Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാമ്പുകൾ അടയിരിക്കുന്നത് സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ തന്നെ; കൊല്ലത്ത് സർക്കാർ സ്‌കൂളിൽ നിന്നും പാമ്പുകടിയേറ്റത് ശുചീകരണ തൊഴിലാളി രാമചന്ദ്രന്; കോടികൾ മുടക്കി സർക്കാർ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുമ്പോഴും കാടുപിടിച്ച് കിടക്കുന്ന വിദ്യാലയങ്ങൾ വൃത്തിയാക്കാനും അറിവു തേടി എത്തുന്ന കുരുന്നുകൾക്ക് സുരക്ഷ ഒരുക്കാനും പദ്ധതിയില്ല; ലോക നിലവാരമെന്ന് പറയുമ്പോഴും കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളുടെ നേർ ചിത്രം ഇങ്ങനെ

പാമ്പുകൾ അടയിരിക്കുന്നത് സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ തന്നെ; കൊല്ലത്ത് സർക്കാർ സ്‌കൂളിൽ നിന്നും പാമ്പുകടിയേറ്റത് ശുചീകരണ തൊഴിലാളി രാമചന്ദ്രന്; കോടികൾ മുടക്കി സർക്കാർ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുമ്പോഴും കാടുപിടിച്ച് കിടക്കുന്ന വിദ്യാലയങ്ങൾ വൃത്തിയാക്കാനും അറിവു തേടി എത്തുന്ന കുരുന്നുകൾക്ക് സുരക്ഷ ഒരുക്കാനും പദ്ധതിയില്ല; ലോക നിലവാരമെന്ന് പറയുമ്പോഴും കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളുടെ നേർ ചിത്രം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സർക്കാർ സ്‌കൂൾ പരിസരം വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളിക്ക് പാമ്പുകടിയേറ്റു. കരുകോൺ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പരിസരം വൃത്തിയാക്കുന്നതിനിടെയാണ് ശുചീകരണ തൊഴിലാളിക്ക് പാമ്പുകടിയേറ്റത്. കരുകോൺ സ്വദേശി രാമചന്ദ്രനാണു കടിയേറ്റത്. ഇദ്ദേഹം ഇപ്പോൾ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാമചന്ദ്രൻ അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ പാമ്പുകൾ അടയിരിക്കുകയാണ് എന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത് ബത്തേരി സർവജന സ്‌കൂളിലെ വിദ്യാർത്ഥിനി ഷെഹ്ല ഷെറിൻ ക്‌ളാസിനുള്ളിൽ വച്ച് പാമ്പുകടിയേറ്റ് മരണമടഞ്ഞതിനെത്തുടർന്നാണ്. ഇതിന് ശേഷം സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ വിശദമായ പരിശോധനയും വൃത്തിയാക്കൽ പ്രവർത്തനങ്ങളും നടന്ന് വരികയാണ്. ഇതിനിടയിലാണ് കൊല്ലത്ത് ശുചീകരണ തൊഴിലാളിക്ക് പാമ്പുകടിയേറ്റത്.

കഴിഞ്ഞ ദിവസം കരൂപ്പടന്ന ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വരാന്തയിൽ ടൈലുകൾക്കിടയിൽ പാമ്പിനെ കണ്ടിരുന്നു. ഇതിനെ തുടർന്ന് പഞ്ചായത്ത്, പിടിഎ, പൂർവ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ സ്‌കൂൾ വളപ്പ് വൃത്തിയാക്കിയിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് ലോകത്തിന് മാതൃകയായ വിദ്യാഭ്യാസമാണ് കേരളത്തിൽ നൽകുന്നത് എന്ന് പറയുമ്പോഴും പല സ്‌കൂളുകളുടെയും കെട്ടിടവും പരിസരവും കാടുപിടിച്ച് കിടക്കുകയാണ്. ക്ലാസ് മുറികൾ വൃത്തിയാക്കുന്നത് വിദ്യാർത്ഥികൾ തന്നെയാണ്. ശുചിമുറികളുടെ കാര്യം പരിതാപകരമാണ്. വൃത്തിയാക്കൽ എന്നൊരു പ്രക്രിയയേ ഇവിടെയില്ല. മേൽക്കൂര ഇല്ലാത്ത ശുചിമുറികളാണെങ്കിൽ മഴക്കാലത്ത് വൃത്തിയാകും എന്നാണ് പൊതുവെയുള്ള നാട്ടുനടപ്പ്.

പൊതുവിദ്യാഭ്യാസം: മൂന്നു നീതി; മൂന്ന് നിലപാട്

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ മൂന്ന് വിഭാഗങ്ങളായാണ് സർക്കാർ വിഭജിച്ചിട്ടുള്ളത്. സർക്കാർ വിദ്യാലയങ്ങൾ, സർക്കാർ സഹായത്താൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്‌കൂളുകൾ, സർക്കാർ സഹായമില്ലാതെ ഫീസ് വാങ്ങി പഠിപ്പിക്കുന്ന അൺ എയ്ഡഡ് സ്‌കൂളുകൾ. ഇവയിൽ എയ്ഡഡ്- അൺ എയ്ഡഡ് സ്‌കൂളുകളിൽ ആയമാരും മറ്റ് ക്ലീനിങ് സ്റ്റാഫുകളും ആവശ്യത്തിനുള്ളതിനാൽ വൃത്തിയുടെയും സുരക്ഷിതത്വത്തിന്റെയും കാര്യത്തിൽ ഇവ സർക്കാർ സ്‌കൂളുകളെക്കാൾ മുന്നിലാണ്.

ശുചീകരണ ജോലിചെയ്യേണ്ട ഫുൾടൈം മിനിയൽ (എഫ്.ടി.എം.) ജീവനക്കാരെ നിയമിക്കാൻ സർക്കാർ വിദ്യാലയങ്ങളിൽ വിലക്കുണ്ട്. എന്നാൽ, എയ്ഡഡ് സ്‌കൂളുകളിൽ നിയമനതടസ്സമില്ല. ഇതിനാൽ, സർക്കാർ വിദ്യാലയങ്ങളിൽ പലയിടത്തും വർഷങ്ങളായി ശുചീകരണ ജീവനക്കാരില്ല. എയ്ഡഡ് വിദ്യാലയങ്ങളിലെ ജീവനക്കാർക്കും സർക്കാർ ഖജനാവിൽ നിന്നാണ് ശമ്പളം നൽകുന്നത്. അതേസമയം, അൺ എയ്ഡഡ് സ്‌കൂളുകളിലെ ശുചീകരണ തൊഴിലാളികൾക്കുള്ള വേതനം കണ്ടെത്തേണ്ടത് സ്‌കൂൾ മനേജ്‌മെന്റാണ്.

സർക്കാർ സ്‌കൂളുകളിൽ പാർട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാരിൽനിന്ന് സ്ഥാനക്കയറ്റം ലഭിക്കുന്നവരെയാണ് എഫ്.ടി.എം. ആയി നിയമിക്കുന്നത്. പാർട്ട്‌ടൈം ജോലിക്കാർക്ക് 70 വയസ്സുവരെ തുടരാമെന്നതിനാൽ ഇവർ സ്ഥാനക്കയറ്റം സ്വീകരിക്കാറില്ല. എയ്ഡഡ് സ്‌കൂളിൽ എഫ്.ടി.എം. തസ്തികയിൽ ഒഴിവുവന്നാൽ മാനേജർമാർക്ക് നേരിട്ടു നിയമനം നടത്താം. സർക്കാർ സ്‌കൂളുകൾ പലതും അന്താരാഷ്ട്ര നിലവാരത്തിലായെങ്കിലും ശുചീകരണം നടക്കുന്നില്ലെന്നത് വസ്തുതയാണെന്ന് പ്രധാനാധ്യാപകർ പറയുന്നു. ശൗചാലയങ്ങളും ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കിയില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമ്പോൾ, ഇതുചെയ്യാൻ ജീവനക്കാരില്ലെന്നത് സർക്കാർ ബോധപൂർവം മറക്കുകയാണെന്നും അദ്ധ്യാപകർ പറയുന്നു.

സ്‌കൂൾ പിടിഎ അഥവാ പണക്കുടുക്ക

സർക്കാർ സ്‌കൂളുകളിലെ പിടിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് പലയിടങ്ങളിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വീറും വാശിയുമാണ്. സ്‌കൂൾ പുനരുദ്ധാരണത്തിനായി എത്തുന്ന ലക്ഷങ്ങളുടെയും കോടികളുടെയും കമ്മീഷനിലാണ് പല പിടിഎ ഭാരവാഹികളുടെയും കണ്ണ്. മിക്കവാറും പിടിഎ ഭാരവാഹികളാകുന്നത് രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കളാകും. എംഎൽഎ, എംപി ഫണ്ടുകൾ മുതൽ വിവിധ സർക്കാർ ഫണ്ടുകൾ വരെ കൈകാര്യം ചെയ്യുന്നത് സ്‌കൂൾ പിടിഎ ആണ്. സ്വാഭാവികമായും ഈ ഇനത്തിൽ ലഭിക്കുന്ന കമ്മീഷനുകളിൽ മാത്രമാണ് പല പിടിഎകളും കണ്ണുവെക്കുന്നത്. അതേസമയം, എയ്ഡഡ് സ്‌കൂളുകൾക്ക് ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുന്നത് മാനേജ്‌മെന്റ് നേരിട്ടാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP