Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രൂപീകരണവും പ്രവർത്തനവും സമുദായ സംഘടന എന്ന നിലയിൽ; രജിസ്റ്റർ ചെയ്തിരിക്കുന്നത് കമ്പനി നിയമപ്രകാരവും; ഡൽഹി ഹൈക്കോടതി വിശദീകരണം തേടിയപ്പോൾ കേരളത്തിലെ നോൺ ട്രേഡിങ് കമ്പനിയെന്ന് മറുപടി; 2017-ൽ കടലാസ് കമ്പനികളുടെ രജിസ്‌ട്രേഷൻ നഷ്ടമായപ്പോൾ ഉള്ള രജിസ്‌ട്രേഷനും നഷ്ടമായി; കാലത്തിനു യോജിക്കുന്ന ഭരണഘടന വേണമെന്ന കേസിൽ എസ്എൻഡിപിക്കെതിരായ വാദം കേൾക്കാൻ ഒരുങ്ങി ഹൈക്കോടതി; വെള്ളാപ്പള്ളിക്ക് തിരിച്ചടിയായി പഴയ യോഗം ഭാരവാഹികൾ നൽകിയ കേസും

രൂപീകരണവും പ്രവർത്തനവും സമുദായ സംഘടന എന്ന നിലയിൽ; രജിസ്റ്റർ ചെയ്തിരിക്കുന്നത് കമ്പനി നിയമപ്രകാരവും; ഡൽഹി ഹൈക്കോടതി വിശദീകരണം തേടിയപ്പോൾ കേരളത്തിലെ നോൺ ട്രേഡിങ് കമ്പനിയെന്ന് മറുപടി; 2017-ൽ കടലാസ് കമ്പനികളുടെ രജിസ്‌ട്രേഷൻ നഷ്ടമായപ്പോൾ ഉള്ള രജിസ്‌ട്രേഷനും നഷ്ടമായി; കാലത്തിനു യോജിക്കുന്ന ഭരണഘടന വേണമെന്ന കേസിൽ എസ്എൻഡിപിക്കെതിരായ വാദം കേൾക്കാൻ ഒരുങ്ങി ഹൈക്കോടതി; വെള്ളാപ്പള്ളിക്ക് തിരിച്ചടിയായി പഴയ യോഗം ഭാരവാഹികൾ നൽകിയ കേസും

എം മനോജ് കുമാർ

തിരുവനന്തപുരം: ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാതെ മുന്നോട്ടു പോകുന്ന എസ്എൻഡിപി യോഗത്തിന്റെ രീതികൾക്ക് മൂക്കുകയറിടലായി നിലവിലെ ഹൈക്കോടതിയിലെ കേസ് മാറുമോ? ഇപ്പോൾ ഹൈക്കോടതി പരിഗണനയ്ക്ക് എടുക്കാൻ പോകുന്ന എസ്എൻഡിപിക്ക് പുതിയ ഭരണഘടന ആവശ്യമെന്ന കേസ് എസ്എൻഡിപിയോഗത്തിനും സർവ പ്രതാപിയായ ഇപ്പോൾ യോഗത്തിനെ നയിക്കുന്ന വെള്ളാപ്പള്ളി നടേശനും പരമപ്രധാനമായി മാറുകയാണ്. അതുകൊണ്ട് തന്നെ എസ്എൻഡിപിയെ സ്‌നേഹിക്കുന്നവരും അഭ്യുദയകാംക്ഷികളും ഈ കേസിൽ ഹൈക്കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ഉറ്റു നോക്കുകയാണ്. എസ്എൻഡിപി വൈസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ ചെക്ക് കേസിൽ അകപ്പെട്ടതോടെ പെട്ടിരിക്കുന്ന വെള്ളാപ്പള്ളിക്ക് മറ്റൊരു തിരിച്ചടിയായി ഹൈക്കോടതിയിലെ ഈ കേസ് മാറിയേക്കും എന്നാണ് എൻഡിപിയിൽ നിന്നും വരുന്ന സൂചനകൾ.

എസ്എൻഡിപിയിൽ തുടരുന്ന സ്വേച്ഛാധിപത്യപരമായ നിലപാടുകൾ അവസാനിപ്പിക്കണമെന്നും കാലത്തിനു അനുയോജ്യമായ ഭരണഘടന എസ്എൻഡിപിക്ക് ആവശ്യമാണെന്ന കേസിലാണ് ഹൈക്കോടതി വാദം കേൾക്കാൻ പോകുന്നത്. അതേസമയം ഒരു സമുദായ സംഘടന എന്ന നിലയിൽ പ്രവർത്തിക്കുന്ന എസ്എൻഡിപി കമ്പനി രീതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ അതോ നോൺ ട്രേഡിങ് രീതിയിലാണോ രജിസ്‌ട്രേഷൻ എന്നും വെള്ളാപ്പള്ളി വ്യക്തമാക്കേണ്ടിയും വന്നേക്കും എന്നതാണ് കേസിനെ സംബന്ധിച്ച് വെള്ളാപ്പള്ളി നേരിടുന്ന മറ്റൊരു തലവേദന. 2017-ൽ കണക്കു കൊടുക്കാത്ത കടലാസ് കമ്പനികളുടെ രജിസ്‌ട്രേഷൻ നഷ്ടമായപ്പോൾ ഇതിനൊപ്പം എസ്എൻഡിപി യോഗത്തിന്റെ രജിസ്‌ട്രേഷൻ കൂടി നഷ്ടമായിട്ടുണ്ട്. ഈ കാര്യത്തിൽ ഒരു വ്യക്തത ഇതുവരെ വന്നിട്ടില്ല. കടലാസ് കമ്പനി രീതിയിലാണോ നോൺ ട്രേഡിങ് രീതിയിലാണോ എസ്എൻഡിപിയുടെ രജിസ്‌ട്രേഷൻ എന്ന കാര്യത്തിൽ ഉരുണ്ടുകളിക്കുന്ന നിലപാടാണ് വെള്ളാപ്പള്ളി ഇതേവരെ സ്വീകരിച്ചിട്ടുമുള്ളത്. അതുകൊണ്ട് കേസിന്റെ വാദം നടക്കുമ്പോൾ ഇത്തരം കാര്യങ്ങൾ മുഴുവൻ പൊന്തിവരുകയും യോഗത്തിനു ഹൈക്കോടതി മുൻപാകെ വിശദീകരണം നൽകേണ്ടിയും വന്നേക്കും.

എസ്എൻഡിപിക്ക് കാലത്തിനു യോജിക്കുന്ന ഭരണഘടന വേണം

1999 കാലത്ത് നൽകുകയും ഇപ്പോൾ ഹൈക്കോടതിയിൽ തുടരുകയും ചെയ്യുന്ന ഒരു കേസാണ് വെള്ളാപ്പള്ളിക്ക് കുരുക്കായി മാറുന്നത്. യോഗത്തിന്റെ നേതാക്കളും സജീവ പ്രവർത്തകരും ആയിരുന്നവ അഞ്ചു യോഗം നേതാക്കൾ നൽകിയ കേസിലാണ് ഹൈക്കോടതി ഇപ്പോൾ വാദം കേൾക്കാൻ ഒരുങ്ങുന്നത്. എസ്എൻഡിപിക്ക് ഒരു ഭരണഘടന ഉണ്ടാക്കണം എന്നാണ് ഇവർ കൊച്ചി ജില്ലാ കോടതിയിൽ ആവശ്യമുന്നയിച്ചത്. മുൻപുണ്ടായിരുന്ന യോഗം സെക്രട്ടറിമാരിൽ മിക്കവരും ജനാധിപത്യ മര്യാദകളും നീതി ബോധവും ഉള്ള വ്യക്തികൾ ആയതുകൊണ്ട് അന്ന് കുഴപ്പമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോൾ ഉള്ളവർ ഇത്തരം ജനാധിപത്യ മര്യാദകൾ പാലിക്കുന്നവരല്ല. അതിനാൽ പുതിയ ബൈലോ വേണം. കാലത്തിനു അനുയോജ്യമായ രീതിയിലാണ് ഈ ബൈലോ വേണ്ടത്. യോഗം ഭാരവാഹികളുടെയും കീഴ്ഘടകങ്ങളുടെയും അധികാരം സംരക്ഷിക്കുന്ന വിധത്തില് ഉള്ളതാവണം ഈ ഭരണഘടന. നിലവിലെ ഭരണഘടന ജനാധിപത്യ രീതികളെ തീരെ പരിപോഷിപ്പിക്കുന്നില്ല. ജനാധിപത്യ സംസ്‌കാരമില്ലാത്ത ആളുകൾ ഭരണത്തിൽ വന്നാൽ വളരെ ഏകാധിപത്യപരമായി കൊണ്ട് നടക്കാൻ കഴിയുന്ന വിധത്തിലുള്ള ഭരണഘടനയാണ് നിലവിലുള്ളത്. ശ്രീനാരായണ ഗുരുവായിരുന്നു ആദ്യം സ്ഥിരം അധ്യക്ഷൻ. കാര്യങ്ങളിൽ അദ്ദേഹം ഇടപെട്ടിരുന്നില്ല. സെക്രട്ടറിമാരാണ് കാര്യങ്ങൾ നടത്തിയത്. അതിനാൽ സെക്രട്ടറി കേന്ദ്രീകൃതമായ വ്യവസ്ഥകളാണ് ഭരണഘടനയിൽ നിലനിൽക്കുന്നത്.

അതിനാൽ സെക്രട്ടറിക്കാണ് പരമപ്രധാനമായ അധികാരം. ഗുരുദേവൻ ഉള്ള കാലത്ത് തുടങ്ങിയ കാര്യങ്ങളാണ് നിലവിലും പിന്തുടരുന്നത്. രീതികളിൽ മാറ്റം വേണം. ഈ ആവശ്യം മുൻ നിർത്തിയാണ് അന്ന് ഇവർ ജില്ലാ കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തത്. 2008-ൽ ഈ കേസിൽ കോടതി വാദി ഭാഗത്തിന് അനുകൂലമായി വിധിച്ചു. ഭരണഘടന അനിവാര്യം എന്നാണ് എറണാകുളം ജില്ലാ കോടതി വിധിച്ചത്. അത് പ്രാരംഭ വിധിയായിരുന്നു പ്രാരംഭ വിധിയെ ചലഞ്ച് ചെയ്ത് ഹൈക്കോടതിയിൽ എസ്എൻഡിപി ഹർജി ഫയൽ ചെയ്തു. ഫൈനൽ വിധി പാസാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. 2009 മുതൽ ഹൈക്കോടതിയുടെ ഈ സ്റ്റേ തുടരുകയാണ്. ഈ സ്റ്റേ മാറ്റാനും അപ്പീലിൽ ഫൈനൽ ആയി വാദം കേൾക്കുകയും വേണമെന്ന ആവശ്യത്തിന്മേൽ വാദം കേൾക്കാൻ ഹൈക്കോടതി ഇപ്പോൾ തയ്യാറായിട്ടുണ്ട്.

ബൈലോ കാറ്റിൽ പറത്തിയുള്ള ഭരണമാണ് നിലവിൽ യോഗത്തിൽ നടക്കുന്നത് എന്ന വാദമാണ് ഹൈക്കോടതിയിൽ ഉയരുക. അതുകൊണ്ട് തന്നെ വാദി ഭാഗത്തിന്റെ വാദങ്ങൾ ഹൈക്കോടതി പരിശോധിക്കും. ഓണം വെക്കേഷന് മുൻപോ ശേഷമോ ഈ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കാൻ പോവുകയാണ്. കാലഘട്ടത്തിന് അനുയോജ്യമായ ഒരു ബൈലോ എസ്എൻഡിപി യോഗത്തിനു ആവശ്യമുണ്ടോ എന്നാണ് ഹൈക്കോടതി പരിശോധിക്കുക. ഈ വാദവേളയിൽ തന്നെ എസ്എൻഡിപിയുടെ കമ്പനി രജിസ്‌ട്രേഷൻ കാര്യങ്ങളും ഒപ്പം പൊന്തി വരും. എസ്എൻഡിപിയെ സംബന്ധിച്ച് നിലവിലെ കാര്യങ്ങൾ സമഗ്രമായി തന്നെ പരിശോധിക്കപ്പെടുന്ന വാദമാണ് ഹൈക്കോടതിയിൽ നിന്നും ഉയരാൻ ഇടയാകുക. 'ഈ കേസ് യോഗത്തിന്റെ നല്ല കാലത്തിന്റെ ഒരു തുടക്കമാകും. എസ്എൻഡിപിയെ സംബന്ധിച്ച് നിലവിലുള്ള എല്ലാ സംശയങ്ങളും ദുരീകരിക്കാൻ ഹൈക്കോടതിയിലെ ഈ വാദങ്ങൾക്കും കേസിനും കഴിയും-എസ്എൻഡിപി യോഗത്തിന്റെ മുൻ പ്രസിഡന്റ് സി.കെ. വിദ്യാസാഗർ മറുനാടൻ മലയാളിയോട് പറഞ്ഞു.

എസ്എൻഡിപിയുടെ രജിസ്‌ട്രേഷൻ റദ്ദായിട്ടുണ്ടോ?

എസ്എൻഡിപിയുടെ രജിസ്‌ട്രേഷൻ നിലവിൽ റദ്ദായിട്ടുണ്ടോ? എസ്എൻഡിപി യോഗം രജിസ്‌ട്രേഷൻ നിലവിൽ റദ്ദായിട്ടുണ്ടെന്നാണ് എസ്എൻഡിപി യോഗം സമരസമിതി സംസ്ഥാന കമ്മിറ്റി ചെയർമാൻ ആർ.അരുൺ മയ്യനാട് ആരോപിക്കുന്നത്. ഇപ്പോൾ കമ്പനി രീതിയിൽ രജിസ്റ്റർ ചെയ്ത ശേഷം കമ്പനിയുമായി ബന്ധപ്പെട്ട കണക്കുകൾ നൽകാതിരുന്നത് കാരണം എസ്എൻഡിപി യോഗത്തിന്റെ കമ്പനി രജിസ്‌ട്രേഷൻ റദ്ദായിട്ടുണ്ട് എന്നാണ് അരുൺ മറുനാടനോട് പറഞ്ഞത്. എസ്എൻഡിപി യോഗം രജിസ്റ്റർ ചെയ്തിരിക്കുന്നത് കമ്പനിയായാണ്. തിരുവിതാംകൂറിലെ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തതാണ് എസ്എൻഡിപി യോഗം. ഇന്ത്യൻ കമ്പനി ആക്റ്റ് വന്നതോടെ എസ്എൻഡിപിയും കമ്പനികളുടെ കൂട്ടത്തിൽപ്പെട്ടു. 1956 ലെ ഇന്ത്യൻ കമ്പനി ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് എസ്എൻഡിപി യോഗത്തിന്റെ കാര്യങ്ങളും മുന്നോട്ടു പോയത്.

ഡൽഹി ഹൈക്കോടതിയിൽ എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ടു കേസ് വന്നപ്പോൾ ഈ പ്രശ്‌നം ഹൈക്കോടതിയുടെ മുൻപിൽ വന്നിരുന്നു. അപ്പോൾ എസ്എൻഡിപി യോഗം ഭാരവാഹികൾ പറഞ്ഞത് കേരളത്തിലെ നോൺ കമ്പനി ആക്റ്റ് പ്രകാരമാണ് രജിസ്റ്റർ ചെയ്തതെന്നാണ് ഡൽഹി ഹൈക്കോടതിയിൽ പറഞ്ഞത്. കമ്പനി നിയമപ്രകാരം വ്യവഹാരം നടത്തണമെങ്കിൽ ഷെയർ ഹോൾഡെഴ്‌സിന്റെ ഇത്ര ശതമാനം പേർ ഒരുമിച്ച് നിൽക്കണം. എന്നിട്ട് ജോയിന്റ് ആയി കേസ് നൽകണം. ആ രീതിയിൽ കേസ് നൽകാൻ പ്രയാസമാണ്. അതിനാൽ കേസ് നൽകാനുള്ള ഒരു വഴി കേന്ദ്ര കമ്പനി മന്ത്രാലയത്തിന്റെ അനുമതി വാങ്ങി കേസ് നൽകാം എന്നാണ്. എസ്എൻഡിപിക്ക് എതിരെ കേസ് നൽകിയ സുജാതൻ ഇതിനായി കേസ് നൽകാൻ വേണ്ടി കേന്ദ്ര കമ്പനി മന്ത്രാലയത്തിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ അനുമതി നിഷേധിക്കപ്പെട്ടു. കേരളത്തിലെ നോൺ ട്രേഡിങ് കമ്പനി ആക്റ്റ് പ്രകാരമാണ് എസ്എൻഡിപി രജിസ്‌ട്രേഷൻ എന്നാണു എസ്എൻഡിപി എതിർവാദം ഉന്നയിച്ചത്. ഇതിനെ തുടർന്ന് മാവേലിക്കര സ്വദേശി സുജാതൻ ഡൽഹി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു.

എസ്എൻഡിപി കമ്പനി ആയതിനാൽ കമ്പനിക്കെതിരെ കേസ് നൽകാൻ തനിക്ക് കമ്പനി കാര്യമന്ത്രാലയം അനുമതി നൽകേണ്ടതായിരുന്നുവെന്നാണ് ഹർജിയിൽ പറഞ്ഞത്. ആ കേസിൽ എസ്എൻഡിപി യോഗത്തിന്റെ ഭാഗത്ത് നിന്നും ഒരു തർക്കം വന്നു. എസ്എൻഡിപി കേരളത്തിൽ ഒതുങ്ങി നിൽക്കുന്ന കമ്പനിയാണ്. കേരളത്തിലാണ് രജിസ്റ്റർ ചെയ്തത് എന്നാണ് പറഞ്ഞത്. അങ്ങിനെയെങ്കിൽ കേരളത്തിലെ രജിസ്‌ട്രേഷൻ ഐജിയുടെ ഓഫീസിൽ കണക്കുകളും കാര്യങ്ങളും അവതരിപ്പിക്കേണ്ടതായിരുന്നു. പക്ഷെ കേരളത്തിലും ഒരു കണക്കുകളും അവതരിപ്പിക്കപ്പെട്ടിട്ടില്ല. കമ്പനി രജിസ്ട്രാറുടെ മുന്നിലും കൊടുക്കുന്നില്ല. കേരളത്തിലെ രജിസ്‌ട്രേഷൻ ഐജിയുടെ മുന്നിലും സമർപ്പിക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ഹൈക്കോടതിയിൽ നില നിൽക്കുന്ന കേസിൽ എസ്എൻഡിപിയുടെ രജിസ്‌ട്രേഷൻ സംബന്ധിച്ച വസ്തുതകൾ കേസിന്റെ വാദത്തിന്നിടെ യോഗത്തിനു കേരളാ ഹൈക്കോടതിയിൽ വ്യക്തമാക്കേണ്ടതായും വരും.

യോഗത്തിന്റെ തണലിൽ വളർന്നു പന്തലിച്ചത് വെള്ളാപ്പള്ളിയുടെ വംശവൃക്ഷം മാത്രം

സമുദായ സംഘടന എന്ന രീതിയിൽ വളർന്നു വികസിച്ച എസ്എൻഡിപി കുറെക്കാലമായി യോഗം ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്റെ പോക്കറ്റ് സംഘടന എന്ന നിലയിലാണ് മുന്നോട്ടു പോകുന്നത്. എസ്എൻഡിപിയേയും എസ്എൻട്രസ്റ്റിനേയും ചൂഴ്ന്നു നിൽക്കുന്ന അഴിമതിയാണ് പൊതു ദൃഷ്ടിയിൽ യോഗത്തിനെ മോശക്കാരാക്കുന്നത്. എസ്എൻ ട്രസ്റ്റിന്റെയും യോഗത്തിന്റെയും കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിയാണ് ഒരു പ്രധാന വിഷയം. അഴിമതി ചൂണ്ടിക്കാണിച്ചാണ് എസ്എൻഡിപി യോഗം സമരസമിതി സംസ്ഥാന കമ്മിറ്റി ചെയർമാൻ ആർ.അരുൺ മയ്യനാടിനെ പോലുള്ളവർ യോഗത്തിന്റെ ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശനെതിരെ കുരിശു യുദ്ധം നടത്തുന്നത്. അതിനായി അരുൺ മറുനാടനോട് ചൂണ്ടിക്കാണിക്കുന്ന വസ്തുതകൾ ഇപ്രകാരമാണ്. ആർ.ശങ്കർ എന്ന സമുദായ നേതാവ് അൻപത് വർഷം മുൻപ് ഈഴവ സമുദായത്തിന്റെ എല്ലാത്തരത്തിലും ഉള്ള വളർച്ചക്കുവേണ്ടി വിദ്യാഭ്യാസ /ആതുരശുശ്രുഷ കാര്യങ്ങൾക്കായി തിരുവനന്തപുരം മുതൽ കണ്ണൂർ വരെ കോളേജ് /ഹോസ്പിറ്റൽ സംവിധാനങ്ങൾ പടുത്തുയർത്തി. 50വർഷം കഴിഞ്ഞ് ഇന്നും നിലനിൽക്കുന്നത് ഇതേ സംരംഭങ്ങളാണ്. അതിനേക്കാൾ മെച്ചപ്പെട്ട ഒരു സംരംഭവും അതിനു ശേഷം യോഗത്തിനുണ്ടായിട്ടില്ല. കഴിഞ്ഞ 25 വർഷങ്ങളായി വെള്ളാപ്പള്ളി നടേശൻ ആണ് യോഗ നേതൃത്വത്തിന്റെ തലപ്പത്തുള്ളത്. പക്ഷെ എസ്എൻഡിപി യോഗത്തിന്റെ സ്വത്തുക്കൾ സ്വന്തം കുടുംബത്തിനു വേണ്ടി ഉപയോഗിക്കുക എന്നല്ലാതെ ഒരു വളർച്ചയും യോഗത്തിനു വന്നിട്ടില്ല. അഴിമതി സമഗ്ര തലത്തിൽ യോഗത്തിലും എസ്എൻ ട്രസ്റ്റിലും പിടിമുറുക്കുകയും ചെയ്തു-അരുൺ ആരോപിക്കുന്നു.

അടുത്തിടെ സിഡിഎസ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം കേരളത്തിലെ മെച്ചപ്പെട്ട ജീവിത നിലവാരം അടിസ്ഥാനമാക്കി പുറത്ത് വിട്ട റിപ്പോർട്ടിൽ ആകെ 18 സമുദായങ്ങളിൽ ഈഴവരുടെ സ്ഥാനം പതിനഞ്ചാമതാണ്. ആർ. ശങ്കറിന്റെ കാലത്തെ വികാസം തുടർന്നിരുന്നുവെങ്കിൽ എത്തേണ്ടി ഈഴവർ വലിയ കുതിപ്പ് കേരളത്തിൽ സൃഷ്ടിക്കുമായിരുന്നു. നിലവിൽ ഈഴവരുടെ കേരളത്തിലെ അവസ്ഥ പരമ ദയനീയമാണ്. എസ്എൻഡിപി യോഗത്തിനെയും ട്രസ്റ്റിനെയും കുടുംബസ്വത്തായി കൊണ്ട് നടന്നു വെള്ളാപ്പള്ളി സൃഷ്ടിക്കുന്ന അഴിമതികൾ തന്നെയാണ് സമുദായത്തിന്റെ അധോഗതിക്ക് കാരണമാകുന്നത്. വെള്ളാപ്പള്ളിയും തുഷാറും കുടുംബവുമൊക്കെ അനുദിനം സമ്പന്നരാകുക എന്നതല്ലാതെ സമുദായത്തിനു എസ്എൻഡിപികൊണ്ട് ഒരു ഗുണവുമില്ല. അല്ലെങ്കിൽ സിഡിഎസ് പോലുള്ള ആധികാരിക ഏജൻസി പുറത്തു വിടുന്ന കണക്കുകൾ ഈഴവന്റെ ഈ രീതിയിലുള്ള തകർച്ചയുടെ ചിത്രം വരച്ചു കാട്ടുന്നത് ആകുമായിരുന്നില്ല. ഒപ്പം എസ്എൻഡിപി യോഗത്തിന്റെയും ട്രസ്റ്റിന്റെയും അഴിമതികളിലേക്കും അരുൺ വിരൽ ചൂണ്ടുകയും ചെയ്യുന്നു. സമുദായത്തിന്റെ ക്ഷേമത്തിനായി തുടങ്ങിയ കോളേജ് /സ്‌കൂൾകളിൽ നിന്നും കഴിഞ്ഞ 25വർഷം വാരിക്കൂട്ടിയ പണം എല്ലാം വെള്ളാപ്പള്ളി കുടുംബത്തിന്റെ കൈകളിലേക്കാണ് എത്തിയിരിക്കുന്നത്. അതിനായി യോഗം നടത്തിയ നിയമനങ്ങളിലെക്ക് അരുൺ വിരൽ ചൂണ്ടുന്നു.

എസ്എൻഡിപിയോഗവും ട്രസ്റ്റും കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ ഏതാണ്ട് അഞ്ചു തവണകളായി നൂറു അദ്ധ്യാപകരെ വീതം നിയമിച്ചിട്ടുണ്ട്. അതായത് മൊത്തം 500 അദ്ധ്യാപകരെ. ഇവരെ നിയമിച്ചത് കോളെജുകളിലാണ്. അതിൽ തൊണ്ണൂറു ശതമാനം പേരിൽ നിന്നും കോഴ വാങ്ങിയിട്ടുണ്ട്. അങ്ങനെ 450 പേരിൽ നിന്ന് മിനിമം ഇരുപത്തിയഞ്ച് ലക്ഷം രൂപ വെച്ച് നോക്കിയാൽ ഏതാണ്ട് 1125 കോടി രൂപ ജനറൽ സെക്രട്ടറി എന്ന നിലയിൽ വെള്ളാപ്പള്ളി നടേശൻ നിയമനങ്ങൾക്കായി കോളേജ് അദ്ധ്യാപക നിയമനത്തിൽ മാത്രം വാങ്ങിയിട്ടുണ്ട് . സ്‌കൂൾ,പ്ലസ് ടു ഇനത്തിൽ 500 കോടി രൂപയെങ്കിലും വേറെയും വാങ്ങിയിട്ടുണ്ടാകും. ഇങ്ങിനെ കോളേജ് /സ്‌കൂൾ അഡ്‌മിഷൻ ഇനത്തിൽ കാൽ നൂറ്റാണ്ട് കാലം ഏതാണ്ട് 1000 കോടി മറിഞ്ഞിട്ടുണ്ട്. കണക്കുകൾ പ്രകാരം ഇങ്ങിനെ വാങ്ങിയ കോഴ 3000 കോടി രൂപയെങ്കിലും ആവും.
.
ഇതിൽ നിന്നും ലഭിച്ച അൻപത് ശതമാനം തുകയെങ്കിലും സമുദായത്തിനും അതിന്റെ സ്ഥാപനങ്ങൾക്ക് വേണ്ടിയും ചിലവഴിച്ചെങ്കിൽ സിഡിഎസ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം മെച്ചപ്പെട്ട ജീവിത നിലവാരത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 18 സമുദായങ്ങളിൽ ഈഴവരുടെ സ്ഥാനം പതിനഞ്ചാമത് ആകില്ലായിരുന്നു. ഇതിന്റെ പഴി യോഗ നേതൃത്വം കഴിഞ്ഞ കാൽ നൂറ്റാണ്ട് അടക്കി ഭരിക്കുന്ന വെള്ളാപ്പള്ളിക്ക് മാത്രം അവകാശപ്പെട്ടതാണ്. എസ്എൻഡിപി സ്ഥാപനങ്ങളിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് നടേശനും കുടുംബവും 7സ്റ്റാർ ഹോട്ടലും മറ്റ് വസ്തുവകകളും കേരളത്തിലും വിദേശത്തുമൊക്കെ വാങ്ങിക്കൂട്ടുകയായിരുന്നു. സമുദായത്തെ മറന്നു കൊണ്ടുള്ള കളികൾ തന്നെയാണ് ഇത്രയും കാലം വെള്ളാപ്പള്ളിയും കുടുംബവും കളിച്ചത്-അരുൺ പറയുന്നു.

ഇത്തരം കാര്യങ്ങൾ മുന്നിൽ നിൽക്കുന്നതുകൊണ്ട് തന്നെയാണ് വെള്ളാപ്പള്ളിയുടെ രീതികൾക്ക് എതിരെ എസ്എൻഡിപി യോഗം സമരസമിതിയും യോഗം മുൻ പ്രസിഡന്റ് സി.കെ.വിദ്യാസാഗർ ഉൾപ്പെടെയുള്ള ഒരു പാട് യോഗം നേതാക്കൾ ഒരുമിക്കുകയും എസഎൻ ഡിപിയെ വെള്ളാപ്പള്ളിയുടെ കുടുംബ ആധിപത്യത്തിൽ നിന്നും മോചിപ്പിക്കാനുമുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നത്. നിലവിലെ ഹൈക്കോടതിയിലെ കേസ് തന്നെയാണ് എസ്എൻഡിപി വിമത നേതാക്കൾ ഇപ്പോൾ ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP