Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മാതാപിതാക്കളും ഞാനും ഒരുപോലെ കരഞ്ഞ ഒരു ദിവസമായിരുന്നു എന്റെ ജന്മദിനം'; കൈകാലുകളില്ലാതെ പിറന്നുവീണ കുട്ടി ഇന്നു നാട്ടുകാർക്കും കൂട്ടുകാർക്കും അഭിമാനം: ദുരിതങ്ങളുടെയും കഠിനാധ്വാനത്തിന്റെയും കനൽവഴികൾ താണ്ടി എല്ലാം നേടിയ ഷിഹാബുദ്ദീന്റെ കഥ

'മാതാപിതാക്കളും ഞാനും ഒരുപോലെ കരഞ്ഞ ഒരു ദിവസമായിരുന്നു എന്റെ ജന്മദിനം'; കൈകാലുകളില്ലാതെ പിറന്നുവീണ കുട്ടി ഇന്നു നാട്ടുകാർക്കും കൂട്ടുകാർക്കും അഭിമാനം: ദുരിതങ്ങളുടെയും കഠിനാധ്വാനത്തിന്റെയും കനൽവഴികൾ താണ്ടി എല്ലാം നേടിയ ഷിഹാബുദ്ദീന്റെ കഥ

എം പി റാഫി

മലപ്പുറം: ലോകത്തിനു മുന്നിൽ വിസ്മയമായി മാറിയിരിക്കുകയാണ് പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി ഷിഹാബുദ്ദീൻ. വിധി കൈകാലുകളില്ലാത്ത ജന്മം സമ്മാനിച്ചെങ്കിലും ഇന്ന് വിധി പോലും ഷിഹാബിനു മുന്നിൽ മുട്ടുമടക്കുകയാണ്.

ചിത്രകല, കരകൗശലം, സംഗീതം തുടങ്ങിയ മേഖലകളിൽ ശിഹാബ് പ്രാഗൽഭ്യം തെളിയിച്ചുകഴിഞ്ഞു.  ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളിലും വിദ്യാലയങ്ങളിലും അടക്കം ഇതുവരെ അഞ്ഞൂറിലേറെ സ്ഥലങ്ങളിൽ വ്യക്തിത്വ ക്ലാസുകളെടുത്തുകഴിഞ്ഞ ഷിഹാബ് നാട്ടുകാർക്കും കൂട്ടുകാർക്കുമെല്ലാം അഭിമാനമായിരിക്കുകയാണ്.

ഒരു മനുഷ്യജന്മത്തിൽ ചെയ്തുതീർക്കാവുന്നതിലപ്പുറം കാര്യങ്ങൾ വൈകല്യങ്ങൾ കീഴ്‌പ്പെടുത്തി ഷിഹാബ് വെട്ടിപ്പിടിച്ചുകഴിഞ്ഞു. എന്നാൽ ഏറെ ദുരിതങ്ങളുടെയും കഠിനാദ്ധ്വാനത്തിന്റെയും കനൽപഥങ്ങളിലൂടെയായിരുന്നു വിജയത്തിലേക്കുള്ള ഷിഹാബിന്റെ പാത.

ചേരൂർ പറമ്പൻ അബൂബക്കർ-മെഹജാബി ദമ്പതികളുടെ ഏഴു മക്കളിൽ അഞ്ചാമനാണ് ഷിഹാബുദ്ദീൻ. ജനനശേഷം അധികനാൾ ജീവിതമുണ്ടാകുമെന്ന പ്രതീക്ഷ  ഡോക്ടർമാർ വരെ തള്ളിക്കളഞ്ഞിരുന്നു. നാം കരയുന്നതുകണ്ട് മാതാപിതാക്കൾ ചിരിക്കുന്ന ഒരു ദിവസമുണ്ടെങ്കിൽ അതു നമ്മുടെ ജന്മദിനമായിരിക്കുമെന്ന് അബ്ദുൽ കലാം പറഞ്ഞിട്ടുണ്ട്. എന്നാൽ മാതാപിതാക്കളും ഞാനും ഒരുപോലെ കരഞ്ഞ ഒരു ദിവസമായിരുന്നു എന്റെ ജനനമെന്നായിരുന്നു ഷിഹാബുദ്ദീൻ തന്റെ ജനനത്തെപ്പറ്റി പറയുന്നത്. 25 ശതമാനം മാത്രം മനുഷ്യനായി ജനിച്ച ഈ കുഞ്ഞിന് രണ്ടോ മൂന്നോ മാസമേ ആയുസുണ്ടാവൂ എന്നായിരുന്നു ഡോക്ടർമാരുടെയെല്ലാം വിലയിരുത്തൽ.

ഇരുകൈകാലുകളും ഇല്ലാത്ത കുഞ്ഞ് പിന്നീട് ആറുവർഷത്തോളം കിടക്കയിൽ കഴിഞ്ഞു. അവനുശേഷം ജനിച്ച അനിയൻ മാതാവിന്റെ കൈ പിടിച്ചു നടക്കുമ്പോൾ അതുപോലെ നടക്കണമെന്നായിരുന്നു ഷിഹാബുദ്ദീന്റെ സ്വപ്‌നം. തനിക്ക് നടക്കണമെന്ന് ഉമ്മയോട് പറഞ്ഞപ്പോൾ എന്നെങ്കിലും അത് സംഭവിച്ചാൽ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ അമ്മയായിരിക്കുമെന്ന് അവരും പറഞ്ഞു.

അതോടെ ഷിഹാബുദ്ദീന് ആഗ്രഹങ്ങൾക്കൊപ്പം നിശ്ചയദാർഢ്യവുമുണ്ടായി. ആറാം വയസ്സിലേക്ക് കടന്നു. പിന്നീട് വീട്ടിലെ എല്ലാ മുറികളും കണ്ടു. വീടിനു പുറത്തിറങ്ങാൻ തുടങ്ങി. ആറുസഹോദരങ്ങൾ സ്‌കൂളിൽ പോകുമ്പോൾ താൻ വീട്ടിൽ തനിച്ചായി. അപ്പോഴും ഉമ്മയും ബാപ്പയും ദാരിദ്ര്യത്തിനിടയിലും തങ്ങളുടെ മകന് പ്രചോദനം നല്കി. ഷിഹാബുദ്ദീന് ചിത്രരചനയോട് താത്പര്യമായി. എവറസ്റ്റ് കീഴടക്കുന്ന പ്രതീതിയായിരുന്നു ഇരുകൈകളുമില്ലാത്ത ഞാൻ പെൻസിൽ എടുത്തപ്പോൾ'ഷിഹാബുദ്ദീൻ ഓർക്കുന്നു. ഒടുവിൽ വിവിധ നിറങ്ങളിൽ ചിത്രങ്ങൾ കാൻവാസിൽ നിറഞ്ഞു. വീട്ടുമുറ്റത്തെ ക്രിക്കറ്റ് കളി കാണുമായിരുന്നു. പതിയെ ക്രിക്കറ്റ് ബാറ്റുമേന്തി. സഹോദരങ്ങളുടെ പാഠപുസ്തകത്തിന്റെ താളുകൾ മനഃപാഠമാക്കാൻ ശ്രമിച്ചു. സ്‌കൂളിൽ പോകണം. അതായിരുന്നു അടുത്ത ആഗ്രഹം.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും സ്‌നേഹവും പ്രോത്സാഹനവും ലഭിച്ചതോടെ മറ്റുള്ളവർ ചെയ്യുന്ന എല്ലാ കാര്യങ്ങളും വശത്താക്കാൻ തുടങ്ങി. ബുദ്ധിമുട്ടിയാണ് പേന പിടിക്കാനും പുസ്തകം കൈയിലെടുക്കാനും പരിശീലിച്ചത്. പൂക്കോട്ടൂർ ജി.എം.എൽ.പി സ്‌കൂളിലും എ.യു.പി സ്‌കൂളിലും ചേര്‌ന്നെങ്കിലും വീട്ടിലിരുന്നാണ് പഠിച്ചതും പരീക്ഷ എഴുതിയതും.

ഏഴാംതരം വരെ വീട്ടിലിരുന്ന് പഠിച്ച ഷിഹാബുദ്ദീൻ എട്ടാം ക്ലാസു മുതലാണ് സ്‌കൂളിലെത്തിയത്. പൂക്കോട്ടൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലായിരുന്നു എസ്.എസ്.എൽ.സി വരെ പഠനം. സ്‌കൂളിലേക്കുള്ള യാത്ര ദിവസേന ഓട്ടോറിക്ഷയിലായിരുന്നു. ഉച്ചഭക്ഷണം ഉമ്മ കൊണ്ടുപോയി കൊടുക്കും. പഠനത്തിന് അദ്ധ്യാപകർ ഏറെ പ്രോത്സാഹനം നല്കിയതായി ശിഹാബുദ്ദീൻ പറയുന്നു. ഹൈസ്‌കൂൾ അദ്ധ്യാപകനായ അബ്ദു റഹിമാനും നന്നായി സഹായിച്ചിരുന്നു. ഏറെ പ്രയാസപ്പെട്ടും ദുരിതമനുഭവിച്ചും പഠിക്കണമെന്ന ആഗ്രഹം ഷിഹാബിന്റെ ഉള്ളിൽ ആളിക്കത്തിയിരുന്നു. ശ്രമങ്ങളൊന്നും വിഫലമായില്ലെന്നു തെളിയിക്കുന്നതായിരുന്നു പത്താം ക്ലാസ് പരീക്ഷാ ഫലം. 93 ശതമാനം മാർക്കോടെയാണ് പത്താം ക്ലാസ് ജയിച്ചത്. പരീക്ഷ എഴുതാൻ പകരമൊരാളെ വയ്ക്കാമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞപ്പോൾ പോലും സമ്മതിച്ചില്ല. കൈപ്പടമോ വിരലോ ഇല്ലാത്ത, തോളറ്റത്ത് തൂങ്ങിനില്ക്കുന്ന കൈകൾ കൂട്ടി പേന പിടിച്ചാണ് അന്നവൻ പരീക്ഷ എഴുതിയത്. അങ്ങനെ റിസൽട്ട് വന്നു. നാല് വിഷയങ്ങൾക്ക് എ പ്ലസും അഞ്ചുവിഷയങ്ങളിൽ എ ഗ്രേഡും. അൽപം പിറകിലായിപ്പോയത് കണക്കിൽ മാത്രം - ബി ഗ്രേഡ്. ഒരു വൈകല്യത്തിനും തോറ്റു കൊടുക്കാതെ നിറഞ്ഞ വിജയം.

+2വിന് സയൻസ് ഗ്രൂപ്പിൽ പഠനം പൂർത്തീകരിച്ചെങ്കിലും 75 ശതമാനത്തിലധികമുള്ള വികലാംഗത്വം തുടർന്നുള്ള സയൻസ് വിഷയങ്ങളിലെ പഠനത്തിന് വിഘാതമായി. അങ്ങനെ വെള്ളുവമ്പ്രം എംഐസി കോളേജിൽ ലിറ്ററേച്ചർ ബിരുദത്തിന് ചേർന്നു . ഡിഗ്രിക്ക് ഇംഗ്ലീഷ് ഐച്ഛിക വിഷയവും. ഇന്ന്  കാലിക്കറ്റ് സർവകലാശാലയിൽ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ് 22 കാരനായ ഷിഹാബുദ്ദീൻ.

ഭാവിയിൽ ആരായിത്തീരുക ഷിഹാബിന് ഒരു റോൾ മോഡലുണ്ട്. തന്നെപ്പോലെ ജന്മനാ കൈകാലുകളില്ലാത്ത, മോട്ടിവേഷൻ രംഗത്ത് ലോകാത്ഭുതമായി മാറിയ അന്താരാഷ്ട്രപരിശീലകൻ നിക്ക് വുജിയെയാണ് മാതൃകയാക്കിയിരിക്കുന്നത്. അദ്ദേഹത്തെപ്പോലെ പേരെടുത്ത ഒരു പരിശീലകനാകുക എന്നുള്ളതാണ് ലക്ഷ്യമെന്ന് ഷിഹാബ് പറയുന്നു. ശാരീരികമായ അവശതകളെ അതിജീവിച്ചുള്ള ഷിഹാബുദ്ദീന്റെ കുതിപ്പ് ആരിലും ആശ്ചര്യമുളവാക്കും. കൈകൾക്കു പകരമുള്ള ഇത്തിരി മാംസക്കഷണം കൊണ്ട് പ്രപഞ്ചം തന്നെ ഷിഹാബുദ്ദീൻ കാൻവാസിൽ പകർത്തി വെക്കും.

ഓയിൽ പെയിന്റിങ്, വാട്ടർ കളർ, അക്രിലിക്, പെൻസിൽ ഡ്രോയിങ് എന്നിവയിൽ വിരിയുന്ന ചിത്രങ്ങൾ ആരേയും അതിശയിപ്പിക്കും.  'എന്റെ മരം വർണോത്സവം' ചിത്രരചനാ മത്സരത്തിൽ പഞ്ചായത്തുതലത്തിൽ ഒന്നാമനായിരുന്ന ശിഹാബുദ്ദീന് സൈലന്റ് വാലി ദേശീയോദ്യാനം സന്ദർശിക്കാൻ അവസരം ലഭിച്ചിരുന്നു. ശാരീരിക വിഷമത കാരണം പോകാനായില്ല. മലപ്പുറത്ത് നടന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ ചിത്രരചനാ മത്സരത്തിലും പ്രൈസ് നേടി.  ഇതുവരെ ശ്രദ്ധേയമായ അറുപതോളം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഇവയൊക്കെ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കണമെന്നും ഈ കലാകാരന് മോഹമുണ്ട്. 2011-ൽ സംഘമിത്രയുടെ മികച്ച ചിത്രകാരനുള്ള അവാർഡും ഷിഹാബുദ്ദീനെ തേടിയെത്തിയിരുന്നു. ഇതിനെല്ലാം പുറമെ കരകൗശല നിർമ്മാണത്തിലും വിദഗ്ധനാണ്.  രണ്ടു ടെലിവിഷൻ റിയാലിറ്റി ഷോകളിലും ഷിഹാബുദ്ദീന് ഇക്കാലയളവിൽ പങ്കെടുത്തു.  മഴവിൽ മനോരമയിലെ ഉഗ്രം ഉജ്വലം പരിപാടിയിലൂടെയും ജയ്ഹിന്ദിന്റെ യുവതാരം പരിപാടിയിലൂടെയും ഷിഹാബിന്റെ പ്രകടനങ്ങൾ ലോകം കണ്ടു. ജയ്ഹിന്ദ് ടിവിയിലെ 'യുവതാരം' റിയാലിറ്റി ഷോയിലെ വിജയി കൂടിയാണ് ശിഹാബ്. ഈ പരിപാടിയുടെ ജേതാവായതോടെ ജീവിതത്തിൽ തനിക്കും എന്തെങ്കിലും ആകാൻ കഴിയുമെന്ന തോന്നലുണ്ടായി.

ആർക്കും പ്രചോദനമാവുന്നതും, എന്നാൽ അവിശ്വസനീയവുമാണ്  ഷിഹാബിന്റെറ കഴിവുകൾ. ഇതിലൊന്നും ഒതുങ്ങുന്നതല്ല ഷിഹാബിന്റെ അഭിരുചികളും കഴിവുകളും. തനിക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന വയലിൻ ഡിസൈൻ ചെയ്ത് വയലിൻവാദനം അഭ്യസിച്ചു തുടങ്ങി. പിയാനോ പഠിക്കുന്നുണ്ട്. മൊബൈൽ, കമ്പ്യൂട്ടർ തുടങ്ങിയവ അനായാസം കൈകാര്യം ചെയ്യും. കൂടാതെ നൃത്തകനുമാണ്. ഏകാന്തതയിൽ ഷിഹാബുദ്ദീന്റെ കൂട്ടുകാരൻ റേഡിയോ ആയിരുന്നു. ഇത് പിന്നീട് സംഗീതവുമയി അടുപ്പിക്കുകയും വയലിനും പിയാനോയുമെല്ലാം പഠിക്കാനുള്ള ആഗ്രഹം ജനിപ്പിക്കുകയായിരുന്നു. ഈ ആത്മവിശ്വാസമായിരുന്നു റിയാലിറ്റി ഷോകളിലേക്കും എത്തിച്ചത്.  ജന്മനാ ലഭിച്ചതും കർമ്മം കൊണ്ട് സിദ്ധിച്ചതുമായ ഒരുപാട് കഴിവുകളുടെ ഉടമയായിരുന്നു ഷിഹാബ്.  നല്ലൊരു ക്രിക്കറ്റ് താരം കൂടിയാണ് രണ്ടു കൈയും രണ്ടു കാലുമില്ലാത്ത ഈ യുവാവ്. കൂട്ടുകാർക്കൊപ്പം ഷിഹാബ് നന്നായി ക്രിക്കറ്റ് കളിക്കുമെന്നറിഞ്ഞ് ക്രിക്കറ്റ് താരം ശ്രീശാന്ത് വരെ അനുമോദനവുമായെത്തി.  മലപ്പുറത്തുകാരനായതു കൊണ്ടു തന്നെ ഫുട്‌ബോളിലും ഒരു കൈ നോക്കാറുണ്ട് ഷിഹാബ്. ലോകം  അറിയപ്പെടുന്ന വ്യക്തിത്വ വികസന പരിശീലകനാകാനാണ് ഷിഹാബുദ്ദീന്റെ ആഗ്രഹം. ഇതിനോടകം അഞ്ഞൂറിലധികം പരിശീലനക്യാമ്പുകൾ സംഘടിപ്പിച്ചു കഴിഞ്ഞു. പതിനെട്ടാം വയസ്സിൽ ഐ.ഐ.ടിയിലെ കുട്ടികൾക്ക് ക്ലാസെടുത്തിട്ടുണ്ട് ഈ ചെറിയ 'വലിയ' അദ്ധ്യാപകൻ. അവിടെ ക്ലാസെടുക്കാനെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ആൾ കൂടിയാണ് ഷിഹാബുദ്ദീൻ.  അവരുടെ ജീവിതവും എന്റെ ജീവിതവും തമ്മിൽ താരതമ്യം ചെയ്തു കൊണ്ടാണ് ക്ലാസെടുക്കുക. അതവർക്ക് ജീവിതത്തെ പോസിറ്റീവായി കാണാൻ ഉപകരിക്കുമെന്ന് ഷിഹാബുദ്ദീൻ പറയുന്നു.  കോഴിക്കോട്ട് നടന്ന ഒരു ക്യാമ്പിൽ വച്ച് ഇന്ദ്രജാലക്കാരൻ ഗോപിനാഥ് മുതുകാടുമായുള്ള പരിചയം മാജിക് പഠിത്തത്തിലേക്കും എത്തിച്ചു.

ജീവിതത്തിലെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ മൂന്ന് ചിട്ടകൾ ഇദ്ദേഹം തിട്ടപ്പെടുത്തിയിട്ടുണ്ട് -ഏകാഗ്രത, ശുഭാപ്തിവിശ്വാസം, ആഗ്രഹം. ഇവ പാലിച്ചാണ് തന്റെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കിയതെന്ന് അദ്ദേഹം പറയുന്നു. എല്ലാവരും കിട്ടാത്തതിനെക്കുറിച്ചോർത്ത് വിഷമിക്കുമ്പോൾ അവരുടെ കഴിവിനെ പ്രയോജനപ്പെടുത്താതെ പോകുകയാണെന്ന സന്ദേശമാണ് അദ്ദേഹം നൽകുന്നത്. മാതാപിതാക്കൾ, സഹോദരങ്ങൾ, കൂട്ടുകാർ എന്നിവരുടെ പിന്തുണയും സഹായവുമാണ് തന്റെ വിജയമെന്നും ഷിഹാബ് പങ്കുവെയ്ക്കുന്നു. ചെറുപ്പം തൊട്ട് ഇപ്പോഴത്തെ എം.എ പഠനം വരെ സഹപാഠികളുടെ അകമഴിഞ്ഞ സഹായവും പിന്തുണയും ഷിഹാബിന് ലഭിച്ചു.   തന്റെ വിജയരഹസ്യമെന്തെന്നു ചോദിച്ചാൽ ഷിഹാബുദ്ദീന് ഒന്നേ പറയാനുള്ളൂ. 'കൈയിൽ അഞ്ചു വിരലുള്ളവർ അതുകൊണ്ട് എല്ലാം ചെയ്യുന്നു. ആറാമത് ഒന്നു കൂടി വേണമെ ന്നു പറഞ്ഞ്  സങ്കടപ്പെടുന്നില്ല. അതുപോലെ എനിക്കുള്ളത് ഇതാണ്. ഇതുകൊണ്ട് ഞാനും എല്ലാം ചെയ്യുന്നു'. ഷിഹാബുദ്ദീന്റെ ജന്മം മാതാപിതാക്കളെ ഏറെ കണ്ണീരു കുടിപ്പിച്ചെങ്കിലും ഇന്ന് ഷിഹാബുദ്ദീന്റെ രക്ഷിതാക്കളായാണ് അവർ അറിയപ്പെടുന്നത്.  പ്രായംചെന്ന മാതാപിതാക്കളെ എല്ലാ സൗകര്യങ്ങളോടെയും പരിചരിക്കണം, കൂടുതൽ അറിവ് സമ്പാദിക്കണം, രാജ്യങ്ങൾക്കപ്പുറം യാത്ര ചെയ്യണം.... ഇങ്ങനെ പോകുന്നു അതിർവരമ്പുകളില്ലാതെ ഷിഹാബുദ്ദീന്റെ സ്വപ്‌നങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP