Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂറുമാറ്റം തുടർക്കഥയായ സിസ്റ്റർ അഭയ കേസിൽ ഇന്ന് വിസ്തരിക്കുക അഞ്ച് സാക്ഷികളെ;  കോടതിയിൽ സിബിഐ ആവശ്യപ്പെടുക കൂറുമാറിയ നാലാം സാക്ഷിക്കെതിരെ ക്രിമിനൽ കേസെടുക്കണം എന്നും; ഭയന്നും പ്രലേഭനങ്ങളിൽ വീണും പലരും കൂറുമാറുമ്പോൾ മൊഴിയിൽ ഉറച്ച് നിന്നത് പ്രധാന സാക്ഷി രാജു

കൂറുമാറ്റം തുടർക്കഥയായ സിസ്റ്റർ അഭയ കേസിൽ ഇന്ന് വിസ്തരിക്കുക അഞ്ച് സാക്ഷികളെ;  കോടതിയിൽ സിബിഐ ആവശ്യപ്പെടുക കൂറുമാറിയ നാലാം സാക്ഷിക്കെതിരെ ക്രിമിനൽ കേസെടുക്കണം എന്നും; ഭയന്നും പ്രലേഭനങ്ങളിൽ വീണും പലരും കൂറുമാറുമ്പോൾ മൊഴിയിൽ ഉറച്ച് നിന്നത് പ്രധാന സാക്ഷി രാജു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരാഴ്‌ച്ചക്ക് ശേഷം വിചാരണ പുനരാരംഭിക്കുന്ന സിസ്റ്റർ അഭയ കേസിൽ ഇന്ന് വിസ്തരിക്കുക അഞ്ച് സാക്ഷികളെ. 38-ാം സാക്ഷി സിസ്റ്റർ ക്ലാര, 41-ാം സാക്ഷി സിസ്റ്റർ നവീന, 45-ാം സാക്ഷി സിസ്റ്റർ അനെറ്റ്, 51-ാം സാക്ഷി സിസ്റ്റർ ബെർക്ക്മാൻ, 53-ാം സാക്ഷി ആനി ജോൺ എന്നിവരെയാണ് വിസ്തരിക്കുക. രാവിലെ 10 മുതൽ സിബിഐ കോടതിയിലാണ് വിചാരണ. നാളെ 12-ാം സാക്ഷിയും ബിസിഎം കോളജിലെ മുൻ പ്രഫസറുമായ ത്രേസ്യാമ്മയെ വിസ്തരിക്കും. കൂറുമാറിയ നാലാം സാക്ഷിക്കെതിരെ ക്രിമിനൽ കേസെടുക്കാൻ അനുവദിക്കണം എന്നാവശ്യപ്പെടുന്ന ഹർജി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സിബിഐ കോടതിയിൽ ഫയൽ ചെയ്യും.

പ്രതിഭാഗത്തേക്ക് കൂറുമാറിയ നാലാം സാക്ഷിയും പയസ് ടെൻത് കോൺവെന്റിന്റെ അയൽവാസിയുമായ സഞ്ജു പി മാത്യുവിന്റെ പേരിൽ ക്രിമിനൽ കേസെടുക്കാൻ സിബിഐ തീരുമാനിച്ചിരുന്നു. 2008 നവംബർ 17ന് എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേട്ട് മുൻപാകെ സഞ്ജു രഹസ്യമൊഴി നൽകിയിരുന്നു. അതിനു വിരുദ്ധമായി കഴിഞ്ഞ ഓഗസ്റ്റ് 27ന് സിബിഐ കോടതി മുൻപാകെ മൊഴി മാറ്റിപ്പറഞ്ഞ് പ്രതിഭാഗത്തേക്ക് കൂറുമാറുകയായിരുന്നു.

ഓഗസ്റ്റ് 26ന് അമ്പതാം സാക്ഷി സിസ്റ്റർ അനുപമ കൂറുമാറിയതിന് പിന്നാലെയായിരുന്നു സഞ്ജുവിന്റെയും നിലപാട് മാറ്റം. സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും കോൺവെന്റിലെ അടുക്കളയിൽ കണ്ടെന്നാണ് അനുപമ നേരത്തെ മൊഴി നൽകിയിരുന്നത്. എന്നാൽ താൻ ഒന്നും കണ്ടിട്ടില്ലെന്ന് കേസ് വിസ്താരത്തിനിടെ സിസ്റ്റർ അനുപമ കോടതിയിൽ അറിയിച്ചു. സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ 27 വർഷത്തിന് ശേഷമാണ് പ്രത്യേക സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയ ദിവസമായിരുന്നു അനുപമയുടെ കൂറുമാറ്റം.

ഇരുപത്തിയൊന്നാം സാക്ഷി നിഷ റാണിയും കുറു മാറിയിരുന്നു. കോൺവെന്റിലെ അന്തേവാസിയായിരുന്ന നിഷ, സംഭവത്തിന് ശേഷം സിസ്റ്റർ സ്റ്റെഫിയുടെ പെരുമാറ്റത്തിൽ അസ്വഭാവികതയുണ്ടെന്നായിരുന്നു ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ, കോടതിയിൽ നിഷ റാണി മൊഴി മാറ്റി. അതേ സമയം അഭയയെ കൊലപ്പെടുത്തിയത് രാജു ഏലിയാസാണെന്ന് പറയാൻ ക്രൈംബ്രാഞ്ച് അന്വേഷണം സംഘം നിർബന്ധിച്ചുവെന്ന് കേസിലെ മറ്റൊരു സാക്ഷിയായ ഷമീറും മൊഴി നൽകി. ഇക്കാര്യം ആവശ്യപ്പെട്ട് തന്റെ സഹോദരൻ നിയാസിനെ അതിക്രൂരമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്നും ഷമീർ കോടതിയിൽ പറഞ്ഞു.

കേസിലെ സാക്ഷികൾ കേസ് തേച്ചുമായ്ച്ചുകളയാൻ ശ്രമിക്കുന്നവരെ ഭയന്ന് സാക്ഷിമൊഴി മാറ്റിയപ്പോൾ തന്റെ മൊഴിയിൽ ഉറച്ച് നിന്നത് മുഖ്യസാക്ഷി രാജു മാത്രമായിരുന്നു. 1992 മുതൽ ഇങ്ങോട്ടുള്ള കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും രാജു കോടതിയിൽ തുറന്നുപറഞ്ഞിരുന്നു. കേസ് ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോൾ ഉദ്യോഗസ്ഥർ തന്നെ തേടിവന്നിരുന്നുവെന്നും കൊലപാതകം ഏറ്റെടുക്കാൻ പ്രലോഭിപ്പിച്ചിരുന്നുവെന്നും രാജു കോടതിയിൽ പറഞ്ഞു. ഇതിന് പുറമെ രണ്ട് ലക്ഷം രൂപയും പുതിയ വീടും വീട്ടിൽ ഒരാൾക്ക് ജോലിയും ഇവർ വാഗ്ദാനം ചെയ്തിരുന്നതായി രാജു വെളിപ്പെടുത്തി.

1992 മാർച്ച് 27 നാണ് സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്. 2009 ജൂലൈ 17ന് തിരുവനന്തപുരം സിബിഐ കോടതിയിൽ കുറ്റപത്രം നൽകി. കേസിലെ മുഖ്യ പ്രതി ഫാ. തോമസ് കോട്ടൂരണെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. കൊലപാതകം, കൊല ചെയ്യാൻ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളാണു സിബിഐ ഇദ്ദേഹത്തിന്റെ മേൽ ചുമത്തിയിട്ടുള്ളത്. സിസ്റ്റർ അഭയയെ തലയ്ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്നും സിബിഐ കണ്ടെത്തിയിരുന്നു.

സിസ്റ്റർ അഭയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കൊപ്പം കുറ്റകൃത്യങ്ങളിൽ പങ്കുചേർന്ന വ്യക്തിയാണ് സിസ്റ്റർ സ്റ്റെഫിയെന്ന് സിബിഐ നൽകിയ കുറ്റപത്രത്തിലുണ്ടായിരുന്നു. ഫാ. കോട്ടൂർ അഭയയുടെ തലക്കടിച്ചപ്പോൾ, രണ്ടാം പ്രതി ഫാ. പുതൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന് സിസ്റ്റർ പ്രേരണ നൽകിയെന്നായിരുന്നു ആരോപണം. എന്നാൽ ഈ മൂന്ന് പ്രതികളെയും വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നാശ്യപ്പെട്ട് സിബിഐ കോടതിയിൽ പ്രതികൾ നൽകിയ ഹർജി 9 വർഷത്തിന് ശേഷം 2018 മാർച്ച് 7 ന് സിബിഐ കോടതി തീർപ്പാക്കി. ഒന്നാം പ്രതി തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവരുടെ ഹർജികൾ തള്ളിക്കൊണ്ട് വിചാരണ നേരിടുവാനും രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടുകൊണ്ടുമായിരുന്നു തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ്.

2019 ഏപ്രിൽ 9ന് ഒന്നും മൂന്നും പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവർ സിബിഐ കോടതിയിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചു. സിബിഐ കോടതി ഉത്തരവിനെതിരെ ഈ രണ്ടു പ്രതികളും നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ വിധി.

2009 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിന് ശേഷമാണ് ഇപ്പോൾ വിചാരണ ആരംഭിച്ചിരിക്കുന്നത്. നിലവിൽ, തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. അതേസമയം മകളുടെ ജീവനെടുത്തവരെ കണ്ടെത്തി ശിക്ഷിക്കുന്നതു കാണാൻ കാത്തുനിൽക്കാതെ അഭയയുടെ മാതാപിതാക്കളായ ഐക്കരകുന്നേൽ തോമസും ഭാര്യ ലീലാമ്മയും മൂന്നുവർഷം മുമ്പ് വിട പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP