Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകളുടെ വിവാഹത്തിന് കരുതിവച്ച പണം 20 വിദ്യാർത്ഥികളുടെ പഠനച്ചെലവിന് നൽകി സൂര്യാ കൃഷ്ണമൂർത്തി; മകൾ സീതയ്ക്ക് സ്വവസതിയിലെ പൂജാമുറിയിൽ വച്ച് ലളിത വിവാഹം; സോഷ്യൽ മീഡിയയിലൂടെ നടത്തിയ ക്ഷണം സ്വീകരിച്ച് വധൂവരന്മാരെ ആശീർവദിക്കാൻ വി എസ് ഉൾപ്പെടെ എത്തി

മകളുടെ വിവാഹത്തിന് കരുതിവച്ച പണം 20 വിദ്യാർത്ഥികളുടെ പഠനച്ചെലവിന് നൽകി സൂര്യാ കൃഷ്ണമൂർത്തി; മകൾ സീതയ്ക്ക് സ്വവസതിയിലെ പൂജാമുറിയിൽ വച്ച് ലളിത വിവാഹം; സോഷ്യൽ മീഡിയയിലൂടെ നടത്തിയ ക്ഷണം സ്വീകരിച്ച് വധൂവരന്മാരെ ആശീർവദിക്കാൻ വി എസ് ഉൾപ്പെടെ എത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവാഹധൂർത്തിന്റെ കഥകൾ അനുദിനം കേൾക്കുകയും ചർച്ചയാവുകയും ചെയ്യുന്ന ഇക്കാലത്ത് വേറിട്ടൊരു വിവാഹം നടത്തി പ്രമുഖ സാംസ്‌കാരിക നായകൻ സൂര്യാ കൃഷ്ണമൂർത്തി.

സോഷ്യൽ മീഡിയയിലൂടെ ക്ഷണിച്ച് മകൾ സീതയുടെ വിവാഹം വീട്ടിലെ പൂജാമുറിയിൽ വച്ച് നടത്തിയാണ് സൂര്യാ കൃഷ്ണമൂർത്തി സമൂഹത്തിന് മാതൃകയായത്. തികച്ചും ആർഭാട രഹിതമായി നടത്തിയ വിവാഹത്തിനും അപ്പുറം മകളുടെ വിവാഹത്തിന് കരുതിവച്ച പണം 20 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചെലവിനും അദ്ദേഹം നൽകി.

ആർഭാടരഹിതമായി നടന്ന സൂര്യ കൃഷ്ണമൂർത്തിയുടെയും രാജിയുടെയും മകൾ സീതയുടെ കല്യാണത്തിന് പ്രമുഖരും ആശംസകളുമായി എത്തി. വി എസ് അച്യൂതാനന്ദൻ നേരിട്ടെത്തി വധൂവരന്മാർക്ക് ആശംസകൾ പകർന്നു. ബിഹാർ വൈശാലി ഹാജിപ്പൂരിലെ രജ്പുട്ട് കുടുംബത്തിലെ ഡോ. മധുസൂദനൻ സിങ്ങിന്റെയും പ്രിയാസിങ്ങിന്റെയും മകനായ ചന്ദൻകുമാറായിരുന്നു വരൻ.

സൂര്യ കൃഷ്ണമൂർത്തിയുടെ തൈക്കാടിലെ സ്വവസതിയിലെ പൂജമുറിയിൽ വച്ചായിരുന്നു വിവാഹം. വിവാഹത്തിന് ക്ഷണിച്ചുകൊണ്ട് മൂർത്തി സോഷ്യൽ മീഡിയയിൽ ഇട്ട വിവാഹ ക്ഷണക്കത്ത് നേരത്തേ തന്നെ വൈറലായിരുന്നു.

പരസ്പരം മനസ്സിലാക്കുകയും പ്രണയിക്കുകയും ചെയ്ത ഇവരെ ഒന്നിപ്പിക്കുകയാണെന്നും എല്ലാവരുടെ അനുഗ്രഹം വേണമെന്നും വിവാഹത്തിന് ആർഭാടവും സ്ത്രീധനവും വിരുന്നു സൽക്കാരങ്ങളും ഒഴിവാക്കുകയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു ക്ഷണക്കത്ത്. 'എന്റെ മകൾ സീത വിവാഹിതയാവുകയാണ്.

അവളോടൊപ്പം സിവിൽ സർവ്വീസ് അക്കാദമിയിലെ ട്രയിനിംഗിൽ കൂടെയുള്ള ചന്ദൻ കുമാർ ആണ് വരൻ. ബിഹാറിലെ വൈശാലി ജില്ലയിൽ ഹാജിപൂരിലെ ഒരു പുരാതന രാജ്പുത് കുടുംബത്തിലെ ഡോ. മധുസൂദൻ സിംഗിന്റെ മകൻ. പരസ്പരം മനസ്സിലാക്കുകയും പ്രണയിക്കുകയും ചെയ്ത കുട്ടികളെ ഒന്നിപ്പിക്കുവാൻ രണ്ടു കുടുംബങ്ങളും ഒന്നിച്ചുസമ്മതം നൽകുകയാണ്.

സീതയുടെ വിവാഹത്തിനു വലിയ കല്യാണമണ്ഡപവും കമാനവും ആർഭാടവും സ്വർണ്ണവും സ്ത്രീധനവും വിരുന്നു സൽക്കാരങ്ങളും എല്ലാം ഒഴിവാക്കി ഒരു ലളിതമായ ചടങ്ങ് മതി എന്നത് എന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു. മെയ്‌ 13 , 14 , 15 തീയതികളിൽ സീതയും ചന്ദനും ഞങ്ങളുടെ വീട്ടിൽ ഉണ്ടാകും.

താങ്കളുടെ സൗകര്യമനുസരിച്ച് ഏതെങ്കിലും ഒരു ദിവസം (രാവിലെ 9 മുതൽ 12-30 വരെയും വൈകിട്ട് 4 .30 മുതൽ 9.30 വരെയും) കുടുംബത്തോടെ വീട്ടിൽ വന്നു കുട്ടികളെ അനുഗ്രഹിക്കണം. സമ്മാനമൊന്നും കൊണ്ടു വരരുത്. രണ്ടു കൈയും തലയിൽ വച്ച് മക്കളെ അനുഗ്രഹിച്ചാൽ മാത്രം മതി. വരണം. ഞങ്ങൾ കാത്തിരിക്കും-സൂര്യാ കൃഷ്ണമൂർത്തി' എന്നായിരുന്നു ക്ഷണക്കത്ത്.

സ്വർണാഭരണങ്ങളുടെ പകിട്ടോ, വലിയ സദ്യയോ മറ്റാർഭാടങ്ങളൊന്നുമില്ലായിരുന്നു വിവാഹത്തിന്. വിവാഹത്തിന് സീത വടക്കേന്ത്യൻ രീതിയിൽ ചുവന്ന സാരിയും വെള്ളയും ചുവപ്പും കലർന്ന വളകളുമായിരുന്നു ധരിച്ചത്. ക്ഷണം സ്വീകരിച്ച് എത്തിയവർക്ക് പായസമാണ് നൽകിയത്. മകളുടെ വിവാഹച്ചെലവുകൾക്കായി മൂർത്തി വർഷങ്ങളായി സ്വരൂപിച്ച തുക 20 പാവപ്പെട്ട വിദ്യാർത്ഥികളുടെ അടുത്ത നാലുവർഷത്തേക്കുള്ള വിദ്യാഭ്യാസച്ചെലവുകൾക്കായി നൽകി.

താൻ പഠിച്ച മോഡൽ സ്‌കൂളിലെയും ഗവ. ആർട്‌സ് കോളേജിലെയും ടികെഎം എൻജിനീയറിങ് കോളേജിലെയും പ്രിൻസിപ്പൽമാരെ ഈ തുക വിവാഹത്തിനു മുമ്പ് ഏൽപ്പിക്കുമെന്ന് നേരത്തേ തന്നെ മൂർത്തി വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP