Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരേ കുടുംബത്തിലെ നാലു തലമുറക്കാർ നിർമ്മിച്ച് നീറ്റിലിറക്കുന്നത് കളിവള്ളങ്ങൾ; ജോർജ്ജ് ചുമ്മാറും ആറുവയസുകാരൻ മകനും കേരള ചരിത്രത്തിലേക്ക്; പുളിക്കത്ര തറവാടിന്റെ സ്വന്തം വെപ്പ് വള്ളം 'ഷോട്ട്' ജൂലൈ 27ന് നീരണിയും

ഒരേ കുടുംബത്തിലെ നാലു തലമുറക്കാർ നിർമ്മിച്ച് നീറ്റിലിറക്കുന്നത് കളിവള്ളങ്ങൾ; ജോർജ്ജ് ചുമ്മാറും ആറുവയസുകാരൻ മകനും കേരള ചരിത്രത്തിലേക്ക്; പുളിക്കത്ര തറവാടിന്റെ സ്വന്തം വെപ്പ് വള്ളം 'ഷോട്ട്' ജൂലൈ 27ന് നീരണിയും

ആലപ്പുഴ: ഒരു നൂറ്റാണ്ടിനുള്ളിൽ ഒരേ കുടുംബത്തിൽ നിന്നും തുടർച്ചയായി നാല് തലമുറക്കാർ നാല് കളിവള്ളങ്ങൾ നിർമ്മിച്ച് കേരളത്തിന്റെ ചരിത്രത്തിൽ ഇടം നേടുന്നു. ആലപ്പുഴ സ്വദേശികളും ഇപ്പോൾ യുകെയിൽ താമസിക്കുന്ന ജോർജ് പുളിക്കത്ര ചുമ്മാറും മകൻ ആദമും ആണ് ഈ ചരിത്രം കുറിക്കാൻ തയ്യാറെടുക്കുന്നത്. ജല കായികമത്സര രംഗത്ത് അതുല്യമായ പേരും പെരുമയും സിദ്ധിച്ച എടത്വാ പാണ്ടങ്കരി പുളിക്കത്ര തറവാടിന്റെ സ്വന്തം വെപ്പ് വള്ളമായ 'ഷോട്ട് ' ജൂലൈ 27ന് നീരണിയുമ്പോൾ ഈ അംഗീകാരം പുളിക്കത്ര തറവാടിന് സ്വന്തമാകും. ഒരു നാടിന്റെ മുഴുവൻ ആവേശം നെഞ്ചിലേറ്റി ലോകമെങ്ങുമുള്ള കുട്ടനാടൻ ജനതയുടെ ആവേശം ഉൾക്കൊണ്ടുകൊണ്ട് രാഷ്ട്രീയ സാംസ്കാരിക സാമൂഹിക സാമുദായിക നേതാക്കളുടെയും ജലോത്സവ പ്രേമികളുടെയും സാന്നിദ്ധ്യത്തിലാണ് ഷോട്ട് നീരണിയുക.

ആലപ്പുഴയിൽ നിന്നും ബ്രിട്ടനിലെത്തി നോട്ടിങ്ഹാമിലെ ന്യുവാർക്കിൽ കോയിനോണിയ എന്ന പേരിൽ ഇന്ത്യൻ റെസ്റ്റോറന്റ് നടത്തുകയാണ് ജോർജ് ചുമ്മാർ പുളിക്കത്ര. തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണയ്ക്കായി ആണ് പുതിയതായി വീണ്ടും ഷോട്ട് നീറ്റിലിറക്കാൻ തീരുമാനിച്ചതെന്ന് ജോർജ് ചുമ്മാർ പുളിക്കത്ര പറഞ്ഞു. ജോർജിയുടെ മകനായ ആറു വയസ്സുകാരൻ ആദം ആണ് വള്ളംകളിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ ആകാൻ തയ്യാറെടുക്കുന്നത്. 60 പ്രായപൂർത്തിയായ കായികതാരങ്ങൾ അണിനിരക്കുന്ന ഒരു ടീമിനെ നയിക്കുവാൻ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ. അങ്ങനെ കുഞ്ഞു ആദമും കേരളത്തിന്റെ ചരിത്രത്തിലേക്ക് നടന്നു കയറുകയാണ്.

കുട്ടനാട്ടിലെ ജലകായിക മേഖലകളിൽ മത്സര വള്ളംകളിക്കായി ഉപയോഗിക്കുന്ന പ്രധാന ഇനം വള്ളങ്ങളിൽ ഒന്നായ ചുണ്ടൻ യുദ്ധത്തിനായി ഉപയോഗിച്ചിരുന്നതാണ്. ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണ രീതി വെള്ളത്തിലൂടെ അതിവേഗം മുൻപോട്ട് നീങ്ങുവാൻ കഴിയുന്ന രീതിയിൽ ആണ്. ഉയർന്ന അമരവും ഒതുങ്ങിയ ശരീരവും കൂർത്ത ചുണ്ടുകളും ഒരു കരിനാഗത്തെ പോലെ അതിവേഗം കുതിക്കുവാൻ ചുണ്ടന് കഴിയും. വെപ്പ് അഥവാ പരുന്തുവാലൻ വള്ളം ചുണ്ടൻ വള്ളത്തിനു തുണപോകുന്നനും ഭക്ഷണം തയ്യാർ ചെയ്യാനും ഈ വള്ളം ഉപയോഗിക്കുന്ന കൊണ്ടു വെപ്പ് വള്ളം എന്ന പേരും ഈ വള്ളത്തിനുണ്ട്.

വെപ്പ് വള്ളങ്ങളിൽ ഏറെ പ്രസിദ്ധമായ ജലരാജാവ് പുളിക്കത്ര വള്ളം 1926 ലാണ് ആദ്യമായി നീരണിയുന്നത്. നീലകണ്ഠൻ ആചാരിയായിരുന്നു ശിൽപി. 1952 ലെ നെഹ്റു ട്രോഫി ജലമേളയിൽ 4. 4 മിനിട്ട് എന്ന റിക്കോർഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളമായ പുളിക്കത്ര വള്ളം. എന്നാൽ സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ സ്വീകരിക്കാൻ കേരള ജനത കിഴക്കിറ്റെ വെന്നീസ് ആയ ആലപ്പുഴയിലേക്ക് ഒഴുകി എത്തിയ കൂട്ടത്തിൽ പുളിക്കത്ര വള്ളവും ഉണ്ടായിരുന്നു. ഓളങ്ങളെ കീറിമുറിച്ച് വെടിയുണ്ട പോലെ ചീറി പാഞ്ഞ് വന്ന പുളിക്കത്ര കളിവള്ളത്തെ നോക്കി ആവേശത്തോടെ 'ഷോട്ട് ' എന്ന് വിളിച്ചപ്പോൾ ഇരുകരകളിൽ നിന്നും ആർപ്പുവിളി ഉയർന്നു. പിന്നീട് 'ഷോട്ട് 'എന്ന ഓമനപേരിൽ പുളിക്കത്ര വള്ളം അറിയപ്പെടുവാൻ തുടങ്ങി.

ചെറുവള്ളങ്ങളുടെ ജല രാജാവ് ആയ 'ഷോട്ട് ' തിരുത്താൻ ആവാത്ത ജയഘോഷങ്ങളുടെ നിരന്തര പരമ്പരയായി 36 തവണ വെപ്പ് എ ഗ്രേഡ് ശ്യംഖലയിൽ ചോദ്യം ചെയ്യപ്പെടാനാവാത്ത വിധം പേര് പോലെ തന്നെ വിജയം നേടിയിട്ടുണ്ട്. പഴമയുടെ കുട്ടനാടൻ കുടുംബങ്ങൾ തമ്മിലുള്ള വാശിയുടെയും തന്റേടത്തിന്റെയും പ്രതീകമായിരുന്നു ഷോട്ട്. 1960 ൽ കോഴിമുക്ക് നാരായണൻ ആചാരിയും 2001ൽ ഉമാ മഹേശനും ആയിരുന്നു ശിൽപ്പികൾ. 2016ന് സാബു നാരായണൻ ആശാരിയാണ് ഏറ്റവും പുതിയ ഷോട്ടിന് ഉളികുത്തൽ കർമ്മം നടത്തിയത്. ഇപ്പോൾ നിർമ്മിച്ച കളിവള്ളത്തിന് മുപ്പത്തി അഞ്ചേ കാൽ കോൽ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചിൽക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉൾപെടെ 60 പേർ ഉണ്ട്. ആഞ്ഞിലി തടിയിലാണ് വള്ളത്തിന്റെ പണി പൂത്തിയാക്കിയിരിക്കുന്നത്.

വള്ളത്തിന്റെ അവസാന മിനുക്ക് പണിയിലാണ്. വള്ളം മിനുസപെടുത്തി വെളിച്ചെണയും മഞ്ഞളും തേച്ച് പിടിപ്പിക്കുന്നതോടെ നീറ്റിലിറക്കാൻ തയാറാവും. നീരണിയലിന് ശേഷം ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോർജ് ഫൊറോനാ പള്ളിക്കടവിലേക്ക് ആദ്യ തുഴച്ചിൽ നടത്തും. വഞ്ചി പാട്ടിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ എടത്വ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. തുടർന്ന് വള്ളസദ്യയും ഉണ്ടായിരിക്കും. എല്ലാവരുടെയും പ്രാർത്ഥനയും പ്രോത്സാഹനവും കൊണ്ട് ഇത്തവണ നടക്കുന്ന പ്രധാന ജലോത്സവങ്ങളിൽ' ജലോത്സവ പ്രേമികളുടെ മനസ്സ് വീണ്ടും കീഴടക്കാൻ തയ്യാറാടെറുക്കുകയാണ് ഷോട്ട്.

ദുബായിൽ ഹോട്ടൽ വ്യവസായരംഗത്ത് നിരവധി വർഷങ്ങളുടെ പരിചയ സമ്പത്തുമായാണ് ജോർജി പുളിക്കത്ര വർഷങ്ങൾക്ക് മുൻപ് യുകെയിൽ എത്തിയത്. യുകെയിലെത്തിയ നാൾ മുതൽ ലെസ്റ്ററിൽ ആണ് താമസം. ഭാര്യ രഞ്ജന, ആദമിനെ കൂടാതെ ജോർജീന എന്ന പുത്രി കൂടിയുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP