Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യേശുദാസിന് ക്ഷേത്രവാതിലുകൾ തുറന്നിടും; ഭാര്യയ്ക്ക് പ്രവേശനം അനുദിക്കുക സത്യവാങ്മൂലം നൽകിയാൽ മാത്രം; പ്രഭാ യേശുദാസിന്റെ ക്ഷേത്ര പ്രവേശനത്തിൽ തീരുമാനമെടുക്കാതെ ക്ഷേത്ര ഭരണസമിതി; ഗാനഗന്ധർവ്വന് ക്ഷേത്രത്തിനുള്ളിൽ പത്മനാഭ ശതകവും ആലപിക്കാം

യേശുദാസിന് ക്ഷേത്രവാതിലുകൾ തുറന്നിടും; ഭാര്യയ്ക്ക് പ്രവേശനം അനുദിക്കുക സത്യവാങ്മൂലം നൽകിയാൽ മാത്രം; പ്രഭാ യേശുദാസിന്റെ ക്ഷേത്ര പ്രവേശനത്തിൽ തീരുമാനമെടുക്കാതെ ക്ഷേത്ര ഭരണസമിതി; ഗാനഗന്ധർവ്വന് ക്ഷേത്രത്തിനുള്ളിൽ പത്മനാഭ ശതകവും ആലപിക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗായകൻ കെ.ജെ.യേശുദാസിനൊപ്പം പത്മനാഭസ്വാമിക്ഷേത്ര ദർശനത്തിന് ഭാര്യ എത്തുമോ? ഹിന്ദുവിശ്വാസിയായ തനിക്കു ശ്രീപത്മനാഭസ്വാമിയെ ദർശിക്കാൻ അനുമതി നൽകണമെന്നഭ്യർഥിച്ച് യേശുദാസ് സമർപ്പിച്ച സത്യാവാങ്മൂലം ഭരണസമിതി അംഗീകരിച്ചു. എന്നാൽ ഭാര്യ വന്നാൽ എന്തു ചെയ്യണമെന്ന കാര്യത്തിൽ ശ്രീപത്മനാഭ ക്ഷേത്ര ഭരണ സമിതി തീരുമാനം എടുത്തിട്ടില്ല.

ക്ഷേത്രത്തിന്റെ ഭരണഘടന അനുസരിച്ചുള്ള ദർശനം മാത്രമേ അനുവദിക്കൂ. പത്‌നി ഉൾപ്പെടെയുള്ളവരെ യേശുദാസിനൊപ്പം ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കണോ എന്നുള്ള കാര്യത്തിലും പിന്നീടു തീരുമാനമെടുക്കാനാണു യോഗത്തിലുണ്ടായ ധാരണ. എന്നാൽ ക്ഷേത്ര ദർശനത്തിന് യേശുദാസിന് എല്ലാ സൗകര്യവും ഒരുക്കും. ഭരണസമിതിയുടെ അനുവാദം ലഭിച്ച സ്ഥിതിക്ക് ദർശനം നടത്തുന്ന തീയതി യേശുദാസിനു തീരുമാനിക്കാം. സൂര്യ ഫെസ്റ്റിവലിനു മുന്നോടിയായി തലസ്ഥാനത്തെത്തുന്ന യേശുദാസ് ഇതിനടുത്ത ദിവസങ്ങളിൽ ദർശനം നടത്തുമെന്നാണു സൂചന.

തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുനാളിന്റെ 'പത്മനാഭശതകം' ആലപിക്കാൻ യേശുദാസ് ആഗ്രഹം പ്രകടിപ്പിക്കുകയാണെങ്കിൽ അതിനു സൗകര്യമൊരുക്കുന്ന കാര്യവും ക്ഷേത്ര അധികാരികൾ പരിഗണിക്കും. നവരാത്രി ദിനത്തിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന് അനുവാദം തേടിയാണ് കെ.ജെ.യേശുദാസ് ക്ഷേത്രം അധികൃതർക്ക് കത്ത് നൽകിയത്. ഗാനഗന്ധർവന് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണണെന്ന് ആവശ്യപ്പെട്ട് എംപിയും നടനുമായ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. വിശ്വാസികളായ എല്ലാവർക്കും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്നാണു സർക്കാർ നിലപാടെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. ക്ഷേത്രത്തിൽ ദർശനം നടത്താനുള്ള ആഗ്രഹം കാണിച്ച് യുഎസിൽനിന്നാണു യേശുദാസ് കത്തയച്ചത്.

താൻ ഹിന്ദുമത വിശ്വാസിയാണെന്നു രേഖാമൂലം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും കത്തിനൊപ്പം ചേർത്തിരുന്നു. സ്വാതിതിരുനാൾ രചിച്ച പത്മനാഭശതകം ക്ഷേത്രം കൽമണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ ഇരുന്ന് യേശുദാസ് ആലപിക്കും. വിജയദശമി ദിനമായ സപ്തംബർ 30ന് ക്ഷേത്രദർശനത്തിന് അനുവാദം നൽകണമെന്നായിരുന്നു യേശുദാസിന്റെ ആവശ്യം. 2014 മുതൽ, ഹൈന്ദവധർമവും ആചാരാനുഷ്ഠാനങ്ങളും പിന്തുടരുന്ന വിശ്വാസിയാണെന്നു സ്വന്തം സത്യവാങ്മൂലം നൽകുന്ന ആർക്കും പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശനം നൽകിവരുന്നുണ്ട്. ഇതാണ് സത്യവാങ്മൂലം നൽകിയതിലൂടെ യേശുദാസ് പാലിച്ചത്.

എന്നാൽ ഭാര്യയുടെ കാര്യത്തിൽ വിശദീകരണമൊന്നുമില്ല. യേശുദാസിന്റെ ഭാര്യയും സത്യവാങ്മൂലം കൊടുത്താൽ അവരേയും ക്ഷേത്രദർശനത്തിന് അനുവദിക്കും. അല്ലാത്ത പക്ഷം ആചാരങ്ങൾ ഉയർത്തി അവരെ തടയും. സ്വാതിതിരുനാൾ രചിച്ച പത്മനാഭശതകം കീർത്തനം പത്മനാഭസ്വാമിക്ക് മുന്നിൽ ആലപിക്കും. ഈ ആവശ്യവുമായാണ് യേശുദാസ് ഭരണസമിതിയെ സമീപിച്ചത്. യേശുദാസിന് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി നൽകണമെന്നു കേരള ക്ഷേത്ര സംരക്ഷണസമിതിയും വിശ്വഹിന്ദു പരിഷത്തും രേഖാമൂലം ക്ഷേത്ര ഭരണസമിതിയോട് ആവശ്യപ്പെട്ടിരുന്നു.

ക്ഷേത്രവിശ്വാസികളായ, ക്ഷേത്രാചാരം പാലിക്കാൻ തയാറുള്ള ആരെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു ഈ സംഘടനകളുടെ നിലപാട്. ശബരിമല, മൂകാംബിക തുടങ്ങിയ ക്ഷേത്രങ്ങളിൽ സ്ഥിരമായി ദർശനം നടത്തുന്ന യേശുദാസിന് ഗുരുവായൂർ അടക്കം ചില ക്ഷേത്രങ്ങളിൽ പ്രവേശനത്തിന് തടസ്സമുണ്ട്. ഇന്നലെ വൈകിട്ടു ഭരണസമിതി അധ്യക്ഷൻകൂടിയായ ജില്ലാ ജഡ്ജി കെ. ഹരിപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം യേശുദാസിന്റെ അപേക്ഷ പരിഗണിച്ചു. തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരി, എക്സിക്യൂട്ടീവ് ഓഫീസർ വി. രതീശൻ, അംഗം എസ്. വിജയകുമാർ എന്നിവരടങ്ങിയ സമിതിയാണു ദർശനാനുമതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP