Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സലിംരാജും സരിതയും സംസാരിച്ച 416 കാളുകളിൽ ഭൂരിപക്ഷവും ഉമ്മൻ ചാണ്ടിക്ക് സംസാരിക്കാനെന്ന മുൻഗൺമാന്റെ മൊഴി തിരിച്ചടിയാകുന്നത് സോളാർ കേസിൽ ഉമ്മൻ ചാണ്ടി വെറും പാവം ആയിരുന്നു എന്ന വാദങ്ങൾക്ക്; ജോപ്പന്റേയും ജിക്കുമോന്റേയും വിളികൾ കൂടി കണക്കിൽ എടുത്താലോ? കുടുംബത്തിന് പേരുദോഷം ഉണ്ടായിട്ട് കൂടി സംരക്ഷിച്ച വിശ്വസ്തന്റെ ചതിയിൽ മനംനൊന്ത് ഉമ്മൻ ചാണ്ടി

സലിംരാജും സരിതയും സംസാരിച്ച 416 കാളുകളിൽ ഭൂരിപക്ഷവും ഉമ്മൻ ചാണ്ടിക്ക് സംസാരിക്കാനെന്ന മുൻഗൺമാന്റെ മൊഴി തിരിച്ചടിയാകുന്നത് സോളാർ കേസിൽ ഉമ്മൻ ചാണ്ടി വെറും പാവം ആയിരുന്നു എന്ന വാദങ്ങൾക്ക്; ജോപ്പന്റേയും ജിക്കുമോന്റേയും വിളികൾ കൂടി കണക്കിൽ എടുത്താലോ? കുടുംബത്തിന് പേരുദോഷം ഉണ്ടായിട്ട് കൂടി സംരക്ഷിച്ച വിശ്വസ്തന്റെ ചതിയിൽ മനംനൊന്ത് ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയുടെ അതി വിശ്വസ്തനായിരുന്നു ജോപ്പനും സലിംരാജും. അതുകൊണ്ട് തന്നെ ഏറെ പ്രതിസന്ധിയുണ്ടായിട്ടും ഇവരെ പരമാവധി ഉമ്മൻ ചാണ്ടി സംരക്ഷിച്ചു. കുടുംബത്തിൽ ഏറെ പ്രശ്‌നങ്ങൾ ഉണ്ടായിട്ടു പോലും സലിംരാജിനെ കൈവിടാൻ ഉമ്മൻ ചാണ്ടിക്ക് മടിയായിരുന്നു. എന്നാൽ പ്രതിസന്ധി കൈവിട്ടുപോകുമെന്നായപ്പോൾ ഇരുവരേയും കേസിൽ പ്രതികളാക്കി. അപ്പോഴും ജോപ്പൻ ഉമ്മൻ ചാണ്ടിയെ കൈവിട്ടില്ല. ഒരിടത്തും ഉമ്മൻ ചാണ്ടിക്കെതിരെ ഒന്നും പറഞ്ഞില്ല. സലിംരാജും തനിക്കൊപ്പം നിൽക്കുമെന്ന് തന്നെ കരുതി. എന്നാൽ അപ്രതീക്ഷിതമായി ഉമ്മൻ ചാണ്ടിക്ക് തിരിച്ചടി നേരിടുകയാണ്. സോളാർ കേസിൽ എല്ലാ അർത്ഥത്തിലും സലിംരാജ് ഉമ്മൻ ചാണ്ടിയെ കൈവിട്ടുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. സോളാർ കമ്മീഷനിൽ ഉമ്മൻ ചാണ്ടിക്ക് ഏറെ തിരിച്ചടിയാകാനിടയുള്ള മൊഴിയാണ് സലിംരാജ് നൽകിയത്.

2012 ജൂലൈ മുതൽ 2013 മെയ്‌ വരെ 416 കോളുകൾ അങ്ങോട്ടും ഇങ്ങോട്ടുമായി സരിത വിളിച്ചിട്ടുണ്ടെന്നും ഇതിൽ അധികവും ഉമ്മൻ ചാണ്ടിയെ ചോദിച്ചുള്ള കോളുകൾ ആയിരുന്നുവെന്നും സലിം രാജിന്റെ മൊഴിയിൽ പറയുന്നു. പലപ്പോഴും ഇത്തരം കോളുകൾ വന്നിരുന്നത് വിവിധ മീറ്റിങുകളിൽ പങ്കെടുക്കവേ ആയതിനാൽ എല്ലാ കോളുകളും ഉമ്മൻ ചാണ്ടിക്ക് കൈമാറാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കും സരിത വിളിക്കാറുണ്ടായിരുന്നുവെങ്കിലും ആ കോളുകളൊന്നും മുഖ്യന്ത്രിക്ക് കൈമാറിയിരുന്നില്ല. എന്നാൽ, താൻ ഔദ്യോഗിക വസതിയിലെ ഫോണിലൂടെ താൻ സരിതയോട് സംസാരിച്ചിട്ടുണ്ട്. തനിക്ക് പുറമേ ജിക്കുമോൻ, ജോപ്പൻ, ആർ.കെ ബാലകൃഷ്ണൻ, ഡ്രൈവർ എന്നിവരെല്ലാം ഔദ്യോഗിക ഫോൺ ഉപയോഗിച്ചിരുന്നു എങ്കിലും താൻ മാത്രമാണ് ആ ഫോൺ ഉപയോഗിച്ചിരുന്നത് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് സലിംരാജിന്റെ മൊഴിയും കാതൽ. അതായത് ഉമ്മൻ ചാണ്ടി തന്നെ ബലിയാടാക്കാൻ ശ്രമിച്ചെന്ന് സലിംരാജ് ആരോപിക്കുകയാണ്.

സലിംരാജും ഉമ്മൻ ചാണ്ടിയുമായുള്ള ബന്ധം പലതരത്തിൽ ചർച്ചയായിരുന്നു. കുടുംബവുമായി പോലും ബന്ധപ്പെടുത്തി കഥകളെത്തി. പ്രതിപക്ഷ നേതാവായിരിക്കെ വി എസ് അച്യുതാനന്ദൻ ഇതു സംബന്ധിച്ച ആരോപണങ്ങൾ ഉയർത്തി. എന്നിട്ടു പോലും സലിംരാജിനെ ഉമ്മൻ ചാണ്ടി ഒരിടത്തും പരസ്യമായി തള്ളിപ്പറഞ്ഞില്ല. കരുതലെടുത്ത് മാത്രമേ വിമർശനങ്ങൾ നടത്തിയൂള്ളൂ. കേസിൽ സലിംരാജ് കൂറുമാറില്ലെന്ന വിശ്വാസമായിരുന്നു ഇതിന് കാരണം. തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ സലിംരാജ് പൊലീസ് പിടിയിലായപ്പോഴും സർക്കാരിന്റെ സഹായമെല്ലാം സലിംരാജിന് കിട്ടിയെന്ന ആക്ഷേപവും എത്തി. ഇതിനെല്ലാം പുറമേ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയുമായി ഏറെ അടുത്ത് പ്രവർത്തിക്കാനും സലിംരാജിന് അവസരം കിട്ടി. സോളാർ കേസിലെ വിവാദം വരെ അതായിരുന്നു സ്ഥിതി. കുടുംബത്തിലെ കലഹം പോലും കണക്കിലെടുക്കാതെയായിരുന്നു സലിംരാജിനെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഒപ്പം നിർത്തിയത്.

ബംഗളുരുവിൽ സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വിധി വന്നിരുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ താൽപ്പര്യം വ്യക്തമാക്കുന്നതാണ് ഈ വിധിയെന്ന വിലയിരുത്തലെത്തി. അതിന് പിന്നാലെയാണ് സലിംരാജിന്റെ മൊഴി. സരിതയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന വാദമാണ് തള്ളപ്പെടുന്നത്. സരിതയുമായി നിരന്തരം ഉമ്മൻ ചാണ്ടി ഫോണിൽ സംസാരിച്ചെന്ന വാദം ശരിയവയ്ക്കുന്ന മൊഴി. ഉമ്മൻ ചാണ്ടിയുമായി സലിംരാജ് പിണങ്ങിയതിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു. സലിംരാജ് മാപ്പ് സാക്ഷിയായി സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കുമോ എന്നതും ചർച്ചയാവുകയാണ്. അത്രയ്ക്ക് നിർണ്ണായകമാണ് ഈ കേസുകളിൽ സലിംരാജിന്റെ മൊഴി. ഇത്തരമൊരു ചതി ഉമ്മൻ ചാണ്ടി പ്രതീക്ഷിച്ചരുന്നില്ല. അതുകൊണ്ട് തന്നെ സോളാർ കമ്മീഷനിൽ നിന്ന് തിരിച്ചടിയുണ്ടാകമെന്ന ആശങ്ക കോൺഗ്രസിലെ എ ക്യാമ്പിൽ സജീവമാവുകയാണ്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സോളാർ തട്ടിപ്പുകേസിലെ പ്രധാനപ്രതി സരിത എസ്. നായരും തന്റെ മൊബൈൽ ഫോണിലൂടെ നിരവധി തവണ സംസാരിച്ചിട്ടുണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ ഗൺമാനായിരുന്ന സലിംരാജ് സോളാർ കമീഷനിൽ മൊഴി നൽകിയത്. തന്റെ രണ്ട് മൊബൈൽ ഫോണുകളിലായി സരിതയുമായി നടത്തിയ സംഭാഷണങ്ങളിൽ ഇങ്ങോട്ടുവന്ന വിളികളിൽ ഭൂരിഭാഗവും ഉമ്മൻ ചാണ്ടിക്കുള്ളതായിരുന്നു. ഉമ്മൻ ചാണ്ടിയും സരിതയെ വിളിക്കാറുണ്ടായിരുന്നു. ഇക്കാര്യം പ്രത്യേകാന്വേഷണ സംഘത്തലവനായിരുന്ന എ.ഡി.ജി.പി എ. ഹേമചന്ദ്രനോടും മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനോടും പറഞ്ഞെങ്കിലും അവർ ഗൗനിച്ചില്ല. ഇക്കാര്യം രണ്ട് ഉദ്യോഗസ്ഥരും തന്നോട് ചോദിച്ചില്‌ളെന്നും താൻ പറഞ്ഞ വിവരങ്ങളല്ല അവർ മൊഴിയിൽ ഉൾപ്പെടുത്തിയതെന്നും സലിംരാജ് പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ പൊലീസ് തലത്തിൽ കള്ളകളി നടന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. അത് ശരിവയ്ക്കുന്നതാണ് സലിംരാജിന്റെ മൊഴിയും. അതുകൊണ്ട് തന്നെ സെൻകുമാറും ഹേമചന്ദ്രനും സോളാർ കേസിൽ ഇനിയും വിവാദത്തിലാകാൻ ഇടയുണ്ട്. സലിംരാജിന്റെ മൊഴി മുഖവിലയ്‌ക്കെടുത്ത് സോളാർ കമ്മീഷൻ നിരീക്ഷണം നടത്തിയാൽ ഇരുവർക്കുമെതിരെ സർക്കാരിന് ക്രിമിനൽ നടപടി പോലും എടുക്കേണ്ടി വരും. എന്നാൽ മൊഴി കൂടുതൽ ബാധിക്കുക സോളാർ കേസിൽ ഉമ്മൻ ചാണ്ടി നടത്തിയ അവകാശ വാദങ്ങളെയാണ്. തന്റെ പേഴ്‌സണൽ സ്റ്റാഫുകളെ ഒറ്റികൊടുത്ത് രക്ഷപ്പെടാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചുവെന്ന വാദമാണ് സലിംരാജ് ഉയർത്തുന്നത്.

സരിതയും താനും തമ്മിലെ 416 വിളികളിൽ ഭൂരിഭാഗവും ഉമ്മൻ ചാണ്ടിക്കുള്ളതായിരുന്നുവെന്നാണ് സലിംരാജിന്റെ മൊഴി. ഉമ്മൻ ചാണ്ടി തിരക്കിലായതിനാൽ പലപ്പോഴും ഫോൺ കൊടുക്കാൻ കഴിയാറില്ല. നിരവധി തവണ തന്റെ ഫോണുപയോഗിച്ച് അദ്ദേഹം സരിതയോട് സംസാരിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ പേഴ്‌സനൽ സ്റ്റാഫിൽ ഉൾപ്പെട്ടിരുന്ന ജിക്കുവിന്റെ ഫോണിലേക്കും സരിത വിളിക്കാറുണ്ടെന്നാണ് അറിവ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ളിഫ്ഹൗസിലെ ലാൻഡ് ഫോണിൽനിന്ന് താൻ സരിതയുമായി സംസാരിച്ചിട്ടുണ്ട്. അറസ്റ്റിന് തൊട്ടുമുമ്പ് സരിത ക്‌ളിഫ്ഹൗസിലേക്ക് വിളിച്ചിരുന്നു. അപ്പോൾ ഫോണെടുത്തത് താനാണ്. ഒരു ഫോൺ നമ്പർ ആരുടേതാണെന്ന് സരിത ചോദിച്ചപ്പോൾ എഴുകോൺ സി.ഐയുടെ നമ്പറാണെന്ന് അന്വേഷിച്ചശേഷം മറുപടിയും നൽകി. ക്‌ളിഫ് ഹൗസിലെ ഫോൺ മുഖ്യമന്ത്രിയുടെ പേഴ്‌സനൽ സ്റ്റാഫിലെ പലരും ഉപയോഗിക്കാറുണ്ട്. ജിക്കുമോൻ, ആർ.കെ. ബാലകൃഷ്ണൻ എന്നിവരും ഈ ഫോണിൽനിന്ന് സരിതയെ വിളിച്ചിട്ടുണ്ടെന്നും സലിംരാജ് പറയുന്നു.

ക്‌ളിഫ്ഹൗസിൽനിന്ന് സരിതക്ക് പോയ ഫോൺവിളികൾ മുഴുവൻ തന്റെ തലയിൽ കെട്ടിവെക്കാനാണ് ശ്രമിച്ചതെന്ന് സിലംരാജ് പറയുന്നതാണ് ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കാണികൾക്കിടയിൽ സരിതയെ കണ്ടിട്ടുണ്ടെന്ന് കൂടി മൊഴി നൽകുമ്പോൾ എല്ലാം പൂർണ്ണമാകുന്നു. കടപ്‌ളാമറ്റത്തെ പരിപാടിയിലാണ് ആദ്യം കണ്ടത്. എന്നാൽ, അന്ന് സരിത സ്റ്റേജിലേക്ക് കയറിയോ എന്നറിയില്ല. ഉമ്മൻ ചാണ്ടി സരിതയെ ഓഫിസിലോ ഔദ്യോഗിക വസതിയിലോ നേരിൽ കണ്ടതായറിയില്ല. ഇരുവരും ഫോണിൽ എന്താണ് സംസാരിച്ചതെന്ന് അറിയില്ലെന്നും സലിംരാജ് പറഞ്ഞു. ഇതെല്ലാം ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന മൊഴികളാണ്. ജിക്കുവിന്റേയും ജോപ്പന്റേയും ഫോണുകളിലെ വിളിയും ഉമ്മൻ ചാണ്ടി തന്നെ നടത്തിയതാണെന്ന് പറയാതെ പറയുകയാണ് സലിംരാജ്.

കമീഷനിൽ സരിത ഹാജരാക്കിയ സലിംരാജിന്റെ ഫോൺ സംഭാഷണം സിറ്റിങ്ങിനിടെ കേൾപ്പിച്ചു. തനിക്കെതിരായ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി സരിതയെ വിസ്തരിക്കുന്നതിന് മുമ്പാണ് വിളിച്ചതെന്നും ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദമാണെന്നും സലിംരാജ് സമ്മതിച്ചു. 2013 മെയ്‌ 25ന് ബിജു രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയെ എറണാകുളം ഗെസ്റ്റ് ഹൗസിൽ കാണുമ്പോൾ ഡ്യൂട്ടിയിൽ താനുണ്ടായിരുന്നുവെന്നും ടീം സോളാറുമായി ബന്ധപ്പെട്ട് ആരെങ്കിലും എത്തിയിട്ടുണ്ടോയെന്ന് തന്നോട് സരിത അന്വേഷിച്ചുവെന്നും സലിംരാജ് മൊഴി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP