Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നിർമ്മാതാക്കൾക്ക് മനോരോഗമെന്ന ഷെയ്‌നിന്റെ പ്രതികരണം പ്രകോപനപരം; തർക്കം തീർക്കാൻ മധ്യസ്ഥതയ്ക്ക് ഇറങ്ങിയ അമ്മ പ്രതിനിധികളും നടനോട് കട്ടക്കലിപ്പിൽ; ചർച്ചകളിൽ നിന്നും പിന്മാറി താരസംഘടനയും ഫെഫ്കയും; ഷെയിനിനെ വിശ്വസിച്ച് എങ്ങനെ ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകുമെന്ന് ചോദിച്ച് സംഘടനകൾ; ഒത്തുതീർപ്പ് ചർച്ച നടന്നുക്കൊണ്ടിരിക്കേ പരസ്യ വിമർശനം നടത്തിയതും മന്ത്രിയെ കാണാൻ പോയതും ന്യായീകരിക്കാൻ കഴിയില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന; ഷെയിൻ നിഗം സ്വയംകുഴി തോണ്ടുന്നോ?

നിർമ്മാതാക്കൾക്ക് മനോരോഗമെന്ന ഷെയ്‌നിന്റെ പ്രതികരണം പ്രകോപനപരം; തർക്കം തീർക്കാൻ മധ്യസ്ഥതയ്ക്ക് ഇറങ്ങിയ അമ്മ പ്രതിനിധികളും നടനോട് കട്ടക്കലിപ്പിൽ; ചർച്ചകളിൽ നിന്നും പിന്മാറി താരസംഘടനയും ഫെഫ്കയും; ഷെയിനിനെ വിശ്വസിച്ച് എങ്ങനെ ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകുമെന്ന് ചോദിച്ച് സംഘടനകൾ; ഒത്തുതീർപ്പ് ചർച്ച നടന്നുക്കൊണ്ടിരിക്കേ പരസ്യ വിമർശനം നടത്തിയതും മന്ത്രിയെ കാണാൻ പോയതും ന്യായീകരിക്കാൻ കഴിയില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന; ഷെയിൻ നിഗം സ്വയംകുഴി തോണ്ടുന്നോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ഇറങ്ങിത്തിരിച്ച താരസംഘടന അമ്മയെയും ഫെഫ്കയെയും വെട്ടിലാക്കി നടന്റെ വിവാദ പ്രസ്താവന. താരം മാപ്പ് പറയാതെ ഇനി ചർച്ചയ്ക്കില്ലെന്ന് താരങ്ങളുടെ സംഘടനയായ അമ്മയും ഫെഫ്കയും വ്യക്തമാക്കി. ഒത്തുതീർപ്പ് ചർച്ച നടന്നുക്കൊണ്ടിരിക്കേ, ഷെയ്ൻ പരസ്യ വിമർശനം നടത്തിയതും മന്ത്രിയെ കാണാൻ പോയതും ന്യായീകരിക്കാൻ കഴിയില്ലെന്ന് നിർമ്മാതാക്കളുടെ സംഘടനയുടെ നിലപാട്. ഇന്ന് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ വേദിയിൽ വച്ചാണ് ഷെയിൻ വിവാദ പ്രസ്താവന നടത്തിയത്. നിർമ്മാതാക്കൾക്ക് മനോരോഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

താരത്തിന്റെ ഭാഗത്തു നിന്നും വാവിട്ട വാക്കുകൾ ഉണ്ടായതോടെ ചർച്ചക്കിറങ്ങിയവർ പ്രതിസന്ധിയിലായി. ഇനിയും ചർച്ച മുന്നോട്ടു പോകുമ്പോൾ താരം എന്തുപറയും എന്നതാണ് സംഘടനകളെ കുഴയ്ക്കു ചോദ്യം. കൊച്ചിയിൽ നടന്ന ചർച്ചയ്ക്കിടെ ഇറങ്ങിപ്പോയ ഷെയ്ൻ പുറത്ത് നടത്തിയ പരസ്യവിമർശനത്തിലും ചർച്ചകൾക്കിടെ മന്ത്രി എ കെ ബാലനെ കാണാൻ പോയതിലും സിനിമ രംഗത്തെ വിവിധ സംഘടനകൾ കടുത്ത അതൃപ്തിയിലാണ്. റേഡിയോ പോലെ പറയുന്നതെല്ലാം കേട്ടുകൊണ്ട് നിൽക്കണ്ട സ്ഥിതിയാണ് തനിക്കെന്നാണ് ഷെയ്ൻ പറഞ്ഞത്. ഷെയ്നിനെ കണ്ട മന്ത്രി എ കെ ബാലൻ പ്രശ്നം വഷളാക്കരുതെന്ന് സംഘടനകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

നിർമ്മാതാക്കൾക്ക് മനോരോഗമാണെന്ന ഷെയ്നിന്റെ പ്രതികരണമാണ് നിലപാട് കടുപ്പിക്കാൻ നിർമ്മാതാക്കളുടെ സംഘടനയെ പ്രേരിപ്പിച്ചത്. ഇന്നത്തെ ഷെയ്നിന്റെ പ്രതികരണം ചർച്ചകളുടെ പ്രസക്തി തന്നെ നഷ്ടമാക്കി. ഇനി ഖേദം പ്രകടിപ്പിക്കാതെ വേറെ ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു. ഡബ്ബിങ് പൂർത്തിയാക്കാൻ ഷെയ്ന് പത്തുദിവസം സമയം നൽകും. അല്ലാത്തപക്ഷം പകരക്കാരനെ വച്ച് ഡബ്ബിങ് പൂർത്തിയാക്കും. ഷെയ്നിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും നിർമ്മാതാക്കളുടെ സംഘടന നീക്കം ആരംഭിച്ചു.

ഒത്തുതീർപ്പ് ചർച്ചകൾക്കിടെ, പരസ്യവിമർശനം നടത്തിയ ഷെയ്‌നിന്റെ നിലപാടിൽ അമ്മയും എതിർപ്പ് പ്രകടിപ്പിച്ചു. ഇനി ചർച്ചകൾക്ക് മുൻകയ്യെടുക്കില്ലെന്ന് അമ്മ വ്യക്തമാക്കി.സർക്കാർ തലത്തിൽ തെറ്റിദ്ധാരണ പരത്താൻ ഷെയ്ൻ ശ്രമിച്ചതിലും സംഘടനകൾക്ക് അതൃപ്്തി ഉണ്ട്. ചർച്ച തീർത്തും ഏകപക്ഷീയമായിരുന്നെന്നും അമ്മയിലാണ് പ്രതീക്ഷയെന്നുമാണ് ചർച്ചയ്ക്ക് ശേഷം ഷെയ്ൻ നിഗം പ്രതികരിച്ചത്.

'ഒത്തുതീർപ്പിന് തന്നെയാണ് ഞാനവിടെ പോയത്. എന്നിട്ടെന്താ സംഭവിക്കുന്നത്? നമ്മള് പറയുന്നത് അവിടെ ആരും കേൾക്കില്ല. അവര് പറയുന്നത് നമ്മള് കേട്ടോണ്ട് നിൽക്കണം. റേഡിയോ പോലെ എന്നിട്ടെല്ലാം അനുസരിക്കണം. അത് പറ്റില്ല. അമ്മ എന്റെ സംഘടനയാണ്. അമ്മ എനിക്ക് വേണ്ടി സംസാരിക്കുമെന്നാണ് ഞാൻ കരുതുന്നത്. അതിൽ മാത്രമാണ് എന്റെ ഏകപ്രതീക്ഷ. നിർമ്മാതാക്കൾ ചെയ്യാനുള്ളതൊക്കെ ചെയ്യും. എന്നിട്ട് കൂടിപ്പോയാൽ വാർത്താസമ്മേളനത്തിൽ അവര് ഖേദമറിയിച്ചേക്കും. അതുകൊണ്ട് എന്താ കാര്യം? ഇത്തവണ സെറ്റിൽപ്പോയപ്പോൾ നിർമ്മാതാവല്ല എന്നെ ബുദ്ധിമുട്ടിച്ചത്. ആ പടത്തിന്റെ സംവിധായകനും ക്യാമറാമാനുമാണ്. എനിക്കും ഇതിന് തെളിവുകൾ ഉണ്ട്. അത് എവിടെ വേണമെങ്കിലും ഞാൻ പറഞ്ഞോളാം'- ഷെയ്ൻ വ്യക്തമാക്കി.

എന്നാൽ ഒത്തുതീർപ്പ് അടുത്തെത്തിയെന്ന തരത്തിലല്ല അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു സംസാരിച്ചത്. 'വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മോഹൻലാലിന്റെ സമയം തേടണം. അദ്ദേഹം വിദേശത്താണ്. എന്നിട്ട് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിക്കും. എന്നിട്ടേ വീണ്ടും പ്രൊഡ്യൂസേഴ്സ് അസോസിയേഷനോടും സംസാരിക്കാനാകൂ. അതുകൊണ്ട് മോഹൻലാൽ വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം അവെയ്ലബിൾ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ച് ചർച്ച ചെയ്യും. അതിൽ ഇവരെ എല്ലാവരെയും വിളിച്ച് വരുത്തും. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സംഘടനയുമായി ചർച്ച ചെയ്യാനേ താത്പര്യമുള്ളൂ എന്നാണ് എനിക്ക് മനസ്സിലാക്കാനായത്'- ഇടവേള ബാബു പറയുന്നു.

സർക്കാർ ഒരു പക്ഷവും പിടിക്കാനില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി എ കെ ബാലൻ വ്യക്തമാക്കി. ഷെയ്നിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളുണ്ടായിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചില വിവാദപരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഷെയ്ൻ പ്രശ്നത്തിൽ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടില്ല. ഇത് അമ്മയെ അറിയിക്കും. വ്യവസായം സംരക്ഷിക്കുന്നത്തിനുള്ള ഇടപെടൽ സർക്കാർ നടത്തും. അല്ലാതെ ഒരു പക്ഷവും പിടിക്കില്ല. ഇത് സംഘടനകൾ ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്. അത്തരത്തിൽ രമ്യമായി പരിഹരിക്കണം. ഷെയ്നിനെ ഭീകരവാദിയായി സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ്. സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാൽ കഴിയാവുന്നത് ചെയ്യുമെന്നും മന്ത്രി ബാലൻ അറിയിച്ചു.

ഷെയ്ൻ ഇഷ്‌ക് സംവിധായകൻ അനുരാജ് മനോഹർ ഷെയ്ന്റെ ഉമ്മ എന്നിവരൊടൊപ്പമാണ് സിനിമാ-സാംസ്‌കാരിക വകുപ്പ് മന്ത്രിയെ ഷെയിൻ കണ്ടത്. തൊഴിൽ രംഗത്ത് അനുഭവിക്കേണ്ടി വരുന്ന വിഷമതകളാണ് ഷെയ്ൻ പറഞ്ഞത്. ഒരു കുട്ടിയുടെ മാനസികാവസ്ഥയിലാണ് തന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്വോൾ ഷെയ്നെ കാണാൻ കഴിഞ്ഞത്. സിനിമാ വ്യവസായം സംരക്ഷിക്കുന്നതിന് വേണ്ടി സർക്കാർ ഇടപെടലുണ്ടാകും. ഏതെങ്കിലും ഭാഗം പിടിക്കുന്ന സമീപനം സർക്കാരിനില്ല. അവർ തന്നെ ചർച്ച ചെയ്ത് പരിഹരിക്കപ്പെടേണ്ട പ്രശ്നമാണ്. രമ്യമായിപ്പോകുന്നതാകും നന്നാകുകയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഈ കുട്ടി പുതിയ കലാകാരനാണല്ലോ. അച്ഛനും ഒരു കലാകാരനായിരുന്നല്ലോ. 10-13 ചിത്രങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ആ കുട്ടിയുടെ ഭാവിയും ഈ മേഖലയുമായി ബന്ധപ്പെട്ടുള്ളതാണ്. രണ്ടു കൂട്ടരും പ്രശ്നം പരിഹരിക്കണം. സർക്കാരിന് കഴിയാവുന്നത് സർക്കാർ ചെയ്യും. വഷളാക്കാതെ മുന്നോട്ട് പോകുന്നതാകും നല്ലത് എന്നായിരുന്നു മന്ത്രി ബാലൻ പറഞ്ഞത്. എഗ്രിമെന്റിന്റെ കോപ്പി എനിക്ക് തന്നു. കരാർ പ്രകാരമല്ല കാര്യങ്ങൾ മുന്നോട്ടുപോയതെന്ന് സൂചിപ്പിക്കാൻ വേണ്ടിയാണ് അത് തന്നത്. മോഹൻലാലും സിദ്ദിഖും ഉൾപ്പെടെയുള്ളവർ വിഷയം പരിശോധിക്കട്ടെ. വെയിൽ നിർമ്മാതാക്കൾ എഗ്രിമെന്റ് തെറ്റിച്ചോ എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. ഷെയ്ൻ നേരിടുന്ന പ്രശ്നങ്ങൾ അമ്മയുടെ ശ്രദ്ധയിൽ പെടുത്തും. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ ഒരു നിയമം ഇല്ല. സിനിമ രജിസ്റ്റർ ചെയ്യുന്നതും പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമം മാത്രമേ ഇപ്പോൾ ഉള്ളൂ. സമഗ്ര നിയമനിർമ്മാണത്തിനായുള്ള പണിപ്പുരയിലാണ്.- മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP