Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർക്കാരിന്റെ പ്രഖ്യാപിത ശത്രു ആയിട്ടും പിള്ളയുടെ ശരണ്യയെ തൊടാൻ ആർക്കും ധൈര്യമില്ല; പെർമിറ്റ് പോലുമില്ലാതെ കുതിക്കുന്ന പിള്ള വണ്ടി എടുത്തത് വഴിയേ പോയ 13കാരന്റെ ജീവൻ: ബസ് തല്ലിതകർത്ത് നാട്ടുകാരുടെ പകരം വീട്ടൽ

സർക്കാരിന്റെ പ്രഖ്യാപിത ശത്രു ആയിട്ടും പിള്ളയുടെ ശരണ്യയെ തൊടാൻ ആർക്കും ധൈര്യമില്ല; പെർമിറ്റ് പോലുമില്ലാതെ കുതിക്കുന്ന പിള്ള വണ്ടി എടുത്തത് വഴിയേ പോയ 13കാരന്റെ ജീവൻ: ബസ് തല്ലിതകർത്ത് നാട്ടുകാരുടെ പകരം വീട്ടൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളാർ കമ്മീഷന് മുന്നിൽ ബിജു രാധാകൃഷ്ണനെ കൊണ്ട് മൊഴി കൊടുപ്പിച്ചത് ആരെന്ന് കോൺഗ്രസുകാരോട് ചോദിച്ചാൽ ചില ക്ലൂകൾ അവർ തരും. യുഡിഎഫിന്റെ ഭാഗമായിരുന്ന അച്ഛനേയും മകനേയുമാണ് അവർക്ക് സംശയം. എംഎം ഹസ്സൻ അത് തുറന്നു പറയുകയും ചെയ്യും. ആർ ബാലകൃഷ്ണ പിള്ളയേയും ഗണേശിനേയുമാണ് ലക്ഷ്യമിടുന്നതെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അവരുടെ തോന്യവാസങ്ങൾക്ക് തടയിടാൻ സർക്കാരിനോ യുഡിഎഫിനോ കഴിയുന്നുമില്ല. കഴിഞ്ഞ ദിവസം രാമപുരത്ത് അപകടമുണ്ടാക്കിയ ബസ് ശരണ്യയുടേതാണ്. പെർമിറ്റില്ലാതെ ഓടുന്ന ബസ്. ഇതിന് സമാനമായി നിരവധി ബസുകൾ ശരണ്യയുടേതായി ഓടുന്നു. ആർക്കും പരിഭവമില്ല.

ബാലകൃഷ്ണ പിള്ളയുടെ അനന്തരിവനാണ് മനോജ്. പിള്ളയുടെ ബിനാമായായാണ് മനോജ് ഈ ബസുകൾ നടത്തുന്നതെന്നാണ് ആക്ഷേപം. ഇത് എല്ലാവർക്കും അറിയാം. എന്നിട്ടും അമിത വേഗതയിൽ റോഡുകളെ മരണം ഒരുക്കുന്ന ഈ ബസിനെ ആരും തടയുന്നില്ല. പെർമിറ്റില്ലാതെ ഓടിയാലും വാഹന വകുപ്പ് കണ്ടില്ലെന്ന് നടിക്കും. പിള്ളയെ പിണക്കാനുള്ള ഭരണകൂടത്തിന്റെ ഭയമാണ് ഇതിന് കാരണം. പാല രാമപുരത്ത് സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥി മരിച്ചു. തേവർക്കുന്നേൽ സാജന്റെ മകൻ ആകാശാണ്(12) മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന് ഇടയാക്കിയ 'ശരണ്യ' ബസ് രോഷാകുലരായ നാട്ടുകാർ തല്ലിത്തകർത്തു. പെർമിറ്റില്ലാതെ ഓടുന്ന ഈ ബസിനെതിരെ നിരവധി പരാതികൾ നാട്ടുകാർ പൊലീസിനും മറ്റും കൊടുത്തിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. ഇതാണ് രാമപുരത്തെ ഇന്നലത്തെ സംഘർഷത്തിന് കാരണവും.

ബസ് ഉടമകളിൽ ഏറ്റവും വലിയ അഹങ്കാരിയാണ് പിള്ളയുടെ പാർട്ടി നേതാവ് കൂടിയായ മനോജ് കുമാർ. ശരണ്യ ബസുകൾ മുഴുവൻ മനോജിന്റേതാണ്. വളരെ കുറച്ച് ബസുകൾക്ക് മാത്രമേ പെർമിറ്റുള്ളൂ. ഈ ബസുകളുടെ അമിതപാച്ചിൽ ജീവനെടുത്തത് അനേകരുടേതാണ്. മരണപ്പാച്ചിലിനിടയിൽ നിർത്താതെയാണ് ഈ ബസുകൾ കുതിക്കുന്നത്. ആരെങ്കിലും കൈകാണിച്ചാൽ പോലും നിർത്തില്ല. ജീവനക്കാരും അഹങ്കാരികൾ. വണ്ടി തട്ടിയ ശേഷം വാഹന ഉടമകളെ ചീത്ത വിളിക്കുകയും റോഡിന് കുറുകെ വാഹനം ഇട്ട് ബ്ലോക്ക് ചെയ്യുകയും ഒക്കെ ഇവരുടെ ശീലമാണ്. എംഎൽഎമാരുടേയും എംപിമാരുടേയും കാറുകളെ പോലും തട്ടിയിട്ട് നിർത്താതെ പോകുന്ന ശീലവും ശരണ്യ ബസുകൾക്കുണ്ട്.

എരുമേലിക്കാർ ഒരിക്കൽ തടഞ്ഞിരുന്നു. അന്ന് പകരം വീട്ടിയത് എരുമേലിയിലൂടെയുള്ള കെഎസ്ആർടിസി വാഹനങ്ങൾ എല്ലാം എരുമേലി തൊടാതെ മണിമല വഴി അയച്ചായിരുന്നു. അന്ന് ഗണേശ് കുമാർ ആയിരുന്നു കെഎസ്ആർടിസി മന്ത്രി. ആർ ബാലകൃഷ്ണ പിള്ള ഗതാഗത മന്ത്രിയായിരുന്നപ്പോഴാണ് ശരണ്യ ബസുകൾ കേരളത്തിലെ റോഡുകൾ കൈയടക്കിയത്. അന്ന് മുതൽ തെക്കൻ കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ബസ് ഗ്രൂപ്പാണ് ശരണ്യ. രാഷ്ട്രീയ ബന്ധങ്ങളുടെ കരുത്തിൽ ശരണ്യ മനോജ് ബസ് ഉടമകളുടെ അസോസിയേഷനിലെ പ്രധാനിയായി. സോളാർ കേസിൽ പോലും രാഷ്ട്രീയ ഇടപെടലുകൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയാണ് മനോജ്. പിള്ളയും ഗണേശും തമ്മിലെ കുടുംബ പ്രശ്‌നങ്ങളിലും മനോജിന്റെ ഇടെപെടലുകൾ ചർച്ചയായിരുന്നു.

ആകാശ് ഏന്ന 13കാരന്റെ ജീവനെടുത്ത ശരണ്യ ബസിന് റോഡ് പെർമിറ്റ് ഇല്ലെന്നതാണ് വസ്തുത. പിന്നെങ്ങനെ ഈ കൊലയാളി ബസ് ഈ മരണ പാച്ചിൽ നടത്തുന്നു? ഉത്തരം പറയേണ്ടത് ഇവിടുത്തെ നീയമ പാലകർ ആണ്. ഇതിനോട് മൗനം മാത്രമാകും ഉത്തരം. ജനത്തെ വിഡ്ഢികളാക്കി ഈ ബസ് മുതലാളിമാരുടെ പണം കൈ പറ്റുന്നത്തിനു ഉത്തമ തെളിവാണ് പരസ്യമായ ഈ ബസുകളുടെ പെർമിറ്റ് ഇല്ലാതെയുള്ള മരണയോട്ടമെന്ന് നാട്ടുകാർ പറയുന്നു. രാമപുരം വഴിയുള്ള ശരണ്യ ബസുകൾ ഇനി മുതൽ തടയുകയും, ഈ ബസ് ബഹിഷ്‌കരിക്കനുമാണ് നാട്ടുകാരുടെ തീരുമാനം. ഇവിടെ രാതി 9 മണിയോടെ പൊലീസിന് ലാത്തിച്ചാർജ് വേണ്ടിവന്നു നാട്ടുകാരെ പിരിച്ചുവിടാൻ. അത്രയേറെ പ്രതിഷേധം നാട്ടുകാർക്കിടയിലുണ്ട്.

പാലാരാമപുരം റോഡിൽ വെള്ളിലാപ്പിള്ളി പുതുവേലി പാലത്തിനു സമീപം നടന്ന അപകടത്തിൽ അമിത വേഗത്തിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ എറണാകുളം-പത്തനംതിട്ട റൂട്ടിൽ പെർമിറ്റില്ലാതെ സർവീസ് നടത്തുന്ന ശരണ്യ ബസാണ് ഒരു വിദ്യാർത്ഥിയുടെ മരണത്തിനും മറ്റൊരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേൽക്കാനുമിടയാക്കിയത്. അമനകര ചാവറ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികളായ ആകാശും സുഹൃത്ത് ക്രിസ്റ്റിയും െസെക്കിൾ തള്ളിക്കൊണ്ട് റോഡരുകിലൂടെ നടന്നുപോകവെ പിന്നിൽനിന്നെത്തിയ ബസ് ഇരുവരെയും ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. സൈക്കിളുമായി ആകാശ് ബസിനടിയിൽ കുടുങ്ങുകയും ക്രിസ്റ്റി ഇടിയുടെ ആഘാതത്തിൽ തെറിച്ച് സമീപത്തെ പുരയിടത്തിലേക്ക് വീഴുകയുമായിരുന്നു. നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടു.

മുൻപിൽ പോവുകയായിരുന്ന ശബരിമല തീർത്ഥാടകരുടെ വാഹനത്തെ മറികടന്നെത്തിയ ബസ് തടിലോഡുമായി എതിരേവന്ന ലോറിയിൽ ഇടിക്കാതെ ഇടത്തേക്ക് വെട്ടിച്ചു കയറുതിനിടെ റോഡരുകിലൂടെ പോയ സൈക്കിൾ ഇടിച്ചുതെറിപ്പിക്കയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വിദ്യാർത്ഥികളെ ഇടിച്ചിട്ടശേഷം നിയന്ത്രണംവിട്ട് ബസ് റോഡരുകിലെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്താണ് നിന്നത്. ആകാശിനെയും അപകടത്തിൽപ്പെട്ട സൈക്കിളും നാട്ടുകാർ ബസിനടിയിൽനിന്നാണ് പുറത്തെടുത്തത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP