു എന്ന തലക്കെട്ടിൽ ലേഖനം എഴുതിയത്. എന്നാൽ ഒന്നര മാസത്തിനു ശേഷം ഇതേ ലേഖനം ഇതേ തലക്കെട്ടിൽ അൽ മുഹാജിറൂൻ എന്ന ഐഎസ് ബ്ലോഗിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.

ജിഹാദിന്റെയും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിന്റെ ആവശ്യകതയും ഇതിനായി ഇന്ത്യൻ മുസ്ലിംങ്ങളെ ക്ഷണിച്ചു കൊണ്ടുമുള്ള 53 അധ്യായങ്ങളായിരുന്നു അടച്ചു പൂട്ടും വരെ ഈ ബ്ലോഗിൽ ഉണ്ടായിരുന്നത്. ഐഎസിനെ കുറിച്ചുള്ള എല്ലാം ഇതിലുണ്ടായിരുന്നു. വിവിധ വിഷയത്തിൽ ലേഖനങ്ങളുണ്ടായിരുന്നെങ്കിലും ഇതെല്ലാം ഒരേ ശൈലിയിലും ഒരേ കരങ്ങൾ പ്രവർത്തിച്ചിരുന്നതായും പ്രകടമാകും. എന്നാൽ ഐഎസ് ബ്ലോഗിൽ മുജാഹിദ് നേതാവിന്റെ ലേഖനം വന്നത് സംശയം ഇരട്ടിപ്പിക്കുന്നു. ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളികൾക്കെല്ലാം തീവ്ര സലഫി ആശയം വച്ചു പുലർത്തുന്ന കേരളത്തിലെ പണ്ഡിതരുമായി ബന്ധവുമുണ്ട്.

മുജാഹിദ് സംഘടനയുടെ പിളർപ്പുകളെല്ലാം പരിശോധിച്ചാൽ തീവ്ര ആശയവും മിതവാദവും തമ്മിലുള്ള സംഘട്ടനത്തിന്റെ പരിണാമമാണെന്ന് കാണാൻ സാധിക്കും. അവസാനമായി ഔദ്യോഗിക വിഭാഗത്തിൽ നിന്നും വിഘടിച്ച മിക്ക പണ്ഡിതർക്കും ശംസുദ്ദീൻ പാലത്തിന്റേതിനു സമാനമായ തീവ്ര സലഫി ആശയങ്ങളായിരുന്നു. ഇതേ ഗ്രൂപ്പിൽപ്പെട്ട മറ്റൊരു സലഫി പണ്ഡിതനായ നിയാഫ് ഇബ്‌നു ഖാലിദും ഇതേ ആശയങ്ങൾ പരസ്യമായി പ്രസംഗിച്ചിട്ടുണ്ട്. സക്കരിസ സ്വലാഹിയുടെ നേതൃത്വത്തിലുള്ള ഈ പണ്ഡിത സംഘത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോഴിക്കോട്ടെ മർക്കസ് ഇബ്‌നു ഖയ്യിം എന്ന സലഫീ സ്ഥാപനം നിലവിൽ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്.

കാസർകോഡ് തൃക്കരിപ്പൂരിൽ നിന്നും ഐഎസിൽ ചേർന്നതായി കരുതപ്പെടുന്ന മൻസാദ് ഈ സ്ഥാപനത്തിലെ വിദ്യാർത്ഥിയായിരുന്നു. തീവ്രവാദ സംഘങ്ങളിലേക്കുള്ള റിക്രൂട്ടുകളും അതിനു വേണ്ടിയുള്ള മതപരിവർത്തനവും അടിവേര് കണ്ടെത്തി പിഴുതെറിയേണ്ടത് അനിവാര്യമായിരിക്കുകയാണ്. എന്നാൽ വിഷയത്തിലെ അവഗാഹമില്ലായ്മയും പരിമിതികളും അന്വേഷണ ഏജൻസികളെ വട്ടംചുറ്റിക്കുന്ന അവസ്ഥയാണുള്ളത്.

അതേസമയം വർഗീയത സ്ഫുരിക്കുന്ന പ്രസംഗം പുറത്തുവന്നതോടെ ന്യായീകരണങ്ങൾ നിരത്തി ശംസുദ്ദീൻ പാലത്ത് രംഗത്തുവന്നു. സോഷ്യൽമീഡിയകളിലൂടെ തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നാണ് ശംസുദ്ദീൻ പാലത്ത് പ്രതികരിച്ചത്. മുസ്‌ലീങ്ങളല്ലാത്തവരോട് ചിരിക്കന്നത് പോലും സൂക്ഷിച്ചുവേണം എന്ന് താൻ പറഞ്ഞിട്ടില്ലെന്നും ശംസുദ്ദീൻ പറഞ്ഞു.

മുസ്‌ലീംങ്ങളോട് നീതി കാണിക്കണമെന്നും അവരെ വഞ്ചിക്കാൻ പാടില്ലന്നും, അവരോട് നന്മയിൽ വർത്തിക്കണമെന്നുമുള്ള ഇസ്‌ലാമിന്റെ കൽപ്പനകളും ആണ് താൻ പ്രസംഗത്തിൽ പറയുന്നത്. അതേസമയത്ത് ഇസ്‌ലാമിനെ ആക്രമിക്കാനും മുസ്‌ലീങ്ങളെ ദ്രോഹിക്കാനും ശ്രമിക്കുന്ന കടുത്ത ഫാസിസ്റ്റ് നിലപാടുകളുള്ള അക്രമികളായ ആളുകളോട് സ്വീകരിക്കേണ്ട നിലപാടും വ്യക്തമാക്കിയിരുന്നു. ഇത് രണ്ടും വേർതിരിച്ച് തന്നെയാണ് സംസാരിച്ചത്. എന്നാൽ സംസാരം മുഴുവൻ കേൾക്കാതെ അതിന്റെ ഒരുപാട് വശങ്ങൾ മറച്ചവച്ചുവെന്നാണ് ശംസുദ്ദീന്റെ ന്യായീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP