രാജ്യത്തെ നടുക്കി വീണ്ടും സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞ് ദുരന്തം; മഞ്ഞിടിച്ചിലിൽ പെട്ട് ജീവൻ നഷ്ടമായത് ആറുപേർക്ക്; മഞ്ഞിനടിയിൽ പെട്ടത് നാല് സൈനികരും രണ്ടുപോർട്ടർമാരും; രണ്ടുപേരുടെ നില ഗുരുതരം; അപകടത്തിൽ പെട്ടത് ദോഗ്ര റെജിമെന്റിൽ നിന്നുള്ള എട്ടംഗ സൈനിക സംഘം; പട്രോളിങ്ങിനിടെ സൈനികർ കുടുങ്ങിയത് 19,000 അടി ഉയരത്തിലുള്ള അതീവദുർഘടമേഖലയിൽ; മഞ്ഞിനടിയിൽ കുടുങ്ങിയവരെ രക്ഷിച്ച് സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ വെടിഞ്ഞത് ശരീര ഊഷ്മാവ് കുറഞ്ഞതോടെ
November 18, 2019 | 11:17 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
ശ്രീനഗർ: സിയാച്ചിനിൽ മഞ്ഞ് പാളികൾ അടർന്ന് വീണ് നാല് സൈനികരും രണ്ട് സിവിലിയന്മാരും കൊല്ലപ്പെട്ടു. ദോഗ്ര റജിമെന്റിലെ നാല് സൈനികരും രണ്ട് പോർട്ടർമാരുമാണ് മരിച്ചത്. ഒരു സൈനിക പോസ്റ്റിൽ നിന്നും മറ്റൊരു സൈനിക പോസ്റ്റിലേക്ക് പോകുന്നതിനിടെയാണ് അപകടം. വൈകിട്ട് മൂന്നരയോടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. അപകടത്തിൽ പെട്ടവർ ആരൊക്കെയെന്നോ, ആരൊക്കെ മരിച്ചുവെന്നോ തുടങ്ങിയ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സൈനികർ പട്രോളിങ് നടത്തിനിടെയാണ് മഞ്ഞുപാളികൾ തകർന്നു വീണത്. എട്ട് പേർ മഞ്ഞിനടിയിൽ അകപ്പെട്ടു. വടക്കൻ മേഖലയിൽ 19,000 അടി ഉയരത്തിലാണ് സംഭവം. ഉടൻതന്നെ രക്ഷാപ്രവർത്തകർ എത്തി എട്ടുപേരെയും പുറത്തെടുത്തു. ഏഴുപേർക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. ഇവരെ പെട്ടെന്ന് തന്നെ അടുത്തുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റി. ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളെയും വിഫലമാക്കി ആറുപേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ശരീര ഊഷ്മാവ് ക്രമാതീതമായി താഴ്ന്നതാണ് ആറുപേരുടെയും മരണത്തിന് കാരണമായത്.
ലോകത്തെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയാണ് സിയാച്ചിൻ. കാശ്മീരിലെ തന്നെ ഏറ്റവും തണുത്തുറഞ്ഞ പ്രദേശം, ഓക്സിജൻ കുറഞ്ഞയിടം, യുദ്ധഭൂമി എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളുള്ള സ്ഥലമാണ് സിയാച്ചിൻ. കഴിഞ്ഞ മാസം ലഡാക്ക് സന്ദർശിച്ച കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സിയാച്ചിൻ മേഖല വിനോദ സഞ്ചാരികൾക്ക് തുറന്നു കൊടുക്കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു. മൈനസ് 30 ഡിഗ്രിയുള്ള ഇവിടെ ഹിമപാതത്തെ തുടർന്നു തണുപ്പ് മൈനസ് 60 ഡിഗ്രി വരെ താഴ്ന്നിട്ടുണ്ടെന്നാണു റിപ്പോർട്ട്. ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുവീണ് രണ്ടുപേരെ കഴിഞ്ഞ ദിവസം കാണാതായിരുന്നു.
കാറക്കോറം മലനിരകളിലാണു സിയാച്ചിൻ സൈനിക ക്യാംപ് സ്ഥിതി ചെയ്യുന്നത്. സിയാച്ചിലിൽ ഇന്ത്യാ പാക് െൈസനിക പോരാട്ടത്തേക്കാൾ ഉപരി ഉവിടെ പ്രതികൂല കാലാവസ്ഥയിൽ സൈനികരുടെ ജീവൻ നഷ്ടമായിട്ടുണ്ട്. ഹാമിലയത്തിലെ ഏറ്റവും ഉയർന്ന് നിൽക്കുന്ന പ്രദേശമായ ലഡാക്കിൽ പ്രതികൂല കാലാവസ്ഥയിലുമാണ് ജവാന്മാർ ജോലി ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ 20,500 അടി ഉയരത്തിൽ സോനം പോസ്റ്റിന് സമീപം ഹാമപാദം വീണ് പത്ത് സൈനികർ മരിച്ചിരുന്നു.
ഓപ്പറേഷൻ മേഘ്ദൂതിലൂടെ 1984 ലാണ് ഇന്ത്യൻ സൈന്യം സിയാച്ചിൻ മഞ്ഞുമല പിടിച്ചെടുക്കുന്നത്. അന്ന് മുതൽ സിയാച്ചിനിലേക്ക് ചുരുക്കം ചില പത്രപ്രവർത്തകർക്കും പര്യവേഷകർക്കും മാത്രമാണ് പ്രവേശനം ലഭിച്ചിരുന്നത്. തന്ത്ര പ്രധാന മേഖലയായതിനാൽ കനത്ത കാവലിലാണ് പ്രദേശം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹെലിപ്പാഡും ഏറ്റവും ഉയരമുള്ള യുദ്ധ ഭൂമിയും സിയാച്ചിനാണ്.
ജമ്മുകശ്മീരിൽ നിന്നും വേർപെടുത്തി ലഡാക്കിനെ പ്രത്യേക കേന്ദ്ര ഭരണ പ്രദേശമാക്കിയതിന് പിന്നാലെയാണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധഭൂമിയായ സിയാച്ചിൻ ഗ്ലേഷ്യർ സഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.സിയാച്ചിൻ ബേസ് ക്യാമ്പ് മുതൽ കുമാർ പോസ്റ്റ് വരെയാണ് വിനോദ സഞ്ചാരികൾക്ക് പ്രവേശനം . സൈന്യത്തിന്റെ നിയന്ത്രണത്തോടെ ആകും സഞ്ചാരികളെ സിയാച്ചിനിലേക്ക് കടത്തിവിടുക. ഇതിനോടൊപ്പം സൈനീക പരിശീലന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും അവസരമൊരുക്കും. സൈനികർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസിലാക്കാൻ ഒരവസരവുമാണിത്.
