Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രിയായപ്പോൾ വീട്ടുകാർ ഔദ്യോഗിക വസതിയിൽ താമസിക്കേണ്ടെന്ന് തീരുമാനമെടുത്തു; പേഴ്‌സണൽ സ്റ്റാഫിൽ ഒഴിവുണ്ടായിട്ടും അധികചെലവ് ഒഴിവാക്കാൻ നിയമനം നടത്തിയില്ല; ജോലിക്കു ശുപാർശ ചെയ്യാത്തതിനാൽ പിണങ്ങിയ ബന്ധുക്കൾ നിരവധി; കമ്മ്യൂണിസ്റ്റ് മന്ത്രിമാർക്ക് സഖാവ് പാലൊളി മാതൃകയാകുന്നത് ഇങ്ങനെ

മന്ത്രിയായപ്പോൾ വീട്ടുകാർ ഔദ്യോഗിക വസതിയിൽ താമസിക്കേണ്ടെന്ന് തീരുമാനമെടുത്തു; പേഴ്‌സണൽ സ്റ്റാഫിൽ ഒഴിവുണ്ടായിട്ടും അധികചെലവ് ഒഴിവാക്കാൻ നിയമനം നടത്തിയില്ല; ജോലിക്കു ശുപാർശ ചെയ്യാത്തതിനാൽ പിണങ്ങിയ ബന്ധുക്കൾ നിരവധി; കമ്മ്യൂണിസ്റ്റ് മന്ത്രിമാർക്ക് സഖാവ് പാലൊളി മാതൃകയാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ബന്ധുക്കൾക്കു കുടുംബക്കാർക്കും വാരിക്കോരി സ്ഥാനമാനങ്ങളും ജോലികളും നൽകുന്നതാണോ കമ്മ്യൂണിസം? ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിക്കൊണ്ട് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സഖാക്കൾ തന്നെ ഈ ചോദ്യം ഉന്നയിക്കുന്നുണ്ട്. മന്ത്രിബന്ധുക്കളായ സുധീർ നമ്പ്യാരുടെയും ദീപ്തി നിഷാന്തിന്റെയും നിയമത്തിൽ അത്രകണ്ട് മനംമടുത്തു പോയിരിക്കുന്നു സിപിഐ(എം) അണികൾ. സോഷ്യൽ മീഡിയിൽ ആരും പ്രതിരോധിക്കാൻ ഇല്ലാത്തതു തന്നെയാണ് ഇപ്പോൾ ജയരാജന്റെ രാജിക്ക് അടുത്തു വരെ എത്തി നിൽക്കുന്നതും.

പാർട്ടിക്ക് വേണ്ടി വെട്ടിച്ചാകാൻ അണികളും നേട്ടം കൊയ്യാൻ നേതാക്കളുമാണെന്ന പൊതുവികാരമാണ് കണ്ണൂരിലെ പാർട്ടികോട്ടകളിൽ പോലും. ഇതിനിടെ സോഷ്യൽ മീഡിയയിൽ അടക്കം ഒരു നേതാവിനെയും അദ്ദേഹത്തിന്റെ ജീവിത ലാളിത്യത്തെ കുറിച്ചും അണികൾ ഷെയർ ചെയ്യുന്നുണ്ട്. മറ്റാരെയും കുറിച്ചല്ല, മുസ്ലിംലീഗിന്റെ പൊന്നാപരം കോട്ടയായിരുന്ന മലപ്പുറത്ത് ചെങ്കൊടി പാറിച്ച് പാലോളി മുഹമ്മദ് കുട്ടിയെന്ന തലമുതിർന്ന സഖാവിന്റെ ലളിത ജീവിതമാണ് അണികൾ ഓർമ്മപ്പെടുത്തുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളിലെ സഖാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ അവസാന വാക്കാണ് ഇന്നും വയോധികനായ പാലോളി മുഹമ്മദ് കുട്ടിയെന്ന നേതാവ്.

ലാളിത്യം മുഖമുദ്രയാക്കിയ ഈ നേതാവ് ഇ പി ജയാജന്റെ നിയമന വിവാദം പുറത്തുവന്നപ്പോൾ ഈ നിലപാടിനെ പരസ്യമായി വിമർശിച്ച് രംഗത്തുവന്നിരുന്നു. ഏതാനും ചില വ്യക്തികൾ കാണിക്കുന്ന വികൃതികൾ കൊണ്ടാണ് പ്രസ്ഥാനത്തെ ജനങ്ങൾ അടച്ചാക്ഷേപിക്കുന്നതെന്ന് അദ്ദേഹം പറയുകയുണ്ടായി. ബന്ധുനിയമന വിഷയത്തിൽ മന്ത്രിമാർ ജാഗ്രത പുലർത്തേണ്ടിയിരുന്നു. എന്നാൽ മുഖ്യമന്ത്രി ഇടപെട്ട് കാര്യങ്ങൾ തിരുത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഴിമതി ആരോപിക്കപ്പെട്ടവരെ അഞ്ച് വർഷം പൂർത്തിയാക്കുന്നതുവരെ യുഡിഎഫ് സർക്കാർ പേറിയിരുന്നുവെങ്കിലും എൽഡിഎഫ് സർക്കാരിൽ നിന്നും ഇത്തരം നടപടികളുണ്ടാകില്ല. തെറ്റുകൾ അതാത് സമയങ്ങളിൽ കൃത്യമായി തിരുത്താനും എൽഎഡിഎഫ് സർക്കാർ തയ്യാറാണെന്നും പാലോളി പറഞ്ഞു.

ഇപി ജയരാജനെയും പി കെ ശ്രീമതി ടീച്ചറെയും വിമർശിച്ചുള്ള പാലോളിയുടെ ഈ വാക്കുകൾ സിപിഐ(എം) അണികൾക്കും നേതാക്കൾക്കും ആശ്വാസം പകരുന്നതായിരുന്നു. തിരുത്തേണ്ടത് നേതൃത്വം തിരുത്തണം എന്ന സൂചന തന്നെയാണ് പാലോളിയുടെ വാക്കുകളിൾ അടങ്ങിയിരുന്നത്. പാലോളി മുഹമ്മദ് കുട്ടി ഈ വിഷയത്തിൽ പ്രതികരിച്ചതോടെയാണ് എ കെ ബാലനെ പോലുള്ള നേതാക്കൾ തിരുത്തൽ നടപടിയുണ്ടാകുമെന്ന് പരസ്യമായി പറയാൻ തയ്യാറായതും. പാലോളിയുടെ വിമർശന വാക്കുകൾ പുറത്തുവന്നതോട അതിനെ വിലവെക്കാൻ നേതാക്കൾ തയ്യാറാകുമെന്നാണ് സിപിഐ(എം) അണികളുടെ പ്രതീക്ഷയും. പാലൊളിയാണ് എന്തുകൊണ്ട് ഇ പി ജയരാജനെ വിമർശിക്കാൻ യോഗ്യതയുള്ള വ്യക്തിയെന്നാണ് പലരും അഭിപ്രായപ്പെട്ടുന്നത്. അതിന് കാരണം പാർട്ടിക്ക് വേണ്ടി ജീവിതം അർപ്പിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു.

പാർട്ടിക്ക് വേണ്ടി ജീവിച്ച പാലോളി എന്നും പാർട്ടിയെ അനുസരിച്ചേ ജീവിച്ചിട്ടുള്ളൂ. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോലും അദ്ദേഹത്തെ സിപിഐ(എം) പരിഗണിക്കുകയുണ്ടായി. ഇപ്പോൾ ബന്ധുക്കളെ സ്ഥാനങ്ങളിൽ തിരുകി കയറ്റാൻ പലരും ശ്രമിക്കുമ്പോൾ നേരെ മറിച്ചായിരുന്നു പാലൊളിയുടെ കാര്യം. 'ഉപ്പൂപ്പയുടെ ശുപാർശ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് കോളേജ് അഡ്‌മിഷൻ പോലും ലഭിക്കുമായിരുന്നു'എന്ന് പറയുന്ന കൊച്ചുമക്കൾ പോലുമുണ്ട്. എന്നാൽ, സ്വന്തം ബന്ധുക്കൾക്ക് വേണ്ടി ശുപാർശ ചെയ്യുന്ന വ്യക്തിത്തമേ ആയിരുന്നില്ല പാലൊളി മുഹമ്മദ് കുട്ടിയുടേത്. എംഎൽഎ ആയിരുന്ന കാലം തൊട്ടേ പാലൊളിക്കുള്ള ശീലം ഇതാണ്.

പാലോളി മുഹമ്മദ്കുട്ടി അന്നു പെരിന്തൽമണ്ണ എംഎൽഎയായിരുന്ന കാലം. പാലോളിയുടെ അടുത്ത ബന്ധുവിനു കമ്യൂണിസ്റ്റ് പാർട്ടി ബന്ധംമൂലം സൈന്യത്തിലെ ജോലി നഷ്ടപ്പെട്ടു. തുടർന്ന് നാട്ടിലെത്തിയ അയാൾ സ്വകാര്യ ബസ്സിൽ കണ്ടക്ടറായി ജോലിതുടങ്ങി. കെഎസ്ആർടിസിയിൽ ജോലിക്കു ശുപാർശ ചെയ്യണമെന്ന ആവശ്യവുമായി ആ ബന്ധു, എംഎൽഎ പാലോളിയെ കാണാനെത്തി. ഇ. കെ. ഇമ്പിച്ചിബാവയാണ് അന്നു ഗതാഗതമന്ത്രി. പലൊളിയുമായി അടുത്ത ആത്മബന്ധമുള്ള വ്യക്തി. അന്ന് പാലൊളി ഒരു വാക്കുപറഞ്ഞാൽ ജോലി കിട്ടുമായിരുന്നു. എന്നാൽ, കമ്മ്യൂണിസ്റ്റുകാരനല്ലാത്ത ബന്ധുവിന് വേണ്ടി അദ്ദേഹം ശുപാർശ ചെയ്തില്ല, മറിച്ച് സ്‌നേഹത്തോടെ തിരിച്ചയച്ചു. ഈ സംഭവത്തോടെ ബന്ധുവിന് അദ്ദേഹത്തോട് ദേഷ്യവുമായി. ഇത്തരം നിരവധി സംഭവങ്ങളാണ് പാലൊളിയുമായി ബന്ധപ്പെട്ടുണ്ടായിരുന്നത്.

ഒരിക്കലും സ്വന്തം മക്കളുടെ ആവശ്യത്തിന് വേണ്ടിപ്പോലും അധികാരം ഉപയോഗിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. സിപിഎമ്മിനെ കരുത്തനായ സമയത്തും അദ്ദേഹം അണികളുടെ ആവശ്യത്തിന് വേണ്ടിയാണ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. അദ്ദേഹം രണ്ടാം തവണ മന്ത്രിയായപ്പോൾ പഴ്‌സനൽ സ്റ്റാഫിൽ അഞ്ചുപേരുടെ കുറവുണ്ടായിരുന്നു. വേണമെങ്കിൽ ആളെവയ്ക്കാമായിരുന്നു. എന്നാൽ, അധികച്ചെലവാകും എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അതുകൊണ്ട് ആ തസ്തികകൾ ഒഴിഞ്ഞു തന്നെ കിടന്നു.

മക്കളോടും അദ്ദേഹം പറഞ്ഞിരുന്നത് സ്വന്തം നിലയിൽ പ്രയത്ന്നിക്കാനാണ്്. അല്ലാതെ തന്റെ അധികാരം ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഗൾഫിലായിരുന്ന രണ്ട് മക്കൾ നാട്ടിൽ തിരിച്ചെത്തിയപ്പോഴും തന്റെ ശുപാർശയിൽ ജോലി വേണ്ടെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ഇതോടെ അന്ന് മലപ്പുറത്തിനടുത്ത് ചട്ടിപ്പറമ്പിലെ വീടും സ്ഥലവും പാലോളി വിറ്റു. പാലക്കാടു ജില്ലയിൽ ശ്രീകൃഷ്ണപുരത്തിനടുത്ത് കുലുക്കിലിയാട് ഭൂമി വാങ്ങി. അവിടെ കൃഷി ചെയ്തു ജീവിക്കാനാണ് അദ്ദേഹം മക്കളോടു പറഞ്ഞത്.

പാലോളി മന്ത്രിയായ സമയത്തൊക്കെ ഭാര്യയും മക്കളും താമസിച്ചിരുന്നത് സ്വന്തം നാട്ടിലെ വീട്ടിൽ തന്നെയായിരുന്നു. മന്ത്രിമന്ദിരത്തിൽ വീട്ടുകാർ വേണ്ടെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. രണ്ടുതവണ മന്ത്രിയായപ്പോഴും ഭാര്യ കദീജയ്ക്ക് അപൂർവമായേ മന്ത്രിമന്ദിരത്തിൽ താമസിക്കാൻ കഴിഞ്ഞുള്ളൂ. ഒടുവിലത്തെ തവണ തിരഞ്ഞെടുപ്പിൽ മൽസരിച്ച 2006ൽ അദ്ദേഹം സമർപ്പിച്ച കണക്കുപ്രകാരം സ്വന്തമായി ഉണ്ടായിരുന്നതു രണ്ടര സെന്റ് ഭൂമി മാത്രമാണ്.

മലപ്പുറം ജില്ലയിലെ മുസ്‌ളിം പ്രമാണിമാർ ലീഗുകാരും ഹിന്ദുപ്രമാണിമാർ കോൺഗ്രസുമായിരുന്ന കാലത്താണ് പാലോളി ചെങ്കൊടിയേന്തിയത്. ജന്മിത്വം അവസാനിപ്പിക്കണമെന്ന് പറയുന്നതുപോലും ദൈവനിന്ദയാണെന്ന് മതപണ്ഡിതന്മാർ പൊതുവേദികളിൽ പ്രസംഗിക്കും. മതമില്ലാത്ത പാർട്ടി, സ്ത്രീകളെ പൊതുസ്വത്താക്കും, 60വയസ് കഴിഞ്ഞവരെ വെടിവച്ചുകൊല്ലും, അക്രമികൾ എന്നിങ്ങനെ കമ്യുണിസ്റ്റുകാരെ കുറിച്ചു പറയാത്തകാര്യങ്ങളില്ല. ഇതിനെയൊക്കെ അതിജീവിച്ചാണ് പാലോളി മലപ്പുറത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി വളർത്തിയത്.

 

1964ൽ പുഴക്കാട്ടിരി പഞ്ചായത്തിലേക്ക് കടുങ്ങപുരംവാർഡിൽ നിന്നാണ് പാലോളി ആദ്യമായി മത്സരിച്ചത്. കോഡൂരിൽനിന്ന് അവിടെ എത്തിയിട്ട് മാസങ്ങൾ മാത്രമായിരുന്നു. മത്സരിച്ചു ജയിച്ചു തുടർന്ന് പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റുമായി. മങ്കട നിയമസഭയിൽ മത്സരിക്കേണ്ടിവന്നതും യാദൃഛികമായാണണ്. പാലക്കാട് കരിമ്പുഴ പഞ്ചായത്തിലെ കുലുക്കിലിയാട് മകൾ നബീസയോടൊപ്പമാണ് പാലോളി വിശ്രമജീവിതം നയിക്കുന്നത്. രോഗവും പ്രായവുമൊന്നും വകവയ്ക്കാതെ സജീവ രാഷ്ട്രീയത്തിലുണ്ട് അദ്ദേഹം. സിപിഐ(എം) ജില്ലാ സെക്രട്ടറി, കേന്ദ്ര കമ്മിറ്റിയംഗം, എൽഡിഎഫ് കൺവീനർ തുടങ്ങിയ പദവികൾ വഹിച്ചു. ഇപ്പോൾ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവാണ്. ഇപ്പോഴത്തെ നിയമന വിവാദങ്ങളിൽ നേതൃത്വത്തെ തിരുത്തുന്ന വിധത്തിലാണ്് പാലോളിയുടെ വാക്കുകൾ. മലപ്പുറത്തെ പ്രിയസഖാവിന്റെ ജീവിതം എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ് മന്ത്രിമർക്ക് മാതൃക ആകുന്നില്ലെന്നാണ് അണികളുടെ ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP