Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീട്ടിലേക്കുള്ള നടപ്പു വഴി തടസപ്പെടുത്തി സമീപവാസികൾ; ഒത്താശ ചെയ്ത് ബിജെപി-ആർഎസ്എസ് പ്രവർത്തകരും; കേസായപ്പോൾ പന്തളം സ്റ്റേഷനിൽ ഒത്തുതീർപ്പും; ജീവിച്ചിരുന്നപ്പോൾ ഏറ്റവുമധികം ദ്രോഹിച്ചത് സംഘപരിവാർ: ശിവദാസൻ മരിച്ചപ്പോൾ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതും ഇതേ കൂട്ടർ: രേഖകൾ മറുനാടൻ പുറത്തു വിടുമ്പോൾ ഹർത്താൽ പ്രഖ്യാപിച്ച് വെട്ടിലായത് ബിജെപി തന്നെ; സത്യൻ അന്തിക്കാട് ചിത്രത്തിലെ ''ഞങ്ങളുടെ ഡെഡ്‌ബോഡി ഞങ്ങൾക്ക് വിട്ടു തരിക'' വീണ്ടും ചർച്ചയാകുമ്പോൾ

വീട്ടിലേക്കുള്ള നടപ്പു വഴി തടസപ്പെടുത്തി സമീപവാസികൾ; ഒത്താശ ചെയ്ത് ബിജെപി-ആർഎസ്എസ് പ്രവർത്തകരും; കേസായപ്പോൾ പന്തളം സ്റ്റേഷനിൽ ഒത്തുതീർപ്പും; ജീവിച്ചിരുന്നപ്പോൾ ഏറ്റവുമധികം ദ്രോഹിച്ചത് സംഘപരിവാർ: ശിവദാസൻ മരിച്ചപ്പോൾ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതും ഇതേ കൂട്ടർ: രേഖകൾ മറുനാടൻ പുറത്തു വിടുമ്പോൾ ഹർത്താൽ പ്രഖ്യാപിച്ച് വെട്ടിലായത് ബിജെപി തന്നെ; സത്യൻ അന്തിക്കാട് ചിത്രത്തിലെ ''ഞങ്ങളുടെ ഡെഡ്‌ബോഡി ഞങ്ങൾക്ക് വിട്ടു തരിക'' വീണ്ടും ചർച്ചയാകുമ്പോൾ

ആർ കനകൻ

പന്തളം: മലയാളി കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ആക്ഷേപ ഹാസ്യമാണ് സത്യൻ അന്തിക്കാടിന്റെ സന്ദേശം എന്ന സിനിമ. ഹർത്താൽ ദിനത്തിൽ ഹൃദയാഘാതം വന്ന് മരിച്ച സാധാരണക്കാരന്റെ മൃതദേഹത്തിന് വേണ്ടി അടിപിടികൂടുന്ന രാഷ്ട്രീയ പാർട്ടികൾ. ആ ചിത്രത്തിലെ ഓരോ രംഗവും ഇന്നും പ്രസക്തമാണ്. അതിലെ വിമർശനങ്ങൾ ഉൾക്കൊള്ളാൻ ഇനിയും രാഷ്ട്രീയ നേതൃത്വത്തിന് ആയിട്ടില്ല. സന്ദേശം സിനിമ പങ്കുവച്ച അതേ ചിന്തയാണോ ശബരിമല പ്രക്ഷോഭത്തിനിടെ ഉണ്ടായ ശിവദാസന്റെ മരണവും ഓർപ്പെടുത്തുന്നത്. ശിവദാസനെ പൊലീസ് കൊന്നതാണെന്ന് ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ അപകടമരണമാണെന്ന് പൊലീസ് വിശദീകരിക്കുകയും ചെയ്തു. എതായാലും സന്ദേശം സിനിമയ്ക്ക് സമാനമായി ശിവദാസന്റെ മരണം രാഷ്ട്രീയമായി ചർച്ചയാക്കാൻ ബിജെപി ഹർത്താലും നടത്തി. ഇതിനിടെയാണ് ശിവദാസനെ ബിജെപിക്കാർ തന്നെ ജീവിച്ചിരുന്നപ്പോൾ ദ്രോഹിച്ചിരുന്നുവെന്നതിന് തെളിവ് പുറത്തു വരുന്നത്.

ളാഹ കമ്പകത്തുംവളവിൽ വാഹനാപകടത്തിൽ മരിച്ച പന്തളം മുളമ്പുഴ തുരുത്തിക്കര ശരത് ഭവനിൽ ശിവദാസൻ ആചാരിയെ ഏറ്റെടുത്ത് പ്രക്ഷോഭം നടത്തിയ ബിജെപി-സംഘപരിവാർ പ്രസ്ഥാനങ്ങൾ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ദ്രോഹിച്ചതിന്റെ രേഖകൾ പുറത്തു വന്നതാണ് സംശയങ്ങളും ചർച്ചകളും ബലപ്പെടുത്തുന്നത്. ശിവദാസന്റെ വീട്ടിലേക്കുള്ള നടപ്പു വഴി തടസപ്പെടുത്തുകയാണ് സമീപവാസികൾ ചെയ്തത്. ഇതിന് ഒത്താശ ചെയ്തതാകട്ടെ സമീപത്തുള്ള ബിജെപി-ആർഎസ്എസ് പ്രവർത്തകരും. ഇതിനെതിരേ ശിവദാസൻ പന്തളം പൊലീസിൽ പരാതി നൽകുകയും അതിന്മേൽ ഒത്തു തീർപ്പ് നടത്തുകയും ചെയ്തതിന്റെ രേഖകൾ മറുനാടന് ലഭിച്ചു. സത്യൻ അന്തിക്കാടിന്റെ സിനിമയിലെ രംഗങ്ങൾ ഓർമ്മപ്പെടുത്തും വിധമാണ് കാര്യങ്ങൾ. തികഞ്ഞ അയ്യപ്പഭക്തനായ ശിവദാസൻ ബിജെപിയോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു ഒരു കാലത്ത്. എന്നാൽ കേസും വഴക്കിലും ബിജെപിയുടെ ദ്രോഹമെത്തിയപ്പോൾ ശിവദാസൻ മൗനിയായി. ഈ ശിവദാസനെയാണ് മരണത്തിന് ശേഷം ബിജെപി ഏറ്റെടുക്കുന്നത്.

'ഞങ്ങളുടെ ഡെഡ്‌ബോഡി ഞങ്ങൾക്ക് വിട്ടു തരിക'' സന്ദേശം എന്ന ചിത്രത്തിലെ ഈ ഡയലോഗും സംഭവങ്ങളും ഇന്നും ആളുകളിൽ ചിരിയുണർത്തും. ചിത്രത്തിൽ രണ്ടു രാഷ്ടീയ പാർട്ടിക്കാരായ ഐ.എൻ.എസ്‌പിയും ആർ.ഡി.പിയും തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ മരിക്കുന്നുണ്ട്. തുടർന്ന് ഇരുപക്ഷവും മരിച്ച ആൾ തങ്ങളുടെ പ്രവർത്തകനാണ് എന്ന് വരുത്തി തീർക്കുവാനുള്ള ശ്രമങ്ങൾ നടത്തുന്നു. ഒടുവിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വരുമ്പോൾ അയാൾ മരിച്ചത് സംഘട്ടനത്തെ തുടർന്നല്ലെന്നും ഹാർട്ടറ്റാക്ക് മൂലമാണെന്നും വ്യക്തമാകുന്നതോടെ ഇരു പാർട്ടിക്കാരും പിരിഞ്ഞു പോകുന്നു. ഇതാണ് ശിവദാസന് എതിരെ ബിജെപിക്കാർ നടത്തിയ കേസ് പുറത്തുവന്നതോടെ സംഭവിക്കുന്നതും. അങ്ങനെ സത്യൻ അന്തിക്കാടിന്റെ സിനിമ വീണ്ടും ചർച്ചയാവുകയാണ്.

കഴിഞ്ഞ ഏപ്രിൽ 26 നാണ് സമീപവാസികളായ നാണി, ഗൗരി, മണി, സാവിത്രി എന്നിവരെ പ്രതികളാക്കി ശിവദാസൻ പൊലീസിൽ പരാതി നൽകിയത്. തന്റെ വീട്ടിലേക്കുള്ള നടപ്പു വഴിയിലൂടെ മോപ്പെഡ് കൊണ്ടുപോകാൻ അനുവദിക്കുന്നില്ല എന്നായിരുന്നു പരാതി. സമീപവാസികളെല്ലാം ഈ വഴിയാണ് ഉപയോഗിക്കുന്നത്. പക്ഷേ, താൻ ടൂവീലർ കൊണ്ടു പോകുമ്പോൾ മാത്രം ഇവർ തടയുന്നു. എതിർക്കുമ്പോൾ ഭീഷണി മുഴക്കുന്നുവെന്നും മർദിക്കാൻ ശ്രമിക്കുന്നുവെന്നുമൊക്കെയാണ് അന്ന് ശിവദാസൻ പൊലീസിൽ പറഞ്ഞത്. ഇനി വാഹനം കൊണ്ടു പോയാൽ അത് കത്തിച്ചു കളയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

നാലു കുടുംബങ്ങളിൽപ്പെട്ടവരായിരുന്നു പ്രതികൾ. ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ പ്രശ്നം പരിഹരിച്ചു വിട്ടു. അന്ന് പ്രതികൾക്ക് ഒത്താശ ചെയ്യാനെത്തിയത് ബിജെപി-ആർഎസ്എസ് പ്രവർത്തകരായിരുന്നു. ശിവദാസനെ അന്ന് ഇവർ മർദിച്ചതായും പറയുന്നുണ്ട്. വിശ്വകർമ സമുദായത്തിൽപ്പെട്ട ശിവദാസനെ എതിർത്തിരുന്നത് നായർ സമുദായാംഗങ്ങളായിരുന്നു. അവർക്കൊപ്പം അന്ന് നിലപാട് സ്വീകരിച്ച ബിജെപിയും സംഘപരിവാറുമാണ് ഇന്നലെ ശിവദാസനെ അവരുടെ സ്വന്തം രക്തസാക്ഷിയാക്കി മാറ്റിയത്. അതേസമയം, ശിവദാസന്റെ മരണത്തിൽ പ്രതിഷേധിച്ച് ചാടിക്കയറി ഹർത്താൽ നടത്തിയ ബിജെപി ജില്ലാ നേതൃത്വം വെട്ടിലായി.

ശിവദാസനെ പൊലീസ് കൊക്കയിൽ തള്ളിയിട്ടു കൊലപ്പെടുത്തിയെന്ന് ഇന്നലെ പറഞ്ഞ ബിജെപി ഇന്ന് ചുവടുമാറ്റി. 19 ന് ശിവദാസനെ കാണാതായെന്ന് മൂന്നു പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടും നടപടി എടുക്കാൻ വൈകിയതിൽ പ്രതിഷേധിച്ചാണ് ബിജെപിയുടെ പ്രക്ഷോഭം എന്നാണ് ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. പത്തനംതിട്ട ജില്ലയിൽ ഹർത്താൽ പൂർണവും സമാധാന പരവുമാണ്. ഇന്ന് രാവിലെ കമ്പകത്തുംവളവിലെ അപകട സ്ഥലത്ത് നിന്ന് ശിവദാസന്റെ മൃതദേഹം ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിന് അയച്ചു.

എല്ലാ മലയാളമാസവും ഒന്നിന് മുടങ്ങാതെ മല ചവിട്ടിയിരുന്ന അയ്യപ്പഭക്തനാണ് ശിവദാസൻ. അയ്യപ്പന്റെ ജന്മഗേഹത്തിന് സമീപമായതു കൊണ്ടാകാം ശിവദാസന്റെ ഭക്തി കളങ്കമില്ലാത്തതും അനുപമവുമായിരുന്നു. ജീവിതപ്രാരബ്ധമാണ് ഇയാളെ അയ്യപ്പസ്വാമിയുടെ പരമഭക്തനാക്കി മാറ്റിയത്. വിശ്വകർമ സമുദായത്തിൽപ്പെട്ട ശിവദാസൻ കുലത്തൊഴിലുമായി ബന്ധമുള്ള ഓട്ടുപാത്ര കച്ചവടമാണ് ആദ്യം നടത്തിയിരുന്നു. കാലക്രമേണെ പാത്രക്കച്ചവടത്തിൽ നിന്ന് വരുമാനം കുറയുകയും പ്രായമേറി വരുകയും ചെയ്തതോടെ ലോട്ടറി കച്ചവടം തൊഴിലായി സ്വീകരിച്ചു. സ്വന്തം മോപ്പെഡിലാണ് ലോട്ടറി കച്ചവടം നടത്തിയിരുന്നത്. ഇതേ മോപ്പെഡിൽ തന്നെയാണ് എല്ലാ മാസപൂജയ്ക്കും ശബരിമല ദർശനത്തിനും ശിവദാസൻ പോയിരുന്നത്.

ശബരിമല യുവതി പ്രവേശന വിധി വന്നപ്പോൾ അതിനെതിരേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നയാളാണ് ശിവദാസൻ. ശബരിമലയുടെ പവിത്രത നശിപ്പിക്കുന്ന ആചാരം വേണോ എന്നൊരു ബോർഡ് ഡിടിപിയെടുത്ത് തന്റെ ലോട്ടറി വിൽപ്പന വാഹനത്തിന്റെ മുന്നിൽ പതിക്കുകയും ചെയ്്തിരുന്നു. മഹാപ്രളയത്തിന് ശേഷം സ്വകാര്യ വാഹനങ്ങൾക്ക് നിലയ്ക്കൽ വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതു കാരണം നിലയ്ക്കലിൽ മോപ്പെഡ് വച്ചിട്ടാണ് ശിവദാസൻ മല കയറിയത്. 18 ന് രാവിലെ 8.30 നാണ് വീട്ടിൽ നിന്നും ഭർത്താവ് ദർശനത്തിന് പോയതെന്ന് ഭാര്യ സരസ്വതി പറഞ്ഞു.

12 ദിവസത്തിലേറെ പഴക്കം മൃതദേഹത്തിനുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ, ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി റോഡിലേക്കു പടർന്നു കയറിയ കാട്ടുവള്ളികൾ തെളിച്ച തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ശബരിമല ദർശനത്തിന് പോയി മടങ്ങും വഴി ലോട്ടറി വിൽപ്പനക്കാരൻ മരിച്ചതിന്റെ കുറ്റം മുഴുവൻ പൊലീസിന്റെയും സംസ്ഥാന സർക്കാരിന്റെയും തലയിൽ കെട്ടിവയ്ക്കാൻ ബിജെപി ശ്രമിക്കുമ്പോൾ ഇത് അപകട മരണമെന്ന നിലപാടിൽ ഉറച്ചാണ് പൊലീസ് നിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP