Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രണ്ടാം ഭാര്യയും ആദ്യ ഭാര്യയിലെ മകളും മരുമകനും ചേർന്ന് ആശുപത്രിയിലെത്തി പറഞ്ഞത് മൊഴി മാറ്റിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന്; പീഡനത്തിന് ഇരയായ യുവതിയെ പ്രതിയായ എസ് ഐ യുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയത് അന്വേഷിക്കാൻ പൊലീസ്: ആശുപത്രിയിലെ സിസിടിവി പരിശോധിക്കും; അനിലിന് പിന്നാലെ കുടുംബവും കുരുക്കിലേക്ക്; കോഴിക്കോട് റൂറൽ എ ആർ ക്യാമ്പിലെ എസ്ഐയുടെ പീഡന വിവാദം പുതിയ തലത്തിലേക്ക്

രണ്ടാം ഭാര്യയും ആദ്യ ഭാര്യയിലെ മകളും മരുമകനും ചേർന്ന് ആശുപത്രിയിലെത്തി പറഞ്ഞത് മൊഴി മാറ്റിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന്; പീഡനത്തിന് ഇരയായ യുവതിയെ പ്രതിയായ എസ് ഐ യുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയത് അന്വേഷിക്കാൻ പൊലീസ്: ആശുപത്രിയിലെ സിസിടിവി പരിശോധിക്കും; അനിലിന് പിന്നാലെ കുടുംബവും കുരുക്കിലേക്ക്; കോഴിക്കോട് റൂറൽ എ ആർ ക്യാമ്പിലെ എസ്ഐയുടെ പീഡന വിവാദം പുതിയ തലത്തിലേക്ക്

കെ വി നിരഞ്ജൻ

കോഴിക്കോട്: കോഴിക്കോട് റൂറൽ എ ആർ ക്യാമ്പിലെ എസ്ഐ തിക്കോടി ചിങ്ങപുരം അമ്മൂസി'ൽ ജി എസ് അനിലി (53) നെ പീഡന പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തിതിരുന്നു. എസ് ഐ അനിൽ ബലാത്സഗത്തിനിരയാക്കിയതായും മർദ്ദിച്ചതായും കാണിച്ച് കഴിഞ്ഞ ദിവസമാണ് യുവതി പയ്യോളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയെത്തുടർന്ന് എസ് ഐ അറസ്റ്റിലുമായി. 2017 സപ്തംബർ മുതൽ നിരവധി തവണ പ്രതി യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പരാതിയുള്ളത്.

ഇപ്പോഴിതാ പീഡനത്തിന് ഇരയായ യുവതി പ്രതിയായ എസ് ഐയുടെ ബന്ധുക്കൾ തന്നെ ഭീഷണിപ്പെടുത്തുന്നതായി കാട്ടി വീണ്ടും പരാതി നൽകി. എസ് ഐയുടെ ഭാര്യയും മകളും മകളുടെ ഭർത്താവും ചേർന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് യുവതി കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയത്. ഇതേ സമയം പീഡനാരോപണം കെട്ടിച്ചമച്ചതാണെന്നും അടുത്ത ബന്ധമുള്ള ഇവർ തമ്മിൽ പിണങ്ങിയപ്പോഴാണ് യുവതി എസ് ഐക്കെതിരെ പരാതി നൽകിയതെന്നാണ് ആരോപണം.

പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന പരാതിക്കാരിയെ അനിലിന്റെ രണ്ടാം ഭാര്യയും ആദ്യഭാര്യയിലെ മകളും മരുമകനും ചേർന്ന് ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. എസ്‌ഐക്കെതിരെ നൽകിയ മൊഴി മാറ്റിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതായി പൊലീസിന് നൽകിയ പരാതിയിലുണ്ട്. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് കൊയിലാണ്ടി സിഐ അറിയിച്ചു. മകനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം കേസ് രജിസ്റ്റർ ചെയ്തത്.

2017 സെപ്റ്റബർ മുതൽ നിരവധി തവണ ഇത് തുടർന്നു.തലശേരിയിലെ ലോഡ്ജിൽ എത്തിച്ചാണ് ആദ്യം പീഡിപ്പിച്ചത്.പിന്നീട് വടകര, കൊയിലാണ്ടി, പയ്യോളി എന്നിവിടങ്ങളിലും എത്തിച്ചു.യുവതിയെ നിരന്തരം എസ്‌ഐ ഭീഷണിപ്പെടുത്തിയിരുന്നു.കഴിഞ്ഞ ദിവസം യുവതിയെ മർദിക്കുകയും മൊബൈൽ ഫോൺ തട്ടിപ്പറക്കാൻ ശ്രമിക്കുകയും ചെയ്തു.മർദനത്തെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോൾ സംശയം തോന്നി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് യുവതി പീഡന വിവരം പുറത്തു പറഞ്ഞത്. പീഡനം,. ശാരീരിക മർദനം, തട്ടിക്കൊണ്ടുപോകൽ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

2017 ജൂണിൽ പ്രതി ജി എസ് അനിൽ പയ്യോളി സ്റ്റേഷനിൽ എസ്ഐ ആയി ജോലി ചെയ്യുന്നതിനിടെയായാണ് യുവതിയെ പരിചയപ്പെടുന്നത്. ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു യുവതി. ഇവർ പരാതിയുമായി റൂറൽ ജില്ലാ പൊലീസ് ഓഫീസിൽ എത്തിയപ്പോൾ ഇവരെ പയ്യോളി സ്റ്റേഷനിലേക്ക് അയയ്ക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എസ് ഐ ആയിരുന്ന അനിൽ ഇവർക്ക് വക്കീലിനെ ഏർപ്പാടാക്കിക്കൊടുക്കുകയും മറ്റ് സഹായങ്ങൾ ചെയ്യുകയും ചെയ്തു.

തുടർന്ന് എസ് ഐ യുവതിയുമായി ഫോൺ വഴി ബന്ധം സ്ഥാപിച്ചു. അതേ വർഷം സപ്തംബർ 10 നു യുവതിയെ പയ്യോളി ബസ് സ്റ്റാൻഡിൽ നിന്നു കാറിൽ കയറ്റി തലശ്ശേരിയിലെ ലോഡ്ജിൽ കൊണ്ട് പോയി ബലാത്സംഗം ചെയ്തെന്നാണ് യുവതി പരാതി നൽകിയത്. ഇവിടെ നിന്നും പകർത്തിയ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പിന്നീട് നിരവധി തവണ എസ് ഐ തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നും യുവതി പറയുന്നു. തന്റെ അഞ്ചു വയസ്സുള്ള മകനെ കൊല്ലുമെന്നും മകന് നേരെ ആസിഡ് ഒഴിക്കുമെന്നും പറഞ്ഞ് എസ് ഐ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.

ഇതേ സമയം യുവതി ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട കോഴിക്കോട് സിറ്റിയിലെ പൊലീസുകാരന്റെ വീട്ടിൽ എസ് ഐ അനിൽ എത്തുകയും പൊലീസുകാരനെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവവുമുണ്ടായി. പൊലീസുകാരൻ യുവതിക്കയച്ച ചിത്രങ്ങൾ അയാളുടെ ഭാര്യയെ കാണിച്ച് പൊലീസുകാരനെതിരെ ആഭ്യന്തര വകുപ്പിന് പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി എസ് ഐ അനിൽ ഒരു ലക്ഷത്തി എഴുപത്തി ആറായിരം രൂപ തട്ടിയെടുത്തതായും പറയപ്പെടുന്നു. യുവതിയെയും കൂട്ടിപ്പോയാണ് എസ് ഐ പൊലീസുകാരനെ ഭീഷണിപ്പെടുത്തിയത്. ഈ പണം മുഴുവൻ എസ് ഐ വാങ്ങിയതായാണ് യുവതി പറയുന്നത്.

ഈ മാസം 27 ന് കാലത്ത് യുവതിയുടെ മൊബൈൽ വിളികളുടെ ലിസ്റ്റ് എടുക്കാനായി യുവതിയെ നിർബന്ധിച്ച് പയ്യോളി ടൗണിൽ എത്തിക്കുകയും ആവശ്യം നിരസിച്ച യുവതിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. പിന്നീട് യുവതിയെ ബൈക്കിൽ കയറ്റി സ്വകാര്യ മൊബൈൽ കമ്പനിയുടെ വടകര ഓഫീസിൽ എത്തിച്ച് ലിസ്റ്റ് എടുക്കാൻ ശ്രമിച്ചു. അവിടെ നിന്ന് ലിസ്റ്റ് ലഭിക്കാത്തതിനെ തുടർന്നു യുവതിയുമായി കൊയിലാണ്ടി സ്റ്റേഷന് സമീപം എത്തി വീണ്ടും മർദ്ദിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാർ പൊലീസിനെ വിളിച്ചാണ് യുവതിയെ രക്ഷപ്പെടുത്തിയത്. സ്ഥലത്തെത്തിയ പിങ്ക് പൊലീസിന്റെ പട്രോളിങ് സംഘം യുവതിയുമായി പയ്യോളി സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.

നിരവധി തവണ സ്വഭാവ ദൂഷ്യ നടപടികൾക്ക് വിധേയമായ എസ് ഐയെ കൊയിലാണ്ടി സ്റ്റേഷനിൽ നിന്ന് നാദാപുരം കൺട്രോൾ റൂമിലേക്ക് മാറ്റിയിരുന്നു. പൊതുജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കാനായിരുന്നു ഇത്. നാദാപുരത്ത് നിന്ന് എ ആർ ക്യാമ്പിലേക്ക് മാറ്റി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയ ശേഷമാണ് യുവതിയുടെ പരാതി വരുന്നത്. പയ്യോളി സിഐ എം ആർ ബിജുവിനാണ് അന്വേഷണച്ചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP