Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലണ്ടനിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിയപ്പോൾ അഴുകിയ നിലയിൽ; അന്ത്യ ചുംബനം നൽകാൻ വഴിക്കണ്ണുമായി കാത്തിരുന്ന വിധവക്കും മക്കൾക്കും കണ്ണുനീര് മാത്രം; മറുനാടന്റെ ഇടപെടൽ കൊണ്ട് കൂടി മൃതദേഹം നാട്ടിൽ എത്തിയിട്ടും ആശ്വസിക്കാൻ വകയില്ലാതെ കുടുംബം

ലണ്ടനിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിയപ്പോൾ അഴുകിയ നിലയിൽ; അന്ത്യ ചുംബനം നൽകാൻ വഴിക്കണ്ണുമായി കാത്തിരുന്ന വിധവക്കും മക്കൾക്കും കണ്ണുനീര് മാത്രം; മറുനാടന്റെ ഇടപെടൽ കൊണ്ട് കൂടി മൃതദേഹം നാട്ടിൽ എത്തിയിട്ടും ആശ്വസിക്കാൻ വകയില്ലാതെ കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഈ മാസം ആദ്യം ലണ്ടനിലെ ഹോട്ടലിൽ മരിച്ച നിലയിൽ കാണപ്പെട്ടതിനെ തുടർന്നാണ് ആരും തിരിഞ്ഞു നോക്കാതെ കിടന്ന മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മറുനാടൻ മലയാളിയും മറ്റു ചില സംഘടനകളും ചേർന്ന് നടത്തിയ പരിശ്രമം സഫലമായി. എന്നാൽ മൃതദേഹം നാട്ടിൽ എത്തിക്കുന്ന ചുമതല ഉണ്ടായിരുന്ന എംബസി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം മൃതദേഹം അഴുകിയതിനാൽ വഴിക്കണ്ണുമായി കാത്തിരുന്ന പ്രിയതമയ്ക്കും മക്കൾക്കും അന്ത്യ ചുംബനം പോലും നൽകാൻ സാധിച്ചില്ല എന്ന നിരാശ ബാക്കിയാകുന്നു. ലണ്ടനിൽ നിന്നും എംബാം ചെയ്തു കയറ്റി വിട്ട മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി പുറത്തെടുത്തപ്പോൾ ദുർഗന്ധം വമിച്ചതിനാൽ പെട്ടിയിലാക്കി ആരെയും കാണിക്കാതെ സംസ്‌കരിക്കുകയായിരുന്നു.

മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ് മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. ലണ്ടനിലെ ഹിന്ദുസമാജം എസ്എൻഡിപി പ്രവർത്തകരുടെ സംഘടനയായ സേവനം യുകെ എന്നിവരും ചാരിറ്റി ഫൗണ്ടേഷനോടൊപ്പം ചേർന്നു പ്രവർത്തിച്ചപ്പോൾ ആണ് ഇന്ത്യൻ ഹൈ കമ്മിഷന്റെ ചെലവിൽ മൃതദേഹം നാട്ടിൽ എത്തിയത്. ഹൈ കമ്മിഷൻ ചെലവേറ്റതോടെ ബ്രിട്ടീഷ് മലയാളി ചാരിറ്റി പൗണ്ടേഷൻ ശേഖരിച്ച അഞ്ചുലക്ഷത്തിൽ അധികം രൂപ മരിച്ച ശിവപ്രസാദിന്റെ വിധവയ്ക്ക് ഇന്നലെ കൈമാറി. എംബസിയുടെ സഹായം അടക്കമുള്ള നടപടിക്രമങ്ങൾക്ക് മുൻകൈ എടുത്തത് ചാരിറ്റി ഫൗണ്ടേഷൻ തന്നെയായിരുന്നു.

മറുനാടൻ ഉൾപ്പെടെ ആത്മാർത്ഥമായി നടത്തിയ ശ്രമത്തിന്റെ ഭാഗമായി മൃതദേഹം ഇന്നു നാട്ടിൽ എത്തിയെങ്കിലും അഴുകിയ നിലയിൽ ആയിരുന്നതിനാൽ ആണ് പ്രിയപ്പെട്ടവർക്ക് ഒരു നോക്ക് കാണാൻ പോലും കഴിയാതിരുന്നത്. തുടർന്നാണ് കന്യാകുമാരി ജില്ലയിലെ ചിതറാൾ എന്ന സ്ഥലത്തെ തറവാട് വീട്ടിൽ രാവിലെ തന്നെ അന്ത്യശുശ്രൂഷകൾ പൂർത്തിയാക്കി സംസ്‌കരിച്ചത്. ഇന്നു രാവിലെ മൂന്നരയ്ക്ക് ദുബായിൽ നിന്നുള്ള എമിറേറ്റ്സ് ഫ്ലൈറ്റിലാണ് ശിവപ്രസാദിന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി ചേർന്നത്. ശിവപ്രസാദിന്റെ മാതാപിതാക്കളും സഹോദരങ്ങളും ഭാര്യയും മക്കളും ബന്ധുക്കളും അടക്കം അനേകം പേർ മൃതദേഹം ഏറ്റുവാങ്ങാനായി വിമാനത്താവളത്തിൽ കാത്തുനിന്നിരുന്നു. എംബാം ചെയ്തുകൊണ്ടു വന്ന മൃതദേഹം പക്ഷേ, തുറക്കരുതെന്ന നിർദ്ദേശം ലഭിച്ചതിനാൽ വന്നപോലെ തന്നെ ഏറ്റുവാങ്ങി വട്ടിയൂർക്കാവിലെ വാടകക്കു താമസിച്ചിരുന്ന വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.

മൊബൈൽ മോർച്ചറിയിലേയ്ക്ക് മാറ്റി പൊതു ദർശനത്തിന് വെയ്ക്കാൻ ആയിരുന്നു നീക്കം എങ്കിലും മൃതദേഹം പെട്ടി പൊട്ടിച്ചു പുറത്തെടുക്കാൻ ശ്രമിച്ചപ്പോഴെ അസഹനീയമായ ദുർഗന്ധം വമിച്ചതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. രണ്ട് കവറുകളിലായി ആണ് മൃതദേഹം കൊണ്ടുവന്നതെന്നും റിപ്പോർട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ രണ്ടു കവറിലാക്കി വന്നതു എന്നോ എന്തുകൊണ്ടാണ് അഴുകാത്ത തരത്തിൽ ശ്രദ്ധയോടെ എംബാം ചെയ്യാതിരുന്നതെന്നോ ഇപ്പോഴും വ്യക്തമല്ല. മൃതദേഹം കണ്ടെത്തിയത് ഏതാനും ദിവസങ്ങൾ കഴിഞ്ഞായിരുന്നുവെങ്കിലും അത് വേണ്ടത്ര ഉത്തരവാദിത്വത്തോടെ എംബാം ചെയ്തിരുന്നെങ്കിൽ അഴുകാൻ സാഹചര്യം ഉണ്ടാവുമായിരുന്നില്ല എന്നു ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.

വട്ടിയൂർക്കാവിലെ വടക്കേവീടിന് മുമ്പിൽ ആംബുലൻസിൽ തന്നെയാണ് തുറക്കാത്ത പെട്ടിയോടെ പൊതുദർശനം നടത്തിയത്. അയൽപ്പക്കക്കാരും ബന്ധുക്കളുമായി അനേകം പേർ അവിടെ കൂടിയിരുന്നു. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും വിധവയായി തീർന്ന ഭാര്യയും ഉറക്കെ നിലവിളിച്ച് ഒരു നോക്കു കാണാൻ അനുവദിക്കൂ എന്നു തിരക്കുന്നുണ്ടായിരുന്നു. എന്നാൽ ഏതാനും മിനിട്ടുകൾക്കകം മൃതദേഹം ആംബുലൻസിൽ തിരിച്ചുകയറ്റി കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനു സമീപമുള്ള തറവാട് വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. മൃതദേഹത്തെ അനുഗമിച്ചിരുന്ന ബന്ധുക്കളും ഒപ്പം മാർത്താണ്ഡത്തേയ്ക്ക് പോയി. ഏഴുമണിയോടെ സ്ഥലത്ത് എത്തിച്ചേർന്നു. ഉടൻ തന്നെ അന്ത്യകർമ്മങ്ങൾ ആരംഭിച്ചു. ഏഴരയ്ക്ക് മുമ്പ് തന്നെ മൃതദേഹം വീട്ടുവളപ്പിൽ ദഹിപ്പിച്ചു.

ഈ സമയത്ത് പോലും ഒരു നോക്കുകാണാൻ സാധിക്കാതെ ഭാര്യയുടെ വേദന അവിടെത്തിയവരുടെ കണ്ണ് നനയിച്ചു. നാട്ടുകാരും ബന്ധുക്കളുമായി അനേകം പേരാണ് സംസ്‌കാരത്തിന് എത്തിച്ചേർന്നത്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ചെലവുകൾ വഹിച്ചത് ഇന്ത്യൻ എംബസ്സി നേരിട്ടായിരുന്നു. എംബസ്സി ഉദ്യോഗസ്ഥനായ ഹരിദാസും മൃതദേഹത്തെ അനുഗമിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP