Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോളിയോ വന്ന് തളർന്ന കാലുകളും ശസ്ത്രക്രിയ നടത്തിയ ഹൃദയവും മനക്കരുത്തിനെ ഒട്ടും തളർത്തിയിട്ടില്ലെന്ന് തെളിയിച്ച ജീവിതം; സർക്കാർ ജോലിക്കിടെ ദൈവവിളി ലഭിച്ച് പൗരോഹിത്യത്തിലേക്കെത്തിയ ഫാ. ജോർജ് എ പുത്തൂർ രണ്ടാം വട്ടവും ആകാശച്ചാട്ടത്തിനൊരുങ്ങുന്നു; ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഉദ്യമത്തിൽ വീണ്ടും ഭാഗമാകുന്ന യുകെയിലെ ജോർജ് അച്ചനെ അടുത്തറിയാം

പോളിയോ വന്ന് തളർന്ന കാലുകളും ശസ്ത്രക്രിയ നടത്തിയ ഹൃദയവും മനക്കരുത്തിനെ ഒട്ടും തളർത്തിയിട്ടില്ലെന്ന് തെളിയിച്ച ജീവിതം; സർക്കാർ ജോലിക്കിടെ ദൈവവിളി ലഭിച്ച് പൗരോഹിത്യത്തിലേക്കെത്തിയ ഫാ. ജോർജ് എ പുത്തൂർ രണ്ടാം വട്ടവും ആകാശച്ചാട്ടത്തിനൊരുങ്ങുന്നു; ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഉദ്യമത്തിൽ വീണ്ടും ഭാഗമാകുന്ന യുകെയിലെ ജോർജ് അച്ചനെ അടുത്തറിയാം

ടോമിച്ചൻ കൊഴുവനാൽ

കാർഡിഫിലെ ജോർജ് അച്ചനെ ഒരിക്കൽ പരിചയപ്പെട്ടവർ പിന്നെ ഒരച്ചന്മാരുടെയും കുറ്റം പറയില്ല. ഇങ്ങനെയുള്ള അച്ചന്മാരും ഈ ലോകത്തുണ്ടോ എന്നത് അവർക്ക് ഒരത്ഭുതമായി തന്നെ അവശേഷിക്കും. അത്രക്കും നന്മ നിറഞ്ഞ ഒരു ചരിത്രമാണ് അച്ചന്റെ ജീവിതത്തിൽ നിന്നും പെറുക്കി എടുക്കാൻ കഴിയുന്നത്. പഠന ശേഷം സർക്കാർ ജോലിക്കിടിയിൽ ദൈവവിളി കേട്ട് പാവങ്ങളെ ശുശ്രൂഷിക്കാനും ലോകം മുഴുവൻ ഒറ്റയ്ക്ക് അലഞ്ഞ് നടന്ന് അറിവ് നേടാനും അച്ചൻ കാട്ടിയ ശുഷ്‌കാന്തിയും ഒറ്റപ്പെട്ടവർക്കും ദുർബലർക്കും രോഗികൾക്കും അടിമവച്ച് സ്വയം ചെറുതായി ദൈവത്തിന് മുമ്പിൽ വലുതാവുന്ന ആ രീതിയും എല്ലാവർക്കും അവിസ്മരണീയമാണ്.

പോളിയോ ബാധിച്ച് തളർന്ന കാലുകളും, ശസ്ത്രക്രിയയുടെ ബലത്തിൽ ഇടിക്കുന്ന ഹൃദയവും ജോർജ് അച്ചന് നന്മ ചെയ്യാൻ ഒരു തടസ്സമേയല്ല. ജീവിതത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവരെ കാണുമ്പോൾ, പാവപെട്ട പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികളെ കാണുമ്പോൾ, അംഗവൈകല്യം ഉള്ളവരെ കാണുമ്പോൾ തന്റെ വൈകല്യത്തെ മറന്നുകൊണ്ട് ഈ മനുഷ്യൻ പറയും ആകാശചാട്ടമല്ല വേണമെങ്കിൽ ബഹിരാകാശച്ചാട്ടം നടത്താമെന്ന്. അതാണ് ഫാ. ജോർജ് എ. പുത്തൂർ ഐസി എന്ന നമ്മുടെ ജോർജ്ജ് അച്ചൻ! ഇപ്പോളിതാ ഇതു രണ്ടാം തവണയും അച്ചൻ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഉദ്യമത്തിന്റെ ഭാഗമാകാൻ റെഡിയായി എത്തിയിരിക്കുന്നു.

ഇടുക്കി ജില്ലയിലെ കൊച്ചറ സെന്റ് ഇസിദോർ ഇടവകാംഗവും ആദ്യകാല കുടിയേറ്റ കർഷകനുമായ പരേതരായ പുത്തൂർ അബ്രഹാമിന്റെയും ഏലികുട്ടിയുടെയും ആറാമത്തെ മകനാണ് ഫാദർ ജോർജ് എ പുത്തൂർ. പുറ്റടി എൻഎസ്‌പിഎച്ച്എസിൽ ഹൈസ്‌കൂൾ പഠനം. കുമളി വിഎച്ച്എസ്സിയിൽ നിന്നും അഗ്രിക്കൾച്ചർ മെയിൻ വിഷയമായി എടുക്കുകയും തുടർന്ന് ഇടുക്കി ജില്ലയിലെ കുറ്റ്യാടി കൃഷി ഭവനിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു വരവേ അപ്രതീഷമെന്നോണമാണ് തിരുവനന്തപുരത്തെ റോസ് ബെന്നി ആശ്രമത്തിൽ ചേർന്നത്.

തുടർന്ന് രണ്ടു വർഷത്തെ പരിശീലനത്തിന് ശേഷം ഇറ്റലിയിലേക്ക് പോയി. ഈ സമയത്തു രണ്ടു വർഷം രോഗികളായ വൈദികരെ ശുശൂഷിക്കാനായി ആണ് ഫാദർ തന്റെ സമയം മാറ്റി വച്ചത്. ദാമോദോസോള, സ്ട്രെസ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം വീണ്ടും ഉപരി പഠനത്തിനായി റോമിലേക്ക് തിരിച്ചു. മാർപ്പാപ്പയുടെ യൂണിവേഴ്‌സിറ്റിയിൽ അഞ്ചു വർഷം തത്ത്വശാസ്ത്ര പഠനവും ദൈവ ശാസ്ത്ര പഠനവും പൂർത്തീകരിച്ചു. ഇതു കഴിഞ്ഞു വെയിൽസിൽ വന്നു കാർഡിഫ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷും കരസ്ഥമാക്കി. വീണ്ടും നാട്ടിൽ തിരിച്ചെത്തി ഫോർമേഷൻ ഗ്രൂപ്പിൽ ചേർന്നു പ്രവർത്തിച്ചു വരവേയാണ് വീണ്ടും യുകെയിലെത്തുകയും റെക്ടറായി സെമിനാരിയിൽ പ്രവർത്തിക്കുകയും ചെയ്തത്.

ഇതിനിടയിൽ ഇംഗ്ലണ്ടിലെ കെന്റിൽ നിന്ന് മനഃശാസ്ത്രത്തിന്റെ ഉള്ളറകളെ മനസിലാക്കുവാൻ ശ്രമിച്ചു. ശേഷം ഒരു വർഷം സന്യാസ ജീവിതവുമായി നോർത്ത് ഇന്ത്യ മുഴുവൻ സന്ദർശിക്കുകയും ഇസ്രയേലിൽ നിന്ന് ബൈബിൾ ഗീബ്രുവിലും മോഡേൺ ഗീബ്രുവിലും രണ്ടു വർഷത്തെ പരിശീലനം നേടുകയും ചെയ്തു. ഒരുമാസം വാരാണസിയിലും താമസിച്ചു. പിന്നീട് ഒൻപതു മാസം പ്രാർത്ഥനയിലും ഉപവാസത്തിലും. സസ്യാഹാരം മാത്രം. അതും ഒരു വനത്തിനുള്ളിൽ കഴിഞ്ഞു. പിന്നീട് രണ്ടു വർഷക്കാലം ജറുസലേമിൽ പഠനം നടത്തി. ഇതിനു ശേഷം വീണ്ടും റോമിലേക്ക് പോയി.

റോമിലെ ഏറ്റവും പ്രശസ്തമായ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും ആത്മീയതയിൽ മാസ്റ്റേഴ്‌സ് പാസ്സായി. തുടർന്ന് നെയ്യാറ്റിൻകരയിലെ ഒരു സാധാരണ ഇടവകയിൽ വൈദികനായി രണ്ടു വർഷം സേവനം അനുഷ്ഠിച്ച ശേഷമാണ് വീണ്ടും സഭാ അധികാരികളുടെ നിർദ്ദേശപ്രകാരം റോമിലേക്ക് തിരിച്ചു പോയത്. അപ്പോഴാണ് മാതാപിക്കളുടെ ആകസ്മികമരണം സംഭവിച്ചത്. ഒരുവർഷത്തിനുള്ളിൽ അപ്പനും അമ്മയും മരിച്ചത് ഫാ. ജോർജ്ജ് പുത്തൂരിനെ തളർത്തി. പിന്നീട് ഇംഗ്ലണ്ടിൽ തിരിച്ചെത്തി കാർഡിഫിൽ രണ്ടു വർഷകാലം ജീവിച്ചു. ഇപ്പോൾ ഗിൽഫോർഡിൽ ശുശ്രുഷകൾ ചെയ്യുകയാണ്. ജീവകാരുണ്യ പ്രവർത്തനത്തിന് വളരെയധികം ഊന്നൽ കൊടുക്കുന്ന ഫാദർ ജോർജ് വളരെ പ്രഗത്ഭനായ ഒരു പാചകക്കാരൻ കൂടിയാണ്.

കാർഡിഫിൽ ആദ്യമായി രണ്ടു വർഷം മുൻപുള്ള ക്രിസ്മസ് ദിനത്തിൽ മലയാളം കുർബാന അർപ്പിച്ചും ഒട്ടനവധി രാജ്യങ്ങളെ കോർത്തിണക്കി ഇന്റർ നാഷണൽ മാസ്സ് സംഘടിപ്പിച്ചതും ഫാദർ ജോർജ് കാർഡിഫ് ജനതയുടെ പ്രശംസ ഏറ്റുവാങ്ങി. ഇഫ്ടി ആൻഡ് മാട്രിക്സ്റീ ഇംപ്രിന്റിങ് പ്രാക്ടീഷണർ സർട്ടിഫിക്കറ്റ് ഉള്ള ലോകത്തിലെ ആദ്യത്തെ വൈദികൻ ആണ് ഫാ. ജോർജ്ജ് പുത്തൂർ. ഇന്ത്യയിലും യുകെയിലും പരിശീലനം നൽകുന്ന ഇമോഷണൽ ഫ്രീഡം ടെക്നിക് ട്രെയിനർ കൂടിയാണ്. താൻസാനിയ, കെനിയ, ഈജിപ്റ്റ്, ഇസ്രയേൽ, ജർമ്മനി, സ്വിറ്റ്സർലന്റ്, ഫ്രാൻസ്, ബെൽജിയം, അയർലന്റ് തുടങ്ങിയ രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്.

സെപ്റ്റംബർ 28ന് സാലിസ്‌ബറിയിലെ ആർമി പാരച്യൂട്ട് അസോസിയേഷനിൽ വച്ചാണ് സ്‌കൈ ഡൈവിങ് നടത്തുക. 35 പേരെയാണ് ആകാശച്ചാട്ടത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 16 വയസുകഴിഞ്ഞ കുട്ടികളടക്കമുള്ളവരാണ് പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവർക്ക് ചാരിറ്റി ഫൗണ്ടേഷൻ നൽകുന്ന സർട്ടിഫിക്കറ്റുകൾ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക. സ്‌കൈ ഡൈവിങ്ങിൽ പങ്കെടുക്കുന്നവർക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെൻഷൻ റിലാക്‌സേഷൻ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവിംഗിനായി തയ്യാറാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP