Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തിന്റെ മൂന്നാം ധ്രുവത്തിൽ ഓക്സിജൻ ലഭ്യത വളരെ കുറവ്; കൊടും തണുപ്പിൽ അച്ചടക്കത്തോടെ മനോധൈര്യം കൈവിടാതെ പട്രോളിങ് നടത്തുന്നത് കാർഗിൽ ആവർത്തിക്കാതിരിക്കാൻ; ഇന്നലെ അപകടത്തിൽ പെട്ടത് പ്രതികൂല കാലാവസ്ഥയിലും കണ്ണിമ ചിമ്മാതെ പാക് സൈനിക നീക്കങ്ങളെ നിരീക്ഷിക്കുന്ന എട്ടു പേർ; അപകടത്തിൽപ്പെട്ടത് മഞ്ഞിടിച്ചിൽ ആരംഭിച്ചപ്പോൾ അവിടെ ഉണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ശ്രമിച്ചവർ; ആറു പേരുടെ ജീവനെടുത്ത സിയാച്ചിനിലെ ദുരുന്തത്തിൽ തേങ്ങി രാജ്യം

ലോകത്തിന്റെ മൂന്നാം ധ്രുവത്തിൽ ഓക്സിജൻ ലഭ്യത വളരെ കുറവ്; കൊടും തണുപ്പിൽ അച്ചടക്കത്തോടെ മനോധൈര്യം കൈവിടാതെ പട്രോളിങ് നടത്തുന്നത് കാർഗിൽ ആവർത്തിക്കാതിരിക്കാൻ; ഇന്നലെ അപകടത്തിൽ പെട്ടത് പ്രതികൂല കാലാവസ്ഥയിലും കണ്ണിമ ചിമ്മാതെ പാക് സൈനിക നീക്കങ്ങളെ നിരീക്ഷിക്കുന്ന എട്ടു പേർ; അപകടത്തിൽപ്പെട്ടത് മഞ്ഞിടിച്ചിൽ ആരംഭിച്ചപ്പോൾ അവിടെ ഉണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ശ്രമിച്ചവർ; ആറു പേരുടെ ജീവനെടുത്ത സിയാച്ചിനിലെ ദുരുന്തത്തിൽ തേങ്ങി രാജ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : ലോകത്തിന്റെ മൂന്നാം ധ്രുവം എന്ന് വിശേഷിക്കപ്പെടുന്ന, ഓക്‌സിജൻ ലഭ്യത വളരെക്കുറവുള്ള, സിയാച്ചിനിലെ കൊടുംതണുപ്പിൽ അച്ചടക്കത്തോടെ മനോധൈര്യം കൈവിടാതെ സൈനികർ ഇന്ത്യൻ സേനയുടെ കരുത്തും അഭിമാനവുമാണ്. പ്രതികൂല കാലാവസ്ഥയിൽ അതിർത്തി സംരക്ഷിക്കുന്നവർ. ലോകത്തെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ ഹിമപാതത്തെ തുടർന്നുള്ള അപകടത്തിൽ കുടുങ്ങിയത് എട്ട് പേർ. ഇതിൽ ആറു പേരാണ് മരിച്ചത്. ചികിൽസയിലുള്ള ഒരാളുടെ നില അതീവ ഗുരുതരമാണ്. കടുത്ത തണുപ്പ് അനുഭവപ്പെടുന്ന അസാധാരണ അവസ്ഥയാണ് ഇവരുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കിയത്. ദുരന്തത്തിൽ നാലു സൈനികരും രണ്ടു പോർട്ടർമാരും ഉൾപ്പെടെ ആറു പേരാണ് മരിച്ചത്. ദുരന്തത്തിൽ രക്ഷ്പപെട്ടവരെ ഹെലികോപ്ടറിൽ അടുത്ത ആശുപത്രിയിൽ എത്തിച്ചു. സമുദ്രനിരപ്പിൽനിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശത്തു വൈകിട്ട് മൂന്നോടെയാണു ഹിമപാതമുണ്ടായത്.

പട്രോളിങ്ങിനിടെയാണ് അപകടം. മൈനസ് 30 ഡിഗ്രിയുള്ള ഇവിടെ ഹിമപാതത്തെ തുടർന്നു തണുപ്പ് മൈനസ് 60 ഡിഗ്രി വരെ താഴ്ന്നിട്ടുണ്ടായിരുന്നു്. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുവീണു രണ്ടുപേരെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. കാറക്കോറം മലനിരകളിലാണു സിയാച്ചിൻ സൈനിക ക്യാംപ് സ്ഥിതി ചെയ്യുന്നത്. സൈന്യത്തിനുവേണ്ടി ചുമടെടുക്കുന്ന രണ്ടുപേരാണ് മരിച്ച മറ്റു രണ്ടുപേർ. ഹിമാലയൻ പർവതനിരയിൽ പാക് അതിർത്തിയോട് ചേർന്ന വടക്കൻ സിയാച്ചിനിൽ പട്രോളിങ്ങിൽ ഏർപ്പെട്ട കരസേനാ ജവാന്മാരും സംഘവുമാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. മഞ്ഞിടിച്ചിൽ ആരംഭിച്ചപ്പോൾ അവിടെ ഉണ്ടായിരുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിൽ ഏർപ്പെട്ടവരാണ് മഞ്ഞിനടിയിൽപ്പെട്ടത്.

ഹിമാലയൻ മലനിരകളിൽ ചെങ്കുത്തായുള്ള ഈ പ്രദേശത്ത് പൂജ്യത്തിനുതാഴെ 21 ഡിഗ്രിയായിരുന്നു തിങ്കളാഴ്ചത്തെ തണുപ്പ്. 1984-ൽ ഇന്ത്യ-പാക് യുദ്ധത്തെത്തുടർന്നാണ് സിയാച്ചിനിൽ സേനയെ വിന്യസിച്ചത്. ശൈത്യകാലത്ത് പൂജ്യത്തിനുതാഴെ 60 ഡിഗ്രിവരെ തണുപ്പ് ഇവിടെ അനുഭവപ്പെടാറുണ്ട്. ഈ സമയങ്ങളിൽ പ്രദേശത്ത് മഞ്ഞുമലയിടിച്ചിൽ പതിവാണ്. ഈയിടെ ഇവിടേക്ക് ടൂറിസ്റ്റുകളെ അനുവദിക്കാമെന്നും കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇവിടത്തെ സൈനികർ നേരിടുന്ന വിഷമം പൊതുജനം നേരിട്ടറിയുന്നതിന് വേണ്ടിയായിരുന്നു ഈ തീരുമാനം കേന്ദ്രം കൈക്കൊണ്ടത്. സമുദ്രനിരപ്പിൽനിന്ന് 18,000 അടി ഉയരത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. പട്രോളിങ് സംഘാംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. എട്ടുപേരാണു സംഘത്തിലുണ്ടായിരുന്നത്. ഇവരിൽ ഏഴുപേർക്കാണു ഗുരുതരമായി പരുക്കേറ്റത്. എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ആറു പേർ മരണത്തിനു കീഴടങ്ങുകയായിരുന്നു.

ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയായാണു സിയാച്ചിൻ അറിയപ്പെടുന്നത്. ഇവിടെ യുദ്ധത്തിലേക്കാൾ കുടുതൽ സൈനികർ മഞ്ഞുവീഴ്ചയെ തുടർന്നു കൊല്ലപ്പെട്ടിട്ടുണ്ട്. 2016 ഫെബ്രുവരിയിൽ ഇവിടെയുണ്ടായ ഹിമപാതത്തിൽ 10 സൈനികരാണു മരിച്ചത്. 25 അടി മഞ്ഞ് നീക്കിയാണ് അന്നു മൃതദേഹങ്ങൾ പുറത്തെടുത്തത്. ആറു ദിവസം മഞ്ഞിനടിയിൽ കഴിഞ്ഞിട്ടും ലാൻസ് നായിക് ഹനമന്തപ്പ കോപ്പാഡിനെ ജീവനോടെ പുറത്തെത്തിക്കാൻ കഴിഞ്ഞത് വാർത്തയായിരുന്നു. എന്നാൽ, ഏതാനും ദിവസങ്ങൾക്കുംശേഷം ഡൽഹിയിലെ സൈനിക ആശുപത്രിയിൽ അദ്ദേഹം മരണത്തിനു കീഴടങ്ങി. 2016 ഫെബ്രുവരി 3 ന് വടക്കൻ സിയാച്ചിൻ ഹിമാനി മേഖലയിൽ അഗാധമായ ഹിമാനീപതനത്തെ തുടർന്ന് ഇന്ത്യൻ സൈന്യത്തിലെ 10 സൈനികർ അഗാധമായ മഞ്ഞിനടിയിൽ കുടുങ്ങിയതും രാജ്യത്തെ വേദനയിലാക്കിയിരുന്നു.

ഇന്ത്യ ഹിമാനിയിൽ പട്ടാളത്തെ നിലനിർത്താനായി പ്രതിദിനം ശരാശരി 5 കോടി രൂപ ചിലവഴിക്കുന്നു. 1984- ലെ കരസേന ഓപ്പറേഷൻ പാക്കിസ്ഥാന്റെ ദീർഘകാല അല്ലെങ്കിൽ മൊത്തത്തിലുള്ള ഉദ്ദേശ്യങ്ങളെ തിരിച്ചറിയുന്നതിനും അവ തടയുന്നതിനുള്ള മാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട് മേഘദൂത് ഓപ്പറേഷൻ സൈന്യം ഏറ്റെടുത്തതിനുശേഷം കാലാവസ്ഥാ വ്യതിയാനങ്ങളും പരിസ്ഥിതി ഘടകങ്ങളും കാരണം 870 ഓളം സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. 2003 നവംബറിൽ ഇന്ത്യയും പാക്കിസ്ഥാനും നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചു. ഹിമാലയൻ മലനിരകളിലെ കിഴക്കൻ കാരക്കോറത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹിമാനിയാണ് സിയാചിൻ ഹിമാനി.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണിത്. എഴുപത് കിലോമീറ്റർ നീളമുള്ള സിയാചിൻ ഹിമാനി കാരക്കോറത്തിലെ ഏറ്റവും നീളം കൂടിയതും ധ്രുവേതര മേഖലയിൽ ലോകത്തിൽ രണ്ടാമത്തേതുമാണ്. സമുദ്രനിരപ്പിൽ നിന്ന് 5753 മീറ്റർ (18,875 അടി) ഉയരത്തിലാണ് ഇതിന്റെ കിടപ്പ്. സിയാചിൻ ഹിമാനിയെ ഭൂമിയുടെ മൂന്നാം ധ്രുവം എന്നും വിളിക്കാറുണ്ട്. സിയാചിൻ ഹിമാനിയും അതിന്റെ എല്ലാ കൈവഴികളും ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. ശീതകാലത്ത് ഇവിടുത്തെ ശരാശരി മഞ്ഞുവീഴ്‌ച്ച 10.5 മീറ്റർ(35 അടി) ആണ്. താപനില മൈനസ് 50 ഡിഗ്രിസെൽഷ്യസായി താഴുകയും ചെയ്യും. സിയചിൻ ഹിമാനിയുടെ എല്ലാ കൈവഴികളുമുൾപ്പടെ മൊത്തം സിയാചിൻനിരകൾ 700 ചതുരശ്ര കിലോമീറ്റർ വിസ്ത്രീർണ്ണം വരും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹെലിപ്പാഡും ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയും സിയാചിൻ നിരകളിലാണ്.

നുബ്‌റ നദിയുടെ പ്രധാന ഉറവിടം സിയാചിൻ മഞ്ഞുമലകളുടെ മഞ്ഞുരുക്കമാണ്. നുബ്റ നദി ഷയോക്ക് നദിയിലോട്ട് ഒഴുകുന്നു. ഷയോക്ക് പിന്നെ സിന്ധു നദിയിൽ ചേരുന്നു. അങ്ങനെ സിന്ധു നദിയുടെ ഏറ്റവും വലിയ ജലസ്രോതസ്സായി മാറുന്നു സിയാചിൻ മഞ്ഞുമല. ആഗോള താപനത്തിന്റെ പ്രത്യാഘാതം സിയാചിൻ മഞ്ഞുമല അസാധാരണനിലയിൽ ഉരുകുന്നതിനും ഹിമാലയത്തിന്റെ വടക്കൻ ഭാഗങ്ങളിൽ മഴപെയ്യുന്നതിനും കാരണമാകുന്നു. സമീപ ദശാബ്ദങ്ങളിൽ മഞ്ഞുമലയുടെ വ്യാപ്തം വലിയ അളവിൽ കുറഞ്ഞുവരുന്നതായും കാണുന്നു. 1984 മുതലുള്ള സൈനിക ഇടപെടലും സാന്നിധ്യവും ഇവിടുത്തെ മഞ്ഞുമലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട് എന്നും ആരോപിക്കപ്പെടുന്നു

1984 ഏപ്രിലിൽ നടത്തിയ ഓപ്പറേഷൻ മേഘദൂതിലൂടെയാണ് ഇന്ത്യൻ സൈന്യം സിയാചിൻ ഗ്ലേഷ്യറിനെ പൂർണ്ണനിയന്ത്രണത്തിലാക്കിയത്. 1984 മുതൽ ഇന്ത്യയും പാക്കിസ്ഥാനും ഇടവിട്ട് പോരാട്ടമുണ്ടാവുന്ന, ഭൂമിയിലെ ഏറ്റവും ഉയർന്ന യുദ്ധ മേഖലയാണ് സിയാചിൻ മലനിരകൾ. 6000 മീറ്റർ ഉയരത്തിലുള്ള ഈ നിരകളിൽ ഇരു രാജ്യങ്ങളുടെയും സ്ഥിരമായ സൈനിക സാന്നിധ്യമുണ്ട്. പർവ്വത നിരകളിലെ യുദ്ധമുറയ്ക്ക് ഉദാഹരണമാണ് സിയാചിൻ. ഇരു രാജ്യങ്ങളും തങ്ങളുടെ സൈന്യത്തെ ഇവിടുന്ന് പിൻവലിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും 1999ലെ കാർഗിൽ യുദ്ധത്തിന് ശേഷം വീണ്ടും മറ്റൊരു കാർഗിൽ ആവർത്തിക്കുമോ എന്ന് ആശങ്കയിൽ സൈനിക വിന്യാസം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP