Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹരിപ്പാട്ടെ ക്ഷേത്രനടയിൽ പെട്ടിക്കട നടത്തി ഉപജീവനം; മഹാരാജാസിലെ എസ് എഫ് ഐ കോട്ടയിൽ കെ എസ് യുവിന്റെ കൊടി പിടിക്കും; കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സ്‌നേഹ പഠിപ്പിസ്റ്റുകളായ വിദ്യാർത്ഥികൾ കണ്ടു പഠിക്കേണ്ട വിദ്യാർത്ഥിനി

ഹരിപ്പാട്ടെ ക്ഷേത്രനടയിൽ പെട്ടിക്കട നടത്തി ഉപജീവനം; മഹാരാജാസിലെ എസ് എഫ് ഐ കോട്ടയിൽ കെ എസ് യുവിന്റെ കൊടി പിടിക്കും; കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സ്‌നേഹ പഠിപ്പിസ്റ്റുകളായ വിദ്യാർത്ഥികൾ കണ്ടു പഠിക്കേണ്ട വിദ്യാർത്ഥിനി

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാംവർഷ ബിരുദാനന്തരബിരുദ വിദ്യാർത്ഥിനിയാണ് സ്‌നേഹ. എസ് എഫ് ഐയുടെ കോട്ടയാണ് മഹാരാജാസ്. മെക്‌സിക്കൻ അപാരത നിറയുന്ന കോളേജ്. ഇവിടെ കെ എസ് യുവിന്റെ നീലക്കൊടി പിടിക്കാൻ സ്‌നേഹ ആരേയും ഭയക്കുന്നില്ല. പെട്ടിക്കട നടത്തി ജീവിക്കാനും പഠിക്കാനുമുള്ള വഴി കണ്ടെത്തുന്ന സ്നേഹ ആർ. നായർ അങ്ങനെ നാട്ടുകാർക്കും വീട്ടുകാർക്കും പാർട്ടികാർക്കും വേണ്ടപ്പെട്ടവളാണ്.

ഇനി സ്‌നേഹയെ നമുക്ക് കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്നും വിളിക്കാം. സംഘടനാ തെരഞ്ഞെടുപ്പിലൂടെയാണ് സ്‌നേഹ കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃ നിരയിലെത്തുന്നത്. കെ.എസ്.യു.വിന്റെ അഞ്ച് വൈസ് പ്രസിഡന്റുമാരിൽ ഒരാളാണ് സ്നേഹ. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രനടയിലാണ് സ്നേഹ പെട്ടിക്കട നടത്തുന്നത്. ഇന്ന് ഈ കുട്ടി മഹാരാജാസിൽ പഠിക്കുമ്പോൾ അവൾക് ഒരുപാടു റോളുകൾ ഉണ്ട് ,തട്ടുകടക്കാരി ,വിദ്യാർത്ഥി കെ എസ് യു നേതാവ് ,നടി ,സാമൂഹ്യ പ്രവർത്തക അങ്ങനെ അനവധി റോളുകൾ ..ഒന്നിനും സമയമില്ല എന്നു പരിതപിക്കുന്ന യുവതലമുറക്ക് സ്‌നേഹയുടെ ജീവിതം ഒരു പ്രചോദനമാണ്. ഇതിനുള്ള അംഗീകാരമാണ് കെ എസ് യുവിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം.

കോളേജിലും ഹരിപ്പാട്ടും കെ.എസ്.യു.വിന്റെ സമരമുഖങ്ങളിലെ പ്രധാനിയാണ് സ്നേഹ. സ്നേഹയുടെ ജീവിതത്തെപ്പറ്റി ലോക വനിതാദിനത്തിൽ പല മാധ്യമങ്ങളും വാർത്ത നൽകി. അച്ഛന്റെ മരണശേഷം അമ്മയുമായി വാടകവീട്ടിൽ താമസിക്കുന്ന സ്നേഹ പെട്ടിക്കടയിൽനിന്നുള്ള വരുമാനംകൊണ്ടാണ് ജീവിക്കുന്നത്. നാരങ്ങാവെള്ളവും മിഠായിയും വിൽക്കുന്ന ചെറിയ കടയാണ് സ്നേഹയുടേത്. സ്നേഹ രാവിലെ കോളേജിൽ പോയിക്കഴിഞ്ഞാൽ അമ്മയ്ക്കാണ് കടയുടെ ചുമതല. വൈകുന്നേരം ആറുമണിയോടെ മടങ്ങിവന്നുകഴിഞ്ഞാൽ രാത്രി എട്ടുവരെ സ്നേഹ കടനോക്കും.

ഹരിപ്പാട് അമ്പലത്തിലെ വിശേഷദിവസങ്ങളിൽ മുഴവൻ സമയവും കടയിലൂണ്ടാകും. അന്നാണ് വല്ലതും കച്ചവടം നടക്കുന്നത്. കോളേജിലെയും പെട്ടിക്കടയിലെയും തിരക്കുകൾക്കിടയിൽ സ്നേഹ കലാരംഗത്തും സജീവമാണ്. രാവിലെ 5.50 ന് എറണാകുളത്തിനുള്ള തീവണ്ടിയിലാണ് കോളേജിൽ പോകുന്നത്. വൈകീട്ട് അഞ്ചുമണിയോടെ മടക്കം. നേരെ കടയിലേക്ക്. അവിടെ ചായയുമായി അമ്മ കാത്തിരിക്കും. സ്‌നേഹ വന്നുകഴിഞ്ഞാൽ സാധനങ്ങൾ വാങ്ങാനുംമറ്റുമായി അമ്മ പോകും. രാത്രി എട്ടുവരെ പിന്നെ കട നോക്കും. പിന്നെ, അമ്മയ്‌ക്കൊപ്പം കുമാരപുരത്തെ വാടകവീട്ടിലേക്ക്.

പള്ളിപ്പാട് കൊടുന്താറ്റ് കോളനിയിൽ നാല് സെന്റിലായിരുന്നു സ്‌നേഹയും കുടുംബവും താസമിച്ചിരുന്നത്. അച്ഛൻ രാജേന്ദ്രൻപിള്ള എട്ടുവർഷം മുമ്പ് മരിച്ചു. സ്‌നേഹ അന്ന് സ്‌കൂളിൽ പഠിക്കുകയായിരുന്നു. പട്ടിണിയായിപ്പോയ നാളുകൾ. എങ്ങനെയും പഠിക്കണമെന്ന് തീർച്ചപ്പെടുത്തിയ അവൾ അമ്മയ്‌ക്കൊപ്പം ഹരിപ്പാട് കോടതിക്ക് സമീപം തട്ടുകട തുടങ്ങി. അവിടെനിന്ന് പഠിച്ച് പ്ലസ്ടു വിജയിച്ചു. പിന്നീട് മഹാരാജാസിൽ ബി.എ. പൊളിറ്റിക്‌സിന് ചേർന്നു. നല്ല മാർക്കോടെ വിജയം. ഇപ്പോൾ എം.എ. പൊളിറ്റിക്‌സ് ഒന്നാംവർഷമാണ്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വൈസ് ചെയർപേഴ്‌സണായി അങ്കം കുറിച്ചുനോക്കിയെങ്കിലും ജയിച്ചില്ല.

മമ്മൂട്ടി നായകനായ ബാല്യകാല സഖിയിൽ കൊച്ചുത്രേസ്യയായി വേഷമിട്ടത് സ്‌നേഹയാണ്. ദിലീപ് നായകനായ വില്ലാളിവീരൻ, ശേഷം, കഥാഭാഗം എന്നീ ചിത്രങ്ങളിലും അഭിനിയിച്ചു. അവയവദാനവുമായി ബന്ധപ്പെട്ട് ദൂരദർശനിൽ പ്രദർശിപ്പിച്ച കൂടുമാറ്റം ഡോക്യുമെന്ററിയിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. പ്രമുഖ ചാനലിലെ കോമഡി പരിപാടിയിൽ ഒരുവർഷത്തോളം അഭിനയിച്ചിട്ടുമുണ്ട് സ്‌നേഹ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP