Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അജ്മീരിൽ നിന്ന് മടങ്ങിയെത്തിയാൽ ഉല്ലാസിന്റെ ഡബ്ബിങ്; വെയിലും കുർബാനിയിലും അഭിനയിക്കാനും തയ്യാറെന്ന് ഷെയ്ൻ നിഗം; പ്രശ്‌നങ്ങൾ പറഞ്ഞു തീർത്തേ മതിയാകൂവെന്ന നിലപാടിലേക്ക് 'അമ്മ'യും 'ഫെഫ്ക'യും; യുവ നടനെ വിലക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് മോഹൻലാലും; മമ്മൂട്ടിയും അബിയുടെ മകനൊപ്പം; സിനിമയിലെ മയക്കു മരുന്ന് വെളിപ്പെടുത്തൽ വെട്ടിലാക്കുന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ; സർക്കാരും കരട് ബില്ലുമായി നിലപാട് കടുപ്പിച്ചതോടെ 'മുടി വെട്ടൽ' വിവാദം ഉടൻ തീരും

അജ്മീരിൽ നിന്ന് മടങ്ങിയെത്തിയാൽ ഉല്ലാസിന്റെ ഡബ്ബിങ്; വെയിലും കുർബാനിയിലും അഭിനയിക്കാനും തയ്യാറെന്ന് ഷെയ്ൻ നിഗം; പ്രശ്‌നങ്ങൾ പറഞ്ഞു തീർത്തേ മതിയാകൂവെന്ന നിലപാടിലേക്ക് 'അമ്മ'യും 'ഫെഫ്ക'യും; യുവ നടനെ വിലക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് മോഹൻലാലും; മമ്മൂട്ടിയും അബിയുടെ മകനൊപ്പം; സിനിമയിലെ മയക്കു മരുന്ന് വെളിപ്പെടുത്തൽ വെട്ടിലാക്കുന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ; സർക്കാരും കരട് ബില്ലുമായി നിലപാട് കടുപ്പിച്ചതോടെ 'മുടി വെട്ടൽ' വിവാദം ഉടൻ തീരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഷെയ്ൻ നിഗം ഉണ്ടാക്കിയ വിവാദങ്ങൾ ഉടൻ പരിഹരിക്കപ്പെടും. മുടിവെട്ടൽ വിവാദത്തിന്റെ പേരിൽ സിനിമ മുടങ്ങുന്നത് അംഗീകരിക്കാതെ തന്നെ പ്രശ്‌ന പരിഹാരത്തിന് താര സംഘടന മുന്നിട്ടിറങ്ങുകയാണ്. യുവ നടനെ വിലക്കുന്നതിനെ അംഗീകരിക്കില്ലെന്ന് അമ്മയുടെ പ്രസിഡന്റായ മോഹൻലാൽ വ്യക്തമാക്കിയിട്ടുണ്ട്. മമ്മൂട്ടിക്കും ഇതേ നിലപാടാണുള്ളത്. ഈ സാഹചര്യത്തിൽ മഹാ സുബൈറിന്റേയും ജോബി ജോർജിന്റേയും സിനിമ വീണ്ടും തുടങ്ങി പ്രശ്‌ന പരിഹാരത്തിനാണ് സാധ്യത ഉയരുന്നത്. വെയിലും കുർബാനിയിലും അഭിനയിക്കാൻ തയ്യാറെന്ന് ഷെയ്ൻ നിഗം താര സംഘടനയെ അറിയിച്ചു കഴിഞ്ഞു. ഇതോടെ പ്രശ്‌നങ്ങൾ പറഞ്ഞു തീർത്തേ മതിയാകൂവെന്ന നിലപാടിലേക്ക് 'അമ്മ'യും 'ഫെഫ്ക'യും എത്തുകയാണ്.

സിനിമയിലെ മയക്കു മരുന്ന് വെളിപ്പെടുത്തലോടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ ഏവരും ഒറ്റപ്പെടുത്തുകയായിരുന്നു. ഇതിനിടെ സർക്കാരും നിലപാട് കടുപ്പിച്ചതോടെ 'മുടി വെട്ടൽ' വിവാദം ഉടൻ തീരുമെന്നാണ് സൂചന. അല്ലെങ്കിൽ സെറ്റുകളിൽ സർക്കാരിന്റെ നിയന്ത്രണങ്ങൾ എത്തും. ചലച്ചിത്രമേഖലയിലെ സമഗ്ര മാറ്റത്തിനുള്ള കരടുനിയമം തയാറായ സാഹചര്യത്തിലാണ് ഇത്. സിനിമ നിർമ്മാണ റജിസ്‌ട്രേഷനു സർക്കാർ സംവിധാനം ഏർപ്പെടുത്തും. തർക്കങ്ങൾ കൈകാര്യം ചെയ്യാൻ സിനിമാ റഗുലേറ്ററി അഥോറിറ്റി രൂപീകരിക്കും. തൊഴിൽ തർക്കങ്ങൾ, നിർമ്മാണക്കാരും വിതരണക്കാരും തിയറ്റർ ഉടമകളും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം അഥോറിറ്റി കൈകാര്യം ചെയ്യും. നിർമ്മാണം, വിതരണം എന്നിവ സംബന്ധിച്ചു മാർഗരേഖ തയാറാക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ വിഴുപ്പഴക്കലിന് സിനിമാ സംഘടനകൾക്കും താൽപ്പര്യമില്ല.

റഗുലേറ്ററി അഥോറിറ്റി നിലവിൽ വരുന്നതോടെ, തർക്കങ്ങളും പരാതികളും സിനിമ മേഖലയിലെ സംഘടനകൾ കൈകാര്യം ചെയ്യുന്നതു നിയമ വിരുദ്ധമാകും. അഭിനേതാക്കൾ, മറ്റു സിനിമാ പ്രവർത്തകർ എന്നിവരെ വിലക്കാനോ മാറ്റിനിർത്താനോ സംഘടനകൾക്ക് അവകാശമുണ്ടാകില്ല. നിർമ്മാണം, വിതരണം എന്നിവ ഉൾപ്പെടെ എല്ലാ പരാതികളും അതോറ്റിയിൽ നൽകണം. റിട്ട. ജില്ലാ ജഡ്ജിയായിരിക്കും അഥോറിറ്റി അധ്യക്ഷൻ. ചലച്ചിത്ര രംഗത്തുനിന്ന് മുതിർന്ന ഒരാളും സാമ്പത്തികരംഗത്തുനിന്ന് ഒരാളും അംഗങ്ങളാകും. ഇത് ഏല്ലാവർക്കും വെല്ലുവിളിയാണ്. ഷെയ്ൻ നിഗം പോലുള്ള വിവാദത്തിൽ ഏകപക്ഷീയ തീരുമാനം എടുക്കാൻ കഴിയാത്ത സാഹചര്യം വരും. ഇത് മനസ്സിലാക്കി ഇനി വിവാദങ്ങൾ ഇല്ലാതെ കടന്നു പോകാനാണ് സിനിമാക്കാരുടെ തീരുമാനം. വെയിലിലും കുർബാനിയിലും തുടർന്നും ഷെയ്ൻ നിഗം അഭിനയിക്കും. ഇതോടെ വിവാദവും തീരും. സിനിമയുടെ നഷ്ടം ഷെയ്ൻ നിഗം നൽകണമെന്ന വാദം ഒരിക്കലും നടക്കില്ല. കാരണം ഇതിനുള്ള സാമ്പത്തിക സ്ഥിതി ഷെയ്ൻ നിഗമിനില്ല. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ ആവശ്യങ്ങൾ ബാലിശമാണെന്നാണ് മറ്റ് സംഘടനകളുടെ വിലയിരുത്തൽ.

നിർമ്മാതാക്കളുടെ വിലക്കിൽ വിയോജിപ്പ് രേഖപ്പെടുത്തി അഭിനേതാക്കളുടെ സംഘടനയായ 'അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ രംഗത്തുവന്നതോടെയാണു പ്രശ്നം ഒത്തുതീർപ്പിലേക്കു നീങ്ങുന്നത്. ഇതിനു യുവനിരയിലെ നടന്മാർ രഹസ്യപിന്തുണ നൽകിയതോടെ ലംഘിച്ച കരാറുകൾ തിരുത്തി വന്നാൽ ഷെയ്ൻ നിഗത്തിന് അഭിനയിക്കാൻ വഴിതുറക്കുമെന്ന് ഉറപ്പായി. സിദ്ദിഖ് സിനിമയുടെ ചിത്രീകരണത്തിനായി മോഹൻലാൽ പൊള്ളാച്ചിയിലായതിനാൽ പ്രശ്നം ചർച്ച ചെയ്യാൻ 'അമ്മയുടെ ഔദ്യോഗിക യോഗം ചേരാൻ കഴിഞ്ഞിട്ടില്ല. ലാലിന്റെ ഇടപെടൽ ഉണ്ടായതോടെ ഷെയ്ൻ നിഗം 'ഉല്ലാസത്തിന്റെ ഡബ്ബിങ്ങിനെത്തും. തുടർന്ന് വിവാദത്തിലായ 'വെയിൽ, 'കുർബാനി' സിനിമകളിൽ സഹകരിക്കുക എന്നതാണ് പ്രശ്നപരിഹാരത്തിനുള്ള ഫോർമുല.

ഷെയ്ൻ നിഗം കൊളുത്തിവിട്ട വിവാദം നിർമ്മാതാക്കളും സാങ്കേതികവിദഗ്ധരും തമ്മിലുള്ള തർക്കമായും മാറി. സംശയത്തിന്റെ പുകമറയിൽ ഈ വ്യവസായത്തെ നിർത്തരുതെന്ന ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്റെ പ്രതികരണം നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനു നേരെയാണ്. നടൻ കരാർ ലംഘനം നടത്തിയെന്ന ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് നടനെ സംശയനിഴലിൽ നിർത്തിക്കൊണ്ട് നിർമ്മാതാക്കൾ സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചത്. തെളിവു തന്നാൽ നടപടിയെടുക്കാമെന്നു സർക്കാർ അറിയിച്ചതും ശ്രദ്ധേയമായി. തെളിവുകൾ ആരും ഇതുവരെ നൽകിയതുമില്ല. അജ്മീരിലേക്ക് യാത്ര പോയിരിക്കുന്ന ഷെയ്ൻ നിഗം ഈ മാസം നാലാം തിയ്യതി മടങ്ങിയെത്തിയേക്കും. അതിന് ശേഷം അമ്മ ഭാരവാഹികളുടെ നേതൃത്വത്തിൽ അനുനയ ചർച്ചകൾ നടക്കാനാണ് സാധ്യത.

അതിനിടെ തമിഴിൽനിന്ന് അവസരങ്ങൾ തേടിയെത്തുന്നുണ്ടെന്ന് ഷെയ്ൻ നിഗം അറിയിക്കുന്നുണ്ട്. ചിയാൻ വിക്രമിന്റെ പുതിയ ചിത്രത്തിലേക്കാണ് ക്ഷണം. ഇമൈക്ക നൊടികൾ ഒരുക്കിയ അജയ് ജ്ഞാനമുത്തുവാണ് സംവിധാനം. സിനിമയുടെ റഷ്യൻ ഷെഡ്യൂളിലായിരിക്കും ഷെയ്ൻ അഭിനയിക്കുക. ചിത്രീകരണം പുരോഗമിക്കുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 2020 ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യാനാണ് നീക്കം. വിലക്ക് ഭീഷണിയും സംഘടനാതർക്കവുംമൂലം ഷെയ്ൻ നിഗമിന്റെ കുർബാനി, വെയിൽ, ഉല്ലാസം തുടങ്ങിയ ചിത്രങ്ങൾ ഇപ്പോൾ വിവിധഘട്ടങ്ങളിൽ തടയപ്പെട്ടിരിക്കുകയാണ്. വിഷയത്തിൽ പ്രതികരണവുമായി കൂടുതൽ പേർ രംഗത്തുവരുന്നുണ്ട്. ഇരുഭാഗത്തും അപക്വമായ സമീപനമുണ്ടായെന്ന് പ്രമുഖ സംവിധായകൻ ആഷിക് അബു പ്രതികരിച്ചു.

കലാകാരനെ വിലക്കുന്നതും നടൻ സിനിമയെ ലാഘവത്തോടെ കാണുന്നതും ശരിയല്ല. മുടങ്ങിപ്പോയ ചിത്രങ്ങൾ പൂർത്തിയാക്കാൻ ഷെയ്ൻ തയ്യാറാകണം. സിനിമയിൽ മുഴുവൻ ലഹരിയാണെന്നു പറഞ്ഞ് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും ആഷിഖ് അബു പ്രതികരിച്ചു. അതേസമയം, ഷെയ്നിന് പൂർണ പിന്തുണ അറിയിച്ച് നടൻ ജോയ് മാത്യു രംഗത്തുവന്നു. നായകനായി ജീവിച്ചുകളയാം എന്ന മോഹവുമായി സിനിമയെ സമീപിക്കുന്ന ആയിരങ്ങളിൽ ഒരാളായിട്ടല്ല ഷെയ്നെന്നും അതുകൊണ്ട് അയാളുടെ രീതികളും എടുത്തു ചാട്ടങ്ങളും അച്ചടക്കമില്ലായ്മയായി വിലയിരുത്തപ്പെട്ടെന്നും താരം സാമൂഹ്യമാധ്യമത്തിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP