Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ ഉള്ള മലയാളികൾ സുരക്ഷിതർ; ബ്രിട്ടീഷ് കസ്റ്റഡിയിൽ ഉള്ളവരെ കുറിച്ചും ആശങ്ക വേണ്ട; ഇന്ത്യാക്കാരുടെ മോചനത്തിന് ഇടപെടലുമായി വിദേശകാര്യമന്ത്രാലയം; ബ്രിട്ടണുമായും ഇറാനുമായും ചർച്ച തുടരുന്നു; ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി മുരളീധരനും; ലഭിക്കുന്നത് മാന്യമായ പരിഗണനയെന്ന് ഇറാന്റെ പിടിയിലായ കപ്പലിലുള്ള മലയാളി അജ്മലും; അതിവേഗ പ്രതിസന്ധി പരിഹാരത്തിന് ഇടപെടലുമായി മുഖ്യമന്ത്രി പിണറായിയും

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ ഉള്ള മലയാളികൾ സുരക്ഷിതർ; ബ്രിട്ടീഷ് കസ്റ്റഡിയിൽ ഉള്ളവരെ കുറിച്ചും ആശങ്ക വേണ്ട; ഇന്ത്യാക്കാരുടെ മോചനത്തിന് ഇടപെടലുമായി വിദേശകാര്യമന്ത്രാലയം; ബ്രിട്ടണുമായും ഇറാനുമായും ചർച്ച തുടരുന്നു; ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി മുരളീധരനും; ലഭിക്കുന്നത് മാന്യമായ പരിഗണനയെന്ന് ഇറാന്റെ പിടിയിലായ കപ്പലിലുള്ള മലയാളി അജ്മലും; അതിവേഗ പ്രതിസന്ധി പരിഹാരത്തിന് ഇടപെടലുമായി മുഖ്യമന്ത്രി പിണറായിയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലായ 'സ്റ്റെനാ ഇംപേരോ'യിലും ഈ മാസമാദ്യം ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പൽ ഗ്രേയ്‌സ് വണ്ണിലും മലയാളികൾ ഉള്ളതായി സ്ഥിരീകരണം. രണ്ട് കപ്പലുകളിലുമായി ആറു മലയാളികളുള്ളതായാണ് വിവരം. ബ്രിട്ടീഷ് കപ്പൽ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഇറാൻ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.കപ്പലിലെ ജീവനക്കാരെ അറസ്റ്റ്‌ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല. അവർ കപ്പലിലുണ്ട്. അവർ സുരക്ഷിതരാണെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. 18 ഇന്ത്യക്കാരടക്കം 23 ജീവനക്കാരാണ് ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ളത്. -വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. കപ്പലിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ എംബസിവഴി ഊർജിതമായി തുടരുകയാണെന്നും മന്ത്രി അറിയിച്ചു. രണ്ടു കപ്പലുകളിലുമുള്ള മലയാളികളെ സുരക്ഷിതമായി തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിനു കത്തയച്ചു. ഇവരുടെ വിവരങ്ങൾ ലഭ്യമാക്കണമെന്നും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

കൊച്ചി കളമശ്ശേരി തെക്കനത്ത് പാപ്പച്ചന്റെയും ഡീനയുടെയും മകൻ ഡിജോ പാപ്പച്ചൻ (26) സ്റ്റെനാ ഇംപേരോയിലുണ്ട്. കപ്പലിലെ മെസ് മാനാണ് ഡിജോ. ജീവനക്കാരുടെ പേരുകൾ കപ്പലിന്റെ ഉടമസ്ഥരായ സ്വീഡിഷ് എംബസി ഇന്ത്യയ്ക്കു കൈമാറിയതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. ഡിജോ പാപ്പച്ചനുപുറമേ പുളിക്കമണ്ണിൽ ഗോപിനാഥന്റെ മകൻ സുനിൽകുമാർ, പ്രജിത്ത് മേലകത്ത് എന്നീ മലയാളികളുടേതെന്നു സൂചനയുള്ള പേരുകൾ പട്ടികയിലുണ്ട്. ഇവരുടെ വിവരങ്ങളും വിലാസങ്ങളും സ്ഥിരീകരിക്കാനുള്ള നടപടികൾ തുടരുകയാണ്. ഇറാൻ പിടിച്ചെടുത്ത 23 ജീവനക്കാരുള്ള കപ്പലിൽ 18 ഇന്ത്യക്കാരുണ്ടെന്നു കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. ഹോർമുസ് കടലിടുക്കിൽനിന്നാണ് ബ്രിട്ടീഷ് പതാകയുള്ള സ്റ്റെനാ ഇംപേരോ കപ്പൽ ഇറാൻ പിടിച്ചെടുത്തത്.

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പൽ ഗ്രേയ്‌സ് വണ്ണിൽ മൂന്നു മലയാളികളുണ്ട്. കാസർകോട് ഉദുമ നമ്പ്യാർ കീച്ചിൽ സ്വദേശി പി. പ്രജിത്ത് പുരുഷോത്തമൻ (32), ഗുരുവായൂർ സ്വദേശി റെജിൻ, മലപ്പുറം വണ്ടൂർ സ്വദേശി അജ്മൽ എന്നിവരാണുള്ളത്. ഇവരടക്കം 28 ജീവനക്കാരാണ് ഈ കപ്പലിലുള്ളത്. ഗ്രേയ്‌സ് വണ്ണിലെ നാവികരിലൊരാളായ വണ്ടൂർ സ്വദേശി അജ്മൽ വീട്ടുകാരെ ബന്ധപ്പെട്ടതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. ക്യാപ്റ്റനെയും ചീഫ് ഓഫീസറെയും ബ്രിട്ടീഷ് തീരസേന കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് അജ്മൽ അറിയിച്ചു. ജൂലായ് നാലിനാണ് ജിബ്രാൾട്ടർ കടലിടുക്കിൽ ഇവർ സഞ്ചരിച്ച കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തത്. കപ്പലിലെ ജീവനക്കാരുടെ ഫോണും ലാപ്‌ടോപ്പുമടക്കം പിടിച്ചെടുത്തു. പിന്നീട് ഒരു സിംകാർഡും ഫോണും മടക്കിനൽകിയതായും സുരക്ഷിതനാണെന്നും പ്രജിത്ത് ഫോണിൽ ബന്ധുക്കളോടു പറഞ്ഞു.

കപ്പലിലെ തേർഡ് എൻജിനിയറായ പ്രജിത്ത് ബാങ്ക് ഓഫ് ബറോഡ കാസർകോട് ശാഖയിലെ മാനേജരായി വിരമിച്ച പി. പുരുഷോത്തമന്റെയും പി.കെ. ശ്രീജയുടെയും രണ്ടാമത്തെ മകനാണ്. മൂന്നുമാസം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. മമ്മിയൂർ മുള്ളത്ത് റോഡിൽ ഒടാട്ട് വീട്ടിൽ രാജന്റെയും ഗീതയുടെയും മകനായ റെജിൻ മൂന്നുമാസം മുന്പാണ് ബ്രിട്ടനിലേക്കു പോയത്. ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞാണ് കാമ്പസ് സെലക്ഷൻ വഴി ഡിജോ പാപ്പച്ചൻ സ്റ്റെനാ ഇംപേരോയിൽ ജോലിക്കുകയറിയത്. ജൂൺ 18-നാണ് മുംബൈയിൽനിന്ന് കപ്പലിൽ കയറിയത്. ഫോർട്ട് കൊച്ചി, പള്ളുരുത്തി സ്വദേശികളും കപ്പിലിലുണ്ടെന്നു ഫോർട്ടുകൊച്ചി സ്വദേശി ക്യാപ്റ്റനാണെന്നാണ് പറഞ്ഞിരുന്നതെന്നും ഡിജോയുടെ അച്ഛൻ പാപ്പച്ചൻ പറയുന്നു. എന്നാൽ, ഇതിനു സ്ഥിരീകരണമില്ല.

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലായ ഗ്രേയ്‌സ് വണ്ണിൽ തങ്ങൾ സുരക്ഷിതരാണെന്ന് കപ്പലിലെ നാവികരിലൊരാളായ വണ്ടൂർ സ്വദേശി അജ്മൽ 'മാധ്യമങ്ങളോടും പറഞ്ഞു. 'മെയ്‌ 13-ന് മൂന്നുലക്ഷം ടൺ ക്രൂഡ് ഓയിൽ നിറച്ച് ഫുജൈറയിൽനിന്ന് പുറപ്പെട്ടതായിരുന്നു സൂപ്പർ ടാങ്കർ വിഭാഗത്തിൽപ്പെട്ട ഞങ്ങളുടെ കപ്പൽ. 25 രാജ്യങ്ങളിലൂടെ 18,000 കിലോമീറ്റർ താണ്ടി ജൂലായ് നാലിനു സ്പെയിനിന്റെ തെക്ക് തീരപ്രദേശമായ ജിബ്രാൾട്ടർ എന്ന സ്ഥലത്ത് പുലർച്ചെ ഒന്നരയോടെ ഭക്ഷണസാധനങ്ങൾ എടുക്കാനെത്തി. 'അന്നുരാത്രി 12 മുതൽ നാലുവരെ എനിക്കായിരുന്നു ഡ്യൂട്ടി. ട്രാഫിക് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ സ്പീഡ് പൂജ്യത്തിലാക്കി വെക്കണമെന്നും തങ്ങളുടെ ബോട്ട് ഉടൻ അങ്ങോട്ടു വരുന്നുണ്ടെന്നുമുള്ള മറുപടിയാണു ലഭിച്ചത്. ഇവിടെനിന്ന് മൂന്നു നോട്ടിക്കൽ മൈൽ ദൂരമാണ് ബ്രിട്ടന്റെ അതിർത്തിയിലേക്കുള്ളത്. പിന്നീട് രണ്ടു നോട്ടിക്കൽ മൈൽകൂടി ഉള്ളിലേക്കു ചെല്ലാനുള്ള നിർദ്ദേശം ലഭിച്ചു. അങ്ങനെ അവിടെയെത്തിയപ്പോൾത്തന്നെ യുദ്ധസമാനമായ രംഗങ്ങൾക്കാണ് ഞങ്ങൾ സാക്ഷ്യം വഹിച്ചത്.'

'രണ്ട് ഹെലികോപ്റ്ററിൽ ഇരുപതോളം കമാൻഡോകൾ സർവായുധങ്ങളുമായി കപ്പലിലേക്കിറങ്ങി. ഡെക്കിൽ ഇവർക്കുപുറമേ യുദ്ധക്കപ്പലിൽനിന്ന് രണ്ട് ഹെലികോപ്റ്ററുകൾ ഇവരുടെ കപ്പലിന്റെ രണ്ടുഭാഗത്തും തയ്യാറായി നിന്നു. 28 പേരടങ്ങുന്ന കപ്പലിലെ തൊഴിലാളികളെ മുഴുവൻ ഇവർ തോക്കിന്മുനയിൽ നിർത്തി കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തു. യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്നു സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നായിരുന്നു ഇവരുടെ പ്രധാന ആരോപണം. പാസ്പോർട്ടും ലാപ്ടോപ്പും മൊബൈലുമെല്ലാം കസ്റ്റഡിയിൽ വാങ്ങിയ ബ്രിട്ടീഷ് കമാൻഡോകൾ പിന്നീട് ദിവസങ്ങൾക്കുശേഷം മൊബൈൽ ഫോൺ തിരിച്ചേൽപ്പിച്ചു. തികച്ചും മാന്യമായ പെരുമാറ്റമാണ് ഇവരിൽനിന്നുണ്ടായതെന്നും സ്വാഭാവിക പരിശോധനകളും നടപടിക്രമങ്ങളും കഴിഞ്ഞ് വിട്ടയക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അജ്മൽ പറയുന്നു. വീട്ടുകാരുമായും കൂട്ടുകാരുമായുമെല്ലാം ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നും ഇറാന്റെ നയതന്ത്ര പ്രതിനിധികളും മറ്റും എത്തിയിരുന്നെന്നും അജ്മൽ പറഞ്ഞു

ജിബ്രാൾട്ടർ സുപ്രീം കോടതിയുടെ തീർപ്പനുസരിച്ചായിരിക്കും തങ്ങളുടെ തിരിച്ചുവരവെന്ന് അജ്മൽ അറിയിച്ചു. കപ്പൽ പിടിച്ചെടുത്ത തീയതി മുതൽ ഒരു മാസത്തിനകം കേസിൽ തീർപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. 30 ദിവസത്തേക്കു കപ്പൽ പിടിച്ചിടാൻ കോടതി ഉത്തരവിട്ടെന്നാണ് ഒടുവിൽ കിട്ടിയ വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP