Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബസ്സിൽ ആൾക്കാർ നിറഞ്ഞാൽ മുൻഭാഗത്തെ വാതിലിലൂടെ കയറും; വയനാട്ടിൽ രാഹുൽ ജയിക്കേണ്ടതിന്റെ പ്രാധാന്യവും യുഡിഎഫിന്റെ പ്രത്യേകതകളും ഉൾക്കൊള്ളിച്ച് രണ്ടുമിനിറ്റ് നീണ്ട പ്രസംഗം; കൂടെ കെ സുധാകരന് വോട്ടുചെയ്യണമെന്ന് അഭ്യർത്ഥനയും; മമ്പറത്ത് ഒറ്റയാൾ പ്രചരണവുമായി രഘു നീലാംബരി; പ്രസംഗവേദിയാക്കുന്നത് ബസ്സുകളും ബസ് ഷെൽട്ടറുകളും

ബസ്സിൽ ആൾക്കാർ നിറഞ്ഞാൽ മുൻഭാഗത്തെ വാതിലിലൂടെ കയറും; വയനാട്ടിൽ രാഹുൽ ജയിക്കേണ്ടതിന്റെ പ്രാധാന്യവും യുഡിഎഫിന്റെ പ്രത്യേകതകളും ഉൾക്കൊള്ളിച്ച് രണ്ടുമിനിറ്റ് നീണ്ട പ്രസംഗം; കൂടെ കെ സുധാകരന് വോട്ടുചെയ്യണമെന്ന് അഭ്യർത്ഥനയും; മമ്പറത്ത് ഒറ്റയാൾ പ്രചരണവുമായി രഘു നീലാംബരി; പ്രസംഗവേദിയാക്കുന്നത് ബസ്സുകളും ബസ് ഷെൽട്ടറുകളും

രഞ്ജിത്ത് ബാബു

കണ്ണൂർ: മമ്പറത്തെ ഒറ്റയാൾ തെരഞ്ഞെടുപ്പ് പ്രചാരണം ജനശ്രദ്ധയാകർഷിക്കുന്നു. മമ്പറം ബസ്സ് സ്റ്റാൻഡിൽ തലശ്ശേരി ഭാഗത്തേക്കുള്ള ബസ്സുകൾ എത്തി യാത്രക്കാർ നിറയുമ്പോഴേക്കും തെരഞ്ഞെടുപ്പു പ്രചാരണത്തിനായി തനിച്ചെത്തുകയാണ് രഘു നീലാംബരി. മുൻഭാഗത്തെ വാതിലിലൂടെ ബസ്സിൽ കയറി യാത്രക്കാർക്ക് അഭിമുഖമായി നിന്ന് രഘുവിന്റെ രണ്ട് മിനുട്ട് നേരത്തേക്കുള്ള പ്രസംഗം. കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.സുധാകരനു വേണ്ടിയാണ് രഘുവിന്റെ തെരഞ്ഞെടുപ്പു പ്രസംഗം.

ഓരോ ബസ്സും വന്നു നിൽക്കുമ്പോഴും യാത്രക്കാർ സീറ്റിൽ നിറഞ്ഞാൽ രഘു ബസ്സിൽ കയറി തന്റെ ലഘു പ്രസംഗം ആരംഭിക്കും. രാഹുൽഗാന്ധി വയനാട്ടിൽ ജയിക്കേണ്ടതിന്റെ ദേശീയ പ്രാധാന്യവും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ യു.പി.എ. സർക്കാറിനെ അധികാരത്തിലേറ്റണമെന്നും അതിനായി ജനങ്ങൾ കണ്ണൂർ പാർലമെന്ററി മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.സുധാകരന് വോട്ട് ചെയ്യണമെന്നും രഘു അഭ്യർത്ഥിക്കുന്നു.

മമ്പറത്തുകാർക്ക് രഘുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുതുമയൊന്നുമില്ലെങ്കിലും ഇതുവഴി കടന്നു പോകുന്ന മറ്റ് യാത്രികർ ഈ ഏകാംഗ പ്രചരണം കൗതുകത്തോടെയാണ് നോക്കി കാണുന്നത്. രഘുവിന്റെ ഒറ്റയാൾ പ്രചരണത്തിന് കാൽ നൂറ്റാണ്ട് കഴിഞ്ഞെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ആദ്യമായി കണ്ണൂരിൽ ഇത്തരമൊരു പ്രചാരണം ആരംഭിച്ചത് കോൺഗ്രസ്സ് സ്ഥാനാർത്ഥി മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിച്ചപ്പോഴാണെന്ന് രഘു പറയുന്നു. 1991 ലും 96 ലും 98 ലും മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ മത്സരിച്ചപ്പോൾ രഘു മമ്പറത്ത് സമാന പ്രചാരണം നടത്തിയിരുന്നു. ബസ്സുകളിലും ബസ്സുകാത്തിരിപ്പു കേന്ദ്രങ്ങളിലും യാത്രക്കാർ നിറഞ്ഞാൽ രഘു കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കു വേണ്ടി ചെറു പ്രസംഗത്തോടെ പ്രചാരണം നടത്തും.

2009 ൽ കെ.സുധാകരൻ മത്സരിച്ചപ്പോൾ രഘു പ്രചരണം നടത്തിയിരുന്നു. 2014 ൽ താൻ പ്രചാരണം നടത്തിയെങ്കിലും സുധാകരൻ പരാജയപ്പെട്ടതിലെ ദുഃഖം ഇനിയും രഘു മറന്നിട്ടില്ല. ഇത്തവണയും സുധാകരനു വേണ്ടി തന്റെ സ്വതസിദ്ധമായ ശൈലിയിൽ രഘു പ്രചാരണം തുടരുകയാണ്. രഘുവിന്റെ രണ്ട് സഹോദരന്മാർക്ക് സിപിഎം. അക്രമത്തിൽ പരിക്കേറ്റിരുന്നു. എന്നാൽ അതൊന്നും കൂസാതെയാണ് രഘുവിന്റെ ഒറ്റയാൾ പ്രചാരണം അരങ്ങേറുന്നത്.

തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന്റെ ബൂത്ത് ഏജന്റായും മറ്റും രഘു പ്രവർത്തിക്കാറുമുണ്ട്. ഇത്തവണയും ബൂത്ത് തലത്തിൽ പ്രവർത്തിക്കുമെന്ന് രഘു പറയുന്നു. മമ്പറത്തെ ഇന്ദിരാഗാന്ധി സ്‌ക്കൂളിലെ ട്രാൻസ്പോർട്ട് ജീവനക്കാരനായി ജോലി ചെയ്യുന്ന രഘുവിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. രഘു തിരക്കിലാണ്. അടുത്ത ബസ്സ് മമ്പറത്ത് എത്തിയതോടെ അതിൽ കയറി പ്രചരണം കൊഴുപ്പിക്കാൻ ഓടുകയായി രഘു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP