Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കത്തോലിക്ക സഭ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിൽ ഐഎംഎയ്ക്ക് എന്തുകാര്യം? മറിയം ത്രേസ്യക്കായി സാക്ഷ്യം പറഞ്ഞത് അമല ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. വി കെ ശ്രീനിവാസൻ; വിശുദ്ധയാക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയതും ഭാര്യാസമേതനായി; ഷെയിം വിളിച്ച് സോഷ്യൽ മീഡിയയും; രോഗശാന്തി ശുശ്രൂഷയെ തള്ളിപ്പറയുന്ന ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. സുൽഫി നൂഹുവിന്റെ പഴയ ഫേസ്‌ബുക്ക് പോസ്റ്റും സജീവ ചർച്ചയാകുന്നു

കത്തോലിക്ക സഭ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിൽ ഐഎംഎയ്ക്ക് എന്തുകാര്യം? മറിയം ത്രേസ്യക്കായി സാക്ഷ്യം പറഞ്ഞത് അമല ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. വി കെ ശ്രീനിവാസൻ; വിശുദ്ധയാക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയതും ഭാര്യാസമേതനായി; ഷെയിം വിളിച്ച് സോഷ്യൽ മീഡിയയും; രോഗശാന്തി ശുശ്രൂഷയെ തള്ളിപ്പറയുന്ന ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. സുൽഫി നൂഹുവിന്റെ പഴയ ഫേസ്‌ബുക്ക് പോസ്റ്റും സജീവ ചർച്ചയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ് നാളെ നടക്കാനിരിക്കെ കേരളത്തിലെ ഡോക്ടർമാരുടെ നിലപാടുകൾ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമാകുന്നു. മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കന്നതിനുള്ള സാക്ഷ്യം പറച്ചിൽ നടത്തിയത് തൃശ്ശൂർ അമല ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. വി കെ ശ്രീനിവാസൻ ആയിരുന്നു. ശ്വാസ തടസം മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്ന ക്രിസ്റ്റഫർ എന്ന കുട്ടി രക്ഷപ്പെട്ടത് മറിയം ത്രേസ്യയുടെ ഇടപെടൽ മൂലമാണ് എന്നായിരുന്നു ഡോക്ടർ വി.കെ. ശ്രീനിവാസൻ സാക്ഷ്യപ്പെടുത്തിയത്. ഡോ. വി.കെ. ശ്രീനിവാസനും ഭാര്യ ഡോ. അപർണ ഗുൽവാഡിയും മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാനായി വത്തിക്കാനിലെത്തിയിട്ടുമുണ്ട്.

എന്നാൽ, ഇത്തരം സാക്ഷ്യപ്പെടുത്തലുകളെ രൂക്ഷമായ ഭാഷയിലാണ് സമൂഹ മാധ്യമങ്ങളിൽ പലരും വിമർശിക്കുന്നത്. ഇതിന്റെ പേരിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടപടി എടുക്കണം എന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. മറ്റ് ചികിത്സാ രീതികളെ നിർബാധം വിമർശിക്കുകയും അലോപ്പതി മാത്രം മതി എന്ന് പറയുകയും ചെയ്യുന്നവരാണ് ഇത്തരത്തിൽ അത്ഭുത പ്രവർത്തനങ്ങളെ കുറിച്ച് സാക്ഷ്യം പറയുന്നത് എന്ന് വിമർശകർ പരിഹസിക്കുന്നു.

മറിയം ത്രേസ്യായുടെ തിരുശേഷിപ്പ് കുഞ്ഞിന്റെ കിടക്കയിൽ വെച്ച് കുട്ടിയുടെ മാതാവ് പ്രാർത്ഥിച്ചുവെന്നും പിറ്റേന്ന് വന്നപ്പോൾ കുഞ്ഞിന്റെ ശ്വാസഗതി സാധാരണ നിലയിലായി കണ്ടെന്നുമാണ് ഡോക്ടർ ശ്രീനിവാസൻ സാക്ഷ്യപ്പെടുത്തിയത്. മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്നതിന് ഈ അത്ഭുതമാണ് വിദഗ്ധ ഡോക്ടറന്മാരുടെ സംഘവും പിന്നിട് വത്തിക്കാൻ നിയോഗിച്ച ഡോക്ടർ സംഘവും മെത്രാൻ സമിതിയുമൊക്കെ അംഗീകരിച്ചത്. എന്നാൽ, ഇതിന്റെ ആധികാരികതയോ ശാസ്ത്രീയതയോ വിശദീകരിക്കേണ്ട ബാധ്യത ഡോക്ടർമാർക്കും ഐഎംഎക്കും ഉണ്ടെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ചികിത്സാ തട്ടിപ്പുകളും രോഗശാന്തി ശുശ്രൂഷകളും പോലുള്ള തട്ടിപ്പ് പരിപാടിക്ക് സമമാണിത് എന്ന് വിമർശകരിൽ പലരും ചൂണ്ടിക്കാട്ടുന്നു. കോടിക്കണക്കിന് രൂപ ചെലവാക്കി വൻ ആശുപത്രികൾ കെട്ടിപ്പൊക്കി ചികിത്സ നടത്തുന്ന സഭകൾ തന്നെ ഇത്തരം തട്ടിപ്പുകൾ നടത്തുന്നതിന്റെ നിരാശയും ചിലർ മറച്ചുവെക്കുന്നില്ല. കേരളത്തിന്റെ ആരോഗ്യ മേഖലക്ക് ക്രിസ്ത്യൻ സഭകൾ നൽകിയ സംഭാവനകളുടെ ശോഭ കെടുത്തുന്നതാണ് ഇത്തരം പ്രഹസനങ്ങൾ എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. വലിയ തുകകൾ വാങ്ങി ചികിത്സ നൽകുകയും അതേസമയം പ്രാർത്ഥനയിലൂടെ സൗഖ്യമുണ്ടാകുകയും ചെയ്യും എന്ന ഇരട്ടത്താപ്പ് എന്തിനാണ് എന്നും ഇവർ ചോദിക്കുന്നുണ്ട്.

വിമർശനങ്ങൾ ഐഎംഎയ്ക്ക് നേരെയും ഉയരുന്നതോടെ ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. സുൽഫി നൂഹു ഇത് സംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ എഴുതിയ ഫേസ്‌ബുക്ക് കുറിപ്പും വ്യാപകമായി പ്രചരിക്കുന്നുണ്ട്. തൊട്ട് തലോടി പ്രാർത്ഥിച്ചപ്പോൾ അക്യൂട്ട് റെസ്പറേറ്ററി ഫൈലിയർ എന്ന ഗുരുതരരോഗം മാറി എന്ന് കരുതുന്നത് ശുദ്ധ ഭോഷത്തരമാണ് എന്ന് ഡോക്ടർ തുറന്ന് പറയുന്നു. ആധുനിക വൈദ്യശാസ്ത്രശാഖയുടെ ചികിത്സയിൽ കഴിഞ്ഞ കുട്ടി ചികിത്സയുടെ ഫലമായി സാധാരണ ഗതിയിൽ ഉണ്ടാകുന്ന ആരോഗ്യസ്ഥിതിയിലെ പുരോഗതിയാണ് അഞ്ച് മിനിട്ടിലെ 'ചികിത്സ' കൊണ്ട് സഭ തട്ടിയെടുത്ത് കളഞ്ഞതെന്ന് അദ്ദേഹം പറയുന്നു. ഇത് അന്തവിശ്വാസങ്ങളുടെ കടുത്ത ഏടുകളിലേക്ക് നമ്മെ തള്ളിവിടുമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. വിശുദ്ധ പദവിയും മറ്റും നൽകാൻ മറ്റ് എന്തെങ്കിലും മാനദണ്ഡങ്ങൾ പുനർ നിർണയം ചെയ്യണമെന്നും സഭയോട് ഡോക്ടർ അഭ്യർത്ഥിക്കുന്നതാണ് പോസ്റ്റ്.

ഡോക്ടർ സുൽഫി നൂഹുവിന്റെ ഫെബ്രുവരിയിലെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

വിശുദ്ധയായ മറിയം ത്രേസ്യ

ഇനി ആരെയും ചികില്‌സിക്കരുത്
===========================

വിശുദ്ധ പട്ടമെല്ലാം കിട്ടിയല്ലോ ,അഭിനന്ദനങ്ങൾ

.'അക്യൂട്ട് റെസ്പേറ്ററി ഫെയിലിയർ 'എന്ന് പറയുന്ന രോഗത്തിന് അത്ഭുത ചികിത്സ നൽകിയ മറിയം ത്രേസ്യ എന്റെ പ്രൊഫസറായി വന്നില്ലല്ലോ എന്നുള്ളതോർത്ത് ഞാൻ അതിയായി ഖേദിക്കുന്നു. ഒരു നിമിഷത്തെ പ്രാർത്ഥന കൊണ്ട് പെട്ടെന്ന് രോഗ ശാന്തി വരുത്തുവാനായ ആ അത്ഭുത കരങ്ങൾ നീണാൽ വാഴട്ടെ. ഒരു ചെറിയ ഉപദേശം തരാനുണ്ട്. ഇനി ആരേയും ഇങ്ങനെ ചികിത്സിക്കരുത്. ഇങ്ങനെയൊക്കെ ചികിത്സിച്ചാൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെല്ലാം അങ്ങ് രക്ഷപ്പെട്ടുപോകും. പിന്നെ നാടായ നാടുള്ള ഈ ആശുപത്രികളും, മെഡിക്കൽ കോളേജുകളും, ഡോക്ടർമാരുമൊക്കെ പട്ടിണിയിലുമായി പോകും.

അതുകൊണ്ട് എൽകെജി മുതൽ എംബിബിഎസിന്റെ ഒന്നാം വർഷത്തിൽ തുടങ്ങി ഏതാണ്ട് പത്ത് വർഷം കഠിനാദ്ധ്വാനം ചെയ്ത് നേടിയ ഞങ്ങളുടെ വിജ്ഞാനമൊക്കെ കാറ്റിൽ പറന്ന് പോകും. അതുകൊണ്ട് പ്രിയ മറിയം ത്രേസ്യ. താങ്കൽക്ക് കിട്ടിയ വിശുദ്ധ പദവി ഭദ്രമായി സൂക്ഷിച്ച് വെയ്ക്കൂ. ഞങ്ങളെ ഉപദ്രവിക്കരുത്.

കേരളത്തിൽ ഉടനീളം അത്ഭുത ചികിത്സയും ,വ്യാജ ചികിത്സയും വളർന്ന് പന്തലിച്ച് ഒരു വലിയ ആൽമരമായി മാറിയിക്കുകയാണ്, അതിനിടയിലാണ് കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലക്ക് സമഗ്രമായ സംഭാവനകൾ നൽകിയ ക്രിസ്ത്യൻ സഭയുടെ ഈ തിരുത്തൽ വാദം. കേരളത്തിലെ ഏറ്റവും നല്ല ആശുപത്രികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളേജുകളും , സ്‌കൂളുകളും നടത്തുന്ന അഭ്യസ്ഥവിദ്യർ ധാരാളമുള്ള സഭാ മേലധികാരികളുടെ ഭാഗത്ത് നിന്നും ഈക്കാലത്തും ഇങ്ങനെയൊക്കെ ഉണ്ടാകുന്നത് വളരെ നല്ലകാര്യമാണ്.

കേരളത്തിൽ ഏതാണ്ട് ആയിരത്തിലേറെ വ്യാജ ഡോക്ടർമാർ മനുഷ്യ ജീവനുകളെ വെല്ലുവിളിച്ച് കൊണ്ട് തിമിർത്ത് ആടുമ്പോൾ ആണ് ഈ പ്രകടനവും കൂടിയെന്ന് ഓർമ്മവേണം. പണ്ട് കാലത്തൊക്കെ ഇത്തരം അത്ഭുത രോഗശാന്തിയൊക്കെ വിശ്വസിച്ചിരുന്നവർ ഉണ്ടാകും. ഇപ്പോഴും ചിലരൊക്കെ ഈ രീതിയിൽ തന്നെ വിശ്വാസ പ്രമാണങ്ങൾ വെച്ചു പുലർത്തുന്നുണ്ട്. സഭാ മേലധാകാരികളോട് ഒരു അഭ്യർത്ഥന മാത്രം. വിശുദ്ധ പദവിയും മറ്റും നൽകാൻ മറ്റ് എന്തെങ്കിലും മാനദണ്ഡങ്ങൾ പുനർ നിർണയം ചെയ്യണം .

തൊട്ട് തലോടി പ്രാർത്ഥിച്ചപ്പോൾ അക്യൂട്ട് റെസ്പറേറ്ററി ഫൈലിയർ എന്ന ഗുരുതരരോഗം മാറി എന്ന് കരുതുന്നത് ശുദ്ധ ഭോഷകതരമാണ്. ആധുനിക വൈദ്യശാസ്ത്രശാഖയുടെ ചികിത്സയിൽ കഴിഞ്ഞ കുട്ടി ചികിത്സയുടെ ഫലമായി സാധാരണ ഗതിയിൽ ഉണ്ടാകുന്ന ആരോഗ്യസ്ഥിതിയിലെ പുരോഗതിയാണ് അഞ്ച് മിനിട്ടിലെ 'ചികിത്സ' കൊണ്ട് നിങ്ങൽ തട്ടിയെടുത്ത് കളഞ്ഞത്. ഇത് അന്തവിശ്വാസങ്ങളുടെ കടുത്ത ഏടുകളിലേക്ക് നമ്മെ തള്ളിവിടും.

ഇത്തരം അന്ധവിശ്വാസങ്ങൾക്ക് ജാതി മത വ്യത്യാസം ഇല്ല എന്ന കാര്യം വളരെ പ്രസക്തവുമാണ്. ഇസ്ലാമിലെ ചേലാകർമ്മം അപൂർവം ചിലടത്തൊക്കെ ഉണ്ട്. ഓതി കൊടുക്കലും എഴുതി കൊടുക്കലും അപൂർവമായി കാണുന്നു. ഈക്കാലഘട്ടത്തിലും ചില ഇസ്ലാം വിശ്വാസികൾ പള്ളിയിലെ വിദഗ്ധനെ കൊണ്ടു സുന്നത്ത് ചെയ്യിക്കൽ തുടരുന്നുണ്ട്. ഹിന്ദു മതത്തിലെ ദുരാചാരങ്ങൾ പലതും ഇപ്പോഴും തുടരുന്നു .

കാലഘട്ടത്തിനനുസരിച്ച് മതാചാരങ്ങളിലും വിശ്വാസങ്ങളിലും മാറ്റം ഉണ്ടാകേണ്ടതാണെന്ന അടിസ്ഥാന തത്വം മറന്ന് കൊണ്ട് ഒരു മതവിശ്വാസിയും പ്രവർത്തിക്കുന്നത് കേരളത്തിന്റെ പൊതു സമൂഹം അംഗീകരിക്കും എന്ന് കരുതാനും കഴിയില്ല. കാലം മാറുന്നതിനനുസരച്ച് മതവിശ്വാസങ്ങളും മാറ്റപെടേണ്ടതാണ് കുറച്ചെങ്കിലും.

ഒട്ടും മാറാതെ ശിലായുഗത്തിലെ വിശ്വാസങ്ങൾ വെച്ചു പുലർത്തിയാൽ സ്വന്തം മതസ്ഥർ തന്നെ അതിനെതിരെ വടിവാളോങ്ങും. പിന്നെ ഒരുകാര്യം. ഞാനും ധാരാളം രോഗികൾക്കു രോഗശാന്തി വരുത്തിയിയുട്ടുണ്ട് .ആ കണക്കു ലക്ഷങ്ങൾക്കു മേലിൽ വരും.

അപ്പൊ പിന്നെ എന്നെയും കൂടി വിശുദ്ധനാക്കാമോ ?

ഡോ സുൽഫി നൂഹു

വിമർശനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് മാധ്യമപ്രവർത്തകനായ റോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ്. സാക്ഷ്യം പറഞ്ഞ ഡോക്ടർക്കൊപ്പം ഐഎംഎയെ ആകെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് റോയ് മാത്യു.

റോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്..

ഐ എം എക്കാരേ നിങ്ങൾക്ക് ഹാ കഷ്ടം!

മറിയം ത്രേസ്യാ യുടെ വിശുദ്ധ നാമകരണ ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുന്ന വരിലെ മുഖ്യ പ്രധാനി തൃശുർ അമല ആശുപത്രിയിലെ നവജാത ശിശു ചികിത്സകൻ ഡോ. വി.കെ. ശ്രീനിവാസൻഒപ്പം ഭാര്യ ഡോ. അപർണ ഗുൽവാഡിയും.
ശ്വാസ തടസം മൂലം അതീവ ഗുരുതരാവസ്ഥയി ലായിരുന്ന ക്രിസ്റ്റഫർ എന്ന കുട്ടി രക്ഷപ്പെട്ടത് മറിയം ത്രേസ്യയുടെ ഇടപെടൽ മൂലമെന്ന് ഡോക്ടർ വി.കെ. ശ്രീനിവാസൻ സാക്ഷ്യപ്പെടുത്തുന്നു.
മറിയം ത്രേസ്യായുടെ തിരുശേഷിപ്പ് കുഞ്ഞിന്റെ കിടക്കയിൽ വെച്ച് കുട്ടിയുടെ മാതാവ് പ്രാർത്ഥിച്ചുവെന്നും പിറ്റേന്ന് ഡോക്ടർ ശ്രീനിവാസൻ വന്നപ്പോൾ കുഞ്ഞിന്റെ ശ്വാസഗതി സാധാരണ നിലയിലായി കണ്ടെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു. മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്നതിന് ഈ അത്ഭുതമാണ് വിദഗ്ധ ഡോക്ടറന്മാരുടെ സംഘവും പിന്നിട് വത്തിക്കാൻ നിയോഗിച്ച ഡോക്ടർ സംഘവും മെത്രാൻ സമിതിയുമൊക്കെ അംഗീകരിച്ചതെന്നുമൊക്കെ പതിവുപോലെ മനോരമ എഴുതി വിട്ടിട്ടുണ്ട്.
അവരെന്നും അത്ഭുതങ്ങൾ തേടിയുള്ള യാത്രയിലാണ്.

സദാ സദ് വിചാരവും നാട്ടിലെ രോഗികളുടെ ആരോഗ്യത്തെ കുറിച്ച് ഉൽകണ്ഠയുമുള്ള ഡോക്ടറമ്മാരുടെ സംഘടനയായ ഐഎംഎ ഇമ്മാതി അത്ഭുത കഥകൾ കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ടാവുമേല്ലോ?

സങ്കര ചികിത്സ പാടില്ലാ, അലോപ്പതി മാത്രം മതി എന്നൊക്കെ വായ്ത്താരി മുഴക്കുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മൂക്കിന് താഴെ ഇമ്മാതിരി അത്ഭുതം നടന്നിട്ട് കാണാതെ പോയ ചേട്ടമ്മാരെ നിങ്ങൾക്ക് ഹാ കഷ്ടം!
ആശുപത്രിയിൽ കേറുന്നവന്റെ അടിവസ്ത്രം വരെ ബില്ലിനി ന ത്തിൽ ഊരി മേടിക്കുന്നതിന് പകരം ഇമ്മാതിരി രണ്ട് അത്ഭുതമൊന്നും കാണിക്കാൻ നിങ്ങൾക്കാവില്ലേ? അത്ഭുത ചികിത്സ സങ്കര ചികിത്സ ഇനത്തിൽ വരുമോ?
നാടായ നാടു മുഴുവൻ ആശുത്രിയും മേടിക്കൽ കോളജും സ്ഥാപിക്കുന്നവർ തന്നെ അത്ഭുതക്കച്ചവടവും നടത്തുന്നു.
ബലേ ഭേഷ് , ഐ എം എ ക്കാര് കടലിൽ ചാടി മരിക്കുന്നതാ ഇതിലും ഭേദം ! ജോളിയമ്മയുടെ സനൈയിഡ് ചികിത്സയും അത്ഭുത ചികിത്സയായി ഞങ്ങൾ കരുതിക്കോട്ടെ !
അമല ആശുപത്രിയിലെ ഈ അത്ഭുത പ്രവർത്തിയെക്കുറിച്ച് ഐ എം എ ക്കാര് നാല് വാക്കു പറയുമോ? അതോ ചുരുണ്ടിരിക്കുമോ? ആർജവമുണ്ടെങ്കിൽ ഇമ്മാതിരി ഇടപാടിലെ സത്യം പുറത്തു പറയണം. -

അത്ഭുതം സാക്ഷ്യപ്പെടുത്താൻ പോയ ഡോക്ടർ സംഘത്തെ ഒന്ന് വിളിച്ചു വരുത്തി ആ അത്ഭുതം മെഡിക്കൽ ചരിത്രത്തിന്റെ ഭാഗമാക്കാൻ പറയുമോ?
ഇല്ലെങ്കിൽ നിങ്ങൾ മേലാൽ സങ്കര ചികിത്സയെക്കുറിച്ച് കമാ എന്നൊരക്ഷരം പറയരുത്.
ഇമ്മാതിരി അവകാശവാദങ്ങളുടെ ശാസ്ത്രീയമായ വസ്തുതകൾ പുറത്തു കൊണ്ടുവരാനുള്ള ബാധ്യത ഇന്ത്യൻ മെഡിക്കൽ അസോസിയേഷനില്ലേ?
അതോ വിശ്വാസമല്ലേ, ഞങ്ങൾ എന്നാ പറയാനാ എന്നാണ് നിലപാടെങ്കിൽ സങ്കര ചികിത്സാ എന്ന് പറഞ്ഞ് പുകിലുണ്ടാക്കരുത്.
എല്ലാ ആശുപത്രികളോടും ചേർന്ന് ഓരോ അത്ഭുത ക്ലിനിക്കു കൂടി തുറക്കുന്നതാ നല്ലത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP