Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ ഭർത്താവിനെ അവർ കൊല്ലുമെന്ന് പറഞ്ഞ് 20തികയാത്ത ആ പെൺകുട്ടി പൊട്ടിക്കരഞ്ഞപ്പോഴും കണ്ണ് തുറക്കാതിരുന്ന ആ എസ് ഐ കള്ളവണ്ടി രജിസ്റ്റർ ചെയ്ത് എടുത്തു വിറ്റ കേസിലെ ആരോപണ വിധേയൻ; സിപിഎം ജില്ലാ സെക്രട്ടറിയുടെ ബന്ധുവിന്റെ ശുപാർശയിൽ എത്തിയ ഷിബുിനെ തൊടാൻ എസ് പി പോലും ഭയപ്പെട്ടു; ഷിബുവിനെ നിയമിച്ചതും സംരക്ഷിച്ചതും വിഎൻ വാസവന്റെ ബന്ധുവായ ഡി വൈ എസ് പി

എന്റെ ഭർത്താവിനെ അവർ കൊല്ലുമെന്ന് പറഞ്ഞ് 20തികയാത്ത ആ പെൺകുട്ടി പൊട്ടിക്കരഞ്ഞപ്പോഴും കണ്ണ് തുറക്കാതിരുന്ന ആ എസ് ഐ കള്ളവണ്ടി രജിസ്റ്റർ ചെയ്ത് എടുത്തു വിറ്റ കേസിലെ ആരോപണ വിധേയൻ; സിപിഎം ജില്ലാ സെക്രട്ടറിയുടെ ബന്ധുവിന്റെ ശുപാർശയിൽ എത്തിയ ഷിബുിനെ തൊടാൻ എസ് പി പോലും ഭയപ്പെട്ടു; ഷിബുവിനെ നിയമിച്ചതും സംരക്ഷിച്ചതും വിഎൻ വാസവന്റെ ബന്ധുവായ ഡി വൈ എസ് പി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് എസ്‌പിയുടെ വ്യാജ നമ്പരുള്ള ബുള്ളറ്റ് സംരക്ഷിക്കാൻ കോട്ടയത്തെ രണ്ടുപേരിൽ നിന്ന് അരലക്ഷം രൂപ വീതം ബലമായി വാങ്ങിയതിന് എസ്‌ഐ ഷിബുവിനെതിരേ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി കിട്ടിയിരുന്നു. പൊലീസ് ആസ്ഥാനത്തെ എസ്‌പി പരാതി അന്വേഷിച്ചു. ഷിബുവിന്റെ കളി കൈയോടെ പിടികൂടി. ഷിബുവിനെതിരെ നടപടിയെടുക്കണമെന്ന് പൊലീസ് ആസ്ഥാനത്തു നിന്ന് രണ്ടുവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ല. കോട്ടയം എസ്‌പി മുഹമ്മദ് ഷഫീഖിന് പോലും പേടിയായിരുന്നു ഷിബുവിനെ തൊടാൻ.

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായ വിഎൻ വാസവന്റെ അടുത്ത ബന്ധുവായ ഡിവൈഎസ്‌പിയായിരുന്നു ഷിബുവിന്റെ സംരക്ഷൻ. പൊലീസ് ആസ്ഥാനത്ത് എസ് പി റാങ്കിലുള്ള പദവിയിലാണ് ഡിവൈഎസ്‌പിയായ ഇയാൾ ജോലി ചെയ്യുന്നത്. ഇയാളുടെ നിർദ്ദേശ പ്രകാരമാണ് ഈ സ്റ്റേഷനിൽ എസ് ഐ ആയി ഷിബുവെത്തുന്നത്. കോട്ടയത്ത് നിന്ന് മാറ്റിയ എസ് പി മുഹമ്മദ് ഷഫീഖിന് അതിവേഗം തസ്തിക തരപ്പെടുത്തിയതും ഇയാളാണെന്നാണ് സൂചന. ഈ ധൈര്യത്തിലാണ് കെവിനെ കാണാനില്ലെന്ന പരാതിയുമായെത്തിയ ഭാര്യയെ ഷിബു കണ്ടില്ലെന്ന് നടിച്ചത്. യുവതി തന്റെ പ്രശ്‌നങ്ങൾ കരഞ്ഞു പറഞ്ഞിട്ടും ബിജു തിരിഞ്ഞു നോക്കിയില്ല. ഇതിന് എല്ലാം കാരണം സിപിഎം നേതാവിന്റെ അടുത്ത ബന്ധുവിന്റെ അടുപ്പത്തെ കുറിച്ചുള്ള തിരിച്ചറിവായിരുന്നു.

ക്രൈംബ്രാഞ്ച് എസ്‌പി ഉപയോഗിച്ചിരുന്ന പഴയ മോഡൽ ബുള്ളറ്റിന്റെ അതേ നമ്പരുള്ള മറ്റൊരു ബുള്ളറ്റ് എട്ടുമാസം മുൻപ് കോട്ടയത്ത് കണ്ടെത്തുകയായിരുന്നു. കോട്ടയത്തെ പ്രശസ്തമായ കുടുംബത്തിലെ പ്രവാസിയിൽ നിന്ന് ഒരു വർക്ക്‌ഷോപ്പുടമ വാങ്ങിയതായിരുന്നു അത്. ഇയാൾ മൂന്നാമതൊരാൾക്ക് വിറ്റു. മൂന്നാമനിൽ നിന്ന് എസ്‌ഐയുടെ സുഹൃത്ത് ബുള്ളറ്റ് വാങ്ങി. ഇതിനിടെ ബുള്ളറ്റ് റീ-ടെസ്റ്റ് നടത്തി മോട്ടോർ വാഹനവകുപ്പ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. കള്ളവണ്ടിയാണെങ്കിൽ റീ-ടെസ്റ്റിൽ കണ്ടുപിടിക്കില്ലേ എന്ന ചോദ്യം വർക്ക്‌ഷോപ്പുടമ ഉന്നയിച്ചെങ്കിലും എസ്‌ഐ വഴങ്ങിയില്ല. കള്ളക്കളിയാണ് പിന്നീട് നടന്നത്.

വർക്ക്‌ഷോപ്പുടമയും മൂന്നാമത് വണ്ടി വാങ്ങിയ ആളും അരലക്ഷം രൂപ വീതം തന്റെ സുഹൃത്തിന് നൽകണമെന്നും എസ്‌ഐ ആവശ്യപ്പെട്ടു. അതിനു വഴങ്ങാതായപ്പോൾ ക്രൈംബ്രാഞ്ച് എസ്‌പിയെ തിരുവനന്തപുരത്തെ വീട്ടിലെത്തി കാണാൻ പറഞ്ഞുവിട്ടു. അവിടെയെത്തിയപ്പോൾ അതേ നമ്പരുള്ള മറ്റൊരു ബുള്ളറ്റ് പോർച്ചിലിരിക്കുന്നു. എസ്‌ഐയുടെ സുഹൃത്തിനു വിറ്റ ബുള്ളറ്റ് എൻജിൻ നമ്പർ മായ്ചശേഷം നശിപ്പിക്കണമെന്ന് എസ്‌പി നിർദ്ദേശിച്ചു. അവിടന്ന് തലയൂരിയ യഥാർത്ഥ ബുള്ളറ്റിന്റെ ഉടമകൾ പിന്നീട് രണ്ട് ബുള്ളറ്റുകളുടെയും ചിത്രം സഹിതം ഡി.ജി.പിക്ക് പരാതി നൽകി.

ഇതേക്കുറിച്ച് അറിയില്ലെന്ന് അന്വേഷണം നടത്തിയ എസ്‌പിക്ക് ആദ്യം മൊഴിനൽകിയ എസ്‌ഐ, മൊബൈൽ സംഭാഷണ വിവരങ്ങളെടുക്കുന്നെന്ന് മനസിലാക്കി കുറ്റം സമ്മതിച്ചു. തുടർന്ന് മോട്ടോർ വാഹനവകുപ്പിൽ നിന്ന് വിവരങ്ങളെടുത്ത് വിശദമായ അന്വേഷണ റിപ്പോർട്ട് നൽകാൻ കോട്ടയം എസ്‌പിയായിരുന്ന മുഹമ്മദ് റഫീഖിനോട് പൊലീസ് ആസ്ഥാനത്തുനിന്ന് നിർദ്ദേശിച്ചു. പക്ഷേ, നടപടിയുണ്ടായില്ല. കോട്ടയത്തെ ബുള്ളറ്റ് കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കണമെന്ന് വെസ്റ്റ് സിഐക്ക് നോട്ടീസ് നൽകിയിട്ടും ഫലമുണ്ടായില്ല. ഇതിനെല്ലാം കാരണം ഷിബുവിന്റെ സ്വാധീനമായിരുന്നു.

അടുത്തിടെ കോട്ടയം അഡ്‌മിനിസ്‌ട്രേഷൻ ഡിവൈ.എസ്‌പിക്ക് പൊലീസ് ആസ്ഥാനത്തു നിന്ന് വീണ്ടും അറിയിപ്പ് നൽകിയിട്ടും എസ്‌ഐ ഉൾപ്പെടെ ഉള്ളവർക്കെതിരെ അന്വേഷണം ഉണ്ടായില്ല. വ്യാജനമ്പർ ബുള്ളറ്റ് വിഷയത്തിൽ ആരോപണവിധേയനായ ക്രൈംബ്രാഞ്ച് എസ്‌പിയെ വഴിവിട്ട് സഹായിച്ചെന്നും നിയമപരമായി ഇടപെടുന്നതിൽ വീഴ്ച വരുത്തിയെന്നും എസ്‌ഐക്കെതിരെ സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിനിടെയാണ് കെവിൻ വിവാദം ഉണ്ടാകുന്നത്.

കോട്ടയത്ത് നിന്നും ഭാര്യാവീട്ടുകാർ തട്ടിക്കൊണ്ടുപോയ നവവരന്റെ കൊലപാതകത്തിന് കാരണമായത് കേരളാ പൊലീസിന്റെ ഗുരുതര അനാസ്ഥയായിരുന്നു. നിരവധി അനുഭവങ്ങൾ മുന്നിലുണ്ടായിട്ടും പാഠം പഠിക്കാത്ത പൊലീസുകാർ കൃത്യമായ സമയത്ത് ഇടപെട്ടിരുന്നുവെങ്കിൽ ഒരു പക്ഷേ മന്നാനം സൂര്യകവല കളമ്പുകാട്ട്ചിറയിൽ കെവിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു. ഞായറാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ രാവിലെ തന്നെ പരാതി നൽകിയെങ്കിലും വി.ഐ.പി ഡ്യൂട്ടിയുടെ പേര് പറഞ്ഞ് അന്വേഷണത്തിൽ ഉഴപ്പിയ കോട്ടയം ഗാന്ധിനഗർ പൊലീസ് തന്നെയാണ് സംഭവത്തിലെ ഒന്നാം പ്രതി. സംഭവത്തിൽ ഗാന്ധിനഗർ എസ്‌ഐ എം.ആർ.ഷിബുവിന് ഗുരുതര വീഴ്ചയുണ്ടായി.

കോട്ടയത്തെ സ്വകാര്യ കോളേജ് വിദ്യാർത്ഥിനിയായ കൊല്ലം തെന്മല സ്വദേശി നീനു ചാക്കോയും കോട്ടയം നാട്ടാശേരി സ്വദേശി കെവിൻ.പി.ജോസഫും മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തോട് നീനുവിന്റെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. ഇതിനിടയിൽ മറ്റൊരാളുമായി നീനുവിന്റെ വിവാഹം നിശ്ചയിച്ചുവെങ്കിലും നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം പോകണമെന്നാണ് നീനു മൊഴി നൽകിയത്.

ഇതിൽ പ്രകോപിതരായ ബന്ധുക്കൾ പൊലീസുകാരുടെ മുന്നിൽ വച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പിൻവാങ്ങി. തുടർന്ന് നീനുവിനെ അമ്മഞ്ചേരിയിലുള്ള ഹോസ്റ്റലിലേക്ക് മാറ്റി. എന്നാൽ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയുടെ നേതൃത്വത്തിൽ കെവിന്റെ വീട്ടിലെത്തിയ സംഘമാണ് കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ട് പോയത്. ഇതാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP